Skip to main content

ദ്വിഹാര്‍

ജാഹിലിയ്യാ കാലഘട്ടത്തില്‍ നിലനിന്നിരുന്ന സ്ത്രീവിരുദ്ധമായ ഒരു സമ്പ്രദായമാണ് ദ്വിഹാര്‍. ഭര്‍ത്താവ് ഭാര്യയോട് 'എനിക്ക് നീ എന്റെ മാതാവിന്റെ മുതുകുപോലെയാണ്' എന്നു പറഞ്ഞ് അവളുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുന്നതിനാണ് ദ്വിഹാര്‍ എന്ന് പറയുന്നത്. ഇസ്‌ലാം 'ദ്വിഹാര്‍' എന്ന സമ്പ്രദായത്തെ നിരോധിച്ചു. അതിന് ചില ശിക്ഷാവിധികള്‍ നിശ്ചയിക്കുകയും ചെയ്തു.

ഭാര്യയെ മാതാവായി പ്രഖ്യാപിക്കുന്ന ദ്വിഹാറോടുകൂടി അക്കാലത്ത് വിവാഹബന്ധം എന്നെന്നേക്കുമായി അവസാനിക്കുമായിരുന്നു. ഇസ്‌ലാമിക സമൂഹത്തിലും നാലുപേരുടെ ഭാഗത്തുനിന്ന് ഈ അത്യാചാരം നടന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവയില്‍ ഏറെ പ്രസിദ്ധമായത് ഔസുബ്‌നുസ്വാമിതിന്റെതാണ്. ഉബാദതുബ്‌നുസ്വാമിതിന്റെ സഹോദരനായ അദ്ദേഹം പ്രായാധിക്യത്തില്‍ വലിയ മുന്‍കോപിയായി മാറി. അദ്ദേഹത്തിന്റെ ഭാര്യ ഖസ്‌റജ് ഗോത്രക്കാരി ഖൗലയായിരുന്നു. സഅ്‌ലബയുടെ മകളായ ഖൗലയോട് ഔസുബ്‌നുസ്വാമിത് കോപാകുലനായിട്ട് ദ്വിഹാര്‍ ചെയ്തുവെന്ന് പറഞ്ഞു. വളരെയധികം ദു:ഖത്തോടെ ഖൗല പ്രവാചകനെ സമീപിച്ച് പ്രശ്‌നമവതരിപ്പിച്ചു. അല്ലാഹുവിന്റെ ദൂതരേ, എന്റെയും മക്കളുടെയും ജീവിതം തകരുന്നത് ഒഴിവാക്കാന്‍ എന്തെങ്കിലും പോംവഴി പറഞ്ഞുതരാമോ എന്ന് അന്വേഷിച്ചു. പ്രവാചകന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഇതുവരെ എനിക്ക് അല്ലാഹുവിന്റെ വിധിയൊന്നും വന്നുകിട്ടിയിട്ടില്ല. നിങ്ങള്‍ അദ്ദേഹത്തിന് നിഷിദ്ധമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. 

ഇതുകേട്ടപ്പോള്‍ ഖൗലയുടെ പ്രയാസം പതിന്മടങ്ങ് വര്‍ധിച്ചു. അവര്‍ തന്റെയും മക്കളുടെയും വൃദ്ധനായ ഭര്‍ത്താവിന്റെയും ജീവിതം തകരാതിരിക്കാന്‍ സഹായിക്കണമെന്ന് കേണപേക്ഷിച്ചു. പ്രവാചകന്‍(സ്വ) താന്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അപ്പോള്‍ തന്നെ തിരുനബിയില്‍ ദിവ്യബോധനത്തിന്റെ അടയാളങ്ങള്‍ പ്രകടമായി. അങ്ങനെ 58ാം അധ്യായത്തിലെ ആദ്യ സൂക്തങ്ങള്‍ അവതീര്‍ണമായി. 'തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങള്‍ രണ്ടുപേരുടെയും സംഭാഷണം കേട്ടു കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്. നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍ അബദ്ധമാകുന്നു ചെയ്യുന്നത്. അവര്‍(ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവളുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകളല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പു നല്‍കുന്നവനും പൊറുക്കുന്നവനുമാണ് (58:1,2).

ദ്വിഹാര്‍ നടത്തിയാല്‍ പിന്നീട് സ്ത്രീയെ തിരിച്ചെടുത്ത് അവളുമായിട്ടുള്ള ശാരീരികബന്ധം പുലര്‍ത്തുന്നതിന് മുമ്പെ പ്രായശ്ചിത്തം നല്‍കണമെന്ന് അല്ലാഹു കല്പിക്കുന്നു. അതിന് മുമ്പ് ലൈംഗിക ബന്ധം പാടില്ല. അല്ലാഹു പറയുന്നു: 'തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി ഒരടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. ഇനി വല്ലവനും അടിമയെ ലഭിക്കാത്തപക്ഷം അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പ് തുടര്‍ച്ചയായി രണ്ടു മാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവനും അത് സാധ്യമല്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിനും അല്ലാഹുവിന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് (58:3,4).

