Skip to main content

പെരുന്നാള്‍ നമസ്‌കാരം

പെരുന്നാള്‍ നമസ്‌കാരത്തിന് ബാങ്കോ ഇഖാമത്തോ ഇല്ല. നമസ്‌കാരം തുടങ്ങേണ്ട സമയമായാല്‍ 'അസ്സ്വലാത്തു ജാമിഅ' എന്ന് വിളിക്കുന്ന പതിവ് നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പെരുന്നാള്‍ നമസ്‌കാരത്തിന് യാതൊരു വിളിയുമുണ്ടായിരുന്നില്ല എന്ന റിപ്പോര്‍ട്ടാണ് കൂടുതല്‍ പ്രബലം. 

'മുസ്വല്ല'യില്‍ എത്തിയാല്‍ അണിയായി ഇരിക്കുകയും തക്ബീര്‍ മുഴക്കുകയും വേണം. പെരുന്നാള്‍ നമസ്‌കാരത്തിന്റെ മുമ്പായി സുന്നത്തു നമസ്‌കാരം ഇല്ല.  

''ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ്വ) ചെറിയ പെരുന്നാളിനോ ബലിപെരുന്നാളിനോ പുറപ്പെട്ടു. രണ്ടു റക്അത്ത് നമസ്‌കരിച്ചു. അതിന്റെ മുമ്പോ ശേഷമോ നമസ്‌കരിച്ചില്ല. എന്നിട്ട് സ്ത്രീകളുടെ അടുത്തേക്ക് ചെന്നു. കൂടെ ബിലാലുമുണ്ടായിരുന്നു. ധര്‍മംചെയ്യാന്‍ അവരോട് ആവശ്യപ്പെട്ടു. അവര്‍ അവരുടെ ആഭരണങ്ങള്‍ ഊരി ഇട്ടുകൊടുക്കാന്‍ തുടങ്ങി'' (മുസ്‌ലിം: 884). 

ഈദ്ഗാഹിന് സൗകര്യക്കുറവുള്ളപ്പോഴും മഴയുള്ളപ്പോഴും പള്ളിയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാം. പള്ളിയിലേക്ക് വരുമ്പോള്‍ കഴിയുന്നതും നടന്നുവരണം. വന്ന വഴി മാറി വേറെ വഴിക്ക് തിരിച്ചുപോകുന്നത് നബി(സ്വ)യുടെ സമ്പ്രദായമായിരുന്നു. 

ഫിത്വർ പെരുന്നാളിന് അല്പം ഭക്ഷണം കഴിച്ചും ബലിപെരുന്നാളിന് ഭക്ഷണം കഴിക്കാതെയുമാണ് നബി(സ്വ) ഈദ്ഗാഹിലേക്ക് പുറപ്പെട്ടിരുന്നത്. ബലിമൃഗത്തിന്റെ മാംസം പാചകം ചെയ്തതിനു ശേഷമായിരുന്നു ബലിപെരുന്നാളിന് ഭക്ഷണം കഴിച്ചിരുന്നത്.

നമസ്‌കാരത്തിന്റെ രൂപം


സാധാരണ നമസ്‌കാരത്തില്‍ നിന്ന് അല്പം വ്യത്യാസപ്പെട്ടുകൊണ്ടാണ് പെരുന്നാള്‍ നമസ്‌കാരം. ആദ്യ റക്അത്തില്‍ ഏഴു തവണ തക്ബീര്‍ ചൊല്ലണം. തക്ബീറുകള്‍ക്കിടയില്‍ നബി(സ്വ) പ്രത്യേകം പ്രാര്‍ഥനകള്‍ ചൊല്ലിയതായി ഹദീസുകളില്‍ വന്നിട്ടില്ല. ഏഴു തക്ബീറുകള്‍ ചൊല്ലിക്കഴിഞ്ഞാല്‍ ഫാതിഹ ഓതണം. അതിനുശേഷം സൂറ: ഖാഫ് അല്ലെങ്കില്‍ ഹദീസില്‍ നിവേദനം ചെയ്യപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും സൂറത്ത് ഓതണം. അതു കഴിഞ്ഞാല്‍ മറ്റു നമസ്‌കാരങ്ങളെപ്പോലെ റുകൂഅ്, ഇഅ്തിദാല്‍, രണ്ടു സുജൂദ് എന്നിവ നിര്‍വഹിച്ച് രണ്ടാമത്തെ റക്അത്തിലേക്ക് അല്ലാഹു അക്ബര്‍ എന്നു പറഞ്ഞു ഉയരണം. തുടര്‍ന്ന് അഞ്ചു തവണ തക്ബീര്‍ ചൊല്ലണം. പിന്നീട് ഫാതിഹയും ശേഷം സൂറത്തുല്‍ ഖമറും ഓതി പതിവുപോലുള്ള നമസ്‌കാരത്തിലെ മറ്റു കര്‍മങ്ങള്‍ നിര്‍വഹിച്ച് സലാം വീട്ടണം. 

