Skip to main content

സത്യം ചെയ്യല്‍, ലാഭം

സത്യംചെയ്യല്‍

ഒരു മുസ്‌ലിമിന് അല്ലാഹുവിന്റെ പേരില്‍ മാത്രമേ ആണയിടാന്‍ പാടുള്ളൂ.  അതു തന്നെ നിര്‍ബന്ധിത സാഹചര്യത്തിലേ പാടുള്ളൂ എന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. സത്യം ചെയ്യുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം ലംഘിക്കുന്നവന് പ്രായശ്ചിത്തവും ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. മൂന്നു ദിവസം നോമ്പെടുക്കുകയോ പത്ത് അഗതികള്‍ക്ക് വസ്ത്രമോ ഭക്ഷണമോ നല്കുകയുമാണ് ഇതിനുള്ള പ്രായശ്ചിത്തം. അതുകൊണ്ടു തന്നെ കച്ചവടത്തിലും സത്യം ചെയ്യല്‍ പരമാവധി കുറയ്ക്കാന്‍ നബി(സ്വ) ഉണര്‍ത്തുന്നു. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: കച്ചവടക്കാരന്റെ സത്യം ചെയ്യല്‍ ചരക്കിന്നു ചെലവു വര്‍ധിപ്പിക്കും. പക്ഷേ ബറക്കത്തു(നന്മ)നശിപ്പിക്കും (ബുഖാരി).

കച്ചവട രംഗത്ത് ഏറെ ഉപയോഗപ്പെടുത്തുന്നതാണ് സത്യങ്ങളും ആണയിടലുകളുമെന്നതിനാലാകാം ഈ വിഷയത്തില്‍ നബി(സ്വ)യില്‍ നിന്ന് ധാരാളമായി മുന്നറിയിപ്പുകള്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. വിശ്വാസികളായ കച്ചവടക്കാരെങ്കിലും ഈ വചനങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍!.

രിഫാഅ ബിന്‍ റാഫിഉല്‍ അന്‍സാരി(റ) പറയുന്നു: ഞാന്‍ പ്രവാചകന്റെ കൂടെ ബഖീഇലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ അവിടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: അല്ലയോ കച്ചവടക്കാരേ, തീര്‍ച്ചയായും സത്യസന്ധതയും മൂല്യവും പുലര്‍ത്താത്ത കച്ചവടക്കാര്‍ അധര്‍മകാരികളായിട്ടായിരിക്കും അന്ത്യനാളില്‍ പുനരുജ്ജീവിപ്പിക്കുക'(തിര്‍മിദി).

ഇബ്നു മസ്ഊദ്(റ) പറയുന്നു: നബി(സ്വ)പറഞ്ഞു. ആരെങ്കിലും സത്യം ചെയ്യുകയും മറ്റൊരു മുസ്ലിമിന്റെ ധനം അപഹരിക്കാന്‍ വേണ്ടി അതില്‍ അധര്‍മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അല്ലാഹു കോപിഷ്ഠനായാണ് അവനെ കണ്ടുമുട്ടുക (ബുഖാരി).

അബൂദര്‍റ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. മൂന്നു വിഭാഗം ആളുകള്‍. അല്ലാഹു അവരോട് അന്ത്യനാളില്‍ സംസാരിക്കുകയില്ല, കാരുണ്യത്തോടെ അവരിലേക്ക് തിരിഞ്ഞുനോക്കില്ല, സംസ്‌കരിക്കുകയുമില്ല. അത്തരക്കാര്‍ക്ക് കടുത്ത ശിക്ഷയുണ്ട്. പരാജിതരും നഷ്ടകാരികളുമായ ആ വിഭാഗം ആരാണെന്ന് പ്രവാചകനോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: വസ്ത്രം താഴ്ത്തിയിടുന്നവന്‍, ഉപകാരങ്ങള്‍ എടുത്തുപറയുന്നവന്‍, വ്യാജസത്യം ചെയ്തു ചരക്ക് വിറ്റഴിക്കുന്നവന്‍ (ഇബ്നുമാജ).

അബ്ദുര്‍റഹ്മാനുബ്‌നു അബീ ഔഫ്(റ) പറയുന്നു: ഒരു മനുഷ്യന്‍ തന്റെ ചരക്ക് അങ്ങാടിയില്‍ പ്രദര്‍ശിപ്പിച്ച് മുസ്‌ലിംകളില്‍ പെട്ട ഒരു മനുഷ്യന്‍ അതു സ്വീകരിക്കുവാന്‍ വേണ്ടി താന്‍ അതിന്ന് നല്‍കാത്ത വില നല്‍കിയിട്ടുണ്ടെന്ന് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തുകൊണ്ട് പറഞ്ഞു. അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു. അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വില്‍ക്കുന്നവരാരോ അവര്‍ക്ക് പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേര്‍ക്ക് (കാരുണ്യപൂര്‍വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക് വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കു ന്നതുമാണ് (3:77/ബുഖാരി).

ലാഭം

കച്ചവടം ലാഭപ്രതീക്ഷയില്‍ നിര്‍വഹിക്കുന്നതാണ്. ഇത് ഇസ്‌ലാം അനുവദനീയമാക്കിയതുമാണ്. എന്നാല്‍ വസ്തുവിന് അമിതവില ഈടാക്കുന്നത് ഇസ്‌ലാം നിഷിദ്ധമാക്കി. ഇബ്‌നു ഉമര്‍(റ) പറയുന്നു: ചരക്കിന് വില കൂടുതല്‍ വാങ്ങുന്നത് (കൊള്ള ലാഭത്തെ) നബി(സ്വ) വിരോധിച്ചിരിക്കുന്നു (ബുഖാരി).

വിപണിയുടെ സാഹചര്യങ്ങളാണ് ലാഭനഷ്ടങ്ങള്‍ തീരുമാനിക്കുക എന്ന പ്രകൃതി തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്‌ലാം ഊന്നുന്നത് എന്നതിനാല്‍, ഒരു വസ്തുവിന് എത്ര ശതമാനം വരെ ലാഭം വാങ്ങാമെന്ന് ഇസ്‌ലാം നിര്‍ണയിച്ചിട്ടില്ല. ഒരു ദീനാറുമായി ആടിനെ വാങ്ങാന്‍ നബി അയച്ച സഹാബി ആ ദീനാര്‍കൊണ്ട് രണ്ട് ആടുകളെ വാങ്ങുകയും ഒന്നിനെ വിറ്റ് ഒരു ദീനാറും ആടുമായി മടങ്ങിവന്നപ്പോള്‍ അദ്ദേഹത്തിന്റെ കച്ചവടത്തില്‍ അനുഗ്രഹമുണ്ടാകാനായി നബി(സ്വ) പ്രാര്‍ഥിക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ സന്ദര്‍ഭവും സാഹചര്യവും നോക്കി ഈമാനുള്ള മനസ്സാണ് ലാഭം മിതമാണോ അമിതമാണോ എന്ന് തീരുമാനിക്കേണ്ടത്. ക്ഷാമകാലത്ത് മദീന ചന്തയിലെത്തിയ ചരക്കിന് നാലിരട്ടി വരെ ലാഭം നല്കാന്‍ കച്ചവടക്കാര്‍ തയ്യാറായപ്പോള്‍, അല്ലാഹു പത്തിരട്ടി തരുമെന്നു പറഞ്ഞ അബ്ദുര്‍റഹ്മാനുബ്‌നു ഔഫെന്ന സമ്പന്നനായ കച്ചവടക്കാരനാണ് നമ്മുടെ പൂര്‍വഗാമിയെന്നോര്‍ക്കുക. 


 

Feedback