Skip to main content

പെരുന്നാള്‍ (2)

എല്ലാ മതത്തിലും ആഘോഷങ്ങളുണ്ട്. ജീവിതത്തിന്റെ പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും മനസ്സ് പിരിമുറുകിക്കഴിയുമ്പോള്‍ ഉള്ളുതുറന്നു സന്തോഷിക്കാനും മനഃപ്രയാസങ്ങള്‍ ഇറക്കിവെക്കാനുമുള്ള അവസരമായാണ് ആഘോഷങ്ങള്‍ പരിഗണിക്കപ്പെടാറുള്ളത്. വിശേഷ ഭക്ഷണം, പുതുവസ്ത്രങ്ങള്‍, ബന്ധുമിത്രാദികളുടെയും സുഹൃത്തുക്കളുടെയും സംഗമം, വിനോദം, മുതലായവ ആഘോഷങ്ങളുടെ ഭാഗമാണ്. 

മുസ്‌ലിംകള്‍ക്കും അല്ലാഹു ആഘോഷം നിശ്ചയിച്ചിട്ടുണ്ട്. റമദാന്‍ വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ചു കൊണ്ട് ശവ്വാല്‍ ഒന്നിനും ഹജ്ജിനോടനുബന്ധിച്ച് ദുല്‍ഹിജ്ജ പത്തിനുമാണ് മുസ്‌ലിംകള്‍ക്കുള്ള പെരുന്നാള്‍ സുദിനങ്ങള്‍. ഈദുല്‍ഫിത്വ്‌റും ഈദുല്‍ അദ്ഹായും. 

മുസ്‌ലിംകളുടെ പെരുന്നാളാഘോഷത്തിന്റെ ആദ്യഘട്ടം നമസ്‌കാരമാണ്. പെരുന്നാള്‍ ദിനത്തില്‍ ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും സ്ത്രീ പുരുഷഭേദമെന്യെ ഒരു തുറസ്സായ സ്ഥലത്ത് ഒരുമിച്ചുകൂടണം. പള്ളിയില്‍ പ്രവേശനം പാടില്ലാത്ത ഋതുമതികള്‍പോലും പെരുന്നാള്‍ നമസ്‌കാരത്തിന് നിശ്ചയിക്കപ്പെട്ട 'ഈദ് ഗാഹി'(മുസ്വല്ല)ല്‍ സമ്മേളിക്കണം. ഇമാമോട് കൂടി എല്ലാവരും (ഋതുമതികള്‍ ഒഴികെ) രണ്ടു റക്അത്ത് നമസ്‌കരിക്കണം. തുടര്‍ന്ന് ഇമാം അവര്‍ക്ക് ആവശ്യമായ ഉപദേശം നല്കി സംസാരിക്കണം. അതിനുശേഷം മതം അനുവദിക്കുന്ന വിനോദങ്ങളിലും ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുന്നതിലും ഇഷ്ടപ്പെട്ട ഭക്ഷണ പാനീയങ്ങള്‍ കഴിക്കുന്നതിലും വ്യാപൃതരാകാം. 

പ്രവാചകന്റെ നടപടി ഈ വിഷയത്തില്‍ ഇപ്രകാരമായിരുന്നു: ''അബൂസഈദ്(റ) പറയുന്നു: നബി(സ്വ) ഫിത്വർ  പെരുന്നാളിലും ബലിപെരുന്നാളിലും മുസ്വല്ലയിലേക്ക് (ഈദ് ഗാഹിലേക്ക്) പുറപ്പെടുമായിരുന്നു. ആദ്യം നമസ്‌കരിക്കും. അതില്‍നിന്ന് വിരമിച്ചാല്‍ ജനങ്ങള്‍ക്ക് അഭിമുഖ മായി നില്ക്കും. ജനങ്ങള്‍ അവരുടെ വരികളില്‍ ഇരിക്കും. അവരെ ഉപദേശിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യും. സൈന്യത്തെ അയക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അതിനെ അയക്കും. എന്തെങ്കിലും കല്പിക്കാനുണ്ടെങ്കില്‍ അത് ചെയ്യും. പിന്നീട് പിരിഞ്ഞുപോകും'' (ബുഖാരി: 913, മുസ്‌ലിം 889).

പെരുന്നാള്‍ നമസ്‌കാരം പ്രബലമായ സുന്നത്താണ്. നിര്‍ബന്ധമല്ല. തന്റെ ബാധ്യതകള്‍ ചോദിച്ചറിയാന്‍ വന്ന വ്യക്തിയോട് അവിടുന്നു പറഞ്ഞു: ''രാപകലുകളിലായി അഞ്ചു തവണ നമസ്‌കാരം നിനക്ക് നിര്‍ബന്ധമാണ്. അദ്ദേഹം ചോദിച്ചു: അതല്ലാത്തത് എനിക്ക് നിര്‍ബന്ധമുണ്ടോ? നബി(സ്വ) പറഞ്ഞു: ഐച്ഛികമായി നിര്‍വഹിക്കുന്നത് ഒഴികെ'' (ബുഖാരി 46, മുസ്‌ലിം 11). 

