Skip to main content

കുറി, ലേലം, ടെന്‍ഡര്‍

ഒരുതരം നിക്ഷേപമാണ് കുറികള്‍. ഇത് പലതരത്തിലുണ്ട്. ദിവസം, ആഴ്ച, മാസം പോലെ നിശ്ചിത ദിവസങ്ങളില്‍ കുറിയില്‍ ചേര്‍ന്ന വ്യക്തികള്‍ തുല്യമായ സംഖ്യകള്‍ അടയ്ക്കും. നിശ്ചയിച്ച സമയങ്ങളില്‍ നറുക്കെടുത്ത് മുന്‍ഗണനാ ക്രമത്തില്‍ നറുക്ക് കിട്ടുന്ന മുറയ്ക്ക് അംഗങ്ങള്‍ക്ക് നല്കും.  കുറിയുടെ മൊത്ത തുകയിലെ ചെറിയ ഒരു സംഖ്യ 'മൂപ്പ്' എന്ന പേരില്‍  കുറിനടത്തിപ്പുകാര്‍ എടുക്കുകയും ബാക്കി മുഴുവന്‍ സംഖ്യയും അംഗത്തിന് ലഭിക്കുകയുംചെയ്യുന്നു. ഇതാണ് സാധാരണ നടക്കുന്ന കുറികള്‍. ഇതില്‍ എല്ലാ അംഗങ്ങള്‍ക്കും അവര്‍ അടയ്ക്കുന്ന തുക ലഭിക്കുന്നുണ്ട്. നറുക്കെടുപ്പില്‍ ചിലര്‍ക്ക് നേരത്തെ തന്നെ സംഖ്യ ലഭിക്കുന്നു എന്നേയുള്ളൂ. 

സാധാരണക്കാര്‍ക്ക് അവരുടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു നിക്ഷേപ സംരംഭമാണ് ഇത്. ഇതില്‍ കുറി നടത്തിപ്പുകാരന്‍ സ്വീകരിക്കുന്നത് അയാളുടെ അധ്വാനഫലമാണ്. ഇത് പലിശയായി പരിഗണിക്കേണ്ടതില്ല. ഇസ്‌ലാമിക ബാങ്കുകള്‍ നല്കുന്ന ഖര്‍ദ് ഹസന്‍ എന്നു പറയുന്ന പലിശമുക്ത കടത്തിലും സര്‍വീസ് ചാര്‍ജ് എന്ന ചെറിയ തുക വാങ്ങാറുണ്ട്. പലിശയൊന്നുമില്ലാതെ ഒരാളില്‍ നിന്നും കടം വാങ്ങാന്‍ നാം അയാളുടെ അടുത്തേക്ക് പോകാന്‍ ചെലവാക്കുന്ന പണം, അയാള്‍ ഇങ്ങോട്ടു കൊണ്ടുവന്നു തരുമ്പോള്‍ ആവശ്യപ്പെട്ടാല്‍ അതു നീതി മാത്രമാണ്. ഇക്കാര്യമാണ് ഇത്തരം കുറികളിലെ മൂപ്പു സംഖ്യ. ഇത്രയേറെ ആളുകളില്‍ നിന്ന് അത് കൃത്യമായി ശേഖരിക്കുകയും അവധിവരെ സൂക്ഷിക്കുകയും നറുക്കെടുത്ത് അവകാശികള്‍ക്ക് എത്തിക്കുകയും ചെയുന്ന ഉത്തരവാദിത്തവും അധ്വാനവും അയാള്‍ സൗജന്യമായി ചെയ്താല്‍ പുണ്യമാണെന്നു പറയാമെന്നല്ലാതെ മൂപ്പ് ഉപയോഗിക്കുന്നത് നിഷിദ്ധമാണെന്നു പറയാന്‍ കഴിയില്ല. എന്നാലും തങ്ങളുടെ അധ്വാനത്തെക്കാള്‍ വലിയ സംഖ്യ മൂപ്പായി വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
    
