Skip to main content

കഫാലത് (ജാമ്യം)

ഇസ്‌ലാമിക ഇടപാടുകളിലെ ഒരു പ്രധാന ഇനമാണ് കഫാലത്. കഫല എന്നാല്‍ ഏറ്റെടുത്തു എന്നാണ് അര്‍ഥം. ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ബാധ്യതയോ ഉത്തരവാദിത്തമോ  ഏറ്റെടുക്കുന്നതിനാണ് ഇസ്‌ലാമികമായി കഫാലത് എന്ന് പറയുന്നത്. ഇത് ജാമ്യം എന്ന ആശയത്തെ കുറിക്കുന്നു. ഇടപാടുകളിലും മറ്റും സാക്ഷി നില്‍ക്കുക എന്ന അര്‍ഥത്തിലും ജാമ്യം നില്ക്കുക എന്ന് പ്രയോഗിക്കാറുണ്ടെങ്കിലും കഫാലത് ആ അര്‍ഥത്തെ കുറിക്കുന്നില്ല. 'സഹോദരനെ കൊണ്ടുവന്നാല്‍ ഒരു ഒട്ടകച്ചുമട് ധാന്യം നല്കാമെന്നതിന് ഞാന്‍ ബാധ്യതയേറ്റിരിക്കുന്നു'വെന്ന് യൂസുഫ്(അ) പറയുന്ന ഖുര്‍ആന്‍ വാക്യവും (12:72) 'ജാമ്യക്കാരന്‍ കടക്കാരനാണ്' എന്ന നബിവചനവും (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നു ഹിബ്ബാന്‍) കഫാലതിന് നിയമപരത നല്കാന്‍ പണ്ഡിതന്‍മാര്‍ തെളിവായി  ഉദ്ധരിക്കുന്നു. ജാമ്യക്കാരന്‍ ബുദ്ധിയും തന്റേടവും ഉള്ള ആളായിരിക്കണം. ഇസ്‌ലാം അനുവദനീയമാക്കിയ കാര്യങ്ങളിലെല്ലാം സഹോദരനെ സഹായിക്കുക എന്ന നിലയിലോ അയാളുടെ ഇടപാടിന് ബലം നല്കുക എന്ന നിലയിലോ ജാമ്യം നില്ക്കാവുന്നതാണ്. ആര്‍ക്കുവേണ്ടിയാണോ ജാമ്യം നില്ക്കുന്നത് അയാളെ ജാമ്യക്കാരന്‍ അറിയണമെന്നോ അയാള്‍ക്ക് ജാമ്യക്കാരനെ അറിയണമെന്നോ നിബന്ധനയില്ല.  എന്നാല്‍ ആര്‍ക്കുള്ള ബാധ്യതയാണോ ഏറ്റെടുത്തത് അയാള്‍ക്ക് ജാമ്യക്കാരനെ പരിചയമുണ്ടായിരിക്കണം.

ഉത്തരവാദിത്തമേറ്റെടുത്തതായി വ്യക്തമായി മനസ്സിലാക്കാവുന്ന ഏതു വാക്കും ജാമ്യമെടുക്കാന്‍ ഉപയോഗിക്കാം. അതുപോലെ  ഒരു പ്രത്യേക സമയം നിര്‍ണിയിച്ച് ആ സമയമാകുന്നതു മുതലേ ജാമ്യം നിലവില്‍ വരികയുള്ളൂ എന്ന അവധിജാമ്യം, ജാമ്യസമയം മുതല്‍ ജാമ്യം പ്രാബല്യത്തില്‍ വരുന്ന തല്‍സമയ ജാമ്യം എന്നിവയെല്ലാം ആകാവുന്നതാണ്. ജാമ്യം എടുത്ത സമയം മുതല്‍ അയാള്‍ വെച്ച വ്യവസ്ഥയ്ക്കുവിധേയമായി ജാമ്യകാര്യത്തില്‍ ജാമ്യക്കാരന്‍ ഉത്തരവാദിയായി. ജാമ്യം പ്രാബല്യത്തിാലകുന്നതോടൊപ്പം ഉത്തമര്‍ണന് രണ്ടുപേരോടും അത് ആവശ്യപ്പെടാന്‍ അര്‍ഹതയുണ്ടായിരിക്കും. പിന്നീട് ആ ബാധ്യത ജാമ്യമേല്‍പിച്ച ആള്‍ വീട്ടിയില്ല എങ്കില്‍ ജാമ്യക്കാരന്‍ ബാധ്യസ്ഥനാകും. ഇതിനിടയില്‍ ജാമ്യക്കാരന്‍ മരണമടഞ്ഞാല്‍ ബാധ്യത അധമര്‍ണനിലേക്കുതന്നെ മടങ്ങും. അധമര്‍ണന്‍ മരണമടഞ്ഞാല്‍ ജാമ്യക്കാരനും അധമര്‍ണന്റെ അനന്തരാവകാശികളും ബാധ്യതക്കാരാകും. ഉത്തമര്‍ണന്‍ കടം സ്വമേധയാ വിട്ടുകൊടുത്താല്‍ മാത്രമേ ജാമ്യക്കാരന്‍ ബാധ്യതയില്‍ നിന്ന് ഒഴിവാകൂ. അധമര്‍ണന് അനന്തരസ്വത്തുണ്ടെങ്കില്‍ അതില്‍ നിന്ന് കടം വീട്ടേണ്ടതുണ്ട്. അധമര്‍ണനുവേണ്ടി ജാമ്യക്കാരന്‍ കടം വീട്ടിയാല്‍ അയാള്‍ക്ക് അധമര്‍ണനോട് അത് ഈടാക്കാന്‍ അവകാശമുണ്ടായിരിക്കും.

