Skip to main content

ഹയര്‍ പര്‍ചേയ്‌സ്, ഇന്‍സ്റ്റാള്‍മെന്റ്, വിലവര്‍ധന

ആധുനിക സാമ്പത്തിക ഇടപാടുകളില്‍ വളരെ വ്യാപകമായ രീതികളാണ് ഹയര്‍ പര്‍ചേയ്‌സും ഇന്‍സ്റ്റാള്‍മെന്റും. കച്ചവടക്കാന്‍ ഒരു വസ്തുവിന്റെ വില ഉപഭോക്താവില്‍ നിന്ന് ഗഡുക്കളായി ഈടാക്കുന്ന രീതികളാണിത്. കച്ചവടക്കാരന് തന്റെ പക്കലുള്ള വസ്തുക്കള്‍ വില്പന നടത്താനും റൊക്കമായി പണം നല്കാന്‍ ശേഷിയില്ലാത്ത ഗുണഭോക്താവിന് തനിക്കാവശ്യമായ വസ്തുക്കള്‍ നേടിയെടുക്കാനും ഇത് ഏറെ സഹായകമാണ്. ഹയര്‍ പര്‍ചേയ്‌സില്‍ ഇങ്ങനെ വില്‍ക്കുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശം അവസാന ഗഡു അടച്ചുതീരുമ്പോഴേ ഉപഭോക്താവിന് ലഭിക്കുകയുള്ളൂ. എന്നാല്‍ ഇന്‍സ്റ്റാള്‍മെന്റ് പദ്ധതിപ്രകാരം ചരക്ക് ആദ്യം തന്നെ ഗുണഭോക്താവിന് ലഭിക്കുന്നു. പണം പിന്നീട് ഗഡുക്കളായി അടുച്ചുതീര്‍ത്താല്‍ മതി. ഈ രണ്ടു ഇടപാടിലും ചരക്കുകള്‍ക്ക് റൊക്കം വാങ്ങുന്നതിനെക്കാള്‍ വിലയുണ്ടാകും. ഇതു പലിശയാണെന്നും അതിനാല്‍ ഇത് പാടില്ലാത്ത ഇടപാടാണെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. എന്നാല്‍ ഭൂരിപക്ഷം ഇമാമുകളും ഇത് നിയമവിധേയമായ ഇടപാടായി കാണുന്നു. കച്ചവടം അനുവദനീയമാക്കിയതാണെന്നും കടമായി കച്ചവടം നബി(സ്വ) നടത്തിയിരുന്നുവെന്നും അതിനാല്‍ ഗഡുക്കളായി പണം സ്വീകരിക്കുന്ന രണ്ടു രീതിയും അനുവദനീയമാണെന്നും അവര്‍ പറഞ്ഞു. ഒരു കച്ചവടത്തില്‍ രണ്ടുകച്ചവടം ചെയ്യുന്നത് നബി(സ്വ) നിരോധിച്ചിരിക്കുന്നു എന്ന് അബൂഹൂറയ്‌റ(റ)വില്‍ നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്ന ഹദീസിന്റെ പരിധിയില്‍ ഇതുവരുന്നില്ല. 

റൊക്കമുള്ളതിനെക്കാള്‍ വാങ്ങുന്ന വില പലിശയായി പരിഗണിക്കാനാവില്ല. ഇതില്‍ ഉപഭോക്താവിന് ഒന്നുകില്‍ റൊക്കം പണം നല്കി കുറഞ്ഞവിലക്കു സാധനം വാങ്ങാനും അല്ലെങ്കില്‍ ഘട്ടംഘട്ടമായി കൂടുതല്‍ പണം നല്കി വാങ്ങാനും അവസരമുണ്ട്. ഇതില്‍ ഏതു സ്വീകരിക്കാനും അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.  ഇത് രണ്ടുപേരും തൃപ്തിപ്പെട്ടു നടത്തുന്ന ഇടപാടാണ്. കച്ചവടക്കാരന് പണം നേരത്തെ ലഭിക്കുന്നില്ല എന്നതിനാല്‍ ആ പണംകൊണ്ട് അയാള്‍ക്ക് ലഭിക്കുമായിരുന്ന പ്രയോജനങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. അതുപോലെ തനിക്ക് പിന്നീട് ലഭിക്കുമായിരുന്ന ചരക്ക് ഇപ്പോള്‍ തന്നെ കരസ്ഥമാവുക വഴി ഗുണഭോക്താവിന് അതിന്റെ പ്രയോജനം നേരത്തെ എടുക്കാനും കഴിയുന്നു. ഇങ്ങനെ രണ്ടുകൂട്ടര്‍ക്കും ഇതില്‍ പ്രയോജനങ്ങളുണ്ട്. (ഇബ്‌നു ഖുദാമ, മുഗ്‌നീ, ഇമാം ശൗകാനീ നൈലുല്‍ അൗതാര്‍)

എന്നാല്‍ ഈ ഇടപാടു രീതികള്‍ പരമാവധി നീതിപൂര്‍വകമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അത്യാവശ്യക്കാരനെ ചൂഷണം ചെയ്യുന്ന വിധത്തില്‍ വലിയ വില ഈടാക്കാനും ഗുണം കുറഞ്ഞ വസ്തുക്കള്‍ നല്കി ചതിക്കാനും പാടില്ല.  നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് ഭിന്നമായി ഗഡുക്കളുടെ അടവില്‍ വീഴ്ച സംഭവിക്കുമ്പോഴോ മറ്റോ അതിനുമേല്‍ പിഴ ചുമത്തുന്നതും ശരിയല്ല. അതുപൊലെ, ഈ ഇടപാടുകള്‍ ചില ദുഷിച്ച നടപടികള്‍ക്കും കാരണമാകുന്നുണ്ട്. അത്യാവശ്യമില്ലാത്തതും ആഡംബരത്തിനും ധൂര്‍ത്തിനും പൊങ്ങച്ചത്തിനുമായും സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഇത് ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. സാധാരണക്കാരാണ് ഇതിന്റെ ഗുണഭോക്താക്കളെന്നതിനാല്‍, തങ്ങളുടെ വരുമാന പരിധിയെക്കാള്‍ ചരക്കുകള്‍ വാങ്ങി അധികപേരും കടത്തിന്റെ ഊരാക്കുടുക്കില്‍ പെടുകയാണ്. അതിനാല്‍ അത്യാവശ്യ സന്ദര്‍ഭത്തില്‍ മാത്രം ഇത്തരം ഇടപാടുകള്‍ നടത്തുന്നതാണ് സത്യവിശ്വാസികള്‍ക്ക് ഭൂഷണമായിട്ടുള്ളത്. അവരവരുടെ വിശ്വാസവും ഭക്തിയുമാണ് ഈ അത്യാവശ്യത്തിന്റെ പരിധി നിര്‍ണയിക്കേണ്ടത്. ഇടപാടു വസ്തുക്കള്‍, വ്യക്തികള്‍ തുടങ്ങിയവയിലെല്ലാം മറ്റു കച്ചവടങ്ങളുടെ എല്ലാ നിയമങ്ങളും ഇവിടെയും ബാധകമാണ്. 

Feedback