Skip to main content

വകാലത് (ഭരമേല്‍പിക്കല്‍)

താന്‍ നിര്‍വഹിക്കേണ്ട ഇടപാടുകളില്‍ ഇസ്‌ലാം അനുവദിക്കുന്ന നിബന്ധനകളോടെ മറ്റൊരു കക്ഷിയെ പ്രതിനിധിയായി ഏല്പിക്കുക എന്നാണ് വകാലത് കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യരും മനുഷ്യരും തമ്മിലുള്ള മിക്ക ഇടപാടുകളിലും ഇസ്‌ലാം വകാലത് അനുവദിക്കുന്നുണ്ട്. വില്‍ക്കല്‍, വാങ്ങല്‍, നിര്‍മിക്കല്‍, ദാനം ചെയ്യല്‍, വിവാഹം,  വിവാഹമോചനം, പണയം, വാടക, സംഭാവന കരാര്‍, കടം, മധ്യസ്ഥത തുടങ്ങി തനിക്ക് സ്വയം സാധ്യമാകുന്നതും അല്ലാത്തതുമായ മിക്ക കാര്യങ്ങളിലും വകാലത് അനുവദനീയമാണ്. കമ്പനി റപ്രസന്റീവുമാര്‍, ഏജന്റുമാര്‍, ഫ്രാഞ്ചൈസികള്‍, കോടതി വകീല്‍, ഫോര്‍മാന്‍, തുടങ്ങി പല ഉത്തരവാദിത്തങ്ങളും വകീലിന്റെ പരിധിയില്‍ വരുന്നതാണ്. അല്ലാഹുവുമായി നേരിട്ട ഇടപാടുകളായ ആരാധനകളില്‍ വാകലത് സാധുവല്ല. എന്നാല്‍ ഹജ്ജ് സ്വയം നിര്‍വഹിക്കാന്‍ സാധ്യമല്ലാത്ത നിര്‍ബന്ധസാഹചര്യങ്ങളില്‍ വകാലത് ആകാവുന്നതാണ്. തനിക്കുവേണ്ടി ദിക്ര്‍, ഖുര്‍ആന്‍ പാരായണം, ദുആ, നമസ്‌കാരം പോലുള്ള കാര്യങ്ങളിലൊന്നും മറ്റൊരാളെ വകാലത് ഏല്പിക്കാന്‍ പാടില്ല.

ഒരു അന്‍സ്വാരിയെയും അബൂറാഫിഅ് എന്ന സ്വഹാബിയെയും വകാലത്തേല്‍പിച്ചുകൊണ്ടായിരുന്നു മൈമൂന(റ)യെ നബി(സ്വ) വിവാഹം കഴിച്ചത്. കടംവീട്ടുക, ശിക്ഷകള്‍ സ്ഥിരീകരിക്കുക, നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം നബി(സ്വ) പലരെയും പ്രതിനിധികളാക്കി ഉത്തരവാദപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഹജ്ജതുല്‍ വിദാഇല്‍ തനിക്കുവേണ്ടി ബലി ഒട്ടകങ്ങളെ വാങ്ങാന്‍ നബി(സ്വ) അലി(റ)യെയാണ് ചുമതലപ്പെടുത്തിയത്. യുദ്ധത്തിനു പോകുമ്പോഴും മറ്റും അബ്ദുല്ലാഹിബ്‌നു ഉമ്മിമക്തൂമിനെയും മറ്റും നബി(സ്വ) മദീനയുടെ ചുമതല ഏല്പിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം വകാലത് അനുവദനീയമാണെന്ന് സിദ്ധിക്കുന്നു.