ഇത്തരം കുറികള്‍ ചില ഇസ്‌ലാമിക സംഘടനകളും സ്ഥാപനങ്ങളും നടത്താറുണ്ട്. മൂപ്പായി ലഭിക്കുന്ന സംഖ്യ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇവിടെ മൂപ്പ് ചിലപ്പോള്‍ കൂടിയ അളവില്‍ ആകാറുണ്ട്. പക്ഷേ, കുറിയില്‍ പങ്കെടുക്കുന്ന ആളുകള്‍ നന്മയിലേക്കുള്ള ഒരു ദാനം എന്ന നിലയില്‍ കൂടിയാണ് ഈ സംരംഭത്തില്‍ പങ്കാളികളാകുന്നത് എന്നതിനാല്‍ അത് ഒരു തെറ്റായി പരിഗണിക്കേണ്ടതില്ല. നേര്‍ച്ച പിശുക്കന്‍മാരില്‍ നിന്ന് പണം പുറത്തുകൊണ്ടു വരുന്നു എന്ന് റസൂല്‍(സ) പറഞ്ഞതുപോലെ നേര്‍ക്കുനേരെ നന്മകള്‍ക്കു മുടക്കാന്‍ കഴിയാത്തവര്‍ക്ക് ഇതൊരു അവസരം കൂടിയാണ്.

എന്നാല്‍ മറ്റു ചില കുറി രീതികള്‍ പലിശയുമായി സാമ്യമുള്ളതാണ്. ലേലക്കുറി അല്ലെങ്കില്‍ വിളിക്കുറി ഇതില്‍ പെട്ടതാണ്. അഥവാ കുറിയിലെ അംഗങ്ങളില്‍ പണത്തിന് അത്യാവശ്യമുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെ പണം ലഭിക്കാനായി ലേലം വിളിക്കുന്നു. തന്റെ അത്യാവശ്യത്തിന് പണം ആവശ്യമുള്ളപ്പോള്‍ ലഭിക്കുമെന്നത് ഇതിന്റെ ഗുണമാണ്. പക്ഷേ, താന്‍ അടയ്‌ക്കേണ്ടതിനെക്കാള്‍ വളരെ കുറഞ്ഞ സംഖ്യയേ അയാള്‍ക്ക് ലഭിക്കുകയുള്ളൂ. ഒരു ലക്ഷം രൂപ അടവു വരുന്ന കുറി ആദ്യമാസങ്ങളില്‍ തന്നെ ലേലത്തിലൂടെ ലഭിക്കണമെങ്കില്‍ ഇരുപതിനായിരമോ മുപ്പതിനായിരമോ പോലെ വലിയ സംഖ്യ നഷ്ടം വരും. ഇതില്‍ ബാക്കി വരുന്ന തുക മറ്റു കുറിക്കാര്‍ക്ക് വീതിച്ചു നല്കുക വഴി അവര്‍ അടക്കേണ്ട തുകയേക്കാള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്യും. ഈ രീതി നിഷിദ്ധമാണ്. അത്യാവശ്യക്കാരന്റെ പ്രയാസത്തെ ഇവിടെ ചൂഷണംചെയ്യുകയാണ്. മറ്റുള്ളവരാകട്ടെ തങ്ങള്‍ അടച്ചതിനെക്കാള്‍ സംഖ്യകൈപ്പറ്റുകയും ചെയ്യുന്നു. ഇത് പലിശ തന്നെയാണ്. 

