Skip to main content

ഖലീഫയും ഖിലാഫത്തും

പിന്തുടര്‍ച്ചക്കാരന്‍, പിന്‍ഗാമി എന്നൊക്കെ അര്‍ഥം വരുന്ന പദമാണ് ഖലീഫ. ഇസ്‌ലാമിക രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു സാങ്കേതിക പദമാണിത്. അവസാന പ്രവാചകന്‍ മുഹമ്മദ് നബിയുടെ മരണശേഷം ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വവും ഭരണവും ഏറ്റെടുത്ത ആളാണ് ഖലീഫ എന്നു വിളിക്കപ്പെട്ടത്. ഖലീഫത്തുര്‍റസൂല്‍ എന്നാണ് മുഴുവന്‍ രൂപം. പ്രവാചകന്റെ പിന്തുടര്‍ച്ചക്കാരന്‍ എന്നര്‍ഥം. ആഗോളാടിസ്ഥാനത്തില്‍ എല്ലാ മുസ്‌ലിംകളും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന നാല് ഖലീഫമാരാണ് പ്രവാചകനു ശേഷം വന്നത്. അബൂബക്ര്‍ (632- -634 CE), ഉമര്‍ (634 -644 CE), ഉസ്മാന്‍ (644-656 CE), അലി (656 -661 CE) എന്നിവരാണ് പ്രവാചകന്നു ശേഷം ഇസ്‌ലാമിക ലോകത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. 

ഇക്കാലയളവില്‍ ഇസ്‌ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിക്കുകയും ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അതിര്‍ത്തി വികസിക്കുകയും ചെയ്തു. ഖുലഫാഉര്‍റാശിദൂന്‍ (Rightly guided Caliphs) എന്നാണ് ഈ നാലു പേരും അറിയപ്പെടുന്നത്. നാലു പേരെയും തെരഞ്ഞെടുത്തത് വ്യത്യസ്ത രൂപത്തിലായിരുന്നു. അതുകൊണ്ട് തന്നെ നിയതമായ തെരെഞ്ഞെടുപ്പ് രീതി ഖിലാഫത്തില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ കൂടിയാലോചന (ശൂറാ) എല്ലാറ്റിലും പൊതു ഘടകമായിരുന്നു. 

ഖലീഫ നേതൃത്വം നല്‍കുന്ന ഭരണ സംവിധാനത്തിനാണ് ഖിലാഫത്ത് എന്നു പറയുക. ഏവരാലും അംഗീകരിക്കപ്പെടുന്ന ഇസ്‌ലാമിക ഖിലാഫത്ത് അലി(റ)യുടെ കാലത്തോടെ വിരാമം കുറിച്ചു. അപ്പോഴേക്കും ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അധികാരം പിടിച്ചെടുക്കുന്ന സ്ഥിതിയുണ്ടാവുകയും ചെയ്തു. ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം അധികാരത്തിലേറിയ അമവീ ഭരണകൂടം യഥാര്‍ഥ ഖിലാഫത്തിന് പകരം പിന്തുടര്‍ച്ചാസംവിധാനമാണ് സ്വീകരിച്ചത്. നേതൃത്വത്തിലി രിക്കുന്ന ഖലീഫ മകനെയോ അടുത്ത ബന്ധുവിനെയോ പിന്തുടര്‍ച്ചക്കാരനായി (വലിയ്യുല്‍ അഹ്ദ്) പ്രഖ്യാപിക്കുന്ന സാഹചര്യമാണ് പിന്നീടുണ്ടായത്. തുടര്‍ന്ന്, ഇസ്‌ലാമിക ലോകത്ത് വന്ന ഖിലാഫത്തുകളെല്ലാം തന്നെ ഈ രൂപത്തിലാണ് അധികാരമാറ്റം നടത്തിയത്. എന്നാല്‍ ഇസ്‌ലാമിക സംസ്‌കാരവും നാഗരിക വളര്‍ച്ചയും ഉണ്ടാക്കിയെടുക്കുന്നതില്‍ ഇവര്‍ക്കും അവരുടേതായ പങ്കു വഹിക്കാനായിട്ടുണ്ട്.

ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ ഖിലാഫത്ത് നബിക്കു ശേഷം വന്ന ഖുലഫാഉര്‍റാശിദുകളുടെ കാലഘട്ടമായിരുന്നു. ക്രിസ്ത്വാബ്ദം 632 മുതല്‍ 661 വരെ 29 വര്‍ഷമായിരുന്നു അതിന്റെ ഭരണകാലം. ഇസ്‌ലാമിക ചരിത്രത്തിലെ മാതൃകായോഗ്യമായ ഭരണ സംവിധാനമായിരുന്നു പ്രസ്തുത ഖിലാഫത്ത്. ഈ ഖിലാഫത്ത് രൂപീകരിക്കപ്പെടുന്നത് ഭരണ സംവിധാനത്തിലൂടെ രാജ്യം പിടിച്ചടക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നില്ല. മറിച്ച്, പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടായ മാറ്റവും മദീനാ ജീവിതവും മക്കാ വിജയവും ഒരേ സമയം പ്രവാചകനെ മത - ഭൗതിക കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാക്കി മാറ്റി. ആദര്‍ശ സാമൂഹിക മാറ്റങ്ങളിലൂടെ രൂപപ്പെട്ട സമൂഹത്തിന്റെ ഭരണക്രമവും സ്വാഭാവികമായി ഇസ്‌ലാമികമായി മാറുകയുണ്ടായി. മുസ്‌ലിംകള്‍ക്ക് നേതൃത്വം ഉണ്ടായിരിക്കണമെന്നും കാര്യങ്ങള്‍ കൂടിയാലോചനയിലൂടെ തീരുമാനിക്കണമെന്നും ഉള്ള പൊതു നിര്‍ദേശങ്ങള്‍ വ്യക്തമായി പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് പ്രവാചകന്റെ മരണശേഷം, മുസ്‌ലിം സമൂഹത്തിന്ന് നേതൃത്വം നല്‍കുവാന്‍ ഖിലാഫത്ത് എന്ന ആശയം രൂപീകരിക്കപ്പെടുന്നത്. 

അധികാരം നിലനിര്‍ത്തലല്ല, മറിച്ച് മുസ്‌ലിംകളുടെ എല്ലാ കാര്യങ്ങളും നിര്‍വഹിക്കപ്പെട്ടു പോകുന്നതിന് പ്രാപ്തമായ ഒരു നേതൃത്വം ഉണ്ടായിരിക്കലാണ് ഖിലാഫത്തിന്റെ അടിസ്ഥാന ലക്ഷ്യം. എന്നാല്‍, ആദ്യ ഖിലാഫത്തിനു ശേഷം ഈ ലക്ഷ്യത്തില്‍ നിന്ന് അല്പാല്പമായി വ്യതിചലിച്ചു പോവുകയും അധികാരം ലക്ഷ്യമാക്കിയുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയും എ.ഡി 661 ല്‍ ഉമവീ ഖിലാഫത്ത് നിലവില്‍ വരികയും ചെയ്തു. സിറിയയിലെ ഗവര്‍ണറായിരുന്ന മുആവിയ ബിന്‍ അബീ സുഫ്‌യാനാണ് (602- 680 AD) അമവീ ഖിലാഫത്തിന്റെ സ്ഥാപക ഖലീഫ.

ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനം മദീനയായിരുന്നു. അവസാന കാലത്ത് കൂഫയും. എന്നാല്‍ അമവീ ഖിലാഫത്തിന്റെ ആസ്ഥാനം സിറിയയിലെ ദമസ്‌കസായിരുന്നു. അമവീ ഖിലാഫത്തിന്റെ ഭരണ കാലം എ.ഡി. 661 മുതല്‍ 750 വരെയായിരുന്നു. പിന്നീട്, എ.ഡി. 750 മുതല്‍ 1258 വരെ ഭരണം നടത്തിയത് അബ്ബാസിയ്യ ഖിലാഫത്താണ്. അബുല്‍ അബ്ബാസ് സ്വഫാഹ് ആണ് പ്രഥമ അബ്ബാസീ ഖലീഫ. അക്കാലഘട്ടങ്ങളില്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ദമസ്‌കസില്‍ നിന്ന് ബഗ്ദാദിലേക്കു മാറി. ഇസ്‌ലാമിക ലോകത്തെ നാലാമത്തെ പ്രധാന ഭരണകൂടം ഉസ്മാനിയ ഖിലാഫത്തായിരുന്നു. എ.ഡി. 1517 മുതലാണ് ഉസ്മാനിയ ഖിലാഫത്ത് തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്. (ഓട്ടോമന്‍ ഭരണം എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്നു) എ.ഡി. 1924 വരെ അത് നീണ്ടു നിന്നു. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ഈസ്റ്റേണ്‍ യൂറോപ്പ് എന്നിവ ഉസ്മാനിയ ഖിലാഫത്തിന്റെ അധീനതയിലായിരുന്നു. 

ഈ നാലു ഖിലാഫത്തുകള്‍ക്കിടയില്‍ ചെറിയതും ഹ്രസ്വകാലത്തേക്കുള്ളതുമായ നിരവധി ഖിലാഫത്തുകള്‍ മുസ്‌ലിം ലോകത്ത് ഉണ്ടായിട്ടുണ്ട്. ദമസ്‌കസില്‍ ഭരണം നഷ്ടപ്പെട്ട അമവീ ഖിലാഫത്ത് പിന്നീട് സ്‌പെയിനില്‍ പുനസ്ഥാപിക്കപ്പെട്ടു. ബഗ്ദാദ് കേന്ദ്രമായി അബ്ബാസിയ്യ ഖിലാഫത്ത് ഭരണം നടത്തുന്ന അതേ സമയത്ത് തന്നെയാണ് സ്‌പെയിനില്‍ അമവിയാക്കള്‍ ഭരണം നടത്തുന്നത്. ഇങ്ങനെ സമാന്തരമായും അല്ലാതെയും നിരവധി ഖിലാഫത്തുകള്‍ ഇസ്‌ലാമിക ലോകത്ത് കഴിഞ്ഞു പോയിട്ടുണ്ട്. 

എ.ഡി. 1924ല്‍ ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തോടെ ഇസ്‌ലാമിക ലോകത്ത് നിന്ന് ഖിലാഫത്ത് സംവിധാനം അപ്രത്യക്ഷമായി. ലോക രാഷ്ട്രീയത്തിലും ഭരണ ക്രമത്തിലും വന്നെത്തിയ പുതിയ മാറ്റങ്ങളും ലോകമഹായുദ്ധങ്ങളും അതിനു കാരണമായി. ഒന്നാം ലോക മഹായുദ്ധത്തിന് (എ.ഡി. 1914-1918) ശേഷമുണ്ടായ ദേശ രാഷ്ട്രങ്ങളുടെ പിറവിയും വളര്‍ച്ചയുമാണ് അതിലൊന്ന്. ഖിലാഫത്ത് അടിസ്ഥാനമാക്കിയുള്ള സാമ്രാജ്യം എന്ന കാഴ്ചപ്പാടിന് പകരം അതിര്‍ത്തികള്‍ നിശ്ചയിച്ചുള്ള, ദേശീയത അടിസ്ഥാനമാക്കിയുള്ള രാജ്യങ്ങളുടെ ഉദയം ഇരുപതാം നൂറ്റാണ്ടിന്റെ സംഭാവനയായിരുന്നു. ദേശരാഷ്ട്രങ്ങള്‍ ഉദയം ചെയ്തതോടെ ഖിലാഫത്തിന്റെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഇസ്‌ലാമിക സാമ്രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ഒട്ടുമിക്ക പ്രദേശങ്ങളും സ്വതന്ത്ര രാജ്യങ്ങളായി മാറി. മിഡില്‍ ഈസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും ഇന്ന് കാണുന്ന രാജ്യങ്ങളൊക്കെ ഒരു കാലത്ത് ഉസ്മാനിയ ഖിലാഫത്തിനു കീഴിലായിരുന്നു.

Feedback