Skip to main content

അറബി ഭാഷാപഠനം കേരളത്തില്‍

കേരളത്തിലെ അറബി ഭാഷാപഠനത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. മതപരമായ ഒരു ഭാഷ എന്ന രീതിയിലായിരുന്നില്ല ആ പഠനം. മറിച്ച്, കച്ചവട ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുളളതായിരുന്നു. പിന്നീട് അറബികളോടൊപ്പം  ഇസ്‌ലാമും കേരളത്തിലേക്ക് വന്നതോടെ മുസ്‌ലിം സമൂഹത്തിന് അതൊരു മതപരമായ കടമയായി മാറി. പള്ളി ദര്‍സുകളിലൂടെയും മദ്‌റസകളിലൂടെയും അറബി ഭാഷ വളര്‍ന്നു വന്നു. അത് പിന്നീട് വിവിധ സ്ഥാപനങ്ങളിലൂടെ പ്രചരിക്കുകയും വളരുകയും ഒരു സ്വതന്ത്രഭാഷ എന്ന മേല്‍വിലാസത്തില്‍ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു.


എന്നാല്‍ പൊതുവിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനം ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മാത്രമാണ്. 1912 ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ബിഷപ്പിന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം വിദ്യാഭ്യാസം ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ ഒരു സമിതി നിശ്ചയിക്കുകയും അതിന്റെ ചുമതല ശ്രീ.രാമസ്വാമി അയ്യരെ ഏല്പിക്കുകയും ചെയ്തു. തത്ഫലമായി 1913 മുതല്‍ തിരുവിതാംകൂറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഖുര്‍ആന്‍ ടീച്ചര്‍മാരെ നിയമിച്ചു തുടങ്ങി. 25 മുസ്‌ലിം വിദ്യാര്‍ഥികളുള്ള ഓരോ സ്‌കൂളിലും ഒരു ഖുര്‍ആന്‍ ടീച്ചറെ നിയമിച്ചുകൊണ്ട് ഉത്തരവായി. 1920 കളില്‍ കൊച്ചി പ്രവിശ്യയിലെ ഏതാനും സ്‌കൂളുകളില്‍ അറബി അധ്യാപകരെ നിയമിക്കാന്‍ കൊച്ചി ദിവാനായിരുന്ന വിജയരാഘവ ആചാരി മുന്നോട്ടുവന്നു. 


കേരള സംസ്ഥാനം രൂപം കൊണ്ടതുമുതലുള്ള സര്‍ക്കാറുകള്‍ അറബി ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിച്ചു. ഖുര്‍ആന്‍ ടീച്ചര്‍മാര്‍ എന്ന പേരു മാറ്റി അറബി അധ്യാപകരെ സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍ തസ്തകയിലാക്കി. 1967 ല്‍ മന്ത്രിസ്ഥാനം ഏറ്റെടുത്ത സി.എച്ച് മുഹമ്മദ് കോയ സാഹിബ് അറബി മുന്‍ഷികളെ അധ്യാപകരായി പരിഗണിച്ച് ഉത്തരവിറക്കി.


അറബി ഭാഷാപഠനത്തിന് ഇന്ന് കേരളത്തില്‍ വിപുലവും വ്യവസ്ഥാപിതവുമായ നിരവധി കേന്ദ്രങ്ങളും സംവിധാനങ്ങളുമുണ്ട്. ഈ കേന്ദ്രങ്ങള്‍ മുസ്‌ലിം സമുദായത്തിന് മാത്രമായി ഉള്ളതല്ല. ഭാഷാ പഠനത്തില്‍ താത്പര്യമുള്ള ഏതു വ്യക്തിക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലുള്ള പഠന ക്രമീകരണങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിലുള്ളത്.


ആറായിരത്തിലധികം സ്‌കൂളുകളിലായി പത്ത് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ നിലവില്‍ കേരളത്തില്‍ അറബി പഠിക്കുന്നുണ്ട്. ഇതിനു പുറമെ അറബി ഭാഷാ രംഗത്ത് ഉപരിപഠനം നടത്താന്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ കീഴില്‍ നൂറുകണക്കിന് കോളേജുകളുണ്ട്, സര്‍വകലാശാലകളില്‍ റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റുകളുമുണ്ട്.

Feedback