Skip to main content

വ്യവസായത്തിന്റെ സകാത്ത്

ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങള്‍ക്കും ഹോട്ടലുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ക്കും അവയുടെ വരുമാനത്തിന് സകാത്ത് ബാധകമാണ്. ഇത്തരം വ്യാവസായിക സ്ഥാപനങ്ങളുടെ കെട്ടിടം, യന്ത്രസാമിഗ്രികള്‍, ഫര്‍ണീച്ചര്‍, ഓഫീസ്, വാഹനങ്ങള്‍ തുടങ്ങിയ ആസ്തികല്‍ക്ക് സകാത്തില്ല. അതില്‍ നിന്നു ലഭിക്കുന്ന വരുമാനം (അറ്റാദായം) കാര്‍ഷികോത്പന്നങ്ങള്‍ എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തി പത്തു ശതമാനം സകാത്തു നല്കണം. കൂടുതല്‍ അധ്വാനവും ഉത്പാദനച്ചെലവും വരുന്നവയെങ്കില്‍ വരുമാനത്തിന്റെ അഞ്ചു ശതമാനം സകാത്തു നല്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ കണക്കു നോക്കണം. കൈവശവും ബാങ്കിലുമുള്ള പണം, കിട്ടാനുള്ള കടം, ഉത്പന്നങ്ങളുടെയും അസംസ്‌കൃത സാധനങ്ങളുടെയും മാര്‍ക്കറ്റുവില എന്നിവ ചേര്‍ത്തുകൊണ്ടാണ് സകാത്ത് കണക്കാക്കേണ്ടത്. 

ആസ്തിയും വരുമാനവും ചേര്‍ത്ത് രണ്ടര ശതമാനം സകാത്ത് കൊടുക്കുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്. 

വാടക്കക്കെട്ടിടങ്ങള്‍, വാഹനങ്ങള്‍

ഇന്നത്തെ സാമ്പത്തിക സ്രോതസ്സുകളില്‍ ഒരു പ്രധാന ഇനമാണ് വാടക. അതിന് സകാത്ത് ബാധകമാണ്. നബിചര്യയില്‍ ഇതു കാണില്ല. കാരണം അക്കാലത്ത് ഈ സമ്പ്രദായം ഇല്ല. ആയതിനാല്‍ ഈ വിഷയത്തില്‍ ഭിന്നവീക്ഷണങ്ങള്‍ കാണും. മൂന്നുതരത്തില്‍ വാടകക്കെട്ടിടങ്ങളുടെ സകാത്ത് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
1. വസ്തുവിന്റെ വിലയും ലഭിച്ച വാടകയും ചേര്‍ത്ത് രണ്ടര ശതമാനം സകാത്ത് കണക്കാക്കുക. നിസ്വാബ് പണത്തിന്റെതാണ് കണക്കാക്കേണ്ടത്. 

2. വസ്തുവിനെ ഒഴിവാക്കി വരുമാനത്തിനു മാത്രം കൃഷിയുടെ തോതില്‍ സകാത്ത് നല്കുക. അപ്പോള്‍ വാടക 6 ക്വിന്റല്‍ അരിയുടെ വിലയ്ക്കു സമാനമോ അധികമോ ഉണ്ടെങ്കില്‍ പത്തു ശതമാനം സകാത്ത് നല്കണം. വര്‍ഷത്തില്‍ കൊടുത്താല്‍ മതി. ഭാരിച്ച ചെലവുള്ളതാണെങ്കില്‍ നനച്ചുണ്ടാക്കുന്ന കൃഷിക്കുതുല്യം അഞ്ചുശതമാനം സകാത്ത് നല്കിയാല്‍ മതിയാകുന്നതാണ്. 

3. വാടകക്കെട്ടിടങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രതിവര്‍ഷ വാടക 590 ഗ്രാം വെള്ളിയുടെ കമ്പോളവിലയ്ക്കു തുല്യമോ അതിലധികമോ ഉണ്ടെങ്കില്‍ ആകെ വാടകയുടെ രണ്ടര ശതമാനം സകാത്തു നല്കുക.
മൂന്നാമത്തെ വീക്ഷണമാണ് കൂടുതല്‍ യുക്തവും പ്രായോഗികവുമെന്ന് തോന്നുന്നു. (അല്ലാഹു അഅ്ലം)
 

പങ്കാളിത്തം 

ഒന്നിലേറെ പേര്‍ ചേര്‍ന്നു ചെയ്യുന്ന കൃഷി, കച്ചവടം, വ്യവസായം എന്നിവയ്ക്കും സകാത്ത് ബാധകമാണ്. എത്ര പങ്കാളികളുണ്ടെങ്കിലും ഒരു സംരംഭത്തിന് ഒന്നിച്ചാണ് സകാത്ത് കണക്കാക്കേണ്ടത്. ഓരോ പങ്കാളിയും തന്റെ ഷെയറിന് പ്രത്യേകം സകാത്ത് കൊടുക്കേണ്ടതില്ല. സകാത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കമ്പനികള്‍ കൂട്ടുപിരിയുകയോ സകാത്ത് ചുമത്താന്‍ വേണ്ടി ഉദ്യോഗസ്ഥന്മാര്‍ പലരുടെ സ്വത്തിന് ഒന്നിച്ച് സകാത്ത് നിശ്ചയിക്കുകയോ ചെയ്യാന്‍ പാടില്ല. 

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback