Skip to main content

പണം (16)

തന്റെ ആവാസ കേന്ദ്രമായ ഭൂമിയിലെ മനുഷ്യന്റെ നിലനില്പിന് അടിസ്ഥാനമായ സമ്പത്ത്, പണം എന്ന ആശയത്തിലേക്കെത്തുന്നത് മറ്റുപല കണ്ടുപിടുത്തങ്ങളെയും പോലെ യാദൃഛികമായാണ്. മനുഷ്യന്‍ ഭൂമിയില്‍ വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ കണ്ടു. അതില്‍ പലതും തനിക്ക് ഉപകാരപ്രദമാണെന്ന് അവന്‍ മനസ്സിലാക്കി. എന്നാല്‍  ആവശ്യമായതെല്ലാം നേടിയെടുക്കാനുള്ള സമയമോ സാങ്കേതികതയോ ശക്തിയോ തനിക്കില്ലെന്ന് അവന്‍ തിരിച്ചറിഞ്ഞു. മനൂഷ്യന്റെ  സമൂഹിക  ജീവിതം സാക്ഷാത്കരിക്കാന്‍ വിഭവങ്ങളുടെ ഈ വികേന്ദ്രീകരണം അനിവാര്യമാണ്. പരസ്പരം കൊടുത്തും വാങ്ങിയും ഇടപഴകുമ്പോഴാണ്  മനുഷ്യന്‍ സമൂഹജീവയാവുക. ഇതിനുവേണ്ടിയാണ് സ്രഷ്ടാവ് വിഭങ്ങളെല്ലാം വിവിധ ദേശങ്ങളിലും ജനതതികളിലുമായി വികേന്ദ്രീകരിച്ചത്.

അങ്ങനെ മറ്റുള്ളവരില്‍ നിന്ന് തനിക്കുപകാരപ്രദമായ വസ്തുക്കള്‍ നേടിയെടുക്കാനുള്ള  മാര്‍ഗമായാണ് പുരാതനകാലത്ത് ബാര്‍ട്ടര്‍ സമ്പ്രദായം നിലവില്‍ വന്നത്. ഇതിന് ധാരാളം പരിമിതികളുണ്ടായിരുന്നു. ഒരേ ആവശ്യക്കാരായ രണ്ടുപേര്‍ കണ്ടുമുട്ടണം എന്നതു തന്നെ പ്രായോഗികമായി വലിയബുദ്ധിമുട്ട് സൃഷ്ടിച്ചു. ഈ സാഹചര്യമാണ് എല്ലാ വസ്തുവിനും പകരമാകുന്ന, ആര്‍ക്കും എപ്പോഴും വസ്തുക്കള്‍ നേടാന്‍ കഴിയുന്ന ഒരു പൊതുമാധ്യമമെന്ന ആശയം ഉടലെടുക്കുന്നത്. ഇതാണ് പണം എന്ന ആശയത്തിന്റെ ഉത്ഭവത്തിലേക്കെത്തിച്ചത്. പണമായി എന്താണ് ഉപയോഗിക്കേണ്ടത് എന്നതിന് കൃത്യമായ രൂപം ആദ്യകാലത്തുണ്ടായിരുന്നില്ല. സമൂഹത്തിന് പൊതുവേ താല്പര്യമുള്ള കല്ലുകള്‍, ജപ മണികള്‍, തിമിംഗലത്തിന്റെ പല്ല്, കവടി എന്നിവയെല്ലാം ഇങ്ങനെ പണമായി ഉപയോഗിക്കപ്പെട്ടു.

മനുഷ്യ പുരോഗതിയുടെ അടുത്തഘട്ടത്തിലാണ് ലോഹവസ്തുക്കള്‍ പണമായി ഉപയോഗിച്ചു തുടങ്ങിയത്. ഇരുമ്പ്, ചെമ്പ് പോലെ അന്ന് സുലഭമായ ലോഹങ്ങള്‍ കൊണ്ടുള്ള കത്തി, മഴു, പാത്രം പോലുള്ള ഉപകരണങ്ങളാണ് ഇങ്ങനെ പണമായി ഉപയോഗിക്കപ്പെട്ടത്. പിന്നീട് സ്വര്‍ണവും വെള്ളിയും വ്യാപകമായി ലഭിച്ചതോടെ അവകൊണ്ടുള്ള ആഭരണങ്ങളും മറ്റും പണമായി. ഇത് പണ ഉപയോഗം ലളിതമാക്കുകയും കൂടുതല്‍ വിശ്വാസ്യമാക്കുകയും ചെയ്തു. പിന്നീടാണ് ഉപയോഗ സൗകര്യത്തിനായി ലോഹവസ്തുക്കളെ നാണയമായി രൂപാന്തരപ്പെടുത്തി ഉപയോഗിക്കാന്‍ തുടങ്ങുന്നത്. ലോഹങ്ങളില്‍ ജീവിതത്തിന് ആവശ്യമുള്ളതും എന്നാല്‍  ലഭ്യത ഏറെ കൂടിയതോ തീരെ ഇല്ലാത്തതോ ആകരുത് നാണയത്തിനുപയോഗിക്കുന്ന വസ്തു എന്ന ചിന്തയില്‍ നിന്നാണ് സ്വര്‍ണവും വെള്ളിയും നാണയത്തിന്റെ മാധ്യമമാകുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ നാണയമായി കണ്ടു കിട്ടിയത് ബി സി ഏഴാം നൂറ്റാണ്ടില്‍ ഗ്രീക്കിലെ ലിഡിയയില്‍ വെള്ളിയും സ്വര്‍ണവും ചേര്‍ത്ത് നിര്‍മിച്ച നാണയമാണ്. ഇതില്‍ രാജകീയ മുദ്രയും നാണയത്തിന്റെ മൂല്യമറിയിക്കുന്ന തൂക്കവും വ്യക്തമാക്കിയിരുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സ്വര്‍ണ, വെള്ളി നാണയങ്ങള്‍ക്കു പകരം അവയുടെ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള കറന്‍സി (കടലാസ് പണം) നടപ്പിലാകുന്നത്. സര്‍ക്കാരിന്റെ മുദ്രയും അംഗീകാരവുമായിരുന്നു ഇതിന്റെ മൂല്യത്തിനുള്ള ഉറപ്പ്. ഇങ്ങനെ 1789, 1796 കാലഘട്ടത്തിലെ ഫ്രഞ്ച് വിപ്ലവ സര്‍ക്കാര്‍ അസൈനറ്റ് എന്നപേരിലും 1812ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഗ്രീന്‍ബേക് എന്ന കറന്‍സിയും അടിച്ചിറക്കി. ആദ്യകാലങ്ങളില്‍ ഇങ്ങനെ മുദ്രണംചെയ്യുന്ന കറന്‍സികളുടെ മൂല്യത്തിന് തുല്യമായ ലോഹം സര്‍ക്കാര്‍ ഖജനാവില്‍ സൂക്ഷിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഈ രീതിയും മാറി, സര്‍ക്കാര്‍ ഉറപ്പിന്മേല്‍ മാത്രം ലോഹ സൂക്ഷിപ്പില്ലാതെയാണ് ഇപ്പോള്‍ ഓരോ രാജ്യങ്ങളും നോട്ടുകള്‍ അച്ചടിക്കുന്നത്.

കൊണ്ടുനടക്കാനും സൂക്ഷിച്ചുവെക്കാനും, തനിക്കാവശ്യമുള്ള വസ്തുക്കള്‍ ആവശ്യമുള്ളപ്പോള്‍ വാങ്ങാനും വില്‍ക്കാനുമെല്ലാം കറന്‍സികളുടെ രംഗപ്രവേശം വഴിയൊരുക്കി എന്നത് മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്. ക്രയവിക്രയം എളുപ്പമായതോടെ മനുഷ്യരുടെ ജീവിതസൂചികയിലും കാര്യമായ വളര്‍ച്ചയുണ്ടായി. വസ്തുക്കളുടെയും സേവനങ്ങളുടെയും ആശയങ്ങളുടെയുമെല്ലാം മൂല്യമളക്കാന്‍ കഴിയുന്നു എന്നതാണ് പണത്തിന്റെ മറ്റൊരു ഗുണം. ഇത്   ആളുകളെ പരമാവധി വസ്തുക്കള്‍ ഉത്പാദിപ്പിക്കാനും സേവനങ്ങള്‍ നല്കാനും ആശയങ്ങള്‍ രൂപീകരിക്കാനുമൊക്കെ തല്പരരാക്കി. ഇവയെല്ലാം മൂല്യമുള്ളതായതിനാല്‍  കൂടുതല്‍ മൂല്യമുള്ളതുണ്ടാക്കാനുള്ള അന്വേഷണവും അവന്‍ ആരംഭിച്ചു. ഇങ്ങനെ പണം ഏറെയായി കൈവന്നത് സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യക്കാരന് മൂലധനമായി നല്കി അതിന്റെ മൂല്യം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുണ്ടായി. ഇതാണ് ആധുനിക സാമ്പത്തിക മേഖലയുടെ നെടുംതൂണായി മാറിയ ബാങ്കിംഗ് സംവിധാനത്തിന്റെ തുടക്കത്തിന് കാരണമായത്. ഇത് വീണ്ടും ഉത്പാദനം വര്‍ധിപ്പിക്കുകയും പുതിയ പുതിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്കാവശ്യമായ മുടക്കുമുതല്‍ സംഭാവന നല്കുകയും ചെയ്തു. കുറഞ്ഞ കാലത്തിനുള്ളില്‍ ശാസ്ത്ര സാങ്കേതിക മേഖലകളിലും മറ്റും മനുഷ്യന്‍ ഇത്രവലിയ ഔന്നത്യങ്ങളിലെത്തിച്ചേരാന്‍ സാധിച്ചതിന്റെ ഒരു പ്രധാന കാരണം ഗവേഷണങ്ങള്‍ക്കും മറ്റുമുള്ള ലോപമില്ലാത്ത പണലഭ്യതയാണ്.

