Skip to main content

പരസ്യം, സമ്മര്‍ദ കച്ചവടം

പരസ്യം

ഒരാള്‍ ചരക്കിന്റെ ഗുണഗണങ്ങള്‍ പറയുന്നതും പരസ്യപ്പെടുത്തുന്നതും അനുവദനീയമാണ്. എന്നാല്‍ ഇല്ലാത്ത ഗുണങ്ങള്‍ പറയാനും ന്യൂനത മറച്ചുവെയ്ക്കാനും വേണ്ടി പരസ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഉപഭോക്താക്കളെ അന്യായമായ വാങ്ങലുകാരാക്കാന്‍ വേണ്ടി വ്യാമോഹിപ്പിക്കുന്ന പരസ്യങ്ങളില്‍ നിന്നും മറ്റു നിഷിദ്ധമായ പരസ്യ രൂപങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ടു നില്‌ക്കേണ്ടതുണ്ട്. തുണിഷോപ്പുകളിലും മറ്റും സ്ത്രീ ഹോള്‍ഡിംഗുകള്‍ ഉപയോഗിക്കുക, സ്ത്രീപുരുഷ നഗ്നത പ്രദര്‍ശിപ്പിക്കുന്ന മോഡലുകളെയും മറ്റും ഉപയോഗിക്കുക എന്നിവ പാടില്ലാത്തതാണ്.

രിഫാഅ ബിന്‍ റാഫിഉല്‍ അന്‍സാരി(റ) പറയുന്നു: ഞാന്‍ പ്രവാചകന്റെ കൂടെ ബഖീഇലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ അവിടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: അല്ലയോ കച്ചവടക്കാരേ, തീര്‍ച്ചയായും സത്യസന്ധതയും മൂല്യവും പുലര്‍ത്താത്ത കച്ചവടക്കാര്‍ അധര്‍മകാരികളായിട്ടായിരിക്കും അന്ത്യനാളില്‍ പുനരുജ്ജീവിപ്പിക്കപ്പെടുക'(തിര്‍മിദി).

സമ്മര്‍ദ കച്ചവടം

ഇടപാടുകള്‍ സ്വതന്ത്രമായിരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. അതിനാല്‍ തന്നെ നിര്‍ബന്ധിതമായ നിലയില്‍ നടക്കുന്ന കച്ചവടങ്ങള്‍ സാധുവല്ല. ഒരു വ്യക്തിയെ തന്റെ കൈയിലുള്ള ചരക്ക് വില്ക്കുവാനോ ഏതെങ്കിലും ഒരു വസ്തു വാങ്ങാനോ നിര്‍ബന്ധിക്കാന്‍ പാടില്ല. അങ്ങനെ നടക്കുന്ന കച്ചവടങ്ങള്‍ ദുര്‍ബലമാണ്. ഇത്തരം സാഹചര്യങ്ങള്‍ ചൂഷണം ചെയ്യാനും പാടില്ല. നബി(സ്വ) പറഞ്ഞു, പിഴച്ചും മറന്നും നിര്‍ബന്ധത്തിനു വിധേയമായും ചെയ്യുന്നതെല്ലാം എന്റെ സമുദായത്തിന് കുറ്റവിമുക്തമാക്കപ്പെട്ടിരിക്കുന്നു (ഇബ്‌നു മാജ).

തന്റെ കടം വീട്ടുക, നിര്‍ബന്ധമായി നിര്‍വഹിക്കേണ്ട ചെലവുകള്‍ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടി തന്റെ വസ്തു വില്‍ക്കാനോ ഒരു വസ്തു വാങ്ങാനോ ഒരു വ്യക്തിയെ നിര്‍ബന്ധിക്കുന്നത് അനുവദനീയമാണ്. മുആദുബ്‌നു ജബല്‍(റ)വിന്റെ സ്വത്ത് ഇങ്ങനെ നബി(സ്വ) വില്‍ക്കുകയുണ്ടായി. പിന്നീട് അദ്ദേഹത്തിനായി ഒന്നും ബാക്കിയുണ്ടായിരുന്നില്ല. 

പാപ്പറായി പ്രഖ്യാപിക്കപ്പെട്ടവന്റെ സ്വത്ത് വില്‍ക്കുന്നതും കോടതി ന്യായമായ കാരണത്താല്‍ ലേലത്തിനു വെച്ച സ്വത്ത് വാങ്ങുന്നതുമെല്ലാം അനുവദനീയമാണ്. എന്നാല്‍ കടത്തിന്റെ പേരിലും മറ്റും പണയം വെച്ച വസ്തുക്കള്‍ വില്‍ക്കുമ്പോള്‍ കടം കഴിഞ്ഞുള്ള തുക അധമര്‍ണന് അവകാശപ്പെട്ടതാണ്. താന്‍ ലേലത്തില്‍ വാങ്ങിയതാണെങ്കിലും പുണ്യകര്‍മം എന്ന നിലയില്‍ ചരക്കിന് മാര്‍ക്കറ്റു വില നിശ്ചയിച്ച് തന്റെ അധ്വാനക്കൂലിയോ മറ്റോ മാത്രം സ്വീകരിച്ച് ബാക്കി ഉടമയ്ക്കു നല്കാനാണ് ശ്രമിക്കേണ്ടത്. 

ഇസ്‌ലാം വ്യക്തിയെക്കാള്‍ സമൂഹത്തിന് പ്രാധാന്യം നല്കുന്നു. അതിനാല്‍ വഴി, ജലാശയം തുടങ്ങിയ സാമൂഹിക ആവശ്യങ്ങള്‍ക്കു വേണ്ടിയും കൊള്ളക്കൊടുക്കകള്‍ക്കായി നിര്‍ബന്ധിക്കാവുന്നതാണ്.

 

Feedback