Skip to main content

ഇസ്‌ലാമിലെ ഹജ്ജ്

പവിത്രമായ മക്കയിലെ കഅ്ബ കേന്ദ്രീകരിച്ചാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കപ്പെടുന്നത്. ഹജ്ജ് എന്ന വാക്കിന്റെ അര്‍ഥം കരുതുക എന്നാണ്. ഇസ്‌ലാമിക പദാവലി പ്രകാരം മക്കയിലെ കഅ്ബ കേന്ദ്രീകരിച്ച് ചാന്ദ്രവര്‍ഷത്തിലെ അവസാനത്തെ മാസമായ ദുല്‍ഹിജ്ജ എട്ടുമുതല്‍ പതിമൂന്ന് വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന പ്രത്യേക ആരാധനാകര്‍മങ്ങള്‍ എന്ന ആശയമാണ് വിവക്ഷിക്കുന്നത്. ഈ അനുഷ്ഠാനം അവിടെ സഹസ്രാബ്ദങ്ങളായി നടപ്പിലുണ്ടായിരുന്നു. ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കഅ്ബ പുനര്‍നിര്‍മിച്ച് ഇബ്‌റാഹീം നബി(അ) നടത്തിയ പ്രഖ്യാപനമാണ് ഹജ്ജിന് തുടക്കം കുറിച്ചത്. ''(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ ഹജ്ജ് വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്റെയടുത്ത് വന്നുകൊള്ളും'' (വി.ഖു. 22:27).

മനുഷ്യര്‍ക്കിടയിലെ സമഭാവനയാണ് ഹജ്ജിന്റെ ഒരു പ്രധാന ഊന്നല്‍. അല്ലാഹുവിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്നും ഭക്തി മാത്രമാണ് അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളുടെ മാനദണ്ഡമെന്നും ഹജ്ജ് ഘോഷിക്കുന്നു. എന്നാല്‍ തങ്ങളുടെ ഗോത്രമഹിമയും വംശമാഹാത്മ്യവും വിളിച്ചു പറയാനായിരുന്നു ജാഹിലിയ്യാകാലത്തെ ഖുറൈശികള്‍ ഹജ്ജിനെ ഉപയോഗിച്ചത്. കഅ്ബയുടെ ആള്‍ക്കാരെന്നപേരില്‍ അഹങ്കരിക്കാനുള്ള വേദിയാക്കി ഹജ്ജിനെ അവര്‍ മാറ്റി. ഖുറൈശികള്‍ മാത്രമേ വസ്ത്രം ധരിച്ച് ത്വവാഫ് ചെയ്യാവൂ എന്നും തങ്ങള്‍ക്ക് അറഫയില്‍ നില്‌ക്കേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചു. കൂടാതെ കുറെ അനാചാരങ്ങളും അവര്‍ നടപ്പില്‍ വരുത്തി. ബലിമൃഗത്തിന്റെ രക്തം കഅ്ബയുടെ ചുമരില്‍ തേക്കുക, കൊട്ടും പാട്ടും നടത്തുക, ഹജ്ജ് കഴിഞ്ഞ് വീട്ടിലേക്ക് പിന്‍വാതിലിലൂടെ കടക്കുന്നതില്‍ പുണ്യം കാണുക, ഹജ്ജ് കഴിയുംവരെ കച്ചവടം നിഷിദ്ധമാക്കുക, നടന്ന് ഹജ്ജുചെയ്യല്‍ ഏറെ പുണ്യമായി ഗണിക്കുക തുടങ്ങി അത്യാചാര സമുച്ചയമായി ഹജ്ജ് അധഃപതിച്ചു. 

മുഹമ്മദ് നബി(സ്വ) ജനിച്ചതും അന്തിമപ്രവാചകനായി നിയുക്തനായതും ഇതേ മക്കയിലാണ്. അദ്ദേഹത്തിന്റെ പ്രബോധന ജീവിതത്തിലൂടെ ഇസ്ലാം പൂര്‍ണമായി. ഭൂമിയിലെ പ്രഥമ ആരാധനാമന്ദിരം കേന്ദ്രമാക്കിയുള്ള ഹജ്ജ് കര്‍മം നബി(സ്വ) അംഗീകരിക്കുകയും ഇസ്‌ലാമിക അനുഷ്ഠാനത്തിന്റെ ഭാഗമാക്കുകയും ചെയ്തു. കാലാന്തരത്തില്‍ ഹജ്ജില്‍ വരുത്തിയ അരുതായ്മകള്‍ തിരുത്തി തൗഹീദിന്റെ വിളംബരമായി നബി(സ്വ) ഹജ്ജ് കര്‍മം ജനങ്ങളെ പഠിപ്പിച്ചുകൊടുത്തു.