സമ്പത്ത് പണമായതും പണത്തിന്റെ മാധ്യമം കറന്‍സിയായതുമെല്ലാം മനുഷ്യ പുരോഗതിയില്‍ വലിയ തോതില്‍ സ്വാധീനിക്കുകയും ജീവിതം പ്രയാസരഹിതമാക്കുകയും ചെയ്തപ്പോള്‍ പലവിധ അപചയങ്ങള്‍ക്കും അതു കാരണമായി എന്നതും വസ്തുതയാണ്. മാറിക്കൊണ്ടിരിക്കുന്ന പണമൂല്യം ലാഭനഷ്ടങ്ങളെ നിര്‍വചനാതീതമാക്കുന്നു. എത്രയും സമ്പാദിച്ചു സൂക്ഷിച്ചുവെക്കാമെന്നത് ആളുകളെ ആര്‍ത്തിയുള്ളവരാക്കുന്നു. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന വിധത്തില്‍ ചിലരുടെ ധനാര്‍ത്തി വളരുന്നു. സമൂഹത്തില്‍ കറങ്ങേണ്ട പണം കുറച്ചാളുകളുടെ സ്ഥിരനിക്ഷേപമാവുകയും അത് ചലനത്തിലൂടെ നേടേണ്ട സ്വാഭാവിക വളര്‍ച്ചയെ ഇല്ലാതാക്കി സമൂഹത്തില്‍ ചിലരെമാത്രം സമ്പന്നരാക്കി നിര്‍ത്തുകയും ചെയ്യുന്നു. മാനവിക മൂല്യങ്ങള്‍ക്കു പകരം പണമൂല്യം ഔന്നത്യത്തിന്റെ മാപിനിയായി മാറുന്നു. പ്രത്യക്ഷത്തിലുള്ള സാമ്പത്തിക അഴിമതികള്‍ (കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൈക്കൂലി…) മുതല്‍ അക്രമങ്ങളെല്ലാം അടിസ്ഥാനപരമായി പണ സമ്പാദനവുമായി ബന്ധപ്പെട്ട് വളരുന്നതാണ്. ഇത് രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും വ്യക്തികളുടെയുമെല്ലാം ബന്ധങ്ങളിലും നിലനില്പിലും പ്രതികൂലമായി ബാധിക്കുന്നു. കടം കൊടുക്കാനുള്ള പണവും വാങ്ങാനുള്ള ആവശ്യങ്ങളും വര്‍ധിപ്പിച്ചത് സമ്പന്ന വ്യക്തികള്‍ മുതല്‍ രാഷ്ട്രങ്ങള്‍ വരെയുള്ളവരെ അയഥാര്‍ഥ  കണക്കിലെ സമ്പന്നരാക്കുകയും അസമാധാനികളാക്കുകയുംചെയ്തു.

ഇസ്‌ലാമിക വീക്ഷണപ്രകാരം പണത്തിന്റെയും നാണയങ്ങളുടെയും നോട്ടുകളുടെയും അടിസ്ഥാനമൂല്യം അളക്കേണ്ടത് സ്വര്‍ണം, വെള്ളി എന്നിവയിലൂടെയാണ്. നബിയുടെ കാലത്ത് കറന്‍സിയില്ലെങ്കിലും സകാത്ത് കണക്കാക്കുമ്പോള്‍ അടിസ്ഥാനമാക്കിയത് സ്വര്‍ണവും വെള്ളിയുമാണ്. തുല്യമായ അളവില്‍ സ്വര്‍ണവും വെള്ളിയും  ലഭിക്കുന്ന മൂല്യത്തിലേ നോട്ടടിക്കാന്‍ പാടുള്ളൂ. ഉമവി ഭരണാധികാരിയായ അബ്ദുല്‍ മലിക് നാണയങ്ങളുടെ വളരെ തുഛമായ മുദ്രണച്ചെലവുകൂടി നാണയത്തിന്റെ മൂല്യത്തില്‍ ലയിപ്പിച്ചത് അടുത്ത ഖലീഫയായി വന്ന ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) പിന്‍വലിച്ചത് ഈ മാനദണ്ഡപ്രകാരമാണ്. ഇത് രാഷ്ട്രങ്ങളുടെ അമിതമായ നോട്ടുമുദ്രണ ചൂഷണം ഇല്ലാതാക്കുകയും സുതാര്യമായ വിദേശ വിനിമയം സാധ്യമാക്കുകയുംചെയ്യും.

Feedback