Skip to main content

കന്നുകാലികളുടെ സകാത്ത്

മനുഷ്യന് വളരെ  പ്രയോജനകരമായ ഒട്ടകം, പശു, ആട്  എന്നീ മൃഗങ്ങള്‍ക്ക് കാലികള്‍ എന്നാണ് പറയുക. പശു വര്‍ഗത്തില്‍ എരുമയെയും പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തുന്നു. ഇങ്ങനെയുള്ള കാലി കള്‍ക്കെല്ലാം സകാത്ത് നല്‍കേണ്ടതാണ്. അത് നല്‍കിയിട്ടില്ലെങ്കില്‍ പുനരുത്ഥാന നാളില്‍ അവ യോരോന്നും ഭീമാകാരം പൂണ്ടുവരികയും വിധി തീര്‍പ്പ് നടത്തപ്പെടുന്ന സമയംവരെ ഉടമസ്ഥനെ നിരന്തരം കുത്തിയും ചവിട്ടിയും ഉപദ്രവിച്ചുകൊണ്ടിരിക്കുമെന്ന് മുഹമ്മദ് നബി(സ്വ) താക്കീത് നല്‍കിയിട്ടുണ്ട്. കന്നുകാലികളുടെ സകാത്ത് താഴെപറയുന്ന നിബന്ധനകളോടെ നിര്‍ബന്ധ മാവുന്നതാണ്.

നിസ്വാബ് അഥാവാ സകാത്ത് കൊടുക്കാന്‍ നിര്‍ബന്ധമാവുന്ന കുറഞ്ഞ എണ്ണം തികയുക. 
ഒരു ചാന്ദ്ര വര്‍ഷം പൂര്‍ത്തിയാക്കുക. 
കാലികള്‍ സ്വയം മേഞ്ഞു ഭക്ഷിക്കുന്നവയായിരിക്കണം. ഉടമ കാലികള്‍ക്ക് ഭക്ഷണവും വെള്ളവും വാങ്ങിക്കൊടുക്കുന്നവയായിരിക്കരുത്. 
കൃഷിയുടെയും മറ്റും ജോലിക്ക് ഉപയോഗിക്കുന്ന കാലികളായിരിക്കരുത്, നിലമുഴുതുക, നനയ്ക്കുക ചരക്കുകള്‍ കൊണ്ടുപോവുക തുടങ്ങിയ ജോലികള്‍ക്ക് ഉപയോഗിക്കുന്ന കാലികള്‍ക്കു സകാത്ത് നല്‍കേണ്ടതില്ല.


ഒട്ടകത്തിന്റെസകാത്ത്

ഒട്ടകത്തിന്റെ നിസ്വാബ് അഥവാ സകാത്ത് നല്‍കേണ്ട കുറഞ്ഞ പരിധി അഞ്ച് ഒട്ടകങ്ങളാണ്. അഞ്ചുഒട്ടകങ്ങളില്‍ കുറവാണെങ്കില്‍ അവയ്ക്കു സകാത്ത് നല്‍കേണ്ടതില്ല.
5 മുതല്‍ 9 വരെ - 1 ചെമ്മരിയാട്  
10 മുതല്‍ 14 വരെ - 2 ചെമ്മരിയാട്  
15 മുതല്‍ 19 വരെ - 3 ചെമ്മരിയാട്  
20 മുതല്‍ 24 വരെ - 4 ചെമ്മരിയാട്  
25 മുതല്‍ 35 വരെ - 1 വയസ്സിനും 2 വയസ്സിനും ഇടയിലുള്ള  1 പെണ്ണൊട്ടകം
36 മുതല്‍ 45 വരെ- 2 വയസ്സിനും 3 വയസ്സിനും ഇടയിലുള്ള  1 പെണ്ണൊട്ടകം
46 മുതല്‍ 60 വരെ- 3 വയസ്സിനും 4 വയസ്സിനും ഇടയിലുള്ള  1 പെണ്ണൊട്ടകം
61 മുതല്‍ 75 വരെ - 4 വയസ്സിനും 5 വയസ്സിനും ഇടയിലുള്ള  1 പെണ്ണൊട്ടകം
76 മുതല്‍ 90 വരെ- 2 വയസ്സിനും 3 വയസ്സിനും ഇടയിലുള്ള  2 പെണ്ണൊട്ടകം
91 മുതല്‍ 120 വരെ- 3 വയസ്സിനും 4 വയസ്സിനും ഇടയിലുള്ള  2 പെണ്ണൊട്ടകം
120നു മുകളിലുള്ള ഓരോ 50 ഒട്ടകത്തിനും മൂന്നിനും നാലിനും ഇടക്ക് പ്രായമുള്ള ഒരു പെണ്ണൊട്ടകത്തെ സകാത്തായി നല്‍കേണ്ടതാണ്.