വകാലത് ഒരു ഉത്തരവാദിത്തമായതിനാല്‍ വകാലത് ഏല്‍പിക്കുന്നവനും ഏറ്റെടുക്കുന്നവനും ബുദ്ധി, പ്രായപൂര്‍ത്തി, പക്വത പോലെ ഉത്തരവാദിത്തമേല്‍ക്കാനുള്ള  കഴിവുകള്‍ തികഞ്ഞ ആളുകളായിരിക്കണം. അങ്ങനെയുള്ളവരുടെ വകാലത്തു മാത്രമേ സാധുവാകൂ. വകാലത് ഏല്പിക്കുന്ന കാര്യത്തെക്കുറിച്ച് രണ്ടു പേരും അറിവുള്ളവരായിരിക്കണം. പൂര്‍ണമായി അറിയില്ലെങ്കില്‍ ഏകദേശ ധാരണയെങ്കിലും ഉണ്ടായിരിക്കണം. പിന്നീട് തര്‍ക്കങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇത് ആവശ്യമാണ്. ഏതെങ്കിലും ഒരു കാര്യത്തിനു മാത്രമായും നിശ്ചിതകാലാവധിയിലേക്കും, അവധിയും വിഷയവും നിശ്ചയിക്കാതെ പൊതുവായും വകാലത് നല്കാവുന്നതാണ്. തര്‍ക്കങ്ങളില്‍ തനിക്കിഷ്ടമുള്ള വകീലിനെ വെക്കാന്‍ വകാലത്ത് ഏല്പിക്കുന്ന വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്; അയാളെ പ്രതിഭാഗത്തിന് തൃപ്തിപ്പെടണമെന്നില്ല.

ദൈവപ്രീതി കരുതി ചെയ്യേണ്ട പുണ്യകര്‍മമാണ് വകാലത് എങ്കിലും ആവശ്യമായ ചെലവുകളും അധ്വാന പ്രതിഫലവും കാര്യങ്ങള്‍ ഏല്പിക്കുന്നവനില്‍ നിന്ന് ഈടാക്കാവുന്നതാണ്. വകാലത്ത് ഏല്പിച്ചവനും ഏറ്റെടുത്തവനും സ്വന്തമായി എപ്പോഴും വകാലത് ദുര്‍ബലപ്പെടുത്താന്‍ അവകാശമുണ്ടായിരിക്കും. എന്നാല്‍ വകാലത് ഏല്‍പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തെങ്കിലും നിബന്ധനകള്‍ വെച്ചിട്ടുണ്ടെങ്കില്‍ അതിനുവിധേയമായി മാത്രമേ ഏതു കക്ഷിക്കും ഇത് ദുര്‍ബലപ്പെടുത്താന്‍ അവകാശമുണ്ടാകൂ. പ്രത്യേകിച്ചും പ്രതിഫലം നിശ്ചയിച്ചുചെയ്യുന്നതോ വകീലിനോ വകാലത് ഏല്പിച്ചവനോ ഏകപക്ഷീയമായി നഷ്ടങ്ങള്‍ സംഭവിക്കുന്നതോ ആണെങ്കില്‍ അനുമതിയില്ലാതെ വകാലത് ദുര്‍ബലപ്പെടുത്താന്‍ പാടില്ല. വീടുണ്ടാക്കാന്‍ കരാറെടുത്ത് പകുതിയില്‍ വെച്ച് അയാളെ പിരിച്ചുവിടാന്‍ വകാലത് നല്കയിവനോ പാതിവഴിയില്‍ പിരിഞ്ഞുപോകാന്‍ വകീലിനോ പാടില്ലെന്നര്‍ഥം.

വകാലത് ഒരു അമാനത്(വിശ്വസിച്ചേല്‍പിക്കപ്പെട്ടത്) ആയതിനാല്‍ വകാലത് ഏറ്റെടുക്കുന്നവന്‍ സത്യസന്ധമായും വിശ്വസ്തതയോടെയും കാര്യം നിര്‍വഹിക്കണം. ''വിശ്വസിച്ചേല്‍പി ക്കപ്പെട്ട അനാമത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു''(4:58). ഖുര്‍ആന്‍ വചനവും 'ചതിയന്‍ മുസ്‌ലിമല്ല' എന്ന നബി(സ്വ)യുടെ വചനവും ഇതിന്റെ ഗൗരവമാണ് ഉണര്‍ത്തുന്നത്. ഇങ്ങനെ വകാലത് ഏറ്റെടുത്ത് സത്യസന്ധമായി നിര്‍വഹിച്ചതില്‍ തന്റെ ശ്രദ്ധക്കുറവു കൊണ്ടല്ലാതെ വരുന്ന നഷ്ടങ്ങള്‍ക്ക് വകീല്‍ ഉത്തരവാദിയാകുന്നതല്ല. എന്നാല്‍ അയാള്‍ മറുഭാഗത്തിനുവേണ്ടി തോറ്റുകൊടുക്കാനോ, പ്രത്യേകിച്ചും തന്റെ കക്ഷിക്ക്  ശിക്ഷയോ നഷ്ടമോ പ്രതിക്രിയയോ ഉണ്ടാകുന്നതാണെങ്കില്‍ കക്ഷിയുടെ സമ്മതമില്ലാതെ അവരുടെ വാദങ്ങള്‍ അംഗീകരിച്ചുകൊടുക്കാനോ പാടില്ല.

