Skip to main content

ധനസമ്പാദനത്തിന്റെ അടിസ്ഥാന നിയമങ്ങള്‍

സ്വത്ത് സമ്പാദിക്കാനും ഉടമപ്പെടുത്താനും ചെലവഴിക്കാനുമെല്ലാം വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും അനുമതി നല്കുന്നതാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ. മനുഷ്യര്‍ക്ക് അനുഗുണമായതെല്ലാം അല്ലാഹു അനുവദിച്ചിട്ടുണ്ട്. അപകടകരമായതു മാത്രമേ നിഷിദ്ധമാക്കിയിട്ടുള്ളൂ. അതിനാല്‍ അവന്‍ അനുവദിച്ചതും മാനവികതക്ക് വിശിഷ്ടമായതും മാത്രമേ സമ്പാദിക്കാവൂ. മദ്യം, പലിശ, ചൂതാട്ടം, വേശ്യാവൃത്തി തുടങ്ങിയവ സമ്പാദനമാര്‍ഗമാക്കുന്നത് നിഷിദ്ധമാണ്.

തന്റെ സമ്പാദനം രീതിയിലും ഉത്പന്നത്തിലും മനുഷ്യസമൂഹത്തിനോ പ്രകൃതിക്കോ പ്രയാസമുണ്ടാക്കരുത്. അവയുടെ അവകാശങ്ങള്‍ ഹനിക്കുന്നതോ  ന്യായവിരുദ്ധമോ ആകരുത്.  

''അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന് വല്ലതും അധാര്‍മികമായി നേടിയെടുത്തു തിന്നുവാന്‍ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്'' (2:188). 

''സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു'' (4:29).

വിഭവങ്ങള്‍ തടയപ്പെട്ടവര്‍ക്ക് തന്റെ സമ്പാദ്യത്തില്‍ അവകാശമുണ്ടെന്നും അവരുടെ അവകാശങ്ങള്‍ നല്കാതെ സമ്പാദിക്കുന്നതും സൂക്ഷിച്ചുവെക്കുന്നതും വലിയ അക്രമമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ''അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും'' (51:19).

''സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക''(9:34).

പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതും നിഷിദ്ധമാണ്. അനാവശ്യമായി വീടുകളും എടുപ്പുകളും സമ്പാദിച്ചു കൂട്ടിയ സമൂഹത്തെ കുഴപ്പക്കാരായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു (7:74). 

സമ്പാദിച്ച വസ്തു അനുവദനീയമാകുന്നത് സമ്പാദ്യമാര്‍ഗം ശുദ്ധമാവുക കൂടി ചെയ്യുമ്പോഴാണ്. മോഷണവസ്തു വിലക്കുവാങ്ങരുതെന്നു പറയുന്നത് ഈ മാനദണ്ഡപ്രകാരമാണ്. മുടക്കുമുതല്‍ അനുവദനീയവും പലിശ നിഷിദ്ധവുമാകുന്നതും ഇങ്ങനെത്തന്നെ. മോഷ്ടിച്ചുകൊണ്ടുവന്ന വസ്തുവും പലിശയും ശുദ്ധവും അനുവദനീയവുമല്ലാതാകുന്നത് അവ വന്നവഴി അശുദ്ധവും നിഷിദ്ധവുമായതിനാലാണ്.

