Skip to main content

ഇസ്‌ലാമിക രാജ്യവും മുസ്‌ലിം രാജ്യവും

ഒരു രാജ്യത്തിന്റെ ഭരണസംവിധാനം പൂര്‍ണമായും ഇസ്‌ലാമിക ശരീഅത്തനുസരിച്ച് കൈകാര്യം ചെയ്യപ്പെടുന്നുവെങ്കില്‍ അത് ഇസ്‌ലാമിക രാജ്യമാണ് എന്ന് പൊതുവെ പറഞ്ഞുവരുന്നു. നബി(സ്വ) തന്റെ ജീവിതത്തിന്റെ അന്തിമവര്‍ഷങ്ങളില്‍ മദീന ആസ്ഥാനമായി നിലവില്‍ വന്ന മുസ്‌ലിം സമൂഹത്തിന്റെ നേതാവു കൂടിയായിരുന്നു. ഭരണാധികാരിയും ഭരണീയരുമെല്ലാം ഇസ്‌ലാമികമായിരുന്നു. പക്ഷേ ഇസ്‌ലാമികരാജ്യം എന്ന സംജ്ഞ നബി(സ്വ)യോ സ്വഹാബികളോ ഉപയോഗിച്ചതായി കാണുന്നില്ല. നബി(സ്വ)യുടെ പിന്‍ഗാമി(ഖലീഫ)കളായി ഭരണം നടത്തിയ നാലു ഖലീഫമാരും 'അല്‍ ഹുകൂമത്തുല്‍ ഇസ്‌ലാമിയ്യ' (ഇസ്‌ലാമിക ഭരണം) എന്നു പ്രയോഗിച്ചിരുന്നില്ല. ജീവിതത്തിന്റെ ഏതുരംഗത്തും അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകള്‍ പാലിക്കാന്‍ തയ്യാറായിരുന്ന അവര്‍ ഭരണരംഗത്തും അതുതന്നെ ചെയ്തു. ഭരണം ഒരു മതകാര്യമല്ല. മതനിര്‍ദേശങ്ങള്‍ പാലിക്കപ്പെടേണ്ട ഭൗതികകാര്യമാണ്. ഇസ്‌ലാമിക നിയമങ്ങള്‍ പാലിച്ചു കൊണ്ട് കച്ചവടം നടത്തുന്ന ഒരു വ്യാപാര കേന്ദ്രത്തെ ഇസ്‌ലാമിക വ്യാപാരം എന്നു പറയാറില്ലല്ലൊ.

മുസ്‌ലിംകള്‍ ഭൂരിപക്ഷമായിരിക്കുകയും മുസ്‌ലിംകള്‍ ഭരണം കൈയാളുകയും ചെയ്യുന്ന രാജ്യമാണ് മുസ്‌ലിം രാജ്യം എന്നറിയപ്പെടുന്നത്. മുസ്‌ലിംകള്‍ ഭരണം നടത്തേണ്ടത് ഇസ്‌ലാമികമായിട്ടാണ് എന്നതില്‍ സംശയമില്ല. ഇന്ന് ലോകത്ത് അനേകം മുസ്‌ലിം രാജ്യങ്ങളുണ്ട്. എന്നാല്‍ അവിടങ്ങളിലെല്ലാം ഇസ്‌ലാമികഭരണമാണ് എന്നു പറയാന്‍ കഴിയില്ല. രാജഭരണവും കുടുംബവാഴ്ചയും ഉള്ളവയുണ്ട്. ജനാധിപത്യം നടപ്പിലാക്കിയവരുണ്ട്. ആത്മീയ നേതൃത്വത്തിന്‍ കീഴില്‍ ജനാധിപത്യഭരണം നടത്തുന്നവയുണ്ട്. ഭരണം നടത്തുന്ന വ്യക്തിക്കനുസരിച്ചാണ് ഭരണത്തിലെ ഇസ്‌ലാമികതയുണ്ടാവുക.

ഇസ്‌ലാമിക ഭരണം നടത്തുക എന്നു പറഞ്ഞാല്‍ ഭരണത്തില്‍ ഇസ്‌ലാമിന്റെ തത്ത്വങ്ങള്‍ പാലിക്കുന്നു എന്നര്‍ഥം. വിശുദ്ധ ഖുര്‍ആന്‍ ഭരണഘടനയാക്കി ഭരണം നടത്താന്‍ കഴിയില്ല. മൗലികതത്ത്വങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളും സിവില്‍-ക്രിമിനല്‍ നിയമങ്ങളും എല്ലാം ഉണ്ടാക്കുകയാണു ചെയ്യുക. ശൂറാ (കൂടിയാലോചന)യാണ് ഭരണത്തിലെ ജനപങ്കാളിത്തത്തിനുള്ള വഴി. ഘാതകവധം (ഖിസ്വാസ്), വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ച നിര്‍ണിതശിക്ഷകള്‍(ഹദ്ദ്) എന്നിവ നടപ്പാക്കാം. മറ്റു ശിക്ഷാനിയമങ്ങള്‍ (പീനല്‍കോഡ്) വേറെ ഉണ്ടാക്കണം. ഇത്തരം നിയമനിര്‍മാണങ്ങള്‍ മതകാര്യങ്ങളല്ല. പക്ഷേ മുസ്‌ലിംകള്‍ ഉണ്ടാക്കുന്ന എല്ലാ നിയമങ്ങളും ഇസ്‌ലാമിക തത്ത്വങ്ങള്‍ക്കനുഗുണമായിരിക്കണമെന്നു മാത്രം. 
 

Feedback