Skip to main content

രോഗികള്‍

റമദാന്‍ ദിനങ്ങളില്‍ രോഗികളായവര്‍ വ്രതം അനുഷ്ഠിക്കേണ്ടതില്ല. ശമനപ്രതീക്ഷയുള്ള രോഗികള്‍ രോഗം ഭേദമായ ഉടനെ നഷ്ടപ്പെട്ട എണ്ണം നോമ്പ് നോറ്റുവീട്ടണം. ''വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ഇങ്ങനെ കല്‍പിച്ചിട്ടുള്ളത് '' (2:185).  

എന്നാല്‍ നിത്യരോഗികള്‍, നോമ്പ് നോറ്റുവീട്ടുന്നതിനു പകരം പ്രയശ്ചിത്തം നല്കിയാല്‍ മതി. ഇവര്‍ ഖുര്‍ആന്‍ പരാമര്‍ശിച്ച 'പ്രയാസത്തോടെ സാധിക്കുന്നവര്‍' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുക. അതുപോലെത്തന്നെ നോമ്പെടുത്താല്‍ രോഗിയാവും എന്നു ന്യായമായി ഭയപ്പെടുന്നവനും നോമ്പ് ഒഴിവാക്കി നോറ്റുവീട്ടുകയോ പ്രായശ്ചിത്തം നല്കുകയോ ചെയ്യാം.
    
രോഗം എത്രത്തോളം കഠിനമായിരിക്കണം, ശമന പ്രതീക്ഷയുടെ മാപിനി എന്താണ്, രോഗഭയത്തിന്റെ മാനദണ്ഡം എന്തായിരിക്കണം എന്നിവയെല്ലാം പ്രസ്തുത വ്യക്തിയുടെ ആത്മാര്‍ഥതയിലാണ് ഊന്നുന്നത്. ഈ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആനും തിരുചര്യയും വിശദീകരണങ്ങള്‍ നല്കുന്നില്ല. വിശ്വസ്തരായ ഭിഷഗ്വരന്മാരുടെ നിര്‍ദേശവും വിശ്വാസിയുടെ മനസ്സാക്ഷിയുടെ തീരുമാനങ്ങളുമാണ് ഇവിടെ അടിസ്ഥാനമാക്കേണ്ടത്. മനുഷ്യന്റെ മനസ്സറിയുന്ന അല്ലാഹുവിന്റെ പക്കല്‍ സത്യം തുറന്നു പറയുന്ന രേഖയുണ്ടെന്ന് ഖുര്‍ആന്‍ 23:62 ലൂടെ അവന്‍ ഓര്‍മപ്പെടുത്തുന്നു. ഏതായാലും പ്രത്യേക പ്രയാസങ്ങളോ ശമനം വൈകലോ രോഗം അധികരിക്കലോ ഉണ്ടാകുമെങ്കില്‍ നോമ്പ് ഉപേക്ഷിക്കലാണ് ഉത്തമം.

Feedback