തൊഴില്‍, ദാനം, സമ്മാനം, അനന്തരാവകാശം, കടം, നിധി, നഷ്ടപരിഹാരങ്ങള്‍, വീണുകിട്ടിയവസ്തുക്കള്‍, ഇനാം, ആദായങ്ങള്‍ എന്നീ മാര്‍ഗങ്ങളിലൂടെ കൈവശപ്പെടുത്തുന്നവ അനുവദനീയ സമ്പാദ്യമായി ഇസ്‌ലാം പരിഗണിക്കുന്നു. ഇവ ഉപയോഗിക്കാനും സൂക്ഷിച്ചുവെക്കാനുമെല്ലാം മുസ്‌ലിമിന് സ്വാതന്ത്ര്യമുണ്ട്. ശാരീരികവും ബൗദ്ധികവുമായ അധ്വാനം, കൃഷി, കച്ചവടം എന്നിവയെല്ലാം തൊഴിലിന്റെ പരിധിയില്‍ വരുന്നതാണ്. ദരിദ്രനെന്ന നിലയില്‍ ലഭിക്കുന്ന സകാത്ത്, ദാനം എന്നിവ ന്യായമായ സമ്പത്താണ്. വസ്വിയ്യത്, വഖ്ഫ് എന്നിവ അവയുടെ അവകാശികള്‍ക്ക് സ്വീകരിക്കാവുന്നതാണ്. സാമൂഹിക ബന്ധങ്ങളുടെ പേരില്‍ മനുഷ്യര്‍ പരസ്പരം തൃപ്തിയോടെ നല്കുന്ന സമ്മാനങ്ങള്‍ അനുവദനീയ സമ്പാദ്യമാണ്. ഇസ്‌ലാം അനുവദിച്ച നിയമപ്രകാരം ലഭിക്കുന്ന അനന്തരാവകാശ സ്വത്ത് സമ്പാദിക്കുകയും ഉപയോഗിക്കുകയുമാകാം. തന്റെ അത്യാവശ്യങ്ങള്‍ക്ക് നിര്‍ബന്ധിതമായി വാങ്ങുന്ന വായ്പകള്‍ സ്വന്തമാക്കാനും ഉപയോഗിക്കാനും ഇസ്‌ലാം അനുമതി നല്കുന്നുണ്ട്. തന്റെ അധീനയതില്‍ വരുന്ന നിധിയും ഉപയോഗയോഗ്യമാണ്. തന്റെ സമ്പാദ്യത്തില്‍ നിന്നുള്ള വരുമാനങ്ങളായ ആദായം, ലാഭവിഹിതം, വാടക, പാട്ടം എന്നിവയും അനുവദനീയമാണ്.

ഈ വരുമാനങ്ങളെല്ലാം അനുവദനീയമാകാന്‍ പ്രധാനമായും രണ്ടു പൊതു മാനദണ്ഡങ്ങളാണുള്ളത്. ന്യായമായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതാവണം. ഇവിടെ ന്യായത്തിന്റെ അടിസ്ഥാനം ഇസ്‌ലാമിക വ്യവസ്ഥക്ക് ബാധകമാവുക എന്നതാണ്. ഭൗതിക മാനദണ്ഡപ്രകാരം ന്യായമെന്ന് വിധിയെഴുതുന്ന പലതും ഇസ്‌ലാമികമായി അന്യായമാണ്. ഉദാഹരണമായി, കേസ് നടത്തി ജയിച്ച് കോടതി മുഖേന ലഭിക്കുന്നത് ന്യായമാണെങ്കിലും അതില്‍ ഇസ്‌ലാം അംഗീകരിക്കാത്ത നിയമങ്ങളാണ് മാനദണ്ഡമാക്കിയതെങ്കില്‍ ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ആ സമ്പാദ്യം അന്യായമാണ്. കൂടാതെ, ഉടമപ്പെടുത്താനും ഉപയോഗിക്കാനും ഇസ്‌ലാം അനുവദിച്ചതാകണം സമ്പാദിച്ച വസ്തു. മദ്യം, പന്നി പോലെ ഇസ്‌ലാം നിഷിദ്ധമാക്കിയതോ അശുദ്ധമോ ആയ വസ്തുക്കളാകരുത്. ഇത്തരം വസ്തുക്കള്‍ ലഭിച്ചാല്‍ അത് സ്വീകരിക്കാനോ ഉപയോഗിക്കാനോ പാടില്ല. താല്‍പര്യമുള്ളവര്‍ക്ക് ദാനമായോ സമ്മാനമായോ വിലയ്‌ക്കോ നല്കാനും പാടില്ല.  

Feedback