Skip to main content

കേരളത്തിലെ അറബിക് കോഴ്‌സുകള്‍

ബി എ അഫ്ദലുല്‍ ഉലമ

കാലാവധി: മൂന്നു വര്‍ഷം
യോഗ്യത: പ്ലസ് 2 (അറബിക്), അഫ്ദലുല്‍ ഉലമ പ്രിലിമിനറി

യൂണിവേഴ്‌സിറ്റികളില്‍ അംഗീകാരമുള്ള മൂന്നു വര്‍ഷക്കാലത്തെ ഡിഗ്രി കോഴ്‌സുകള്‍ക്ക് തത്തുല്യമായ അണ്ടര്‍ ഗ്രാജ്വേറ്റ് അറബി ഭാഷാ കോഴ്‌സാണ് ബി എ അഫ്ദലുല്‍ ഉലമ അഥവാ ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ അഫ്ദലുല്‍ ഉലമ. ഗദ്യം, പദ്യം, നോവല്‍, നാടകം, ഗ്രാമര്‍, വിവര്‍ത്തനം തുടങ്ങി ഒന്നാം ഭാഷ അറബിയും രണ്ടാം ഭാഷ ഇംഗ്ലീഷുമായാണ് പാഠ്യ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. പ്ലസ് ടു വിന് അറബിക് രണ്ടാം ഭാഷയെടുത്തവര്‍ക്കും പത്താം തരം പൂര്‍ത്തിയാക്കി പ്ലസ് ടു വിന് തുല്യമായ രണ്ടുവര്‍ഷക്കാലത്തെ അഫ്ദലുല്‍ ഉലമ പ്രിലിമിനറി കോഴ്‌സ് പാസായവര്‍ക്കും ബി എ കോഴ്‌സില്‍ ചേരാവുന്നതാണ്. 

ഗഹനമായ ഭാഷാ പഠനത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ അധ്യാപകന്‍, വിവര്‍ത്തകന്‍, ഭാഷാ വിദഗ്ധന്‍ തുടങ്ങി നിരവധി തസ്തികകളില്‍ വിദേശ രാജ്യങ്ങളിലടക്കം ജോലി സാധ്യതയുണ്ട്. ഡിഗ്രി തലത്തിലുള്ള മുഴുവന്‍ സര്‍ക്കാര്‍ തസ്തികകളിലേക്കും ബി എ അഫ്ദലുല്‍ ഉലമയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ യു പി തലം വരെയുള്ള അധ്യാപക നിയമനത്തിന്റെ പ്രധാന മാനദണ്ഡം ഈ കോഴ്‌സ് തന്നെയാണ്. സിനിമ, ഐ ടി, ബിസിനസ്, പത്രപ്രവര്‍ത്തനം, ലൈബ്രറി തുടങ്ങി വിവിധ തലങ്ങളില്‍ അഫ്ദലുല്‍ ഉലമക്കാര്‍ക്ക് തൊഴില്‍ സാധ്യതകളേറെയുണ്ട്്. ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് ബി.എഡ്, എം എ, എം ഫില്‍, പി എച്ച് ഡി തുടങ്ങി നിരവധി കോഴ്‌സുകള്‍ ചെയ്യാവുന്നതാണ്. 

ബി എ അറബിക്

കാലാവധി: മൂന്നു വര്‍ഷം
യോഗ്യത: പ്ലസ് ടു

പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് ചേരാവുന്ന മൂന്നുവര്‍ഷ ഡിഗ്രി കോഴ്‌സാണ് ബി എ അറബിക്. ഇംഗ്ലീഷ് ഭാഷയ്ക്കും അറബി ഭാഷയ്ക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന കോഴ്‌സായതിനാല്‍ അറബി ഭാഷയില്‍ പ്രത്യേകം ഗവേഷണം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഭികാമ്യമല്ല. സ്‌കൂള്‍, ഐ ടി, ബിസിനസ്, പത്രപ്രവര്‍ത്തനം, തുടങ്ങി അറബി ഭാഷ ഉപയോഗിക്കേണ്ട മേഖലകളില്‍ വിവര്‍ത്തകന്‍, ടൈപ്പിസ്റ്റ്, അധ്യാപകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യതകളുണ്ട്്. ബി എഡ്, എം എ, എം ഫില്‍, പി എച്ച് ഡി തുടങ്ങി നിരവധി ഉപരി പഠന കോഴ്‌സുകള്‍ ബി എ അറബിക് പാസായവര്‍ക്ക് ചേരാവുന്നതാണ്. 