മാടിന്റെസകാത്ത്

പ്രവാചകന്‍(സ്വ) പശുവിന്റെ സകാത്ത് മാത്രമേ പഠിപ്പിച്ചിട്ടുള്ളു. എന്നാല്‍ പണ്ഡിതന്മാര്‍ പശുവി നോടൊപ്പം എരുമയെയും സകാത്ത് നല്കപ്പെടേണ്ട ഇനമായി കണക്കാക്കുന്നുണ്ട് പശുവിന്റെ നിസ്വാബായി കണക്കാക്കപ്പെടുന്നത് 30 പശുക്കളാണ്. അതായത് 30  പശുക്കളില്‍ കുറവാണെങ്കില്‍ അവയ്ക്കു സകാത്ത് നല്‍കേണ്ടതില്ല
30 മുതല്‍ 39 വരെ - 1 വയസ്സുള്ള 1 പശു
40 മുതല്‍ 59 വരെ - 2 വയസ്സുള്ള 1 പശു
60 മുതല്‍ 69 വരെ - 1 വയസ്സുള്ള 2 പശുക്കള്‍
70 മുതല്‍ 79 വരെ - 1 വയസ്സുള്ളതും 2 വയസ്സുള്ളതുമായ ഓരോ പശുക്കള്‍
80 മുതല്‍ 89 വരെ - 2 വയസ്സുള്ള 2 പശുക്കള്‍
90 മുതല്‍ 99 വരെ - 1 വയസ്സുള്ള 3 പശുക്കള്‍
100 മുതല്‍ 109 വരെ - 2 വയസ്സുള്ള 1 പശു +  1 വയസ്സുള്ള 2 പശുക്കള്‍
110 മുതല്‍ 119 വരെ - രണ്ട് വയസ്സുള്ള രണ്ട് പശുക്കള്‍ + ഒരു വയസ്സുള്ള ഒരു പശു
120    2വയസ്സുള്ള 3 പശുക്കള്‍ അല്ലെങ്കില്‍ 1 വയസ്സുള്ള 4 പശുക്കള്‍. 

ആടിന്റെ സകാത്ത്

അറേബ്യയില്‍ കൂടുതല്‍ കണ്ടുവരുന്ന  ചെമ്മരിയാടാണ് ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും കോലാടും ഇതില്‍ ഉള്‍പ്പെടുന്നതാണ്. ആടിന്റെ നിസ്വാബ് നാല്പത് എണ്ണമാണ്. അതായത് നാല്പത് ആടുകളില്‍ കുറവാണെങ്കില്‍ അവയ്ക്കു സകാത്ത് നല്‍കേണ്ടതില്ല.
1 മുതല്‍  39 വരെ സകാത്തില്ല
40 മുതല്‍  120 വരെ 1 ആട്
121 മുതല്‍  200 വരെ 2 ആട്
201 മുതല്‍  300 വരെ 3 ആട്
301 മുതല്‍  400 വരെ 4 ആട്
401 മുതല്‍  500 വരെ 5 ആട്
തുടര്‍ന്ന് ഓരോ 100  ആടിനും 1 ആട്‌വീതം
സകാത്തിനായി പരിഗണിക്കുന്ന കാലികളുടെ കൂട്ടത്തില്‍ അവയുടെ കുഞ്ഞുങ്ങളെയും ഉള്‍പ്പെടുത്തേണ്ടതാണ്.

