Skip to main content

ഹജ്ജിന്റെ കര്‍മങ്ങള്‍: വഴികാട്ടി

ഹാജിമാര്‍ക്ക് ഉപകാരപ്രദമായ രൂപത്തില്‍ ഹജ്ജിന്റെ രൂപം വളരെ സംക്ഷിപ്തവും ലളിതവുമായി അവതരിപ്പിക്കുകയാണിവിടെ.

hajj

മൂന്നു തരത്തില്‍ ഹജ്ജിനു വേണ്ടി ഇഹ്‌റാം നിര്‍വഹിക്കാം. (1)ഹജ്ജ് മാത്രം ഉദ്ദേശിച്ചു കൊണ്ട് ഇഹ്‌റാമില്‍ പ്രവേശിക്കുന്നത് ഇഫറാദ്. (2)ഹജ്ജും ഉംറയും ഉദ്ദേശിച്ചു കൊണ്ട് ഇഹ്‌റാമില്‍ പ്രവേശിക്കുന്നത് ഖിറാന്‍. (3)ഹജ്ജിന്റെ മാസത്തില്‍ ഉംറ മാത്രം ഉദ്ദേശിച്ചു കൊണ്ട് ഇഹ്‌റാമില്‍ പ്രവേശിക്കുന്നത് തമത്തുഅ്. 

നമ്മുടെ നാട്ടില്‍ നിന്നു പോവുന്ന ഹാജിമാര്‍ തമത്തുഅ് ആയിട്ടാണ് ഹജ്ജ് ചെയ്യാറുള്ളത്. 
തമത്തുഅ് രൂപമാണിവിടെ വിശദീകരിക്കുന്നത്. 

1.    മീഖാത്തില്‍ വെച്ച് ഉംറക്ക് മാത്രം ഇഹ്‌റാമില്‍ പ്രവേശിക്കുക. മക്കയിലെത്തി ഉംറ ചെയ്യുക. അഥവാ ത്വവാഫും സഅ്‌യും നിര്‍വഹിച്ച്, മുടി എടുത്ത് ഇഹ്‌റാമില്‍ നിന്ന് തഹല്ലുല്‍ ആകുക.

  •  ഇഹ്‌റാം മൂലം നിഷിദ്ധമായിരുന്ന എല്ലാത്തില്‍ നിന്നും മുക്തനായി സാധാരണ ജീവിതം നയിക്കുന്നു. പുരുഷന്‍മാര്‍ സാധാരണ വസ്ത്രം ധരിക്കുന്നു.

2.    ദുല്‍ഹിജ്ജ 8ന് (يوم التروية) 'യൗമുത്തര്‍വിയ'. പുരുഷന്‍മാര്‍ ഇഹ്‌റാമിന്റെ വസ്ത്രം ധരിച്ച് ലബ്ബൈകല്ലാഹുമ്മ ഹജ്ജതന്‍ എന്ന് പറഞ്ഞുകൊണ്ട് മക്കയില്‍ താമസസ്ഥലത്തു നിന്ന് തന്നെ ഇഹ്‌റാമില്‍ പ്രവേശിക്കുന്നു. 

3.    തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് മിനായിലേക്ക് പോകുന്നു. മിനായില്‍ ദ്വുഹ്ര്‍  രണ്ട് റക്അത്ത്, അസര്‍ രണ്ട് റക്അത്ത്, മഗ്‌രിബ് മൂന്ന് റക്അത്ത്, ഇശാ രണ്ട് റക്അത്ത്, സുബ്ഹ് രണ്ട് റക്അത്ത് എന്നിങ്ങനെ ഓരോ നമസ്‌കാരവും അതത് നമസ്‌കാരങ്ങളുടെ സമയത്ത് നിര്‍വഹിക്കുന്നു. നാല് റകഅത്തുള്ള നമസ്‌കാരങ്ങള്‍ രണ്ട് റക്അത്തായി ഖസ്‌റാക്കി എന്നാല്‍ ജംഉ ചെയ്യാതെ നമസ്‌കരിക്കുന്നു എന്നര്‍ഥം. രാത്രി മിനായില്‍ താമസിക്കുന്നു.