ബി എ (ഓണേസ് ഇന്‍ അറബിക്)
കാലാവധി: മൂന്ന് വര്‍ഷം
യോഗ്യത: പ്ലസ് ടു

പ്ലസ് ടു (അറബിക്) അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ അറുപത് ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അറബി ഭാഷയില്‍ അണ്ടര്‍ ഗ്രാജ്വേറ്റിന് സാധ്യമാകുന്ന കോഴ്‌സാണ് ബി എ ഓണേര്‍സ് ഇന്‍ അറബിക് അഥവാ ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ് ഓണേര്‍സ് ഇന്‍ അറബിക്. അറബിക് സാഹിത്യം, പദ്യം, ഗദ്യം, ഗ്രാമര്‍ കൂടാതെ മോഡേണ്‍ അറബിക്, ബിസിനസ്,  സയന്‍സ്, ടെക്‌നോളജി അപ്ലിക്കേഷന്‍ എന്നിവ പഠന വിഷയമായി വരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി എയര്‍പോര്‍ട്ട്, ട്രാവല്‍ ഏജന്‍സി, റെസ്‌റ്റോറന്റ്‌സ്, ഗവണ്‍മെന്റ് ഓഫീസുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യതയുള്ള കോഴ്‌സാണിത്. 

എം എ (പോസ്റ്റ് അഫ്ദലുല്‍ ഉലമ)

കാലാവധി: രണ്ടു വര്‍ഷം
യോഗ്യത: ഡിഗ്രി (അറബിക്)

ബി എ അറബിക് അല്ലെങ്കില്‍ ബി എ അഫ്ദലുല്‍ ഉലമ കോഴ്‌സ് അമ്പത് ശതമാനം മാര്‍ക്കോടെ പാസായവര്‍ക്കുള്ള പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സാണ് എം എ പോസ്റ്റ് അഫ്ദലുല്‍ ഉലമ അഥവാ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ പോസ്റ്റ് അഫ്ദലുല്‍ ഉലമ. നാല് സെമസ്റ്ററുകളിലായി ദ്വിവര്‍ഷ കോഴ്‌സില്‍ ട്രാന്‍സ്‌ലേഷന്‍, ഫംങ്ഷണല്‍ അറബിക്, അഡ്വാന്‍സ്ഡ് ഗ്രാമര്‍, നിരൂപണ സാഹിത്യം, ആധുനിക സാഹിത്യം, മത താരതമ്യ പഠനം, മീഡിയ റൈറ്റിംഗ് തുടങ്ങിയ വിവിധ മേഖലകള്‍ പാഠ്യവിഷയമായി വരുന്നുണ്ട്. പത്രമാധ്യമങ്ങള്‍, ടൂറിസം, ലൈബ്രറി, ഫിലിം ഇന്റസ്ട്രി, കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ്, ഗവണ്‍മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ ഉന്നത തസ്തികകളില്‍ ജോലി ചെയ്യാന്‍ ഈ കോഴ്‌സിലൂടെ സാധ്യമാകും. 

എം. എ അറബിക്

കാലാവധി: രണ്ടു വര്‍ഷം
യോഗ്യത: ഡിഗ്രി (അറബിക്)

ബി എ അറബിക് അല്ലെങ്കില്‍ ബി എ അഫ്ദലുല്‍ ഉലമ കോഴ്‌സ് അമ്പത് ശതമാനം മാര്‍ക്കോടെ പാസായവര്‍ക്കുള്ള പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സാണ് എം എ അറബിക്.

ഇതിനു പുറമെ അറബി ഭാഷയില്‍ എം.ഫില്‍ ചെയ്യുന്നതിനും പി.എച്ച്. ഡി ചെയ്യുന്നതിനും കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ സൗകര്യമുണ്ട്.
 

Feedback