Skip to main content

സ്വകാര്യ ഉടമസ്ഥതയുടെ പരിധികളും നിയന്ത്രണങ്ങളും

ഇസ്‌ലാം സ്വകാര്യസ്വത്ത് അനുവദിക്കുന്നു. എന്നാല്‍ മുതലാളിത്ത വ്യവസ്ഥിതിയിലെപ്പോലെ ഉടമയ്ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്കി സമൂഹത്തിനുമേല്‍ അധീശത്വം അവകാശപ്പെടാന്‍ അനുവദിക്കുന്നില്ല. കൃത്യമായ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ് ഇസ്‌ലാമിക ദൃഷ്ട്യാ സ്വകാര്യസ്വത്ത്.

മനുഷ്യര്‍ക്കു മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും അവയുടെതായ അതിജീവന അവകാശമുണ്ടെന്നും അവയുടെയെല്ലാം പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടാത്തിടത്തോളം കാലം സമ്പന്നന് മിച്ചസ്വത്ത് കൂട്ടിവെക്കാന്‍ അവകാശമില്ലെന്നും ദൈവശാസനമുണ്ട്. അത്തരം അവകാശികള്‍ക്ക് നല്കാതെ പിടിച്ചുവെക്കുന്ന സ്വത്തില്‍ ഇടപെടാന്‍ സമൂഹത്തിന്റെ അധികാരികള്‍ക്ക് അവകാശവും ധാര്‍മികബാധ്യതയുമുണ്ട്. ന്യായമായ പ്രതിഫലം നല്കിയോ അനുവദിക്കാത്ത സാഹചര്യത്തില്‍ ബലം പ്രയോഗിച്ചോ ഉടമയില്‍ നിന്ന് പിടിച്ചെടുക്കാം. പില്കാല സ്ഥിതി ഞാനറിഞ്ഞിരുന്നെങ്കില്‍ മിച്ചഭൂമി പിടിച്ചെടുത്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമായിരുന്നുവെന്ന ഉമര്‍(റ)വിന്റെ ദീര്‍ഘദര്‍ശനം സൂചിപ്പിക്കുന്നത് ഇതാണ്. ഇവര്‍ക്ക് ഭൗതികമായ ശിക്ഷയ്ക്ക് പുറമെ പരലോകത്ത് അല്ലാഹുവിന്റെ കടുത്ത ശിക്ഷലഭിക്കുമെന്ന് ഇസ്‌ലാം താക്കീതു ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെയ്ക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച സുവാര്‍ത്ത അറിയിക്കുക. നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വഭാഗങ്ങളും മുതുകുകളും ചൂടുവെക്കും ദിനം! അന്ന് അവരോടു പറയും: 'ഇതാണ് നിങ്ങള്‍ നിങ്ങള്‍ക്കായി സമ്പാദിച്ചുവെച്ചത്. അതിനാല്‍ നിങ്ങള്‍ സമ്പാദിച്ചുവെച്ചതിന്റെ രുചി ആസ്വദിച്ചുകൊള്ളുക''(9:34,35). 

മിച്ചധനത്തില്‍ ഞങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലെന്നു തോന്നുവോളം നബി(സ്വ) ഉപദേശിച്ചുകൊണ്ടിരുന്നുവെന്ന് അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു. തന്റെ കൈവശമുള്ളത് ചെലവഴിക്കല്‍ നിര്‍ബന്ധമായ സാഹചര്യങ്ങളില്‍ അത് പൂഴ്ത്തിവെക്കാനോ അമിതലാഭത്തിന് വില്‍ക്കാനോ പാടില്ലെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വകാര്യസ്വത്തില്‍ ന്യായമായ നിലയില്‍ ഇടപെടാന്‍ ഭരണകൂടത്തിന്  ഇസ്‌ലാം സ്വാതന്ത്ര്യം നല്കുന്നു.

സമ്പത്ത് നശിപ്പിക്കരുത് എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന നയമാണ്. ഉടമസ്ഥതയുടെ മറവില്‍ ഒരാളെ ധൂര്‍ത്തനോ ദുര്‍വ്യയക്കാരനോ ആകാന്‍ ഇസ്‌ലാം അനുവദിക്കില്ല. അതുപോലെ ആര്‍ക്കും ഉപകാരപ്പെടുത്താതെ താന്‍ നേടിയവസ്തു നശിപ്പിക്കാനും പാടില്ല. ഭൂമി മൂന്നുവര്‍ഷത്തിലേറെ തരിശിട്ടാല്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന് നബി(സ്വ) ഓര്‍മപ്പെടുത്തിയത് ഉദാഹരണമാണ് (കിതാബുല്‍ഖറാജ്).