4.    ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തിന് ശേഷം തല്‍ബിയത്ത് ചൊല്ലി അറഫയിലേക്ക് പുറപ്പെടുന്നു. ഓരോ രാജ്യക്കാര്‍ക്കും പോകേണ്ട സമയങ്ങള്‍ അവര്‍ക്ക് നിര്‍ണയിക്കപ്പെട്ടിട്ടുണ്ടാകും. അറഫയുടെ അതിരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അറഫയില്‍ പെടാത്ത ഭാഗമാണ് മസ്ജിദ് നമിറ സ്ഥിതി ചെയ്യുന്ന  وادي عرنة 'ഉറന താഴ്‌വര'. ദ്വുഹ്‌റും അസറും സാധിക്കുമെങ്കില്‍ അറഫയുടെ പരിധിക്ക് പുറത്തുള്ള ഭാഗത്ത് വെച്ച് ജംഉം ഖസ്‌റുമായി  നിര്‍വഹിക്കുക. നമസ്‌കാര ശേഷം അറഫയില്‍ പ്രവേശിക്കുക. ഇത് സുന്നത്താണ്. ഇനി സൗകര്യപ്പെട്ടില്ലെങ്കില്‍ ദ്വുഹ്‌റും അസ്വ് റും ജംഉം ഖസ്‌റുമായി അറഫയില്‍ വെച്ച് നിര്‍വഹിച്ചാലും മതി. ഇമാമിന്റെ കൂടെ മസ്ജിദ് നമിറയില്‍ വെച്ച് ജമാഅത്തായി നമസ്‌കരിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ ശ്രേഷ്ഠം. അറഫയില്‍ സൂര്യാസ്തമയം വരെയുള്ള സമയം പ്രാര്‍ഥനാനിര്‍ഭരമായി ദിക്‌റുകളും ദുആകളും വിശുദ്ധ ഖുര്‍ആന്‍ പാരായണവുമായി കഴിച്ചു കൂട്ടുന്നു. അറഫയില്‍ അല്പസമയമെങ്കിലും നില്ക്കാത്തവര്‍ക്ക് ഹജ്ജ് ഇല്ല എന്നോര്‍ക്കുക.

5.    സൂര്യന്‍ അസ്തമിച്ചാല്‍ തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് മുസ്ദലിഫയിലേക്കു നീങ്ങുക. മഗ്‌രിബും ഇശാഉം മുസ്ദലിഫയില്‍ എത്തിയ ശേഷം ജംഉം ഖസ്‌റുമാക്കി നമസ്‌കരിക്കുക. രാത്രി അവിടെ താമസിക്കുക. ഫജ്ര്‍ നമസ്‌കരിച്ച ശേഷം മശ്അറിനരികിലോ അല്ലെങ്കില്‍ മുസ്ദലിഫയില്‍ എവിടെയും നിന്നുകൊണ്ട് മനമുരുകി പ്രാര്‍ഥിക്കുകയും ദിക്‌റും തല്‍ബിയത്തുമൊക്കെ ചൊല്ലി  സമയം ധന്യമാക്കുക. (ഇപ്പോള്‍ പെരുന്നാള്‍ ദിനത്തി (ദുല്‍ഹിജ്ജ 10) ലാണുള്ളത്).

6.    നമസ്‌കാരത്തിനും പ്രാര്‍ഥനക്കും ശേഷം സൂര്യോദയത്തിന് തൊട്ടു മുന്‍പായി കല്ലെറിയാനായി മിനയിലേക്ക് തന്നെ പോകുക. പ്രായം ചെന്നവര്‍, സ്ത്രീകള്‍, ശാരീരിക പ്രയാസം ഉള്ളവര്‍ ഇവര്‍ക്കൊക്കെ ഫജ്‌റിന് മുന്‍പ് തിരക്കാകുന്നതിന് മുന്‍പായിത്തന്നെ പോകാന്‍ നബി(സ്വ) ഇളവ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓരോ നാട്ടുകാര്‍ക്കും, പോകുന്ന ഹംലകള്‍ക്കുമെല്ലാം മുന്‍കൂട്ടി സമയം നിര്‍ണയിച്ചിട്ടുണ്ട്. അത് പാലിക്കണം. 

7.    മിനായില്‍ എത്തിയാല്‍ കല്ലേറു നടത്തണം. ദുല്‍ഹിജ്ജ പത്തിന് ജംറത്തുല്‍ അഖബയില്‍ മാത്രമാണ് കല്ലെറിയുന്നത്. നന്നേ ചെറിയ എഴ് കല്ലുകള്‍ കൊണ്ട് ഓരോരോ കല്ലായാണ് എറിയേണ്ടത്. മക്ക ഇടതു ഭാഗത്തും മിന വലതു ഭാഗത്തും വരുന്ന രൂപത്തില്‍ നിന്നുകൊണ്ട് എറിയലാണ് നബിചര്യ. 

കല്ലേറിനു ശേഷം ബലിയറുക്കുക. ശേഷം മുടിയെടുക്കുക. മുണ്ഡനം ചെയ്യലാണ് കൂടുതല്‍ ശ്രേഷ്ഠം. സ്ത്രീകള്‍ തങ്ങളുടെ മുടിയില്‍ നിന്ന് ഒരു വിരല്‍ത്തുമ്പിന്റെ അത്രയും മുറിച്ചാല്‍ മതി. 

  • മുടിയെടുക്കല്‍ കഴിഞ്ഞാല്‍, ഒന്നാമത്തെ തഹല്ലുലായി. ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ നിഷിദ്ധമാകുന്ന കാര്യങ്ങളില്‍ ഭാര്യാഭര്‍തൃ ലൈംഗിക ബന്ധം ഒഴികെ ബാക്കിയെല്ലാം അയാള്‍ക്ക് അനുവദനീയമാണ്. പുരുഷന്‍മാര്‍ക്ക് സാധാരണ വസ്ത്രം ധരിക്കാം.

