Skip to main content

ചൂതാട്ടം, വാതുവെപ്പ്, ലോട്ടറി

മയ്‌സിര്‍ എന്നാണ് ഇതിന് ഖുര്‍ആനില്‍ ഉപയോഗിച്ച പദം. എളുപ്പത്തില്‍ പണമുണ്ടാക്കുക എന്നാണ് പദത്തിന്റെ ആശയം. മറ്റൊരാളുടെ പണം പ്രത്യേക അധ്വാനമില്ലാതെ ചില തന്ത്രങ്ങളിലൂടെ കൈക്കലാക്കുന്ന എല്ലാ ഇടപാടുകളും ഈ ഗണത്തില്‍ പെടും. ചൂത് എന്നതിന് ചതിവ്, പറ്റിക്കല്‍ എന്നെല്ലാമാണ് ഭാഷയില്‍ അര്‍ഥം. ചൂതിന് നല്കപ്പെട്ട ഒരു നിര്‍വചനം ഇങ്ങനെയാണ്. ''പണമുള്‍പ്പടെ എന്തും ഈടായി വാതുവെച്ച്, ആകസ്മികമായ അന്ത്യഫലത്തെ ആശ്രയിച്ച് ഈട് പറ്റുന്ന പ്രവൃത്തിയാണ് ചൂത്. ഇതുമൂലം കൂടുതല്‍ മുതല്‍ കൈവരുകയോ നഷ്ടപ്പെടുകയോ ചെയ്യാം. അന്ത്യഫലം വളരെ കുറഞ്ഞ സമയത്തിനകം പുറത്തുവരുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രവൃത്തിയെയും ചൂതാട്ടം എന്നു പറയുന്നു. ഇവ വിനോദമായും കളികളായും കാണപ്പെടുന്നു. പകിട, ചതുരംഗം ചീട്ട് എന്നിവ വാതുവെച്ച് നടപ്പാക്കപ്പെട്ടാല്‍ ചൂതാട്ടമാണ്. വാണിജ്യാടിസ്ഥാനത്തിലും ചൂതാട്ടം നടത്തപ്പെടുന്നു, കസിനോകള്‍ ഇതിനുദാഹരണമാണ്''.

ചീട്ടുകളി, ഭാഗ്യക്കുറി, വാതുവെപ്പ് തുടങ്ങി പല പേരുകളിലും രൂപങ്ങളിലും ചൂതാട്ടം വേഷപ്പകര്‍ച്ച നേടിയിട്ടുണ്ട്. ലോട്ടറിയും പന്തയവുമെല്ലാം നികുതിയടച്ചുള്ളതാണെങ്കില്‍ അനുവദനീയവും സാമൂഹിക നന്മയുമായി മാറിയിരിക്കുന്നു.  പണം വെച്ച ചീട്ടുകളി കുറ്റകരമാണെങ്കില്‍ സമ്മാനകൂപ്പണുകളുടെ മറവിലുള്ള ചീട്ടുകളിയും ഭാഗ്യപരീക്ഷണവും അനുവദനീയമായി ലോകം കാണുന്നു. ഇന്ന് ലോകത്തിന്റെ സാമ്പത്തിക അച്ചുതണ്ടിനെ തന്നെ മിറിച്ചിടാന്‍ പോന്ന സാമ്പത്തിക ശക്തിയായി ചൂതാട്ടം വളര്‍ന്നിരിക്കുന്നു. കോടീശ്വരന്മാരുടെ കാസിനോകളില്‍ രാഷ്ട്ര ഭരണംപോലും ചൂത് വെക്കപ്പെടുന്നു. കളികള്‍, കലകള്‍, തെരഞ്ഞെടുപ്പുകള്‍, തുടങ്ങി വസ്തുക്കളും ആശയങ്ങളും ആദര്‍ശങ്ങളുമെല്ലാം ചൂതാട്ടമായി വളരുന്നു. 

