Skip to main content

സ്വര്‍ണാഭരണങ്ങള്‍

സ്വര്‍ണക്കട്ടി, നാണയം, ആഭരണം എന്നിത്യാദി വേര്‍തിരിവുകളില്ലാതെ സ്വര്‍ണത്തിന് സകാത്ത് ബാധകമാണ് എന്നതാണ് പൊതുതത്ത്വം. എന്നാല്‍ ആഭരണങ്ങള്‍ സകാത്തിന്‍റെ വരുതിയില്‍ വരില്ല എന്ന അഭിപ്രായം ചില പണ്ഡിതന്‍മാര്‍ ഉന്നയിച്ചതായി കാണാം.

നബി(സ്വ) അവിടുത്തെ പത്നി ആഇശ(റ)യുടെ കൈയിലണിഞ്ഞ വെള്ളിവളകള്‍ക്കും മറ്റൊരു പത്‌നി ഉമ്മുസലമ(റ) കാലിലണിഞ്ഞ സ്വര്‍ണ പാദസരങ്ങള്‍ക്കും ഒരു സ്വഹാബി വനിത കൈയിലണിഞ്ഞ സ്വര്‍ണവളകള്‍ക്കും സകാത്ത് നല്കാന്‍ നിര്‍ദേശിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണാം. അതോടൊപ്പം തന്നെ ''ഇബ്‌നു ഉമര്‍(റ) തന്റെ പെണ്‍കുട്ടികള്‍ക്കും അടിമ സ്ത്രീകള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ അണിയിക്കാറുണ്ടായിരുന്നു''. എന്നാല്‍ അവക്ക് അദ്ദേഹം സകാത്ത് നല്‍കാറുണ്ടായിരുന്നില്ല എന്നും ''ആഇശ(റ) തന്റെ സംരക്ഷണത്തിലുണ്ടായിരുന്ന അനാഥകളായിരുന്ന സഹോദരപുത്രിമാര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ അണിയിക്കാറുണ്ടായിരുന്നു, എന്നാല്‍ അവക്ക് സകാത്ത് നല്‍കാറുണ്ടായിരുന്നില്ല എന്നിങ്ങനെയുള്ള റിപ്പോര്‍ട്ടുകളും സ്വഹീഹായ വന്നിട്ടുണ്ട്  ഇതിന്റെ അടിസ്ഥാനത്തില്‍ ഇവ്വിഷയകമായി പണ്ഡിതന്മാര്‍ക്കിടയില്‍ മുഖ്യമായ രണ്ട് വീക്ഷണങ്ങളാണുള്ളത്.

1.അണിയാന്‍വേണ്ടി മാത്രം നീക്കിവെച്ച ആഭരണങ്ങള്‍ക്ക് സകാത്ത് നിര്‍ബന്ധമില്ല.  

2.ആഭരണമായാലും സ്വര്‍ണക്കട്ടിയായാലും പ്രസ്തുത പരിധിക്കപ്പുറമായാല്‍ മുഴുവന്‍ സ്വര്‍ണത്തിനും സകാത്ത് ബാധകമാണ്. അതുപോലെ 590 ഗ്രാം വരെയുള്ള വെള്ളി ആഭരണങ്ങള്‍ക്കും സകാത്ത് വേണ്ട. അതിനപ്പുറമായാല്‍ അണിയാന്‍ നീക്കിവെച്ചതാണെങ്കിലും അല്ലെങ്കിലും സകാത്ത് നിര്‍ബന്ധമാണ്.

ആഭരണമായാലും അല്ലെങ്കിലും സ്വര്‍ണത്തിനും വെള്ളിക്കും നിസ്വാബെത്തിയാല്‍ സകാത്ത് നല്‍കണമെന്ന അഭിപ്രായമാണ് കൂടുതല്‍ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നതും സൂക്ഷ്മതക്കു നല്ലതും.

സ്വര്‍ണാഭരണങ്ങളുടെ നിസ്വാബ്

സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ശുദ്ധ സ്വര്‍ണത്തില്‍ നിശ്ചിത അളവില്‍ മറ്റു ലോഹങ്ങള്‍ കൂടി ചേര്‍ക്കുന്നുണ്ട്  അതിനാല്‍  അവയുടെ നിസ്വാബ് കണക്കാക്കുമ്പോള്‍ ആഭരണത്തിലെ അല്ലെങ്കില്‍ സ്വര്‍ണനാണയത്തിലെ ശുദ്ധ സ്വര്‍ണത്തിന്റെ അളവ് കണക്കാക്കി അതനുസരിച്ച് നിസ്വാബ് തികയുന്നുണ്ടെങ്കില്‍ മാത്രമേ സകാത്ത് നിര്‍ബന്ധമാവുകയുള്ളു. അതായത് 22 കാരറ്റ് സ്വര്‍ണത്തില്‍ 91.67% മാത്രമേ ശുദ്ധ സ്വര്‍ണമുള്ളൂ (ഇതുകൊണ്ടാണ് 916 എന്ന് ആഭരണത്തില്‍ ആലേഖനം ചെയ്യുന്നത്). 