വ്യക്തിയെ ഹാജരാക്കാനോ മറ്റോ ജാമ്യം നിന്നാല്‍ അയാളെ എത്തിക്കാനുള്ള ബാധ്യത ജാമ്യക്കാരനുണ്ട്. അയാളെ കാണാതായാല്‍ കണ്ടുകിട്ടുന്നത് വരെ ജാമ്യക്കാരനെ തടവിലിടാമെന്നാണ് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ജാമ്യക്കാരന്‍ കടക്കാരനാകുന്നു എന്ന നബി(സ്വ)വചനമാണവരുടെ പ്രമാണം. ഒരാളുടെ കൈവശമുള്ള വസ്തു എത്തിച്ചുനല്കാമെന്നും നഷ്ടപരിഹാരം വസൂലാക്കിക്കൊടുക്കാമെന്നും ജാമ്യം നില്ക്കുന്നത് സാധുവാണ്. ജാമ്യം ഒരു അമാനത്താണ്. അത് മറ്റൊരാളെ രക്ഷപ്പെടുത്തുന്നതിനു മാത്രമുള്ള കുതന്ത്രത്തിനായി ഉപയോഗിക്കാന്‍ പാടില്ല. കാരണം മറുഭാഗത്തോടുള്ള അനീതിയായി അതു മാറും. പ്രതിയെ പരോളിലിറങ്ങി മുങ്ങാന്‍ അനുവദിക്കുന്നതും മറ്റും ഇങ്ങനെ കുറ്റകരമാണ്. അതേപോലെ ജാമ്യം ഒരു ദാനമാണ്. ജാമ്യക്കാരന്റെ വിശാലമനസ്സിനെ ചതിക്കാനായി അധമര്‍ണന്‍ അത് ഉപയോഗിക്കരുത്. ജാമ്യക്കാരന്‍ കടം വീട്ടിയതിനു ശേഷം തന്റെ അവകാശം ചോദിക്കുമ്പോള്‍ അധമര്‍ണന്‍ ഒഴിഞ്ഞുമാറാന്‍ പാടില്ല. ജാമ്യം റദ്ദാക്കാന്‍ ഉത്തമര്‍ണന് അവകാശമുണ്ട്. എന്നാല്‍ ഉത്തരവാദിക്കോ ജാമ്യക്കാരനോ ഉത്തമര്‍ണന്റെ അനുമതിയില്ലാതെ ജാമ്യത്തില്‍ നിന്ന് പിന്മാറാന്‍ അവകാശമില്ല.

കഫാലതിന് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ സാധാരണ ആശയത്തില്‍ നിന്ന് വ്യത്യസ്തമായി ആധുനിക അറബി വ്യവഹാരങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ്പ് എന്ന മറ്റൊരു ആശയം കൈവന്നിട്ടുണ്ട്. വിദേശത്തു നിന്ന് തനിക്കുവേണ്ടി കൊണ്ടുവന്ന ജീവനക്കാരന്റെ ഉത്തരവാദിത്തം എന്നാണ് ഇത് അര്‍ഥമാക്കുന്നത്. ഇവിടെ  ചില സാമ്പത്തിക ചൂഷണത്തിന്റെ ഭാഗങ്ങള്‍ ഉണ്ടാകാറുണ്ട്. അഥവാ ഞാന്‍ കൊണ്ടുവന്ന സേവകന്‍ പുറത്ത് താല്പര്യമുള്ള ഇടത്ത് പണിയെടുക്കുന്നതിന് പ്രതിഫലമായി നിശ്ചിത കൂലി മാസാന്തമോ വര്‍ഷം കൂടുമ്പോഴോ കഫീല്‍(സ്‌പോണ്‍സര്‍) കൈപ്പറ്റുന്ന രീതിയാണിത്. തൊഴിലാളിയുടെ നിയമപരമായ കടലാസുകളും മറ്റും ശരിയാക്കുന്നതിനും അയാളുടെ യാത്ര, താമസം പോലുള്ള ചെലവുകള്‍ക്കും അധ്വാനത്തിനുമല്ലാതെ ഇതൊരു വരുമാനമാക്കാന്‍ പാടില്ലാത്തതാണ്. നാട്ടില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന തൊഴിലാളികളില്‍ നിന്ന് ഇങ്ങനെ കൈപ്പറ്റുന്നതും അന്യായമാണ്.

Feedback