പല സര്‍ക്കാരുകളുടെയും പ്രധാന വരുമാനമായി ചൂതിന്റെ മാന്യ വേര്‍ഷനായ ലോട്ടറി ഇടം പിടിച്ചു കഴിഞ്ഞു. ജനങ്ങളുടെ പണാര്‍ത്തിയെയും പെട്ടെന്ന് ധനികനാകാനുള്ള തൃഷ്ണയും ഭാഗ്യപരീക്ഷണത്തിലൂടെ ത്രസിപ്പിച്ച് സര്‍ക്കാരുകളും അതിനെക്കാള്‍ കൂടുതലായി അവരുടെ ഏജന്റുമാരും തടിച്ചുകൊഴുക്കുന്നു. ഭാഗ്യത്തില്‍ ഭ്രമിച്ചുപോയ സമൂഹം അരികിലിരിക്കുന്ന അര്‍ധസഹോദരന്റെ പട്ടിണി കാണാന്‍ കഴിയാതെയായപ്പോള്‍, അതിനും പരിഹാരം വരുന്നു, ഭാഗ്യപരീക്ഷണത്തിലൂടെ. ദരിദ്ര പെണ്‍കുട്ടികളുടെ വിവാഹത്തിന് മംഗല്യയായും, രോഗികള്‍ക്ക് കാരുണ്യയായും ഭാഗ്യാന്വേഷികളുടെ നിരാശപ്പണം ഒഴുക്കി ഉത്തരവാദപ്പെട്ടവര്‍ സാമൂഹിക ബാധ്യതയായി നിര്‍വഹിക്കേണ്ട ചുമതലയില്‍ നിന്നും രക്ഷപ്പെടുകയും അന്യായമായ ധൂര്‍ത്തുകളുമായി ഖജാന ദരിദ്രമാക്കുകയുംചെയ്യുന്നു. ചുരുക്കം ചിലരെ ബംബര്‍ കോടീശ്വരന്മാരാക്കുന്ന ലോട്ടറി പതിനായിരങ്ങളെ പട്ടിണിക്കാരാക്കിയാണത് നേടുന്നത്. അധ്വാനശേഷി കുറഞ്ഞവരോ അംഗപരിമിതരോ ആയ കുറച്ചുപേര്‍ കുടുംബം പോറ്റുന്നതിന്റെ പിന്നില്‍ പതിനായിരങ്ങളുടെ കുടുംബം കുളമായ കഥയുണ്ട്. കൂലിപ്പണിക്കാരുനും തെരുവുകച്ചവടക്കാരനുമെല്ലാം കോടിപതികളായി കാറും ബംഗ്ലാവുമുണ്ടാക്കുന്ന മലര്‍പൊടിക്കാരന്റെ  കഥപറയുന്ന ഫീച്ചറുകള്‍ കാണാതെ പോയ മറുവശമുണ്ട്. വര്‍ഷങ്ങള്‍കൊണ്ട് ലക്ഷങ്ങളുടെ ടിക്കറ്റ് ശേഖരം മാത്രം അനാഥമക്കള്‍ക്ക് അനന്തരമാക്കി മരിക്കുന്ന നൂറുകണക്കിന് നിത്യകൂലിക്കാരുടെ നിറമില്ലാത്ത കഥകളാണത്. എല്ലാ സമൂഹങ്ങളും എന്നും മഹാപാപമായി കാണുന്ന ഇതിനെ സാമൂഹ്യപ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിന്റെ പേരിലോ മറ്റുള്ളവര്‍ കട്ടെടുക്കുന്ന ഭാഗ്യത്വരയെ ഗുണാത്മകതയിലേക്ക് തട്ടിയെടുക്കുക എന്ന ആദര്‍ശത്തിലോ ദുര്‍ബലരുടെ തൊഴില്‍ സാധ്യതയുടെ പേരിലോ ന്യായീകരിക്കാന്‍ സാധിക്കില്ല. മുഹമ്മദ് നബി(സ്വ) വരുന്ന കാലത്ത് അറബികള്‍ക്കിടയി ലുണ്ടായിരുന്ന ചൂത് ഇതിനേക്കാള്‍ മാനവികമായിരുന്നു.

'പത്തുപേര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെ വാങ്ങും. വിലനല്‍കാന്‍ ഒരു അവധി നിശ്ചയിക്കും. അനന്തരം പത്ത് മരക്കഷ്ണങ്ങളെടുക്കും, ഓരോന്നിന്നും പ്രത്യേകം പേര് രേഖപ്പെടുത്തും. ഓരോ കഷ്ണത്തിലും നിശ്ചിത എണ്ണവും -ഓഹരി- എഴുതിയിരിക്കും. മൂന്നെണ്ണം ഓഹരി എഴുതാത്ത പൂജ്യം രേഖപ്പെടുത്തിയവയായിരിക്കും. പിന്നീട് ഒട്ടകത്തെ അറുത്ത് പത്തായോ ഇരുപത്തിയേഴായോ ഭാഗിക്കും. നിഷ്പക്ഷനായ ഒരാള്‍ മരക്കഷ്ണങ്ങള്‍ ഒരു സഞ്ചിയിലിട്ട് കുലുക്കിയ ശേഷം, ചൂതാട്ടത്തില്‍ പങ്കെടുക്കുന്നവരുടെ പേരില്‍ ഓരോന്നായി എടുക്കും. ഓരോരുത്തര്‍ക്കും കിട്ടിയ മരക്കഷ്ണത്തില്‍ രേഖപ്പെടുത്തിയ ഓഹരികള്‍ അവരവര്‍ എടുക്കുന്നു. ഓഹരികള്‍ എഴുതാത്ത പൂജ്യം രേഖപ്പെടുത്തിയ കഷ്ണങ്ങള്‍ കിട്ടിയ മൂന്നുപേര്‍ ഒട്ടകത്തിന്റെ മുഴുവന്‍ വിലയും നല്‍കാന്‍ ബാധ്യസ്ഥരാകുന്നു. അതായത്, വിജയികള്‍ക്ക് മാംസം ലഭിക്കുന്നു. പരാജിതര്‍ക്ക് പണം നഷ്ടമാവുന്നു'' (കശ്ശാഫ് വാല്യം 1, പേജ് 132) 