''നബി(സ്വ) ഫിത്വർ പെരുന്നാളിനും ബലി പെരുന്നാളിനും എന്താണ് ഓതിയിരുന്നതെന്ന് ഉമര്‍(റ) അബൂവാഖിദി (റ)നോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഖാഫ് സൂറത്തും ഖമര്‍ സൂറത്തും.''

നമസ്‌കാരത്തിലെ തക്ബീറിനെക്കുറിച്ച് ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: ''രണ്ടു പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ ഫാതിഹ ഓതുന്നതിനു മുമ്പ് ഒന്നാം റക്അത്തില്‍ ഏഴും രണ്ടാം റക്അത്തില്‍ അഞ്ചും തക്ബീറുകള്‍ നബി(സ്വ) ചൊല്ലി'' (തിര്‍മിദി). ഇത് ഈ വിഷയകമായി ഏറ്റവും പ്രബലമായ റിപ്പോര്‍ട്ടാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. പെരുന്നാള്‍ നമസ്‌കാരത്തില്‍ തക്ബീറതുല്‍ ഇഹ്‌റാമിനുശേഷം ദുആഉല്‍ ഇസ്തിഫ്താഹ് ആവശ്യമില്ല.

പെരുന്നാള്‍ പ്രസംഗം


നമസ്‌കാരാനന്തരം ഇമാം സദസ്യര്‍ക്ക് ഉപദേശം നല്കി പ്രസംഗിക്കണം. നബി(സ്വ)യുടെ എല്ലാ പ്രസംഗങ്ങളും 'ഹംദ്' കൊണ്ടാണ് ആരംഭിച്ചിട്ടുള്ളത്. അതിനാല്‍ അങ്ങനെത്തന്നെ ചെയ്യണം. തക്ബീര്‍ കൊണ്ട് തുടങ്ങണ മെന്ന ചില കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായത്തിന് ഹദീസിന്റെ പിന്‍ബലമില്ല. ഖുത്വുബക്കിടയില്‍ നബി(സ്വ) ധാരാളം തക്ബീര്‍ ചൊല്ലിയിരുന്നു.

നബി(സ്വ) പെരുന്നാളിന് രണ്ടു ഖുത്വുബ നിര്‍വഹിച്ചുവെന്ന് സ്വഹീഹായ ഹദീസുകളിലില്ല. മുമ്പ് ഉദ്ധരിച്ച ഒരു ഹദീസില്‍ പറഞ്ഞതുപോലെ പൊതു പ്രസംഗാനന്തരം സ്ത്രീകളുടെ ഭാഗത്തേക്ക് ചെന്ന് ധര്‍മം ചെയ്യാന്‍ അവരോട് പ്രത്യേകം ഉപദേശിക്കുകയുണ്ടായിട്ടുണ്ട്. രണ്ടു ഖുത്വുബ നിര്‍വഹിക്കുന്നവര്‍ ജുമുഅ ഖുത്വുബയോട് ഖിയാസ് (താരതമ്യം) ചെയ്യുക മാത്രമാണ് ചെയ്യുന്നത്. 

പെരുന്നാളും ജുമുഅയും ഒരു ദിനത്തില്‍


വെള്ളിയാഴ്ച പെരുന്നാളായാല്‍ ജുമുഅയില്‍ പങ്കെടുക്കാന്‍ രണ്ടാമതും പള്ളിയിലെത്താന്‍ പ്രയാസമുള്ളവര്‍ക്ക് ജുമുഅയില്‍ പങ്കെടുക്കാതിരിക്കാം. എന്നാല്‍ മഹല്ലില്‍ ജുമുഅ തീരെ ഒഴിവാക്കാന്‍ പാടുള്ളതല്ല. ''നബി(സ്വ) പെരുന്നാള്‍ നമസ്‌കരിച്ചു. എന്നിട്ട് ജുമുഅയില്‍ പങ്കെടുക്കുന്നതിന് ഇളവ് നല്കിക്കൊണ്ട് പറഞ്ഞു: ''ഇഷ്ടമുള്ളവന്‍ നമസ്‌കരിക്കട്ടെ.''

Feedback
  • Friday Jun 14, 2024
  • Dhu al-Hijja 7 1445