8.    ശേഷം ഹജ്ജിന്റെ ത്വവാഫും സഅ്‌യും ചെയ്യാന്‍ മക്കയിലേക്ക് നീങ്ങുക. ത്വവാഫിന് പോകുന്നതിന് മുന്‍പ് സുഗന്ധം പൂശല്‍ സുന്നത്താണ്. അങ്ങനെ ത്വവാഫും സഅ്‌യും നിര്‍വഹിക്കുന്നതോട് കൂടി പൂര്‍ണമായും തഹല്ലുല്‍ ആയി. ഇഹ്‌റാമില്‍ നിഷിദ്ധമായ എല്ലാം അനുവദനീയം എന്നര്‍ഥം.

  • ദുല്‍ഹിജ്ജ പത്തിലെ കര്‍മങ്ങള്‍ ക്രമമനുസരിച്ച് നിര്‍വഹിക്കലാണ് ഉത്തമം. ആദ്യം ജംറത്തുല്‍ അഖബക്ക് കല്ലെറിയല്‍, ശേഷം ബലിയറുക്കല്‍, ശേഷം മുടിയെടുക്കല്‍, ശേഷം  ത്വവാഫ്, ശേഷം സഅ്'യ് ഇതാണ് ക്രമം. 

എന്നാല്‍ ഈ ക്രമം മാറിപ്പോയാലും ഹജ്ജിനു ഭംഗം വരില്ല. മക്കയിലെ കര്‍മങ്ങള്‍ കഴിഞ്ഞ് മിനായിലേക്ക് മടങ്ങുക.

9.    ദുല്‍ഹിജ്ജ പതിനൊന്നാം ദിവസവും പന്ത്രണ്ടാം ദിവസവും മിനായില്‍ താമസിച്ച്,  ഓരോ ദിവസവും ദ്വുഹ്ര്‍് സമയമായ ശേഷം, മൂന്ന് ജംറകള്‍ക്കും കല്ലെറിയുക. ഒന്നാമത്തെയും രണ്ടാമത്തെയും ജംറകളില്‍ എറിഞ്ഞു കഴിയുമ്പോള്‍ ഖിബ്‌ലക്ക് നേരെ തിരിഞ്ഞുനിന്ന് സാധ്യമായ രൂപത്തില്‍ സുദീര്‍ഘമായി കൈകളുയര്‍ത്തി പ്രാര്‍ഥിക്കല്‍ സുന്നത്താണ്. എന്നാല്‍ മൂന്നാമത്തെ ജംറ എറിഞ്ഞ ശേഷം പ്രാര്‍ഥനയില്ല.

  • പന്ത്രണ്ടാം ദിവസം മൂന്നു ജംറയും എറിഞ്ഞു കഴിഞ്ഞാല്‍ അത്യാവശ്യമുള്ള ഹാജിമാര്‍ക്ക് മടങ്ങാം. പതിമൂന്നാം ദിവസം എറിയാന്‍ നില്‍ക്കണമെന്നില്ല. എങ്കിലും പതിമൂന്നാം ദിവസം കൂടി നിന്ന് ഏറു പൂര്‍ത്തിയാക്കലാണ് കൂടുതല്‍ ശ്രേഷ്ഠം. എന്നാല്‍ പന്ത്രണ്ടാം ദിവസം സൂര്യാസ്തമയം വരെ മിനായില്‍ത്തന്നെ നില്‍ക്കുന്ന ആള്‍ക്ക് പതിമൂന്നാം ദിവസത്തെ ഏറു പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്. 
  • ഇനി പോകാന്‍ വേണ്ടി നില്‍ക്കുന്നയാള്‍ക്ക് തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട്  (മനപ്പൂര്‍വമല്ലാതെ) സൂര്യാസ്തമയം വരെ അവിടെ നില്‌ക്കേണ്ടി വന്നാല്‍ അവര്‍ക്ക് പതിമൂന്നാം ദിവസത്തെ ഏറു നിര്‍ബന്ധമാകുന്നില്ല. എങ്കിലും പതിമൂന്നാം ദിവസം കൂടി എറിഞ്ഞിട്ട് പോകുന്നതാകും അവര്‍ക്ക് ഉചിതം.

10.    അവസാനമായി, മക്കയില്‍ നിന്ന് തന്റെ നാട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പ് വിടപറയല്‍ ത്വവാഫ് (ത്വവാഫുല്‍ വിദാഅ്) കൂടി നിര്‍വഹിക്കുക. 

നബി(സ്വ) പറഞ്ഞു:  'തന്റെ അവസാനബന്ധം കഅബയുമായിട്ടാകാതെ ഒരാളും തന്നെ പോകരുത്' - (സ്വഹീഹ് മുസ്‌ലിം: 1327 )
എന്നാല്‍ ആര്‍ത്തവകാരികളായ സ്ത്രീകള്‍ക്ക് വിടപറയല്‍ ത്വവാഫില്‍ ഇളവുണ്ട്. ശുദ്ധി വരെ കാത്തിരിക്കാന്‍ കഴിയില്ലെങ്കില്‍ അത് നിര്‍വഹിക്കാതെ മടങ്ങാം.
 

Feedback