Skip to main content

കടം ഇസ്‌ലാമിക വ്യവസ്ഥകള്‍

1.    കടമിടപാടുകള്‍ ബുദ്ധി, പ്രായപൂര്‍ത്തി, വിവേകം, സ്വാതന്ത്ര്യം  എന്നിവയുള്ളവര്‍ തമ്മിലേ നടത്താവൂ.

2.    തന്റെ കൈയിലുള്ള ഉപകാരപ്രദവും അനുവദനീയവുമായ ഏതൊരു വസ്തുവും സൗകര്യവും കടമായി നല്കുന്നത് പുണ്യമാണ്. നിഷിദ്ധങ്ങള്‍ കടമായി നല്കാനോ വാങ്ങാനോ പാടില്ല.

3.    ന്യായമായ ആവശ്യങ്ങള്‍ക്കും നിര്‍ബന്ധസാഹചര്യങ്ങളിലും മാത്രമേ കടം വാങ്ങാവൂ.

4.    തിരിച്ചുകൊടുക്കണം എന്ന ഉദ്ദേശ്യത്തോടെയാകണം കടം വാങ്ങുന്നത്.

5.    അവധി നിശ്ചയിച്ചാല്‍ അവധിക്കു തന്നെ തിരിച്ചുകൊടുക്കണം. അതിനു മുമ്പ് തിരിച്ചടക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.

6.    ശേഷിയുണ്ടായിട്ടും സമയമായാല്‍ കടം വീട്ടാതിരിക്കുന്നത് അക്രമമാണ്.  ഭരണാധികാരിക്ക് പിടിച്ചെടുക്കാം.

7.    പ്രയാസമുള്ളവര്‍ക്ക് കടം വിട്ടു നല്കുകയോ സമയം നീട്ടിനല്കുകയോ വേണം. അവരെ ദ്രോഹിക്കരുത്.

8.    വിശ്വസ്തരായ രണ്ടു പുരുഷന്മാരായ സാക്ഷികള്‍വേണം. ഇല്ലാത്ത സന്ദര്‍ഭത്തില്‍ ഒരു പുരുഷനും രണ്ടു സ്ത്രീകളുമാകാം.

9.    സാക്ഷിനില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ വിസമ്മതം പ്രകടിപ്പിക്കരുത്. നീതിപൂര്‍വം സാക്ഷിത്വം പൂര്‍ത്തീകരിക്കണം.

10.    സാക്ഷികളെ കിട്ടാത്ത സാഹചര്യത്തിലും അല്ലാതെയും പണയം വാങ്ങാം.

11.    പണയ വസ്തുവിന്റെ പ്രയോജനങ്ങള്‍ ഉത്തമര്‍ണന്‍ ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ മൃഗങ്ങള്‍ പോലുള്ളവയുടെ ചെലവിന്റെ ഭാഗമായി സവാരി, പാല്‍ എന്നിവ അയാള്‍ക്ക് ഉപയോഗിക്കാം.

12.    പണയവസ്തുവിന്റെ ഉടമസ്ഥനാണ് അതിന്റെ നിത്യനിദാനചെലവുകളും സൂക്ഷിപ്പു ചെലവുമെല്ലാം വഹിക്കേണ്ടതെന്നതിനാല്‍ അതിന്റെ ലാഭവും അയാള്‍ക്കവകാശപ്പെട്ടതാണ്.

13.    കടം ഭാഗികമായി അടച്ചുതീര്‍ത്താല്‍ പണയവസ്തു ഭാഗികമായി തിരിച്ചു നല്കാന്‍ ബാധ്യതയില്ല.

14.    കടം വീട്ടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പണയവസ്തു ഉടമപ്പെടുത്താന്‍ പാടില്ല. അതിന് വിലനിശ്ചയിക്കുകയോ വില്‍ക്കുകയോ ചെയ്യാന്‍ അധമര്‍ണന്‍ അനുവദിക്കണം. അയാള്‍ വിസമ്മതിച്ചാല്‍ നിര്‍ബന്ധിക്കാനും നടപ്പിലാക്കാനും അധികാരിക്ക് അവകാശമുണ്ട്. ശേഷം തന്റെ കടത്തിനു തുല്യമായതെടുക്കുകയും ബാക്കിയുള്ളത് അധമര്‍ണന് തിരിച്ചു നല്കുകയും വേണം.

15.    കടംവീട്ടാന്‍ പണയവസ്തു തികയാതെ വന്നാല്‍ ബാക്കി കടത്തിന് അധമര്‍ണന്‍ ബാധ്യസ്ഥനാകും.
16.    പണയവസ്തു പ്രയോജനപ്പെടുത്താവുന്നതോ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ നശിച്ചുപോകുന്നതോ ആണെങ്കില്‍ അത് പ്രയോജനപ്പെടുത്തുകയും ചെലവുകഴിച്ച് മിച്ചമുള്ളത് ഉത്തമര്‍ണനു നല്കുകയും വേണം. 

17.    ഉത്തമര്‍ണന്റെ അശ്രദ്ധകൊണ്ട് പണയവസ്തു നഷ്ടപ്പെടുകയോ കേടുപാടുകള്‍ പറ്റുകയോ ചെയ്താല്‍ അയാള്‍ നഷ്ടപരിഹാരം നല്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ അയാളുടെതല്ലാത്ത കാരണത്താലാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ അയാള്‍ നഷ്ടപരിഹാരം നല്‌കേണ്ടതില്ല.

18.    കടം എത്ര ചെറുതായാലും എഴുതിവെക്കണം. റൊക്കമായി നടത്തുന്ന ഇടപാടുകള്‍ എഴുതിവെക്കണമെന്ന് നിര്‍ബന്ധമില്ല.

19.    ആവശ്യപ്പെട്ടാല്‍ എഴുത്തുകാര്‍ എഴുതാന്‍ വിസമ്മതം പ്രകടിപ്പിക്കരുത്. അവര്‍ക്ക് കൂലിവാങ്ങാം.

20.    കരാര്‍പത്രത്തിലെ നിബന്ധനകള്‍ പറഞ്ഞുകൊടുക്കേണ്ടത് അധമര്‍ണനാണ്. അയാള്‍ അതിന് ശേഷിയില്ലാത്തവനാണെങ്കില്‍ രക്ഷാധികാരിക്ക് ചെയ്യാം.

21.    കടം തിരിച്ചടക്കുമ്പോള്‍ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടാനോ അങ്ങനെ നിബന്ധനവെക്കാനോ പാടില്ല.

22.    കടം വീട്ടുമ്പോള്‍ കൂടുതല്‍ നല്കുന്നത് പുണ്യമാണ്. ആഗ്രഹിക്കാതെ ലഭിച്ചതാണെങ്കില്‍ അത് വാങ്ങുന്നതില്‍ ഉത്തമര്‍ണന് കുറ്റമില്ല.

23.    വായ്പ വാങ്ങിയ വസ്തുവിനു വരുന്ന ചെലവുകള്‍ അധമര്‍ണന്‍ നിര്‍വഹിക്കണം.

24.    വായ്പാ വസ്തു സ്വമേധയാ നശിക്കുകയോ തന്റെ അശ്രദ്ധകൊണ്ടല്ലാതെ നഷ്ടപ്പെടുകയോ കേടുപാടുകള്‍ പറ്റുകയോ ചെയ്താല്‍ അധമര്‍ണന് ബാധ്യതയില്ല. അയാളുടെ അശ്രദ്ധകൊണ്ടാണെങ്കില്‍ പകരം നല്കണം.

25.    വായ്പയും കടവും വാങ്ങിയ ആള്‍ മരണപ്പെട്ടാല്‍ ആ വസ്തു എന്താണെന്നറിയുമെങ്കില്‍ അതു തന്നെ അനന്തരാവകാശികള്‍ ഉത്തമര്‍ണന് നല്കണം. ഇല്ലെങ്കില്‍ തുല്യ മൂല്യം നല്കണം.

26.    കടം വീട്ടാന്‍ അനന്തരാവകാശികള്‍ക്ക് ബാധ്യതയുണ്ട്. ഇല്ലെങ്കില്‍ ഭരണാധികാരി അത് നിര്‍വഹിക്കണം.

27.    ഒരാളുടെ കടം ഏറ്റുടത്ത് വീട്ടുന്നത് വലിയ പുണ്യമുള്ള കാര്യമാണ്. 

28.    കടക്കാരെയും കടം ഏറ്റെടുത്തവരെയും സഹായിക്കാന്‍ സകാത്ത് വിഹിതം ഉപയോഗിക്കാവുന്നതാണ്.

29.    ഉത്തമര്‍ണന്‍ മരണപ്പെട്ടാല്‍ കടം വാങ്ങിയ സംഖ്യ അയാളുടെ അനന്തരാവകാ ശികള്‍ക്ക് ഏല്പിച്ചു കൊടുക്കണം.

30.    കടം വാങ്ങിയ വസ്തു മറ്റൊരാള്‍ക്ക് കൂലിക്കു കൊടുക്കാന്‍ പാടില്ല. 

31.    അധമര്‍ണന് വീട്ടാന്‍ കഴിയാത്തവിധം കടം പെരുകുകയും അയാളുടെ മുതല്‍ അതിന് പര്യാപ്തമാകാതിരിക്കുകയുംചെയ്യുമ്പോള്‍ അയാളെ പാപ്പറായി പ്രഖ്യാപിച്ച് തന്റെ സ്വത്തില്‍ ഇടപാടു നടത്തുന്നത് വിലക്കാവുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ ഇയാളുടെ ജീവിതത്തിന്റെ അത്യാവശ്യങ്ങള്‍ കഴിച്ച് ബാക്കിയുള്ളത് വിറ്റ് കടക്കാര്‍ക്ക് നല്കണം. എന്നിട്ടും തികയാത്തതില്‍ സദഖ, സകാത്ത് എന്നിവ കൊണ്ട് ഉത്തമര്‍ണര്‍ക്ക് നല്കണം. എന്നിട്ടും കടം ബാക്കിയായാല്‍ ഉത്തമര്‍ണര്‍ അത് വിട്ടുകൊടുക്കണം.

32.    പാപ്പറായി പ്രഖ്യാപിച്ചവന്റെ കൈയില്‍ തന്റെ വസ്തു കണ്ടെത്തിയാല്‍ അത് ഉടമയ്ക്ക് അര്‍ഹതപ്പെട്ടതാണ്. എന്നാല്‍ അതിന്റെ അളവോ രൂപമോ മാറിയാല്‍ മറ്റെല്ലാ സഹഉത്തമര്‍ണരെയും പോലുള്ള ഓഹരി അവകാശമേ അയാള്‍ക്കും അതില്‍ ഉണ്ടാവുകയുള്ളൂ.

 

Feedback