(Professor, Department of Laparoscopic and General Surgery)
KMCT Medical Collage
ആ ദിവസം ആശുപത്രിയിലെ ഒപി വിഭാഗത്തിൽ പതിവിലേറെ തിരക്കായിരുന്നു. പുറത്തു രോഗികളുടെ നീണ്ട നിര. ഓരോരുത്തർക്കും അവരുടേതായ വേദനകളും ആശങ്കകളും. പരിശോധനകൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട രോഗികൾ, ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കേണ്ടവർ—തിരക്കിനിടയിൽ സമയം വേഗത്തിൽ കടന്നുപോകുകയായിരുന്നു.
അപ്പോഴാണ് ഒരു വയോധികയായ ഉമ്മ എന്റെ മുറിയിലേക്ക് വന്നത്. എൺപതിനടുത്ത് പ്രായം തോന്നും. ഒരു കൈയിൽ ഊന്നുവടി; മറ്റേ കൈയിൽ പഴയൊരു പ്ലാസ്റ്റിക് കവർ. അതിനുള്ളിൽ മരുന്നുകളും പഴയ മരുന്നുകുറിപ്പുകളും പരിശോധനാഫലങ്ങളും സൂക്ഷിച്ചുവച്ചിരുന്നു. കൂടെ ഒരു യുവാവുമുണ്ടായിരുന്നു.
“ആരാണ് കൂടെ?” ഞാൻ ചോദിച്ചു.
“മകനാണ് ഡോക്ടർ,” ഉമ്മ പറഞ്ഞു.
യുവാവ് ഉടനെ തിരുത്തി:
“അല്ല ഡോക്ടർ, ഞാൻ അയൽവാസിയാണ്. മക്കൾ പുറത്താണ്.”
ഉമ്മ ചിരിച്ചു. ആ ചിരിയിൽ ചെറിയൊരു ജാള്യമുണ്ടായിരുന്നു.
“അതെ ഡോക്ടർ... എന്റെ മക്കൾ രണ്ടുപേരും പുറത്താണ്. ഇവനും എന്റെ മോനെപ്പോലെയാണ്.”
“എന്താണ് ബുദ്ധിമുട്ട് ഉമ്മാ?”
“വലിയ ബുദ്ധിമുട്ടൊന്നുമില്ല ഡോക്ടർ...”
വയോധികരിൽനിന്ന് നമ്മൾ പലപ്പോഴും കേൾക്കുന്ന മറുപടിയാണത്. എന്നാൽ കൂടുതൽ ചോദിച്ചപ്പോൾ ഓരോന്നായി കാര്യങ്ങൾ പുറത്തുവന്നു. മുട്ടുവേദനയുണ്ട്. നടക്കുമ്പോൾ ക്ഷീണമുണ്ട്. രാത്രിയിൽ ഉറക്കം കുറവാണ്. വിശപ്പും പഴയതുപോലെയില്ല. കഴിഞ്ഞ മാസം കുളിമുറിയിൽ ഒരിക്കൽ വീണിട്ടുമുണ്ട്.
“പരിക്ക് പറ്റിയോ?”
“ഇല്ല ഡോക്ടർ, അല്ലാഹു കാത്തു.”
മരുന്നുകൾ പരിശോധിച്ചു. രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ പരിശോധനാഫലങ്ങളും നോക്കി. നടത്തത്തിലെ സ്ഥിരതയും വിലയിരുത്തി. സംസാരത്തിനിടയിൽ ഞാൻ ചോദിച്ചു:
“ഉമ്മ ഒറ്റയ്ക്കാണോ വീട്ടിൽ?”
അവർ ഒരു നിമിഷം മിണ്ടാതിരുന്നു.
“അതെ.”
“മക്കൾ എവിടെയാണ്?”
“ഒരാൾ ഗൾഫിലാണ്. ഒരാൾ ബാംഗ്ളൂരിൽ.”
“വിളിക്കാറുണ്ടോ?”
ആ ചോദ്യം കേട്ടതോടെ മുഖത്ത് പെട്ടെന്ന് സന്തോഷം തെളിഞ്ഞു.
“വിളിക്കും ഡോക്ടർ. രണ്ടുപേരും നല്ല മക്കളാണ്.”
മാതാപിതാക്കൾ അങ്ങനെയാണ്. മക്കളെക്കുറിച്ച് മറ്റൊരാളോട് പരാതി പറയാൻ അവർക്ക് പലപ്പോഴും മനസ്സ് വരില്ല.
