Skip to main content

മതവും രാഷ്ട്രവും (10)

ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തില്‍ ഒട്ടേറെ സംവാദങ്ങള്‍ നടന്നിട്ടുള്ള ഒരു വിഷയമാണ് മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായ നിയമ നിര്‍ദേശങ്ങളുള്ള മതം എന്ന നിലയ്ക്ക് ഇസ്‌ലാമിന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാടുണ്ട്. എന്നാല്‍, അത് ഇന്ന് വിവക്ഷിക്കപ്പെടുന്ന 'രാഷ്ട്രീയ ഇസ്‌ലാം' അഥവാ പൊളിറ്റിക്കല്‍ ഇസ്‌ലാം അല്ല. രാഷ്ട്രീയം, സമൂഹം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ ഇസ്‌ലാം മതത്തിന് നിയതമായ വിധിവിലക്കുകളുണ്ട്. 'രാഷ്ട്രീയ ഇസ്‌ലാം' അധികാരവുമായി ബന്ധപ്പെട്ടാണ് സംസാരിക്കുന്നത്. ഇസ്‌ലാം അധികാരം ലക്ഷ്യമാക്കുന്ന മതമല്ല. മനുഷ്യരുടെ ഇഹലോക ക്ഷേമവും പരലോക മോക്ഷവുമാണ് അതിന്റെ താത്പര്യം. അതുകൊണ്ടാണ് ഇരുലോകത്തും നന്മയുണ്ടാവാന്‍ വേണ്ടി പ്രാര്‍ഥിക്കുവാന്‍ മതം ആവശ്യപ്പെടുന്നത് (ഖുര്‍ആന്‍ 2:201). 

മനുഷ്യരെ നന്നാക്കിയെടുക്കുന്നതിനു വേണ്ടിയാണ് പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിരിക്കുന്നത്. പ്രവാചക ദൗത്യത്തെ 'നന്നാക്കിയെടുക്കല്‍' എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് (ഖുര്‍ആന്‍ 11:88). ഇസ്വ്‌ലാഹ് എന്നാണ് പ്രസ്തുത ദൗത്യത്തിന് അറബിയില്‍ പറയുന്ന സാങ്കേതിക പദം. ഈ ഇസ്വ്‌ലാഹ് ലക്ഷ്യമാക്കിയുള്ള നിരവധി മേഖലകളില്‍ ഒന്ന മാത്രമാണ് അധികാരം. പ്രവാചക ദൗത്യത്തിന് പകരമായി അധികാരത്തെ പ്രവാചകന്‍ കണ്ടിരുന്നില്ല. അതുകൊണ്ടാണ്, അധികാര സംസ്ഥാപനത്തെക്കാള്‍ ദഅ്‌വത്തിന് പ്രാധാന്യം നല്‍കിയത്. സ്വാഭാവികമായും മനഃപരിവര്‍ത്തനത്തിലൂടെ ഒരു സമൂഹം രൂപീകരിക്കപ്പെടുമ്പോള്‍ അതിന്റെ മുന്നോട്ടുള്ള പോക്കിന് നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാവേണ്ടതുണ്ട്. കൃത്യമായ ഒരു ചട്ടക്കൂട് നിര്‍ദേശിക്കുന്നതിന് പകരം പൊതു നിര്‍ദേശങ്ങളാണ് സമൂഹ രൂപീകരണവും അധികാരവുമായും ബന്ധപ്പെട്ട് ഇസ്‌ലാം മുന്നോട്ട് വെയ്ക്കുന്നത്. അതത് കാലത്തെ സാഹചര്യമനുസരിച്ച് ഈ നിര്‍ദേശങ്ങളിലൂന്നിയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നാണ് പ്രവാചകന്‍ കാണിച്ച മാതൃക. ഖലീഫമാരുടെ കാലത്തുള്ളത് പോലെയുള്ള വിപുലമായ ഭരണ സംവിധാനം പ്രവാചകന്റെ കാലത്തുണ്ടായിരുന്നില്ല. അധികാരം സ്ഥാപിക്കുക എന്നത് മതത്തിന്റെ ലക്ഷ്യമല്ലാത്തതു കൊണ്ട് തന്നെ അധികാര രൂപീകരണത്തിന്റെ വഴികളെക്കുറിച്ച് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. 

പ്രവാചകന്നു ശേഷം ഓരോ ഖലീഫയും തെരെഞ്ഞെടുക്കപ്പെട്ടത് വ്യത്യസ്ത രൂപത്തിലാണ്. നേതൃത്വം രൂപപ്പെടേണ്ടതിന്റെ പൊതുനിര്‍ദേശം കൂടിയാലോചനയാണ് (ഖുര്‍ആന്‍ 42:38). ഇസ്‌ലാമിക കല്‍പനകള്‍ക്ക് വിരുദ്ധമാകാത്ത കാലത്തോളം ഏതു ഭരണ സംവിധാനങ്ങളോടും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടും സഹകരിക്കുകയും ഭാഗധേയം വഹിക്കുകയും ചെയ്യാമെന്നാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാട്. സ്രഷ്ടാവിനെ ധിക്കരിച്ചു കൊണ്ട് സൃഷ്ടികളെ അനുസരിക്കാന്‍ പാടുള്ളതല്ല, നന്മയിലാണ് അനുസരണം (ബുഖാരി 4340, മുസ്‌ലിം 1840) എന്നീ പ്രവാചക വചനങ്ങളില്‍ നിന്ന് ഇസ്‌ലാമിന് രാഷ്ട്രീയ സംവിധാനങ്ങളോടുള്ള സമീപനം മനസ്സിലാക്കാവുന്നതാണ്. 

അതേ സമയം, ഇസ്‌ലാമിലെ സാങ്കേതിക പദങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് ഇസ്‌ലാമിന്റെ രാഷ്ട്രീയ സമീപനം വ്യത്യസ്തമായി വിശദീകരിച്ച പണ്ധിതന്മാരും ലോകത്തുണ്ട്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി(ഇന്ത്യ), സയ്യിദ് ഖുതുബ് (ഈജിപ്ത്) തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. സയ്യിദ് മൗദൂദി രചിച്ച 'ഇസ്‌ലാമിലെ നാലു സാങ്കേതിക പദങ്ങള്‍' എന്ന പുസ്തകം ഇത്തരത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ സമീപനം വിശദീകരിക്കുന്ന പുസ്തകമാണ്. ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നീ നാലു സംജ്ഞകളെയാണ് പ്രസ്തുത പുസ്തകത്തില്‍ വ്യാഖ്യാനിക്കുന്നത്. അതടിസ്ഥാനത്തില്‍, അല്ലാഹു അല്ലാത്തവര്‍ക്കുള്ള ഏത് അനുസരണവും ഇബാദത്തിന്റെ പരിധിയില്‍ വരുമെന്നും ഇസ്‌ലാമികമല്ലാത്ത ഭരണകൂടത്തോട് സഹകരിക്കുന്നത് അല്ലാഹുവിനോടുള്ള ആരാധനയില്‍ അഥവാ ഇബാദത്തില്‍ പങ്കുചേര്‍ക്കലാകുമെന്നുമാണ് അദ്ദേഹം സിദ്ധാന്തിക്കുന്നത്. സയ്യിദ് ഖുതുബും സമാനമായ രീതിയില്‍ ഇസ്‌ലാമിലെ രാഷ്ട്രീയ സമീപനം വിശദീകരിച്ചിട്ടുണ്ട്.  


 

Feedback