Skip to main content

തവക്കുല്‍ നബി വചനങ്ങളില്‍

ഏകനായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം സകലമാന ഭയാശങ്കകളില്‍ നിന്നും മോചനം നല്‍കി അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കാനുള്ള കരുത്ത് പകരുന്നു. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നവന്‍ തനിക്ക് അല്ലാഹു എല്ലാറ്റിനും മതിയായവനാണെന്നും ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ സഹായം കൂടെയുണ്ടാകുമെന്നും ഉറച്ച് വിശ്വസിക്കുന്നു. അല്ലാഹുവിന്റെ സഹായം  ലഭിക്കാതെ പോയാല്‍ പിന്നെ ആശ്രയവും പ്രതീക്ഷയും ഒരാളിലും അര്‍പ്പിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അല്ലാഹു പറയുന്നു.

''നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം, നിങ്ങളെ തോല്‍പിക്കാനാരുമില്ല. അവന്‍ നിങ്ങളെ കൈവിടുകയാണെങ്കില്‍ അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസി കള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കട്ടെ'' (3:160).

നന്മ തിന്മകളുടെ വിധി നിര്‍ണയം (ഖദ്ര്‍) അല്ലാഹുവില്‍ നിന്നാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഏതൊരാളും നന്മ ലഭിക്കുമ്പോള്‍ അതിന് അല്ലാഹുവിനോട് നന്ദി പറയുകയും തനിക്ക് തിന്മ ബാധിച്ചാല്‍ ക്ഷമിച്ച്, അത് നീക്കിത്തരുവാനായി അവനോട് പ്രാര്‍ഥിക്കുകയും ചെയ്യന്നു. ഇഹത്തില്‍ സാധ്യമായ പ്രവര്‍ത്തനങ്ങളില്‍ നിരതനായി അതിനപ്പുറമുള്ള കാര്യങ്ങളില്‍ അല്ലാഹുവിന്റെ സഹായത്തിലും ഔദാര്യത്തിലും പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുന്നവര്‍ക്ക് അല്ലാഹു സന്തോഷങ്ങള്‍ നല്‍കുന്നുണ്ടെന്ന് നബി(സ) പഠിപ്പിക്കുകയുണ്ടായി.

ഉമറുബ്‌നുല്‍ ഖത്താബ്(റ) പറയുന്നു: നബി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ അല്ലാഹുവിന്റെമേല്‍ ശരിയാം വിധം ഭരമേല്‍പ്പിക്കുകയാണെങ്കില്‍ പക്ഷികള്‍ക്ക് ഉപജീവനം നല്‍കുന്നതുപോലെ നിങ്ങള്‍ക്കും ഉപജീവനം നല്‍കും. അവ ഒഴിഞ്ഞ വയറുമായി രാവിലെ പുറപ്പെടുകയും നിറഞ്ഞ വയറുമായി വൈകുന്നേരം മടങ്ങുകയും ചെയ്യുന്നു (തിര്‍മിദി).

നാളെയെക്കുറിച്ച് ആധിയോ ആശങ്കകളോ ഇല്ലാതെ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ശുദ്ധ മനസ്‌കരായി കര്‍മ ഗോദയില്‍ ഇറങ്ങുന്നവര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ടെന്നും അവര്‍ വിചാരിക്കാത്ത മാര്‍ഗങ്ങളിലൂടെ അല്ലാഹു അവര്‍ക്ക് ഉപജീവനം നല്‍കുമെന്നും അല്ലാഹു പഠിപ്പിക്കുന്നു (65:2,3).

ഐഹിക ജീവിതത്തിന് പുറമെ ശാശ്വതമായ പാരത്രിക ജീവിതത്തിലും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചവരായ വിശ്വാസികള്‍ക്ക് പ്രത്യേക പദവിയുണ്ട് എന്ന് റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്. 

''ഇബ്‌നു അബ്ബാസ്(റ) പറയുന്നു. റസൂല്‍(സ) പറഞ്ഞു: “എന്റെ സമുദായത്തില്‍ നിന്നുള്ള എഴുപതിനായിരം ആളുകള്‍ യാതൊരു വിചാരണയും നേരിടാതെ തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവര്‍ മന്ത്രങ്ങള്‍ നടത്തുവാന്‍ ആവശ്യപ്പെടുകയില്ല. ശകുനം നോക്കുകയില്ല. എല്ലാ കാര്യങ്ങളും തങ്ങളുടെ രക്ഷിതാവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യും. (ബുഖാരി, മുസ്‌ലിം).

വിശ്വാസം പരീക്ഷിക്കപ്പെടുന്നത് പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴാണ്. ഏകദൈവ വിശ്വാസത്തിന്റെ അടിവേരറുക്കുന്ന രൂപത്തില്‍ പക്ഷിലക്ഷണം നോക്കുന്നവരും ജ്യോത്‌സ്യന്മാരെ സമീപിക്കുന്നവരും അഭൗതിക മാര്‍ഗത്തിലൂടെ മറ്റ് പലരിലൂടെയും ദോഷബാധ ഉണ്ടാകുമെന്ന് പേടിക്കുന്നവരുമൊക്കെയുണ്ട്. എന്നാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്ന സത്യവിശ്വാസിക്ക് വിപത്ത് നേരിടുമ്പോള്‍ അവന്‍ ക്ഷമിച്ച് ഉരുവിടുന്നത് 'തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന് ഉള്ളവരാണ്. അവങ്കലേക്ക് തന്നെ മടങ്ങി ചെല്ലുന്നവരുമാണ്' എന്ന പ്രാര്‍ഥനയായിരിക്കും. (2:156) വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പോലും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് കൊണ്ടുള്ള പ്രാര്‍ഥന നിര്‍വഹിക്കാനാണ് റസൂല്‍ (സ) പഠിപ്പിച്ചിട്ടുള്ളത്.

അബൂഹുറയ്‌റ(റ) പറയുന്നു. ''നബി(സ) തന്റെവീട്ടില്‍ നിന്ന് പുറപ്പെട്ടാല്‍, 'ബിസ്മില്ലാഹി ലാഹൗല വലാ ഖുവ്വത ഇല്ലാബില്ലാഹ്, അത്തക്‌ലാനു അലല്ലാഹ്' (അല്ലാഹുവിന്റെ നാമത്തില്‍, അവന്നല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല. ഭരമേല്‍പ്പിക്കല്‍ അല്ലാഹുവിലാണ്) എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.. (ഇബ്‌നുമാജ).
 

Feedback
  • Friday Jun 14, 2024
  • Dhu al-Hijja 7 1445