Skip to main content

ഇന്‍വെസ്റ്റുമെന്റ്, ബോണ്ട്

തന്റെ പക്കലുള്ള ധനം ഭാവി ആവശ്യങ്ങള്‍ക്കായോ ലാഭമുണ്ടാക്കുക എന്ന അര്‍ഥത്തിലോ സൂക്ഷിച്ചുവെക്കുക എന്നാണ് നിക്ഷേപങ്ങള്‍ അഥവാ ഇന്‍വെസ്റ്റ്‌മെന്റ് എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്. ഇത് ബാങ്കുകളിലോ കമ്പനികളില്‍ ഓഹരികളായോ എല്ലാം നിര്‍വഹിക്കാം. ലാഭം പ്രതീക്ഷിച്ചോ സംരക്ഷണം പ്രതീക്ഷിച്ചോ പണവും സ്വര്‍ണവും പ്രമാണങ്ങളുമെല്ലാം നിക്ഷേപിക്കുന്നത്  ഇസ്‌ലാമില്‍ അനുവദനീയമാണ്. എന്നാല്‍ വെറുതെ പണം സൂക്ഷിച്ചുവെക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അത് സമൂഹത്തിന് ലഭിക്കാവുന്ന വിധം ജനങ്ങള്‍ക്കിടയില്‍ കറങ്ങേണ്ടതാണ്. ദരിദ്രരെയും സാമൂഹിക ആവശ്യങ്ങളെയുമൊന്നും പരിഗണിക്കാതെ എല്ലാം ലാഭക്കണ്ണോടെ നിക്ഷേപിക്കുന്നതും അതിഷ്ടപ്പെടുന്നില്ല. ''അല്ലാഹു അവന്റെ റസൂലിന് വിവിധ രാജ്യക്കാരില്‍ നിന്ന് കൈവരുത്തി കൊടുത്തതെന്തോ അത് അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. അത് (ധനം) നിങ്ങളില്‍ നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്. നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്''(59:7).

സകാത്തും ദാനവുമെല്ലാം അര്‍ഹതപ്പെട്ടവര്‍ക്ക് നല്കിയശേഷം മിച്ചമുള്ളത് ഉത്പാദനപരമായ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. ബാങ്കുകളില്‍ നിശ്ചിത സമയപരിധിക്ക് നിര്‍ണിതപലിശ നിരക്കില്‍ നിക്ഷേപിക്കുന്ന പണം ബാങ്ക് ഉത്പാദന നിര്‍മാണമേഖയിലെ കമ്പനികള്‍ക്ക് കടം കൊടുക്കുകയോ അവയുടെ ഓഹരി വാങ്ങുകയോ ചെയ്യുന്നു. ഈ കടത്തിനും ഓഹരിക്കും ബാങ്കും സമയപരിധിയും നിശ്ചിത ലാഭവിഹിതവും (പലിശ) തീരുമാനിച്ചിട്ടുണ്ടാകും. ഇത് നിക്ഷേപകന് കൊടുക്കാമെന്നു നിശ്ചയിച്ചതിനെക്കാള്‍ കൂടുതാലയിരിക്കും. ഏതായാലും ഇത് പലിശാധിഷ്ഠിതമാണ്. ഇനി സാധാരണ കമ്പനികളില്‍ നേരിട്ട് നിക്ഷേപിക്കുമ്പോഴും പലിശ രൂപത്തിലേ ലാഭവിഹിതം ലഭിക്കൂ. അവയുടെ ലാഭനഷ്ടങ്ങളില്‍ പങ്കാളിയാക്കുകയാണെങ്കില്‍ ഈ നിക്ഷേപം അനുവദനീയമാകും. ഇസ്‌ലാം ആവശ്യപ്പെടുന്ന നീതിയും നിഷ്ഠകളും പാലിച്ചുകൊണ്ടുള്ള കമ്പനികളിലേ ഇങ്ങനെ നിക്ഷേപിക്കാന്‍ പാടുള്ളൂ. നിക്ഷേപകന് മാസത്തിലോ വര്‍ഷത്തിലോ ഒരു നിശ്ചിതസംഖ്യ ലാഭമായി (ഡിവിഡന്റ്) നല്കാമെന്നും കണക്കെടുക്കുമ്പോഴുള്ള ലാഭനഷ്ടത്തില്‍ പങ്കാളിയാക്കാമെന്നും കമ്പനി വാഗ്ദാനംചെയ്താല്‍ അത്തരം നിക്ഷേപ ലാഭം സ്വീകരിക്കാവുന്നതാണ്.