പെരുന്നാള്‍ നമസ്‌കാരം സൂര്യന്‍ ഉദിച്ചുയര്‍ന്ന ഉടനെ നിര്‍വഹിക്കണം. നബി(സ്വ) പറഞ്ഞു: ''നമ്മുടെ ഇന്നത്തെ ദിവസം നാം ആദ്യമായി ചെയ്യുന്നത് നമസ്‌കാരമാണ്'' (ബുഖാരി 908). സ്വുബ്ഹ് നമസ്‌കാരാനന്തരം കുളിച്ച് നല്ല വസ്ത്രമണിഞ്ഞ് സുഗന്ധം പൂശി എല്ലാവരും 'മുസ്വല്ല'യിലെത്തണം. 

തക്ബീര്‍ ധ്വനികളുയര്‍ത്തിക്കൊണ്ടാണ് മുസ്വല്ലയിലേക്ക് നീങ്ങേണ്ടത്. ഈദുല്‍ ഫിത്വ്‌റിന് ശവ്വാല്‍ മാസം പിറന്നു എന്നറിഞ്ഞതു മുതല്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തിച്ചേരുന്നതു വരെ തക്ബീര്‍ ചൊല്ലണം. പ്രത്യേക സമയക്രമമോ എണ്ണമോ തക്ബീറിനില്ല. ഈദുല്‍ അദ്ഹായില്‍ പെരുന്നാള്‍ ദിവസവും അയ്യാമുത്തശ്‌രീഖ്(ദുല്‍ഹിജ്ജ 11, 12 13) ദിനങ്ങളിലും തക്ബീര്‍ ചൊല്ലാവുന്നതാണ്.

അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബര്‍, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബറു വലില്ലാഹില്‍ ഹംദ് എന്നതാണ് തക്ബീറിന്റെ രൂപം.  അര്‍ഥം: അല്ലാഹു വലിയവനാകുന്നു, അല്ലാഹു വലിയവനാകുന്നു, അല്ലാഹു വലിയവനാകുന്നു, ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അല്ലാഹു വലിയവനാകുന്നു, അല്ലാഹു വലിയവനാകുന്നു, അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതിയും (മുസ്വന്നഫു ഇബ്‌നു അബീ ശൈബ 1682/165, ഇര്‍വാഉല്‍ഗലീല്‍ 3/125) ഇതല്ലാത്ത മറ്റു രൂപങ്ങളൊന്നും പ്രവാചകരില്‍ നിന്ന് സ്വഹീഹായി വന്നിട്ടില്ല. 

''ഇബ്‌നുഉമര്‍(റ) മിനായിലെ തന്റെ ടെന്റില്‍വെച്ച് തക്ബീര്‍ ചൊല്ലിയിരുന്നു. പള്ളിയിലുള്ളവരും അതുകേട്ട് തക്ബീര്‍ ചൊല്ലിയിരുന്നു. അങ്ങാടിയിലുള്ളവരും തക്ബീര്‍ ചൊല്ലിയിരുന്നു. അങ്ങനെ മിനാ തക്ബീര്‍ കൊണ്ട് പ്രകമ്പനം കൊണ്ടിരുന്നു.''

''ഉമ്മു അത്വിയ്യ(റ) പറഞ്ഞു: പെരുന്നാള്‍ ദിനത്തില്‍ പുറപ്പെടാന്‍ ഞങ്ങള്‍ കല്പിക്കപ്പെട്ടിരുന്നു. വീടിനകത്ത് ഇരിക്കുന്ന കന്യകമാരെയും ആര്‍ത്തവകാരികളെപ്പോലും പുറപ്പെടുവിച്ച് കൊണ്ടുവരാനും കല്പിക്കപ്പെട്ടിരുന്നു. അവര്‍ ജനങ്ങള്‍ക്ക് പിറകില്‍ നിലകൊള്ളട്ടെ. ജനങ്ങളോടൊപ്പം അവര്‍ തക്ബീര്‍ മുഴക്കുകയും അവരുടെ പ്രാര്‍ഥന നടത്തുകയും ആ ദിനത്തിന്റെ അനുഗ്രഹവും പരിശുദ്ധിയും തേടുകയും ചെയ്യട്ടെ''. മറ്റൊരു റിപ്പോര്‍ ട്ടില്‍ ഇപ്രകാരം കാണാം: ''ഒരു സ്ത്രീ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ ചിലര്‍ക്ക് മേല്‍വസ്ത്രമില്ലല്ലോ.' നബി(സ്വ) പറഞ്ഞു: 'തന്റെ സ്‌നേഹിത അവളെ തന്റെ വസ്ത്രം ധരിപ്പിക്കട്ടെ'' (ബുഖാരി 928, മുസ്‌ലിം 890).


 

Feedback