ഒന്നിലധികം പേര്‍ ചേര്‍ന്ന് കന്നുകാലികളെ വളര്‍ത്തുന്നുണ്ട് എങ്കില്‍ അവയെ ഒരൊറ്റ യൂണിറ്റായി പരിഗണിച്ചാണ് നിസ്വാബും സകാത്‌ വിഹിതവും കണക്കാക്കേണ്ടത്. ഉദാ: മൂന്നു അയല്‍വാസികള്‍ ഓരോരുത്തരും 20 വീതം ആടുകളെ വാങ്ങി ഒന്നിച്ചു വളര്‍ത്തുന്നു എന്നിരിക്കട്ടെ. എങ്കില്‍ ആകെയുള്ള 60 ആടുകള്‍ക്ക് ഒരാടിനെ അവര്‍ സകാത്തായി നല്‍കണം. എന്നാല്‍ ഓരോരുത്തരുടേതും വെവ്വേറെ ആയിരുന്നെങ്കില്‍ അവര്‍ക്ക് നിസ്വാബ് തികയാത്തതിനാല്‍ സകാത്ത് നല്‍കേണ്ടിവരില്ല. ഇനി അവര്‍ 40 വീതം 120  ആടുകളെ ഒന്നിച്ചുവളര്‍ത്തുന്നു എന്നിരിക്കട്ടെ എങ്കില്‍ സകാത്തായി അതിനു നല്‍കേണ്ടത് ഒരാടാണ്. എന്നാല്‍ ഇത് 40 വീതം ആടുകളെ വേറെ കണക്കാക്കുമ്പോള്‍ അവരോരോരുത്തരും ഓരോ ആട്‌ വീതം നല്‍കേണ്ടിവരും. എന്നാല്‍ ആരെങ്കിലും പങ്കാളിത്തത്തോടെ കാലികളെ വളര്‍ത്തുന്നത് സകാത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണെങ്കില്‍ അവര്‍ അല്ലാഹുവില്‍ നിന്നുള്ള ശിക്ഷക്ക് പാത്രീഭൂതരായിത്തീരുന്നതാണ് എന്ന് പണ്ഡിതന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.   


സകാത്തായി നല്‍കുന്ന കാലികളുടെ നിബന്ധനകള്‍:

1)    അസുഖമോ വൈകല്യമോ ഉള്ളതായിരിക്കരുത്. 
2) ഒട്ടകങ്ങള്‍ക്കു സകാത്തായി നല്‍കേണ്ടത്  പെണ്ണൊട്ടകങ്ങളെ തന്നെയായിരിക്കണം. അതില്ലെങ്കില്‍ അതേ വിലയുള്ള ആണ്‍ ഒട്ടകങ്ങളായാലും മതി.  എന്നാല്‍ ആട് മാടുകളുടെ കാര്യത്തില്‍ ഈ നിബന്ധനയില്ല.
3)    ഒട്ടകത്തിന്റെയും മാടിന്റെയും സകാത്ത് നല്കുന്നത് നിശ്ചിത പ്രായത്തില്‍ കുറവുള്ളവയാകാന്‍ പാടില്ല. എന്നാല്‍ സകാത്തായി നല്‍കുന്ന ആടുകള്‍ ഒരു വയസ്സിനു മുകളിലുള്ളവയായിരിക്കണം എന്ന നിബന്ധന മാത്രമേ ഉള്ളു. 
4) സകാത്ത് നല്‍കാനുള്ള കാലികളെ തിരഞ്ഞെടുക്കുമ്പോള്‍ കൂട്ടത്തിലെ ഏറ്റവും മുന്തിയതിനെയോ ഏറ്റവും താഴ്ന്നതിനെയോ അല്ല മിതമായതിനെയാണ് എടുക്കേണ്ടത്.

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback