Skip to main content

തവക്കുല്‍ പ്രവാചകന്മാരുടെ ജീവിതത്തില്‍

ദൈവിക സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാനായി അല്ലാഹു തിരഞ്ഞെടുത്തയച്ച അവന്റെ ദൂതന്മാരായ പ്രവാചകന്മാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. ഭയം, ദാരിദ്ര്യം, ആദര്‍ശ ശത്രുക്കളില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനം, ശരീരത്തിലും സമ്പത്തിലുമുള്ള നാശനഷ്ടങ്ങള്‍ എന്നിവയൊക്കെ പ്രാവചകന്മാര്‍ തങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ അഗ്നിപരീക്ഷണങ്ങള്‍ക്ക് വിധേയനാകേണ്ടി വന്ന, പ്രവാചകന്മാരുടെ പ്രപിതാവ് ഇബ്‌റാഹീം(അ) അടക്കമുള്ളവര്‍ ജീവിതത്തിലെ പ്രതിസന്ധികളുടെ മുമ്പില്‍ പതറാതെ, ദൃഢവിശ്വാസത്തില്‍ അല്ലാഹുവില്‍ എല്ലാം ഭരമേല്‍പിക്കുകയും ക്ഷമ കൊണ്ടും പ്രാര്‍ഥനയിലൂടെയും അല്ലാഹുവിന്റെ സഹായം തേടുകയും ചെയ്യുകയായിരുന്നു. ചരിത്ര സംഭവങ്ങളിലൂടെ നമുക്ക് ഇത് ഗ്രഹിക്കാനാവുന്നു.

പ്രവാചകത്വത്തിന്റെ ആദ്യ നാളുകളില്‍ റസൂല്‍(സ)യുടെ കൂടെ വിരലിലെണ്ണാവുന്ന സ്വഹാബികള്‍ മാത്രമായിരുന്നു ഇസ്‌ലാമിന്റെ അനുയായികളായിട്ട് ഉണ്ടായിരുന്നത്. രഹസ്യ പ്രബോധനഘട്ടത്തില്‍ നബി(സ)യുടെയും സ്വഹാബികളുടെയും ജീവന് ഭീഷണിയാവുന്ന പല നീക്കങ്ങളും ശത്രുക്കള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്നു. ആ സന്ദിഗ്ധഘട്ടത്തിലൊക്കെ, ധീരതയോടെ നിലയുറപ്പിക്കാന്‍ പ്രവാചകന്‍(സ)ക്ക് ആത്മധൈര്യം ലഭിച്ചത് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും അവനില്‍ സര്‍വവും ഭരമേല്‍പ്പിക്കുന്നതിലൂടെ ലഭിക്കുന്ന ഉള്‍ക്കരുത്തും മൂലമാണ്. അബൂബക്കര്‍(റ) ഒരു സംഭവം വിവരിക്കുന്നു. ''ഞാന്‍ നബി(സ)യോടൊപ്പം (സൗര്‍) ഗുഹയിലായിരുന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ ശത്രുജനത്തിന്റെ പാദഭാഗങ്ങള്‍ എനിക്ക് ദൃശ്യമായി. ഞാന്‍ നബിയോട് പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, അവരില്‍ വല്ലവരും താഴോട്ട് നോക്കിയാല്‍ നമ്മെ കണ്ടതുതന്നെ. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു. മിണ്ടാതിരിക്കൂ അബൂബക്കര്‍, നമ്മള്‍ രണ്ടുപേരാണെങ്കിലും മൂന്നാമനായി അല്ലാഹുവുണ്ട് (ബുഖാരി  1514).

'ജനത നിങ്ങള്‍ക്കെതിരില്‍ സംഘടിച്ചിരിക്കുന്നു, അവരെ ഭയപ്പെടുവിന്‍' എന്ന് ശത്രുക്കള്‍ പറഞ്ഞപ്പോള്‍ മുഹമ്മദ് നബി(സ)യും അനുചരരും പറഞ്ഞത് “ഞങ്ങള്‍ക്ക് അല്ലാഹുമതി, അവന്‍ ഭരമേല്‍പ്പിക്കാന്‍ എത്രയോ യോഗ്യന്‍” എന്നായിരുന്നു (3:173). അല്ലാഹുവിന്റെ ഉറ്റ ചങ്ങാതി ഇബ്‌റഹീം നബി(അ) ബിംബാരാധനക്ക് എതിരെ ശബ്ദിക്കുകയും ഏക ദൈവാരാധനയിലേക്ക് സ്വപിതാവ് അടക്കമുള്ള ബിംബാരാധകരുടെ സമൂഹത്തെ ക്ഷണിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തെ അവര്‍ അഗ്നികുണ്ഡമൊരുക്കി ചുട്ടെരിക്കാന്‍ ഒരുങ്ങി. അഗ്നിയില്‍ എറിയപ്പെട്ടപ്പോഴും തെല്ലും ഭയക്കാതെ അദ്ദേഹം ഉരുവിട്ടിരുന്ന വാക്ക് ഇപ്രകാരമായിരുന്നു. 'ഞങ്ങള്‍ക്ക് അല്ലാഹു മതി, അവന്‍ ഭരമേല്പിക്കുവാന്‍ എത്ര യോഗ്യന്‍'.

പ്രിയപുത്രന്‍ യൂസുഫ് നബി(അ) നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന യഅ്ഖൂബ് നബി(അ) മറ്റു സന്താനങ്ങളുടെ കൂടെ ഇളയ മകനെയും കൂടി ഈജിപ്തിലേക്ക് അയക്കുമ്പോള്‍ ആ സ്‌നേഹനിധിയായ പിതാവ് ഈജിപ്തിലെ രാജസന്നിധിയില്‍ നിങ്ങള്‍ പ്രവേശിക്കുന്നത് ഭിന്ന വഴികളിലൂടെയായിരിക്കണം എന്ന് ഉപദേശിക്കുന്നു. സുരക്ഷക്കുള്ള മുന്‍ കരുതല്‍ എന്ന നിലക്കുള്ള ഈ ഉപദേശം നല്‍കുമ്പോഴും അദ്ദേഹം പറയുന്ന വാക്കുകള്‍ ഖുര്‍ആന്‍ എടുത്ത് ഉദ്ധരിക്കുന്നു. ''എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലില്‍ക്കൂടി പ്രവേശിക്കരുത്, ഭിന്നമായ പല വാതിലുകളിലൂടെ പ്രവേശിക്കുവിന്‍. അല്ലാഹുവിങ്കല്‍ നിന്ന് (ഉണ്ടാകുന്ന) യാതൊന്നിനേയും നിങ്ങളില്‍നിന്ന് ഞാന്‍ തടുക്കുകയില്ലതാനും. വിധികര്‍തൃത്വം അല്ലാഹുവിനല്ലാതെ (ആര്‍ക്കും) ഇല്ല, അവന്റെ മേല്‍ ഞാന്‍ (കാര്യങ്ങള്‍) ഭരമേല്‍പ്പിച്ചിരിക്കുന്നു. ഭരമേല്‍പ്പിക്കുന്നവര്‍ അവന്റെ മേല്‍ തന്നെ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ'' (12:67).

ധാരാളം സമ്പത്തിനുടമയായിരുന്ന അയ്യൂബ് നബി(അ) രോഗങ്ങളാലും മറ്റ് കഷ്ടനഷ്ടങ്ങളാലും ജീവിതത്തില്‍ ഏറെ പരീക്ഷിക്കപ്പട്ടു. എന്നിട്ടു, അതില്‍ അക്ഷമ കാണിക്കുകയോ നന്ദികേടിന്റെ ഒരു വാക്കുപോലും ഉച്ചരിക്കുകയോ ചെയ്യാതെ ദൃഢവിശ്വാസത്തോടെ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രാര്‍ഥിച്ചപ്പോള്‍ ആ പ്രവാചകന്റെ ജീവിതത്തില്‍ നിന്ന് പ്രതിസന്ധികള്‍ നീങ്ങിപ്പോവുകയും അല്ലാഹു അദ്ദേഹത്തിന് അനുഗ്രഹം ചൊരിഞ്ഞുകൊടുക്കുകയും ചെയ്തുവെന്നും വിശുദ്ധ ഖുര്‍ആനില്‍ വിവരിക്കുന്നു. ''അയ്യൂബിനേയും (ഓര്‍ക്കുക).  എനിക്ക് കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു, നീ കരുണ ചെയ്യുന്നവരില്‍ വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനത്രെ, എന്ന് അദ്ദേഹം തന്റെ റബ്ബിനെ വിളിച്ചു പറയുകയുണ്ടായ സന്ദര്‍ഭം. അപ്പോള്‍ ആദ്ദേഹത്തിന്ന് നാം ഉത്തരം നല്കി. അങ്ങനെ അദ്ദേഹത്തില്‍ കഷ്ടപ്പാടായിട്ടുള്ളത് (എല്ലാം) നാം അകറ്റിക്കളഞ്ഞു. നമ്മുടെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹവും ആരാധന ചെയ്യുന്നവര്‍ക്ക് ഒരു സ്മരണയുമായിക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടുകാരെയും അവരോടൊപ്പം അവരുടെ അത്രയ്ക്കും പേരെ (വേറെയും) അദ്ദേഹത്തിന് നാം കൊടുക്കുകയും ചെയ്തു'' (21:83,84).

അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ആള്‍രൂപമായി വര്‍ത്തിച്ച ഫിര്‍ഔന്റെ അടുക്കലേക്ക് ദൈവിക സന്ദേശവുമായി കടന്നുചെല്ലാനുള്ള കല്പനയുണ്ടായപ്പോള്‍ മൂസാ(അ) പ്രാര്‍ഥനാമനസ്സോടെ അല്ലാഹുവിനോട് തേടി, ''റബ്ബേ, എന്റെ ഹൃദയത്തില്‍ നീ വിശാലത നല്‌കേണമേ, എന്റെ കാര്യത്തെ നീ എളുപ്പമാക്കിത്തരേണമേ, എന്റെ നാവിന്റെ കെട്ട് നീ അഴിച്ച് തരേണമേ'' (20:25-27). ഏത് പ്രതിസന്ധിഘട്ടങ്ങളിലും പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് അല്ലാഹുവിനോട് തേടുകയാണ് വേണ്ടതെന്നും അവനില്‍ അല്ലാഹുവില്‍ സര്‍വവും ഭരമേല്‍പ്പിക്കാനും പ്രവാചകന്മാര്‍ക്ക് ഭാഗ്യമുണ്ടായിരുന്നു. അങ്ങനെ ഭരമേല്‍പ്പിക്കുന്നതിലൂടെ അവന്‍ സഹായിയും രക്ഷാധികാരിയുമായി എപ്പോഴും  ഉണ്ടാകുമെന്നുള്ള പരമാര്‍ഥം വിശ്വാസികളുടെ ജീവിതത്തില്‍ പൂര്‍വിക പ്രവാചകന്മാരുടെ ചരിത്രത്തില്‍ നിന്ന് ഗുണപാഠമായി ഉള്‍ക്കൊളളാന്‍ സാധിക്കുന്നു.
 

Feedback