ബോണ്ട്


നിക്ഷേപത്തിന്റെ ഒരു രൂപമാണ് ബോണ്ടുകള്‍. സര്‍ക്കാരും കമ്പനികളും തങ്ങളുടെ പ്രത്യേക സാമ്പത്തിക മൂലധനം കണ്ടെത്തുന്നതിന്റെ ഭാഗമായി നിശ്ചിത ശതമാനം പലിശയും കാലാവധിയും നിശ്ചയിച്ച് നിര്‍ണിത സംഖ്യകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അവതരിപ്പിക്കുന്ന രീതിയാണിത്. സ്ഥിരനിക്ഷേപത്തിന്റെ (ഫിക്‌സഡ് ഡിപ്പോസിറ്റ്) മറ്റൊരു രൂപമായ ഇതും പലിശാധിഷ്ഠിതമായതിനാല്‍ നിഷിദ്ധമാണ്. സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് ഖജനാവില്‍ പണമില്ലാതെ വരുമ്പോള്‍ അതു കണ്ടെത്താന്‍ വേണ്ടി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബോണ്ടുകള്‍ക്കാണ് കടപ്പത്രങ്ങള്‍ എന്നു പറയുന്നത്. ഇത് സാധാരണയായി വന്‍കിടബാങ്കുകളും കുത്തകമുതലാളിമാരുമാണ് വാങ്ങുന്നത്. അവര്‍ ഇത് കേന്ദ്ര ബാങ്കില്‍ നിക്ഷേപിച്ച് കറന്‍സിയാക്കി മാറ്റുന്നു. ഇതും ലാഭമെന്നു പറയുന്ന പലിശയോടു കൂടിയതാണ്.

 
ഊഹക്കച്ചവടത്തിന്റെ മറ്റു രൂപങ്ങളും ഇങ്ങനെത്തന്നെ ക്ഷിപ്രാലഭത്തില്‍ മാത്രം ലക്ഷ്യം വെച്ചുള്ള ഇടപാടുകളാണ്. പണത്തിനുമേല്‍ അധ്വാനം ചെലുത്താതെയും നഷ്ടപങ്കാളിത്തമില്ലാതെയും നടത്തുന്ന ഈ ഇടപാടുകള്‍ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതങ്ങളേല്‍പിക്കുന്നു. മുസ്‌ലിം എന്ന നിലക്ക് ഇതില്‍ പങ്കാളിയാവുക സാധ്യമല്ല. എന്നാല്‍ പൊതു സംരംഭങ്ങള്‍ക്ക് വലിയ തുക കണ്ടെത്താനും തങ്ങളുടെ കയ്യിലുള്ള വെറുതെ കിടക്കുന്ന പണം പ്രയോജനപ്രദമായ മാര്‍ഗങ്ങളില്‍ വിനിയോഗിക്കാനും തുടങ്ങി ധാരാളം നന്മകള്‍ക്ക് അവസരമുള്ള ഈ മാധ്യമത്തെ തന്നെ അടച്ചെതിര്‍ക്കേണ്ടതില്ല. എന്നാല്‍ നിക്ഷേപത്തിനും ന്യായമായ വരുമാനത്തിനുമൊക്കെ കൂടുതല്‍ സുരക്ഷിതമായ മാര്‍ഗങ്ങളുണ്ടെങ്കില്‍ തിന്മകള്‍കൂടി ചേര്‍ന്നു വരുന്ന സംരംഭങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതു തന്നെയാണ് സൂക്ഷ്മത.

Feedback