Skip to main content

ന്യൂനതയുള്ളത്

കച്ചവടം അനുവദനീയവും നിഷിദ്ധവുമാക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അളവുതൂക്കങ്ങള്‍. ഇസ്‌ലാം അനുവദിച്ച വസ്തുക്കള്‍ പോലും ക്രയവിക്രയം ചെയ്യുമ്പോള്‍ അളവില്‍ കൃത്രിമം കാണിക്കുന്നത് അവയെ നിഷിദ്ധവും ആ വരുമാനം പാപവുമാക്കിത്തീര്‍ക്കും. വളരെ ഗൗരവത്തോടെയാണ് അളവു തൂക്കത്തിന്റെ കൃത്യതയെ കുറിച്ച് അല്ലാഹു ഉണര്‍ത്തുന്നത്. ''നിങ്ങള്‍ നീതിപൂര്‍വം അളവും തൂക്കവും തികച്ചുകൊടുക്കണം''(6:152). ''നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് നിങ്ങള്‍ തികച്ചു കൊടുക്കുക. ശരിയായ തുലാസ് കൊണ്ട് നിങ്ങള്‍ തൂക്കിക്കൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും''(17:35). 

ചരക്കുകള്‍ ന്യൂനത മറച്ചുവെച്ചുകൊണ്ട് വില്‍പന നടത്തുന്നത് ചതിയാണ്. ഇസ്‌ലാം ഇത് നിരോധിച്ചു. എന്നാല്‍ ന്യൂനതകള്‍ പറഞ്ഞുകൊടുത്തതിനു ശേഷം കച്ചവടം ചെയ്യുന്നത് അനുവദനീയമാകും.

ഉഖ്ബതുബ്‌നു ആമിര്‍(റ) പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. തന്റെ സഹോദരന് ന്യൂനതയുള്ള സാധനങ്ങള്‍ വ്യക്തമാക്കിക്കൊടുക്കാതെ കച്ചവടം ചെയ്യല്‍ അനുവദനീയമല്ല (ഇബ്നു മാജ).

ന്യൂനത വ്യക്തമാക്കാതെ വില്‍പന നടത്തിയാല്‍ വാങ്ങിയ ആള്‍ക്ക് അത് തിരിച്ചുകൊടുക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അയാള്‍ അത് വിട്ടുവീഴ്ച ചെയ്താല്‍ കച്ചവടം സാധുവാകും. 

അംറ്(റ) പറയുന്നു: നവ്വാസ് എന്നു പേരുള്ള ഒരാളുടെ അടുത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം തീരാത്ത ഒരു തരം രോഗം ബാധിച്ച ഒരൊട്ടകം ഉണ്ടായിരുന്നു. ഇബ്‌നു ഉമര്‍(റ) ആ ഒട്ടകത്തെ അതിന്റെ ഒരു പങ്കുകാരില്‍ നിന്ന് വിലക്ക് വാങ്ങി. വില്‍പന നടത്തിയവന്‍ തന്റെ പങ്കുകാരന്റെ അടുത്തുവന്നു പറഞ്ഞു. ആ ഒട്ടകത്തെ നാം വില്‍പന നടത്തി. നീ ആര്‍ക്കാണ് അതിനെ വിറ്റതെന്ന് സ്‌നേഹിതന്‍ ചോദിച്ചു. ഇന്ന സ്വഭാവമുള്ള ഒരു കിഴവനെന്ന് അയാള്‍ മറുപടി പറഞ്ഞു. സ്‌നേഹിതന്‍ പറഞ്ഞു. നിനക്ക് നാശം. അല്ലാഹു സത്യം. അതു ഇബ്‌നു ഉമര്‍(റ) ആണ്. അങ്ങനെ അദ്ദേഹം ഇബ്‌നു ഉമര്‍(റ)ന്റെ അടുത്തുവന്നു പറഞ്ഞു: ദാഹമുള്ള ഒട്ടകത്തെയാണ് എന്റെ പങ്കുകാരന്‍ താങ്കള്‍ക്ക് വിറ്റത്. അതിന്റെ രോഗത്തെക്കുറിച്ച് അയാള്‍ താങ്കളെ ഉണര്‍ത്തിയിട്ടില്ല. എങ്കില്‍ നീയതിനെ കൊണ്ട് പോയ്‌ക്കൊള്ളുകയെന്ന് ഇബ്‌നു ഉമര്‍(റ) പറഞ്ഞു. അയാളതിനെ തെളിച്ചുകൊണ്ട് പോകാന്‍ തുടങ്ങിയപ്പോള്‍ ഇബ്‌നു ഉമര്‍(റ) പറഞ്ഞു. അതിനെ നീ വിട്ടേക്കൂ. എല്ലാ രോഗങ്ങളും പകരുകയില്ലെന്ന നബി(സ്വ)യുടെ വിധിയിന്മേല്‍ ഞങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുന്നു (ബുഖാരി).

കാണാത്ത ന്യൂനതയില്‍ നിന്ന് ഉത്തരവാദിത്തം ഒഴിവാണെന്ന് വിറ്റയാള്‍ പ്രഖ്യാപിച്ചാലും വസ്തു ലഭിച്ച ശേഷം കാണുന്ന ന്യൂനതകളില്‍ നിന്ന്, കച്ചവടസ്വാതന്ത്ര്യം അവസാനിക്കുന്നത് വരെ അഥവാ, സ്ഥലത്തു നിന്ന് പിരിയുകയോ നിശ്ചയിച്ച അവധി അവസാനിക്കുകയോ ചെയ്യുന്നതുവരെ  അയാള്‍ മുക്തനാവുകയില്ല. എന്നാല്‍ പിന്നീടുണ്ടാകുന്ന ന്യൂനതകള്‍ക്ക്, പ്രത്യേക കരാറുണ്ടെങ്കിലല്ലാതെ അയാള്‍ ഉത്തരവാദിയായിരിക്കുന്നതല്ല. കേടായ കോഴിമുട്ട, പാല്‍ തുടങ്ങിയവ ഇങ്ങനെ മാറ്റി നല്കാന്‍ വിക്രേതാവ് ബാധ്യസ്ഥനാണ്. ഇവ കേടായിരുന്നു എന്നു തെളിയിക്കണമെന്നല്ലാതെ വസ്തുക്കള്‍ പ്രയോജന രഹിതമായതിനാല്‍ തിരിച്ചു നല്കണമെന്നില്ല. വിക്രേതാവിന് താന്‍ വാങ്ങിയ വ്യക്തിയെ ബോധിപ്പിക്കാനോ മറ്റോ ഇവയുടെ അവശിഷ്ടം, പാല്‍ പാക്കറ്റിന്റെ കവര്‍ തുടങ്ങിയവ ആവശ്യമുണ്ടെങ്കില്‍ അതു നല്‌കേണ്ടതുണ്ട്.

Feedback
  • Saturday May 11, 2024
  • Dhu al-Qada 3 1445