Skip to main content

വെള്ളം, പുല്ല്, ബീജം

വെള്ളം, പുല്ല്, തീ എന്നിവ സമൂഹത്തിന് അത്യാവശ്യമുള്ളതും നേടിയെടുക്കുന്നതിലും ഉത്പാദിപ്പിക്കുന്നതിലും മനുഷ്യാധ്വാനം കാര്യമായി ആവശ്യമില്ലാത്തതുമാണ്. അതിനാല്‍ തന്നെ ഇവ ജനങ്ങള്‍ക്കെല്ലാം പങ്കുള്ള പൊതു സ്വത്തായാണ് നബി(സ്വ) പഠിപ്പിക്കുന്നത്.  അതിനാല്‍ തന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് മറ്റാവശ്യക്കാര്‍ക്കായി നീക്കിവെക്കുകയാണ് വേണ്ടത്. അവ വില്‍പന നടത്തുന്നത്  നബി(സ്വ) നിരോധിച്ചു (മുസ്‌ലിം, അബ്ദുര്‍റസ്സാഖ്).  ഈ നിരോധം പൊതുവെ കടല്‍, സമുദ്രം, തോടുകള്‍ പോലെ പൊതുവായ ജലാശയങ്ങള്‍ക്കാണെങ്കിലും സ്വന്തം പറമ്പിലും കുളത്തിലു മെല്ലാമുള്ള പുല്ലും ജലവും അത്യാവശ്യക്കാര്‍ക്ക് വിറ്റ് അവരെ ചൂഷണം ചെയ്യുന്നത് ശരിയല്ല. എന്നാല്‍ ദരിദ്രര്‍ ഉപജീവനം എന്ന നിലയില്‍ ഇവ ശേഖരിച്ച് വില്‍പന നടത്തുന്നതില്‍ തെറ്റില്ല. അലി(റ) പുല്ല് വില്‍ക്കാറുണ്ടായിരുന്നു. അതുപോലെ സ്വന്തമായി ജലാശയങ്ങളും മറ്റുമുണ്ടാക്കി സംഭരിച്ച ജലവും വില്‍പനക്കുവേണ്ടി പ്രത്യേകമായി കൃഷിചെയ്യുന്ന പുല്ലുമെല്ലാം വില്ക്കുന്നതിന് വിരോധമില്ല.  മദീനയില്‍ ജൂതന്‍ വെള്ളം വില്ക്കാറുണ്ടായിരുന്ന കിണര്‍ വാങ്ങി നല്കാന്‍ നബി(സ്വ) സഹാബികളോട് ആവശ്യപ്പെടുകയും ഉസ്മാന്‍(റ) അത് വാങ്ങി മുസ്‌ലിംകള്‍ക്ക് വഖ്ഫായി നല്കുകയും ചെയ്തത് ഇതിന് തെളിവാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമെന്ന നിലയില്‍ കുടിവെള്ളത്തിന് അമിത വില ഈടാക്കുന്നത് കൊള്ളയാണ്. ഇത്തരം വ്യവസായങ്ങള്‍ പ്രവര്‍ത്തനച്ചെലവു മാത്രം സ്വീകരിച്ച് ലാഭാധിഷ്ഠിതമല്ലാതെ നടത്താനാണ് ശ്രമിക്കേണ്ടത്.

വെള്ളക്കച്ചവടം ഇന്നു വലിയ വ്യവസായമാണ്. മിനറല്‍ വാട്ടറും സോഫ്റ്റ് ഡ്രിങ്ക്‌സുമെല്ലാം ഈ രംഗത്ത് കൊഴുത്ത വിപണിയാണ്. ഏറെ ചതിയും വഞ്ചനയും നിറഞ്ഞ ഇവ പലപ്പോഴും ആരോഗ്യത്തിന് കടുത്ത ഹാനി  വരുത്തുന്നവയാണെന്നതും യാഥാര്‍ഥ്യമാണ്.  

കന്നുകാലികളെ ഇണചേര്‍ക്കുന്നതിന്റെ പേരില്‍ പ്രതിഫലം വാങ്ങാന്‍ പാടില്ല. ഇത് നബി(സ്വ) നിരോധിച്ചിരിക്കുന്നു(ബുഖാരി). മുന്തിയ ബീജവും മറ്റും ലഭിക്കുന്നതിനായി പ്രത്യേകം പരിപാലിച്ച് പോറ്റുന്ന ആണ്‍മൃഗങ്ങളാണെങ്കില്‍  ചെലവു വാങ്ങാവുന്നതാണ്. ബീജം ഇഞ്ചക്ഷനായും മറ്റും നല്കപ്പെടുന്ന അവസ്ഥയും ഇങ്ങനെത്തന്നെയാണ്.

ബീജക്കച്ചവടം ഇന്ന് മനുഷ്യരിലേക്കും വളര്‍ന്നിരിക്കുകയാണ്. നല്ല കുട്ടികളെ ലഭിക്കാനായി മുന്തിയ ആളുകളുടെ ബീജങ്ങള്‍ വാങ്ങാവുന്നിടത്താണ് അധാര്‍മികതയുടെ വിപണി എത്തിപ്പെട്ടിരിക്കുന്നത്. ഇത് തീര്‍ത്തും നിഷിദ്ധമാണ്. കുഞ്ഞുങ്ങളില്ലാത്ത വര്‍ക്കായാലും സ്വന്തം ബീജം മതിയാകാത്തവര്‍ക്കായാലുമെല്ലാം ഇവിടെ വിധി ഒന്നു തന്നെയാണ്. ബീജ ദാനമായാലും  വ്യഭിചാരമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്.
 

Feedback
  • Sunday May 12, 2024
  • Dhu al-Qada 4 1445