ജനോപകാരപ്രദമായ അറിവുകളും കഴിവുകളും സ്വന്തമാക്കി മറ്റുള്ളവര്‍ക്ക് തടയാന്‍ പാടില്ലെന്നും മാന്യമായ ചെലവുവാങ്ങി അവ സൗജന്യമായി നല്കുകയാണ് വേണ്ടതെന്നുമുള്ള ഇസ്‌ലാമികാധ്യാപനം പേറ്റന്റുകളുടെയും പകര്‍പ്പവകാശത്തിന്റെയും പേരില്‍ ഉടമസ്ഥരും സമൂഹവും പീഡിപ്പിക്കപ്പെടാതിരിക്കാന്‍ വേണ്ടിയുള്ളതാണ്. പൊതു അവശ്യവസ്തുക്കള്‍ തനിക്കാവശ്യമുള്ളതിലേറെ ഉടമപ്പെടുത്തിവെക്കാനും കച്ചവടമാക്കാനും ഇസ്‌ലാമിക സാമ്പത്തികനിയമം പൗരനെ അനുവദിക്കുന്നില്ല. പുല്ല്, വെള്ളം എന്നിവ ഇതില്‍പെട്ടതാണ്.

ഉപകാരപ്രദല്ലാത്തതും അപകടകരവുമായ വസ്തുക്കള്‍ (ഹലാലും ത്വയ്യിബുമല്ലാത്ത വസ്തുക്കള്‍) സമ്പാദിച്ചുവെക്കാന്‍ പാടില്ല. ഇവ ഏതെന്ന് കാലികമായി മനുഷ്യധിഷണക്ക് തീരുമാനിക്കാം. പക്ഷേ, ആത്യന്തികമായി തീരുമാനമെടുക്കാന്‍ അവന് കഴിയില്ല. അതിനാല്‍ സ്രഷ്ടാവായ ദൈവം എല്ലാ കാലത്തും മനുഷ്യര്‍ തെറ്റിദ്ധരിച്ചേക്കാവുന്ന ഇത്തരം ചില വസ്തുക്കള്‍ പേരെടുത്തു പറഞ്ഞ് നിഷിദ്ധമാക്കുകയും നിഷിദ്ധതയുടെ പൊതുമാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു (7:33). മദ്യം, പന്നി, പലിശ, ചൂത്, മോഷണം, കൊള്ള, കൈയേറ്റം, പിടിച്ചുപറി എന്നിവ പാടില്ലാത്ത സമ്പാദ്യങ്ങള്‍ക്ക് ഉദാഹരണമാണ്.

നിയമവിധേയമായി സമ്പാദിക്കാന്‍ അനുവദിക്കുമ്പോഴും അതില്‍ വല്ലാതെ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്നും കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടുന്നതാണ് പരലോകത്തേക്ക് പണിയെടുക്കാന്‍ കൂടുതല്‍ അവസരമുണ്ടാക്കുക എന്നും നബി(സ്വ) പഠിപ്പിക്കുന്നു. ''നിങ്ങള്‍ കൂടുതല്‍ സംഭരിച്ചു വെക്കരുത്. അങ്ങനെ വരുമ്പോള്‍ ഐഹികജീവിതം കൊണ്ടുമാത്രം നിങ്ങള്‍ സംതൃപ്തരാകും (മുസ്‌ലിം). സൂറത്തുത്തക്കാസുര്‍ ഓതിക്കൊണ്ടിരിക്കുമ്പോള്‍ നബി(സ്വ)പറഞ്ഞു. ആദം സന്തതികളൊക്കെ എന്റെ ധനം, എന്റെ ധനം എന്നുപറഞ്ഞുകൊണ്ടിരിക്കുന്നു. (അവരുടെ ശ്രദ്ധ മുഴുവനും ധനത്തില്‍ ലയിച്ചിരിക്കുന്നു) എന്നാല്‍, ആദമിന്റെ മകനേ! നീ തിന്നു തീര്‍ത്തതും ധരിച്ചു ദ്രവിപ്പിച്ചതും ധര്‍മം ചെയ്ത് അവശേഷിപ്പിച്ചതും അല്ലാതെ നിന്റെ ധനത്തില്‍ നിന്ന് നിനക്ക് വല്ലതും നേടാന്‍ കഴിയുമോ? (മുസ്‌ലിം). 

ഒരിക്കല്‍ റസൂല്‍(സ്വ) ഒരുപായയില്‍ കിടന്നുറങ്ങി. എഴുന്നേറ്റപ്പോള്‍ ആ പായ തിരുദൂതന്റെ ശരീരത്തില്‍ അടയാളങ്ങളുണ്ടാക്കിയിരുന്നു. ഞങ്ങളപ്പോള്‍ അവിടുത്തോട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! അങ്ങേക്ക് ഞങ്ങളൊരു മാര്‍ദവമുള്ള വിരിപ്പുണ്ടാക്കിത്തന്നാലോ? അന്നേരം തിരുദൂതന്‍(സ്വ) പറഞ്ഞു: ദുന്‍യാവുമായി എനിക്കെന്ത് ബന്ധമാണ്! ഒരു വൃക്ഷച്ചുവട്ടില്‍ കുറച്ചു സമയം നിഴലേറ്റു വിശ്രമിച്ചു; പിന്നീട് അതുപേക്ഷിച്ചുപോയ ഒരു യാത്രക്കാരനെപ്പോലെ മാത്രമാണ് ഞാനീ ലോകത്തില്‍ (മുസ്‌ലിം).

 

Feedback