Skip to main content

ഇസ്‌ലാമികേതര രാജ്യം

ഒരു രാജ്യം ഇസ്‌ലാമിക രാജ്യമല്ലെങ്കില്‍ അത് അനിസ്‌ലാമിക രാജ്യമോ ഇസ്‌ലാം വിരുദ്ധ രാജ്യമോ അല്ല. മുസ്‌ലിം ഭൂരിപക്ഷമില്ലാത്തതോ മുസ്‌ലിംകള്‍ക്ക് ഭരണാധികാരം ഇല്ലാത്തതോ ആയ രാജ്യങ്ങളെ ഇസ്‌ലാമികേതര രാജ്യമെന്നു പറയാം. പരിപൂര്‍ണമായി മുസ്‌ലിംകളായിക്കൊണ്ട് ഇസ്‌ലാമികേതര രാജ്യങ്ങളില്‍ ജീവിക്കുന്നതിന് ഇസ്‌ലാമിക ദൃഷ്ട്യാ യാതൊരു തടസ്സവുമില്ല.

സാങ്കേതിക വ്യവഹാരങ്ങളില്‍ ദാറുല്‍ ഇസ്‌ലാം, ദാറുസ്സില്‍മ്, ദാറുല്‍ ഹര്‍ബ് എന്നിങ്ങനെ പരാമര്‍ശിക്കപ്പെട്ടതായി കാണാം. ഇസ്‌ലാമിക നിയമപ്രകാരം ഭരണം നടത്തുന്ന രാജ്യങ്ങളാണ് 'ദാറുല്‍ ഇസ്‌ലാം' കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇസ്‌ലാമിക ഭരണമോ മുസ്‌ലിം ഭരണമോ അല്ലെങ്കിലും പ്രജകളെ ഒന്നായിക്കാണുന്ന ഏതു രാജ്യത്തെപ്പറ്റിയും 'ദാറുസ്സില്‍മ്' എന്നു പറയാം. സില്‍മ് എന്നാല്‍ സമാധാനം എന്നാണര്‍ഥം. മുസ്‌ലിംകള്‍ക്ക് ആദര്‍ശം മുറുകെപ്പിടിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള ഏതു രാജ്യവും ദാറുസ്സില്‍മു തന്നെ. നബി(സ്വ) തന്റെ അനുചരന്‍മാരെ സൈ്വര ജീവിതത്തിന് പറഞ്ഞയച്ചത് ഹബ്ശയിലേക്കായിരുന്നു. ക്രൈസ്തവ ഭരണാധികാരിയാ യിരുന്നു അവിടെ ഭരണം നടത്തിയിരുന്നത്; നജ്ജാശി.

മുസ്‌ലിംകളെ ജീവിക്കാനനുവദിക്കാതിരിക്കുകയോ ഇസ്‌ലാമിക രാഷ്ട്രവുമായി യുദ്ധം പ്രഖ്യാപിക്കുകയോ ചെയ്ത രാജ്യമാണ് 'ദാറുല്‍ ഹര്‍ബ്'. ഈയവസ്ഥ താത്ക്കാലിക പ്രതിഭാസമാണ്. യുദ്ധഭീതിയൊഴിഞ്ഞാല്‍ സ്ഥിതി മാറുമല്ലോ. 

ഇസ്‌ലാമിക ഭരണമുള്ളേടത്തു മാത്രമേ മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ പാടുള്ളൂ എന്ന് അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല. ഭരണാധികാരമുണ്ടായിരിക്കുക എന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ പൂര്‍ണതയ്ക്ക് അനിവാര്യവുമല്ല. 
 

Feedback