Skip to main content

രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രോഗത്തെ ശിക്ഷയായി കാണുന്ന ഒരുപാടുപേരുണ്ട്. മനുഷ്യന്റെ അശ്രദ്ധയും നിഷ്ഠയില്ലാത്ത ജീവിതവുമെല്ലാം രോഗങ്ങള്‍ക്ക് കാരണമാണ്. ഇസ്‌ലാമിക ദൃഷ്ട്യാ ആത്യന്തികമായി രോഗം ദൈവിക പരീക്ഷണമാണ്. രോഗത്തോട് ശരിയായ സമീപനം സ്വീകരിച്ചാല്‍ വിശ്വാസികള്‍ക്ക് ഇഹത്തിലും പരത്തിലും അത് അനുഗ്രഹമായി ഭവിക്കും. നബി(സ്വ) പറഞ്ഞു: ''ഒരി വിശ്വാസിക്ക് ക്ഷീണമോ തളര്‍ച്ചയോ രോഗമോ മനോദുഖമോ വല്ല ഉപദ്രവമോ കാലില്‍ തറച്ച മുള്ള് കാരണം വേദനയോ അനുഭവിക്കേണ്ടിവരുന്ന പക്ഷം അതു കാരണം അവന്റെ പാപങ്ങളില്‍ നിന്ന് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല'' (ബുഖാരി, മുസ്‌ലിം). അതുകൊണ്ടു തന്നെ രോഗാവസ്ഥയില്‍ അങ്ങേയറ്റത്തെ ക്ഷമ രോഗിക്കുണ്ടാവണം. അല്ലാഹുവിന്റെ വിധിയില്‍ സമാശ്വസിച്ച് അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കണം. രോഗാവസ്ഥയെ കൂടുതല്‍ നന്മകള്‍ ചെയ്യാനും പാപങ്ങളില്‍ നിന്നു മുക്തമാവാനുമുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ കഴിയണം. അല്ലാഹുവിനെക്കുറിച്ചോ അവന്റെ സഹായത്തെക്കുറിച്ചോ നിരാശനാവുകയോ നാഥനെക്കുറിച്ചുള്ള നല്ല വിചാരത്തെ കൈവിട്ടു കളയാനോ പാടില്ല. നബി(സ്വ) പറഞ്ഞു: ''അല്ലാഹുവിനെക്കുറിച്ച് നല്ല വിചാരത്തോടെയല്ലാതെ നിങ്ങളിലാരും മരിക്കാനിടയാവരുത്'' (മുസ്‌ലിം). 

തന്റെ കഴിവിന്റെ പരമാവധി രോഗത്തിനു ചികിത്സ തേടുകയും കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് പ്രതീക്ഷയും പ്രാര്‍ഥനയുമായി കഴിയുകയുമാണ് രോഗി ചെയ്യേണ്ടത്. രോഗം എത്ര കഠിനമായാലും മരണം ആഗ്രഹിക്കുകയോ ആത്മഹത്യ ചെയ്യുകയോ അരുത്. കഠിനമായ വേദന കാരണം മരണമാണ് നല്ലതെന്നു തോന്നിയാല്‍ പോലും ഇങ്ങനെ പ്രാര്‍ഥിക്കാനാണ് നബി(സ്വ) പഠിപ്പിച്ചത്: ''അല്ലാഹുവേ ജീവിതമാണ് എനിക്ക് ഗുണകരമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ. മരണമാണ് എനിക്ക് ഗുണകരമെങ്കില്‍ എന്നെ നീ മരിപ്പിക്കേണമേ'' (ബുഖാരി, മുസ്‌ലിം).

Feedback
  • Wednesday Apr 17, 2024
  • Shawwal 8 1445