വൃദ്ധനായ ഔസുബ്‌നുസ്വാമിതിന് അടിമയെ മോചിപ്പിക്കാനും നോമ്പനുഷ്ഠിക്കാനും സാധ്യമല്ല. നന്നേ സാധുവായ അദ്ദേഹം എങ്ങനെ അറുപത് സാധുക്കള്‍ക്ക് ധര്‍മം ചെയ്യുമെന്ന് ഖൗല വിഷമത്തോടെ നബി(സ്വ)യോട് ചോദിച്ചു. ആ സമയത്ത് ഒരു വട്ടി ഈത്തപ്പഴം  അവര്‍ക്ക് ലഭിച്ചു. അവര്‍ ചോദിച്ചു. ഞാന്‍ ഇത് മുഖേന അദ്ദേഹത്തെ സഹായിക്കട്ടെയോ? നബി(സ്വ) പറഞ്ഞു. നല്ലത്. അദ്ദേഹത്തിനുവേണ്ടി അറുപത് സാധുവിനെ ഭക്ഷിപ്പിക്കുക. എന്നിട്ട് നിന്റെ ഭര്‍ത്താവിന്റെയടുത്തേക്ക് തിരിച്ചുപോവുക.

ഈ സൂക്തങ്ങളിലൂടെ അജ്ഞാനകാലത്ത് നിലവിലുണ്ടായിരുന്ന ദ്വിഹാര്‍ എന്ന ദുരാചാരത്തിന് അറുതിവരുത്തി. ഇങ്ങനെ പറയുന്നത് ഗുരുതരമായ തെറ്റായി പ്രഖ്യാപിച്ചു. അല്ലാഹുവിന്റെ ഇടപെടലിന് ഇടയാക്കിയ ആലവാതിക്കാരിയെന്ന നിലയില്‍ ഖൗല ശ്രദ്ധേയയായി. ദൈവവിധി ചോദിച്ചുവാങ്ങിയവള്‍ എന്ന മഹത്വം അവര്‍ക്ക് ലഭിച്ചു.

അസാധാരണമായ ലൈംഗികാസക്തിയുള്ള സലമതുബ്‌നു സഖര്‍ റമദാന്റെ പകല്‍ വേളയില്‍ നോമ്പുകാരനായിരിക്കെ ഭാര്യയെ സമീപിച്ചുപോയേക്കുമെന്ന് ആശങ്കയാല്‍ റമദാന്‍ കഴിയുന്നതുവരെ ഭാര്യയെ ദ്വിഹാര്‍ ചെയ്തുവെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ അദ്ദേഹത്തിന് അത് പാലിക്കാന്‍ കഴിഞ്ഞില്ല. പ്രായശ്ചിത്തത്തിന് മുമ്പെ ഭാര്യയുമായി ബന്ധപ്പെട്ടു. ഈ വിവരം അദ്ദേഹം പ്രവാചകനെ ധരിപ്പിച്ചു. പ്രായശ്ചിത്തം നല്‍കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ ഒന്നുമുണ്ടായിരുന്നില്ല. ബനൂസുറയ്ഖ് ഗോത്രത്തില്‍ ചെന്ന് സ്വദഖ വാങ്ങി അറുപത് സാധുക്കള്‍ക്ക് ധര്‍മം ചെയ്യാനും ശേഷിച്ചത് അദ്ദേഹത്തോടും ഭാര്യയോടും ഭക്ഷിച്ചുകൊള്ളാനും പ്രവാചകന്‍ നിര്‍ദേശിച്ചു. നബി(സ്വ)യുടെ ഈ നിര്‍ദേശത്തില്‍ എളുപ്പവും വിശാലതയും ഞാന്‍ കണ്ടുവെന്ന് അദ്ദേഹം പറയുകയും ചെയ്തു. അതിഗുരുതരമായ പാപമായിട്ടാണ് അജ്ഞാനകാലത്ത് നിലവിലുണ്ടായിരുന്ന ദ്വിഹാര്‍ എന്ന വിവാഹമോചനരീതിയെ ഖുര്‍ആന്‍ കണ്ടിട്ടുള്ളത്. അത് കൊണ്ടാണ് അതിന് പ്രായശ്ചിത്തം നിര്‍ബന്ധമാണെന്ന് പറഞ്ഞിട്ടുള്ളത്. സ്ത്രീകളുടെ അവകാശത്തെ സംരക്ഷിക്കാന്‍ കൂടിയാണ് ദ്വിഹാറിന് പ്രായശ്ചിത്തം നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇസ്‌ലാമിക സമൂഹത്തില്‍ നിന്ന് ഈ ഹീനവൃത്തി തുടച്ചുമാറ്റാന്‍ ഖുര്‍ആനിന്റെ പ്രഖ്യാപനത്തിന് സാധിച്ചു.

Feedback
  • Thursday May 16, 2024
  • Dhu al-Qada 8 1445