ഇങ്ങനെ  ചൂതിലൂടെ നേടുന്നത് അവര്‍ ഉപയോഗിക്കാറുണ്ടായിരുന്നില്ല. പാവങ്ങള്‍ക്ക് ദാനമായി നല്കുകയായിരുന്നു പതിവ്. അതിനാല്‍ തന്നെ സ്വയം സമ്പന്നനാകാനുള്ള കുറുക്കു വഴിയായിരുന്നില്ല അവര്‍ക്ക് ചൂത്. ഉദാരതയുടെ രൂപമായിട്ടായിരുന്നു അവര്‍ അതിനെ കണ്ടിരുന്നത്. ഭരതത്തിലെ ഇതിഹാസകഥയിലെ ശകുനിയുടെ കള്ളച്ചൂതില്‍ നിന്നും വ്യത്യസ്തമായി ഏറെ ജനോപകാരപ്രദവും സദുദ്ദേശ്യപരവുമായിരുന്നിട്ടും ജാഹിലിയ്യാ അറബികളുടെ ചൂതാട്ടം ഇസ്‌ലാം കുറ്റകരമായി പരിഗണിക്കുകയും നിഷിദ്ധമാക്കുകയും ചെയ്തു. ''(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്''(2: 219).

''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?'' (5:90, 91).

മറ്റുള്ളവരുടെ പണം എളുപ്പത്തില്‍ നേടിയെടുക്കാനുള്ള ഏതു തന്ത്രവും ചൂതാട്ടമാണ്. നിരത്തിവെച്ച വാച്ചും കണ്ണാടിയും മോതിരവും സോപ്പും നോക്കി വലുതിലേക്ക് വളയമെറിയുന്നതും എഴുതിക്കാണിക്കുന്ന സമ്മാനം പ്രതീക്ഷിച്ച് കാര്‍ഡുചുരണ്ടുന്നതും നറുക്കെടുക്കുന്നതുമെല്ലാം ഇങ്ങനെ ചൂതില്‍ തന്നെയാണ് വരിക. പൊതു സംരംഭങ്ങള്‍ക്ക് പണം പിരിക്കുന്നതിന്റെ ഭാഗമായി നാട്ടിന്‍പുറങ്ങളില്‍ സമ്മാന പ്രഖ്യാപനത്തോടെ നടത്തുന്ന സംഭാവനകളും സമ്മാന ലക്ഷ്യത്തില്‍ നല്കിയാല്‍ നിഷിദ്ധമായ ചൂതാട്ടമാണെന്നതില്‍ അഭിപ്രായാന്തരമില്ല.

വിനോദത്തിനു വേണ്ടിയുള്ള കളികളും ആരോഗ്യകരമായ മസ്തരങ്ങളും ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ അവ ചൂതാട്ടത്തിനുള്ള അവസരങ്ങളാകരുത്. പകിട കളി, ശീട്ടു കളി എന്നിവ പൊതുവെ പണംവെച്ചുള്ള ചൂതിനു കാരണമാകുന്നതിനാല്‍ പണമില്ലാതെയും അതു കളിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അല്ലാഹുവിന്റെ അതിര്‍ത്തികടന്ന് മേയാന്‍ അത് കാരണമായേക്കും, (ബുഖാരി) അതുപോലെ കളികളോടനുബന്ധിച്ചുള്ള വാതുവെപ്പ് പണവും ചൂതിലാണ് ഉള്‍പ്പെടുന്നത്. രണ്ടുപേരും ഓഹരിയിട്ട് സമ്മാനം ശേഖരിക്കുകയും ജയിച്ചവന്‍ അത് കരസ്ഥമാക്കുകയുംചെയ്യുന്ന സമ്മാനപ്പന്തയവും ഇസ്‌ലാം നിഷിദ്ധമാക്കി. ഇങ്ങനെയുള്ള കുതിരപ്പന്തയത്തിനുവേണ്ടി  പരിപാലിക്കുന്ന കുതിര ചെകുത്താന്റെതാ ണെന്നാണ് നബി(സ്വ) പറഞ്ഞത്. ഇവിടെ രണ്ടാളുടെ പണം അനിശ്ചിതമായി ഒരാള്‍ക്ക് ലഭിക്കുകയാണ്. കൊച്ചുകുട്ടികളുടെ ഏറുകളിയും മറ്റും ഇങ്ങനെ നിഷിദ്ധമായ വാതുവെപ്പില്‍ പെടുന്നതാണ്. അപരന്റെ കളി ഉപകരണങ്ങളായ കശുവണ്ടി, ഗോട്ടി തുടങ്ങിയ വസ്തുക്കള്‍ സ്വന്തമാക്കുകയാണല്ലോ ഈ കളിയില്‍ ജയിക്കുന്നതിലൂടെ ചെയ്യുന്നത്. എന്നാല്‍ മൂന്നാം കക്ഷി ജേതാവിന് സമ്മാനം നല്കുന്നത് ഇസ്‌ലാം നിഷിദ്ധമാക്കിയ പന്തയത്തില്‍ ഉള്‍പെടുകയില്ല.

Feedback
  • Friday May 17, 2024
  • Dhu al-Qada 9 1445