പ്രത്യേക ഉപാധികളില്ലാതെയാണ് ചരക്കുകള്‍ വാങ്ങാനോ വില്‍ക്കാനോ വകാലത് ഏല്പിച്ചതെങ്കില്‍ കക്ഷിയുടെ ലാഭം പ്രതീക്ഷിച്ച് ഏതുചരക്കും വാങ്ങാനും വില്‍ക്കാനും വകീലിന് സ്വാതന്ത്ര്യമുണ്ട്. അതില്‍ ലാഭമോ നഷ്ടമോ പ്രശ്‌നമല്ല. എന്നാല്‍ ഇന്ന സാധനമേ ക്രയവിക്രയത്തില്‍ പാടുള്ളൂവെന്നോ ഇത്ര ലാഭമുണ്ടെങ്കിലേ വില്‍ക്കാവൂ എന്നോ വ്യവസ്ഥചെയ്താല്‍ അതനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. എന്നാല്‍ അതിലേറെ ലാഭമുള്ളതാണെങ്കില്‍ ആകാവുന്നതാണ്. നബി(സ്വ) ഉര്‍വതുല്‍ ബാഖി(റ)ന് ഒരു ദീനാര്‍കൊടുത്ത് ഒരു ആടിനെ വാങ്ങാന്‍ ഏല്പിച്ചു. അദ്ദേഹം അതുകൊണ്ട് രണ്ട് ആടുകളെ വാങ്ങി. ഒന്നിനെ ഒരു ദീനാറിന് വിറ്റു. ഒരാടും ദീനാറുമായി വന്ന അദ്ദേഹത്തിന്റെ കച്ചവടത്തില്‍ അനുഗ്രഹമുണ്ടാകാന്‍ വേണ്ടി നബി(സ്വ) പ്രാര്‍ഥിച്ചത് ഇതിന്റെ സാധുതയാണ് സൂചിപ്പിക്കുന്നത്. ഏറെ ലഭിച്ച ലാഭം കക്ഷിക്ക് അര്‍ഹതപ്പെട്ടതാണ്. എന്നാല്‍ ഏറെയുള്ളത് വകീലിനെടുക്കാമെന്ന് വ്യവസ്ഥയുണ്ടെങ്കില്‍ അത് അയാള്‍ക്കെടുക്കാവുന്നതാണ്. വ്യവസ്ഥ ലംഘിച്ച് നഷ്ടം സംഭവിച്ചാല്‍ വകീലാണ് അതിനുത്തരവാദി. വകാലത്ത് ഏല്പിച്ചവനുവേണ്ടി വാങ്ങിയ വസ്തു കൂടുതല്‍ വിലകൊടുത്തോ അയാളുടെ സമ്മതത്തോടെയോ വകീലിന് സ്വന്തമാക്കാവുന്നതാണ്.

വകാലത്തിന്റെ രണ്ടില്‍ ഒരു കക്ഷി മരണപ്പെടുകയോ ബുദ്ധിഭ്രംശം സംഭവിക്കുകയോ ചെയ്യുക, വകാലത്തിലൂടെ ഉദ്ദേശിച്ച കാര്യം നിര്‍വഹിക്കപ്പെടുക, ഏല്പിച്ച കാര്യം ഏല്പിച്ചവന്റെ ഉടമസ്ഥതയില്‍ നിന്ന് ഒഴിവാകുക, കക്ഷി വകീലിനെയോ വകീല്‍ കക്ഷിയെയോ ഒഴിവാക്കുക എന്നിവമൂലം വകാലത് അവസാനിക്കും.

Feedback