“ദിവസവും വിളിക്കുമോ?”
അവർ ചെറുതായി ചിരിച്ചു.
“അവർക്ക് ജോലി അല്ലേ ഡോക്ടർ... സമയം കിട്ടുമ്പോൾ വിളിക്കും.”
അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അവർ കൂട്ടിച്ചേർത്തു:
“ഞാൻ വിളിക്കാറില്ല.”
“എന്തുകൊണ്ട്?”
“ജോലിക്കിടയിൽ ബുദ്ധിമുട്ടിക്കണ്ടല്ലോ.”
ആ വാക്കുകൾ കേട്ടപ്പോൾ എന്റെ മുന്നിൽ ഇരിക്കുന്നത് ഒരു രോഗി മാത്രമല്ലെന്ന് തോന്നി. ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള മക്കളുടെ ജോലി തടസ്സപ്പെടാതിരിക്കാൻ സ്വന്തം ഏകാന്തതപോലും മറച്ചുവയ്ക്കുന്ന ഒരു ഉമ്മ. മക്കൾ വളർന്ന് സ്വന്തം ജീവിതങ്ങളിലേക്ക് പോയിട്ടും അവരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കാത്ത ഒരു ഉമ്മ.
പരിശോധന കഴിഞ്ഞപ്പോൾ അവർ മടിച്ചുകൊണ്ട് ചോദിച്ചു:
“ഡോക്ടർ... ഉറക്കം വരാൻ എന്തെങ്കിലും മരുന്നുണ്ടോ?”
“എന്തെങ്കിലും ചിന്തയുണ്ടോ?”
ആദ്യം “ഇല്ല” എന്നു തലയാട്ടി. പിന്നെ പതുക്കെ പറഞ്ഞു:
“രാത്രിയായാൽ വീട് വല്ലാതെ നിശ്ശബ്ദമാണ് ഡോക്ടർ.”
“ഭയമാണോ?”
“ഭയമൊന്നുമില്ല.”
കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം വന്ന വാക്കുകൾ ഇന്നും മനസ്സിൽ നിൽക്കുന്നു:
“സംസാരിക്കാൻ ആരുമില്ല.”
ആ നിമിഷം ഉറക്കമരുന്ന് എഴുതുന്നതിനുമുമ്പ് ഒരു ഡോക്ടർ ചോദിക്കേണ്ട മറ്റൊരു ചോദ്യം എനിക്ക് മനസ്സിലായി. ഉറക്കം നഷ്ടപ്പെട്ടത് ശരീരത്തിന്റെ രോഗം കൊണ്ടാണോ, അതോ ജീവിതത്തിൽനിന്ന് മനുഷ്യശബ്ദങ്ങൾ കുറഞ്ഞതുകൊണ്ടാണോ?
വാർധക്യത്തെക്കുറിച്ച് പറയുമ്പോൾ നമ്മൾ പലപ്പോഴും രോഗങ്ങളെയും മരുന്നുകളെയും പെൻഷനെയും കുറിച്ചാണ് ആദ്യം ചിന്തിക്കുന്നത്. എന്നാൽ വാർധക്യം അതിലേറെ വലിയൊരു മനുഷ്യാനുഭവമാണ്.
ഇന്ന് വിറയ്ക്കുന്ന ആ കൈകൾ ഒരിക്കൽ ശക്തമായിരുന്നു. ഒരു കുഞ്ഞിനെ ആദ്യമായി എടുത്തതും പനി വന്ന രാത്രിയിൽ നെറ്റിയിൽ കൈവെച്ചതും സ്കൂളിന്റെ ആദ്യദിവസം കൈപിടിച്ചു കൊണ്ടുപോയതും സൈക്കിൾ പഠിപ്പിക്കുമ്പോൾ പിന്നിൽ പിടിച്ചുനടന്നതും മകൻ വീണപ്പോൾ പൊക്കിയെടുത്തതും മകളുടെ വിവാഹദിവസം കണ്ണുനീർ തുടച്ചതും ഒരുപക്ഷേ ആ കൈകളായിരിക്കാം.
ഇന്ന് അതേ കൈകൾക്ക് ഒരു ഗ്ലാസ് വെള്ളം പോലും മറ്റൊരാൾ എടുത്തുകൊടുക്കേണ്ടിവരാം.