ലേലം, ടെന്‍ഡര്‍


ഒരു ഉത്പന്നത്തിന് പരമാവധി വില ലഭിക്കാന്‍ വേണ്ടി പരസ്യമായി വിലപേശുന്ന കച്ചവട രീതിയാണ് ലേലം. ഏറ്റവും കൂടുതല്‍ പണം തരാന്‍ തയ്യാറുള്ളവന് ചരക്ക് വില്‍ക്കുക എന്നതാണ് ഇവിടെ നടക്കുന്നത്. നബി(സ്വ) ഒരു പാനപാത്രവും വിരിപ്പും ഇങ്ങനെ വില്‍പന നടത്തിയതായി ഇമാം തിര്‍മിദി ഉദ്ധരിക്കുന്ന ഹദീസില്‍ കാണുന്നു. ഇത് ലേലം ഇസ്‌ലാമികമായി അനുവദനീയമാണെന്നതിന് പണ്ഡിതന്മാര്‍ തെളിവാക്കുന്നു. ഒരാളുടെ കച്ചവടത്തിനു മേല്‍ കച്ചവടം ചെയ്യരുതെന്നും, വില ഏറ്റിപ്പറയരുതെന്നും മറ്റും നബി(സ്വ) നിര്‍ദേശിച്ചതിന്റെ പരിധിയില്‍ ഇതു വരുന്നില്ല. കാരണം ഇവിടെ ഒരാള്‍ മാത്രമായി കച്ചവടത്തില്‍ പങ്കെടുക്കുകയോ ഒരാളുടെ വിലയില്‍ കച്ചവടം ഉറപ്പിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ ആവശ്യക്കാരന് വസ്തു കിട്ടുന്നത് തടസ്സം ചെയ്യാന്‍ വേണ്ടി വില കയറ്റി വിളിച്ചുകൊണ്ടിരിക്കുന്നത് ശരിയായ പ്രവണതയല്ല.

രഹസ്യമായി നടത്തുന്ന ലേലമാണ് ടെന്‍ഡര്‍. ഒരു വസ്തുവിന് കൂടുതല്‍ അവകാശികള്‍ ഉണ്ടാവുകയും അവര്‍ തങ്ങള്‍ക്ക് നല്കാന്‍ കഴിയുന്ന വില എഴുതി മുദ്രവെച്ച് ഉടമസ്ഥനെ ഏല്പിക്കുകയും ചെയ്യുന്നു. എല്ലാവരും എഴുതി നല്കിയത് തുറന്ന് അതില്‍ ഏറ്റവും കൂടുതല്‍ തുക എഴുതിയ വ്യക്തിക്ക് വസ്തു കൈമാറുന്നു. ചില കാര്യങ്ങളില്‍ ഏറ്റവും കുറവു പണം എഴുതിയ വ്യക്തിക്ക് വസ്തു കൈമാറുന്നു. ഇതും അനുവദനീയമായ ഇടപാടു തന്നെയാണ്. കുറഞ്ഞ ടെന്‍ഡറില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അതില്‍ കൃത്രിമം കാണിക്കുന്നതു പാടില്ലാത്തതാണ്.

ടെന്‍ഡറിലും ലേലത്തിലുമെല്ലാം ചില കുതന്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഉടമയ്ക്ക് മാന്യമായ വിലകിട്ടാതിരിക്കാനായി ഇവയില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി തീരുമാനിച്ച് വില കുറച്ച് ലേലം വിളിക്കുകയും ടെന്‍ഡര്‍ നല്കുകയും ചെയ്യുന്നത് വഞ്ചനയാണ്. പലപ്പോഴും സര്‍ക്കാരിന്റെയും മറ്റും പൊതു വസ്തുക്കളും സംരംഭങ്ങളുമായിരിക്കും ഇങ്ങനെ ലേലത്തിനും ടെന്‍ഡറിനും വിധേയമാവുക. അതിനാല്‍ തന്നെ ഉദ്യോഗസ്ഥരുമെല്ലാമായി ഒത്തുകളിച്ച് അര്‍ഹമായ വരുമാനം സര്‍ക്കാരിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാറുണ്ട്. റീ ടെണ്ടറും പുനര്‍ ലേലവുമൊന്നും ഇത്തരം കോക്കസ് കാരണം ഫലപ്രദമാകാതെ വരുന്നു. ചതിക്കുന്നത് സര്‍ക്കാരിനെയായാലും മുസ്‌ലിമിന് തന്റെ വിഭവത്തില്‍ സൂക്ഷ്മത പാലിക്കാന്‍ ബാധ്യതയുണ്ട്. 

Feedback
  • Saturday Apr 13, 2024
  • Shawwal 4 1445