കൈവശമുള്ള സ്വര്‍ണാഭരണത്തിലെ ശുദ്ധ സ്വര്‍ണം എത്രയുണ്ട് എന്നറിയാന്‍ ആകെയുള്ള ആഭരണത്തിന്റെ തൂക്കം ഗ്രാമില്‍ കണക്കാക്കി അതിന്റെ 91.67 ശതമാനം കണക്കുകൂട്ടിയാല്‍ മതി ഉദാ: ഒരാളുടെ പക്കല്‍ 90  ഗ്രാം 22  കാരറ്റ് സ്വര്‍ണാഭരണമോ നാണയമോ ഉണ്ടെന്നിരിക്കട്ടെ എങ്കില്‍ (90 X 91.67) / 100 = 82.50  സകാത്ത് നിര്‍ബന്ധമുള്ള ശുദ്ധ സ്വര്‍ണം അഥവാ തങ്കം  82.50  ഗ്രാം മാത്രമേ അയാളുടെ പക്കലുണ്ടാവുകയുള്ളു.  

ഇത് കണക്കു കൂട്ടാനുള്ള മറ്റൊരു രീതി ആകെ ഗ്രാമിനെ എത്ര കാരറ്റാണോ അത്രയും കൊണ്ട് ഗുണിക്കുക. എന്നിട്ടു  ആ ഗുണനഫലത്തെ തങ്കത്തിന്റെ കാരറ്റായ 24 കൊണ്ട്  ഹരിക്കുക. ഈ ഹരണ ഫലമായിരിക്കും അതിലുള്ള ശുദ്ധ സ്വര്‍ണം. മേല്‍ പറഞ്ഞ 90  ഗ്രാം തന്നെ എടുത്താല്‍   90 $ 22 / 24 = 82.50 ഇതുപോലെ 21 കാരറ്റും 18 കാരറ്റും കണക്കു കൂട്ടാവുന്നതാണ്.

നമ്മുടെ നാട്ടില്‍ കാലാകാലങ്ങളിലായി തങ്കത്തിനും 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കും ഒരേപോലെ 85 ഗ്രാം എന്നത് തന്നെയാണ് നിസ്വാബായി പരിഗണിച്ചു വരുന്നത് അതിനാല്‍ അതുതന്നെ സ്വീകരിക്കുന്നതാണ്. കണക്കുകൂട്ടുന്നതിനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാനും സകാത്ത് ഗുണഭോക്താക്കളായ പാവങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമായതു സ്വീകരിക്കുക എന്ന സകാത്തിലെ പൊതു തത്ത്വം പാലിക്കപ്പെടുന്നതിനും നല്ലത്.  

ഒരു സ്വര്‍ണക്കടക്കാരനെ സംബന്ധിച്ചേടത്തോളം സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് കണക്കാക്കുമ്പോള്‍ അത് വില്പനച്ചരക്കായാണ് പരിഗണിക്കേണ്ടത്. 590 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമായ കച്ചവടസാധനങ്ങളുണ്ടെങ്കില്‍ രണ്ടര ശതമാനം സകാത്ത് നല്കണം.

വജ്രവും വിലപിടിപ്പുള്ള രത്നങ്ങളും കല്ലുകളും

സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ള ഡയമണ്ട് പോലുള്ള വസ്തുക്കള്‍ക്ക് സകാത്ത് പ്രത്യേകം പരാമര്‍ശിക്കുന്ന പ്രാമാണികമായ ഹദീസുകളില്ല. ഇവയ്ക്ക് സകാത്ത് കൊടുക്കേണ്ടതില്ല എന്നും നബി(സ്വ) വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സമ്പത്ത് എന്ന നിലയില്‍ ഇവയ്‌ക്കെല്ലാം സകാത്ത് നല്‌കേണ്ടതാണ് എന്നതാണ് പൊതു തത്ത്വം. 

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

 

Feedback
  • Thursday May 2, 2024
  • Shawwal 23 1445