വാർധക്യം മനുഷ്യനെ വിലകുറഞ്ഞവനാക്കുന്ന കാലമല്ല. ഒരിക്കൽ നമ്മെ താങ്ങിയ മനുഷ്യനെ നാം താങ്ങേണ്ട കാലമാണ്.
ഖുർആൻ മനുഷ്യജീവിതത്തിന്റെ ഈ യാത്രയെ അതിമനോഹരമായി ഓർമിപ്പിക്കുന്നു:
اللَّهُ الَّذِي خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِن بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِن بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً
“ബലഹീനാവസ്ഥയിൽ നിങ്ങളെ സൃഷ്ടിച്ചവനാണ് അല്ലാഹു. പിന്നീട് ആ ബലഹീനതയ്ക്കുശേഷം അവൻ ശക്തി നൽകി. പിന്നീട് ആ ശക്തിക്കുശേഷം വീണ്ടും ബലഹീനതയും നരയും ഉണ്ടാക്കി.” (ഖുർആൻ 30:54)
ഒരു കുഞ്ഞിന് സ്വന്തമായി തല ഉയർത്താൻ പോലും കഴിയാത്ത കാലത്ത് ഉമ്മ അവനെ എടുത്തുനടക്കുന്നു. ഉപ്പ വിരൽ കൊടുത്ത് നടക്കാൻ പഠിപ്പിക്കുന്നു. വർഷങ്ങൾ കഴിയുമ്പോൾ കുഞ്ഞ് വളരുന്നു; അവന്റെ ചുവടുകൾ വേഗത്തിലാകുന്നു. അതേസമയം ഉപ്പയുടെ ചുവടുകൾ പതുക്കെയാകുന്നു.
ഒടുവിൽ മകനെ വിരൽ പിടിപ്പിച്ച് നടത്തിയ ഉപ്പയ്ക്ക് അതേ മകന്റെ കൈ പിടിക്കാതെ നടക്കാൻ കഴിയാത്ത കാലം വരുന്നു. ഒരിക്കൽ മകൾക്ക് ഭക്ഷണം വാരിക്കൊടുത്ത ഉമ്മയ്ക്ക് ഇന്ന് മകൾ ഭക്ഷണം വാരിക്കൊടുക്കുന്നു.
ജീവിതം ചിലപ്പോൾ അത്ര മനോഹരമായും അത്ര വേദനാജനകമായും ഒരു വൃത്തം പൂർത്തിയാക്കുന്നു.
മാതാപിതാക്കളുടെ വാർധക്യത്തെക്കുറിച്ച് പറയുമ്പോൾ ഖുർആൻ നമ്മുടെ പെരുമാറ്റത്തിലെ ഏറ്റവും ചെറിയ അസഹിഷ്ണുതയെപ്പോലും പ്രത്യേകം പരാമർശിക്കുന്നു:
إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا
“അവരിൽ ഒരാളോ ഇരുവരുമോ നിന്റെ അടുത്ത് വാർധക്യത്തിലെത്തിയാൽ അവരോട് ‘ഉഫ്’ എന്നു പോലും പറയരുത്; അവരെ ശകാരിക്കരുത്; അവരോട് മാന്യമായ വാക്കുകൾ പറയുക. (ഖുർആൻ 17:23
ഇവിടെ ഭക്ഷണം നൽകണമെന്നോ പണം നൽകണമെന്നോ മാത്രം അല്ല പറയുന്നത്. നമ്മുടെ ശബ്ദത്തിന്റെ സ്വരംവരെ ഖുർആൻ ശ്രദ്ധിക്കുന്നു. കാരണം വാർധക്യത്തിൽ മനുഷ്യനെ വിശപ്പിനേക്കാൾ വേദനിപ്പിക്കാൻ കഴിയുന്ന ഒന്നുണ്ട്—സ്വന്തം മക്കളുടെ അസഹിഷ്ണുത.
ഇസ്‌ലാം പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനെ ഒരു കുടുംബബാധ്യതയായി മാത്രം കാണുന്നില്ല; സ്വർഗം നേടാനുള്ള മഹത്തായ അവസരമായും അതിനെ കാണുന്നു.