പ്രവാചകന്‍ മുഹമ്മദ്(സ്വ)യുടെ ഇസ്‌ലാമിക പ്രബോധനത്തിന്റെ ഇരിപത്തിരണ്ടാമാണ്ടില്‍, ഹിജ്‌റ ഒമ്പതാം വര്‍ഷത്തിലാണ് ഹജ്ജ് നിര്‍ബന്ധമാക്കുന്ന കല്പന ഇറങ്ങുന്നത്. അടുത്ത വര്‍ഷം മുതല്‍ ബഹുദൈവാരാധനയുടെ ഹജ്ജ് പാടില്ലെന്നും കഅ്ബയുടെ സ്ഥാപനലക്ഷ്യമായ പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്ന വിധത്തിലുള്ള ഹജ്ജ് മാത്രമേ നടത്താവൂ എന്നും പ്രഖ്യാപിച്ചു കൊണ്ട് അല്ലാഹുവിന്റെ കല്പനവന്നു. "സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ വിശ്വാസശുദ്ധിയില്ലാത്തവര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്" (9:28). "ബഹുദൈവവാദികള്‍ക്ക്, സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും" (9: 17).

ഇത് മക്കയില്‍ പ്രഖ്യാപിക്കാന്‍ നബി(സ്വ) സഹചാരി അബൂബക്കറിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അയച്ചു. ബഹുദൈവാരാധനയുടെ ഹജ്ജ്‌ രീതി ഇസ്‌ലാം നിര്‍ത്താലക്കി. പകരം ഭക്തിയും ഏകദൈവാരാധനയും മനുഷ്യ സാഹോദര്യവും സമത്വവും ഉദ്‌ഘോഷിക്കുന്ന രൂപം നബി(സ്വ)  പഠിപ്പിച്ചു.  അബൂബക്ര്‍ സ്വിദ്ദീഖും കൂടെയുള്ളവരും ഹജ്ജ് നിര്‍വഹിക്കുകയും ചെയ്തു. ഹിജ്‌റ പത്താം വര്‍ഷത്തിലെ തന്റെ ചരിത്ര പ്രസിദ്ധമായ ഹജ്ജതുല്‍ വിദാഇലൂടെ നബി(സ്വ) അത് അന്തിമമായി കാണിച്ചുതന്നു. അതുനോക്കി പഠിക്കാനും ലോകാവസാനം വരെ മാറ്റങ്ങളില്ലാതെ അതു തുടരാനും അദ്ദേഹം നിര്‍ദേശിച്ചു. 

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് ഹജ്ജ്. ഇബ്‌നുഉമര്‍(റ) പറയുന്നു: തിരുമേനി(സ്വ) അരുളി: ''ഇസ്‌ലാം (സൗധം) അഞ്ച് തൂണുകളിന്മേല്‍ നിര്‍മ്മിതമാണ്. അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യംവഹിക്കുക, നമസ്‌കാരം ക്രമപ്രകാരം അനുഷ്ഠിക്കുക, സകാത്ത് കൊടുക്കുക, ഹജ്ജ് ചെയ്യുക, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുക എന്നിവയാണ് അവ'' (ബുഖാരി). മക്കയില്‍പോയി തിരിച്ചുവരാന്‍ ശേഷിയൊത്തവര്‍ ജീവിതത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട പുണ്യകര്‍മമാണ് ഹജ്ജ്. ''ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു''(3:97).

അബൂഹുറയ്‌റ(റ) പറയുന്നു: ഒരിക്കല്‍ നബി(സ്വ) പ്രസംഗിച്ച കൂട്ടത്തില്‍ ഞങ്ങളോട് പറഞ്ഞു: ജനങ്ങളേ, നിശ്ചയം അല്ലാഹു നിങ്ങള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ഹജ്ജ് നിര്‍വ്വഹിക്കുവിന്‍. അന്നേരം ഒരാള്‍ ചോദിച്ചു: പ്രവാചകരേ എല്ലാവര്‍ഷവും നിര്‍ബന്ധമാ ണോ? മൂന്ന് പ്രാവശ്യം അത് ആവര്‍ത്തിച്ചു ചോദിക്കുംവരെ നബി(സ്വ) മൗനം ദീക്ഷിച്ചു. പിന്നീട് ഇങ്ങനെ പറഞ്ഞു: അതേ എന്ന് ഞാന്‍ പറയുന്നപക്ഷം അത് നിര്‍ബന്ധമാവുകയും അനന്തരം നിങ്ങള്‍ക്കത് അസാധ്യമാവുകയും ചെയ്യും. ശേഷം ഇങ്ങനെ തുടര്‍ന്നു, ഞാന്‍ നിങ്ങളോട് നിഷ്‌കര്‍ഷിക്കാത്തതില്‍ നിങ്ങളെന്നെ വിട്ടേക്കുക. തീര്‍ച്ചയായും പൂര്‍വസമൂഹങ്ങള്‍ നശിക്കാന്‍ കാരണം അവരുടെ പ്രവാചകന്‍മാരോടുള്ള അധികരിച്ച ചോദ്യവും എതിര്‍പ്പുകളുമായിരുന്നു. അതിനാല്‍ ഞാന്‍ നിങ്ങളോട് ഒരുകാര്യം നിര്‍ദ്ദേശിച്ചാല്‍ പരമാവധി നിങ്ങള്‍ അത് പ്രാവര്‍ത്തികമാക്കുക, ഒരു കാര്യം വിരോധിക്കുകയാണെങ്കില്‍ നിങ്ങള്‍ അത് വര്‍ജിക്കുകയും ചെയ്യുക (മുസ്‌ലിം 1337).

മുഹമ്മദ് നബി(സ്വ) ഒരിക്കല്‍ മാത്രമേ ഹജ്ജ് ചെയ്തിട്ടുള്ളൂ. ഒന്നിലേറെ ഹജ്ജ് ചെയ്യുന്നത് പുണ്യമാണ്. ഏറെ സമയവും സമ്പത്തും അധ്വാനവും ശ്രദ്ധയുമെല്ലാം വേണ്ട ആരാധന എന്നനിലയില്‍ ഹജ്ജിന് മഹത്തായ പുണ്യം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. അബൂഹുറയ്‌റ പറയുന്നു: ''ഏത് കര്‍മമാണ് കൂടുതല്‍ ശ്രേഷ്ഠമായതെന്ന് തിരുമേനി(സ്വ)യോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ തിരുമേനി(സ്വ) പറഞ്ഞു: അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കല്‍. അയാള്‍ വീണ്ടും ചോദിച്ചു. പിന്നെ ഏതാണ്. തിരുമേനി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നടത്തുന്ന ത്യാഗം. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. നബി(സ്വ) ഉത്തരം നല്കി: സ്വീകാര്യയോഗ്യമായ നിലക്ക് നിര്‍വഹിച്ച ഹജ്ജ്'' (ബുഖാരി).

സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ലെന്നും, ആ ഹാജി മടങ്ങുന്നത് ഇളം പൈതലിനെപ്പോലെ പരിശുദ്ധനായിട്ടായിരിക്കുമെന്നും നബി(സ്വ) ഉണര്‍ത്തുന്നുണ്ട് (ബുഖാരി 1773,1521). ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കി, മനുഷ്യരോട് അക്രമങ്ങള്‍ ചെയ്തുവെച്ച് ഹജ്ജിനുപോയാല്‍, ഈ വിശുദ്ധി ലഭിക്കുമെന്നല്ല അര്‍ഥമാക്കുന്നത്. ഇത്തരം അതിക്രമങ്ങളില്‍ നിന്നെല്ലാം ഭൗതികമായി പരിഹാരം കണ്ടുവേണം ഹജ്ജുനിര്‍വഹിക്കാന്‍. അത്തരക്കാരില്‍ നിന്നു മാത്രമേ ഹജ്ജ് സ്വീകരിക്കപ്പെടുകയുള്ളൂ. ഇതിനു ശേഷം ദൈവത്തില്‍നിന്ന് ലഭിക്കേണ്ട പാപമുക്തിക്കും അനുഗ്രഹലബ്ധിക്കും മാത്രമാണ് അവന്‍ തീര്‍ഥാടനം നടത്തുന്നത്. ഇക്കാര്യങ്ങളത്രയും ഇസ്‌ലാമിക ലോകത്ത് അഭിപ്രായവ്യത്യാസമില്ലാത്ത വസ്തുതകളാണ്.

Feedback