Skip to main content

കൈരേഖ നോട്ടവും ഭാവി പ്രവചനവും

മനുഷ്യന്റെ ഇരു കൈകളിലും തലങ്ങും വിലങ്ങും അനേകം വരകള്‍ കാണാം. വിരല്‍ത്തുമ്പിലെത്തുമ്പോള്‍ അവ ചെറുതും സങ്കീര്‍ണവുമാകുന്നു. ഈ രേഖകളുമായി ബന്ധപ്പെട്ട വിശ്വാസം ശാസ്ത്രവും അന്ധവിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. അതിലെ ശാസ്ത്രീയ സത്യം വളരെ അത്ഭുതകരമാണ്. കോടാനുകോടി മനുഷ്യര്‍ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടെങ്കിലും ജൈവരസതന്ത്രം (Biochemistry) വ്യക്തമാക്കുന്നത് വിരല്‍ത്തുമ്പിലെ വരകള്‍ ഓരോ മനുഷ്യന്റെയും വ്യത്യസ്തമാണെന്നാണ്. ഒരു മനുഷ്യനെപ്പോലെ മറ്റൊരു മനുഷ്യനില്ല എന്നര്‍ഥം. അതിസങ്കീര്‍ണമായ പല കൊലക്കേസുകളും തെളിയിക്കാന്‍ വിരലടയാള വിദഗ്ദര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ആധുനിക ലോകത്ത് വൈയക്തികമായ തിരിച്ചറിയല്‍ (Identification) നടത്തുന്നതിന് അന്താരാഷ്ട്ര തലങ്ങളില്‍പ്പോലും bio metric സംവിധാനങ്ങള്‍ ഉപയോഗിച്ചു വരുന്നു. മറ്റേതു തിരിച്ചറിയല്‍ അടയാളത്തിനുമില്ലാത്ത സ്വീകാര്യതയും ആധികാരികതയും വിരലടയാളങ്ങള്‍ക്കുണ്ട്. വിരലടയാളമെന്നത് കൈവിരലിന്റെ വെളുത്ത ഭാഗത്തു കാണുന്ന അതിസങ്കീര്‍ണ വരകളാണ്. 

മരണാനന്തരം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുമെന്ന വിശ്വാസത്തില്‍ സംശയം ജനിപ്പിക്കാനായി താര്‍ക്കികന്‍മാര്‍ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. നുരുമ്പി മണ്ണിനോടു ചേര്‍ന്ന എല്ലുകള്‍ പുനര്‍ജീവിക്കപ്പെടുകയോ? അതിനു മറുപടിയായി അല്ലാഹു പറയുന്നതിങ്ങനെയാണ്. ''നാം അവന്റെ എല്ലുകള്‍ ഒരുമിച്ചു കൂട്ടുകയില്ലെന്ന് മനുഷ്യന്‍ വിചാരിക്കുന്നുവോ! അതേ, നാം അവന്റെ വിരല്‍തുമ്പുകള്‍ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനാകുന്നു'' (75:3,4). അതിസങ്കീര്‍ണമായ മനുഷ്യശരീരം സൃഷ്ടിച്ച് സംവിധാനിച്ച അല്ലാഹു പരിശുദ്ധനാണ്. അവനാണ് ആരാധനക്കര്‍ഹന്‍ എന്നതാണ് കൈരേഖയിലടങ്ങിയ വിശ്വാസ കാര്യങ്ങള്‍.

എന്നാല്‍ ഒരാളുടെ കൈരേഖ നോക്കി അയാളുടെ ഭാവിജീവിതത്തിന്റെ ഗതിവിഗതികള്‍ അറിയാന്‍ കഴിയും എന്നവകാശപ്പെടുന്ന ചില ആളുകള്‍ പ്രചരിപ്പിക്കുന്നത് തികഞ്ഞ അന്ധവിശ്വാസമാണ്; അസംബന്ധമാണ്. ഭാവി അറിയാന്‍ അല്ലാഹുവിനു മാത്രമേ കഴിയൂ. കൈരേഖ നോക്കി ഭാവി പ്രവചിക്കാന്‍ കഴിയുന്ന ഒരു ശാസ്ത്രമില്ല. കവടി നിരത്തി ഭാവി പറയുമെന്ന് അവകാശപ്പെടുന്ന ജോത്‌സ്യന്റെ സ്ഥാനത്തു തന്നെയാണ് കൈനോട്ടക്കാരന്റെ സ്ഥിതിയും. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ നിഷിദ്ധമായ കാര്യങ്ങളുടെ ഗണത്തിലാണ് കൈനോട്ടവും അതു വിശ്വസിക്കലും പരിഗണിക്കപ്പെടുക.
 

Feedback
  • Sunday Nov 2, 2025
  • Jumada al-Ula 11 1447