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു:
رَغِمَ أَنْفُهُ، ثُمَّ رَغِمَ أَنْفُهُ، ثُمَّ رَغِمَ أَنْفُهُ
“അവന്റെ മൂക്ക് മണ്ണിൽ പതിയട്ടെ! വീണ്ടും അവന്റെ മൂക്ക് മണ്ണിൽ പതിയട്ടെ! വീണ്ടും അവന്റെ മൂക്ക് മണ്ണിൽ പതിയട്ടെ!”
അപ്പോൾ ചോദിക്കപ്പെട്ടു:
مَنْ يَا رَسُولَ اللَّهِ؟
“ആരാണ്, അല്ലാഹുവിന്റെ ദൂതരേ?”
നബി(സ്വ) പറഞ്ഞു:
مَنْ أَدْرَكَ وَالِدَيْهِ عِنْدَ الْكِبَرِ أَحَدَهُمَا أَوْ كِلَيْهِمَا ثُمَّ لَمْ يَدْخُلِ الْجَنَّةَ
“തന്റെ മാതാപിതാക്കളിൽ ഒരാളെയോ ഇരുവരെയുമോ അവരുടെ വാർധക്യത്തിൽ ലഭിച്ചിട്ടും, പിന്നീട് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയാതെ പോയവൻ.” (സഹീഹ് മുസ്‌ലിം, 2551
ഈ ഹദീസ് നമ്മെ ആഴത്തിൽ ചിന്തിപ്പിക്കേണ്ടതാണ്. പ്രായമായ ഉപ്പയും ഉമ്മയും നമ്മുടെ കൂടെയുണ്ടാകുന്നത് ഒരു ഭാരമായി കാണേണ്ട കാര്യമല്ല; സ്വർഗത്തിലേക്കുള്ള വഴി തുറന്നുകിട്ടിയ മഹത്തായ അവസരമാണത്.
നമ്മൾ സ്വർഗത്തിലേക്കുള്ള വഴികൾ ചിലപ്പോൾ ദൂരെയെവിടെയോ അന്വേഷിക്കുന്നു. എന്നാൽ ആ വഴി നമ്മുടെ സ്വന്തം വീട്ടിനുള്ളിൽ തന്നെയായിരിക്കാം.
പതുക്കെ നടക്കുന്ന ഉപ്പയുടെ കൈപിടിക്കുന്നതിൽ...
വിറയ്ക്കുന്ന ഉമ്മയുടെ കൈയിൽ മരുന്ന് വെച്ചുകൊടുക്കുന്നതിൽ...
ഒരേ ചോദ്യം വീണ്ടും ചോദിക്കുമ്പോൾ ദേഷ്യപ്പെടാതെ മറുപടി പറയുന്നതിൽ...
ആശുപത്രിയുടെ വരാന്തയിൽ അവരോടൊപ്പം കാത്തിരിക്കുന്നതിൽ...
ഭക്ഷണം കഴിക്കാൻ കഴിയാതെ വരുമ്പോൾ സ്നേഹത്തോടെ വാരിക്കൊടുക്കുന്നതിൽ...
രാത്രിയിൽ അവർ വിളിക്കുമ്പോൾ ശകാരിക്കാതെ അടുത്തുചെല്ലുന്നതിൽ...
“മോനേ...” എന്ന ഉമ്മയുടെ വിളിക്ക് “എന്താ ഉമ്മാ...” എന്ന് സ്നേഹത്തോടെ മറുപടി പറയുന്നതിൽ പോലും സ്വർഗത്തിലേക്കുള്ള ഒരു വഴി ഒളിഞ്ഞിരിക്കാം.
ഒരിക്കൽ നമ്മൾ കുഞ്ഞായിരുന്നപ്പോൾ നമ്മുടെ മലമൂത്രം വൃത്തിയാക്കാൻ ഉമ്മയ്ക്ക് അറപ്പുണ്ടായിരുന്നില്ല. രാത്രിയിൽ നമുക്ക് പനി വന്നപ്പോൾ ഉപ്പയ്ക്ക് സ്വന്തം ഉറക്കം പ്രധാനമായിരുന്നില്ല. നമ്മൾ നടക്കാൻ പഠിക്കുമ്പോൾ വീണ്ടും വീണ്ടും വീണിട്ടും അവർക്ക് ക്ഷമ നഷ്ടപ്പെട്ടില്ല.
ഇന്ന് കാലം തിരിഞ്ഞിരിക്കുന്നു.
ഉപ്പയുടെ കൈ വിറയ്ക്കുന്നു. ഉമ്മയുടെ ഓർമ്മ മങ്ങുന്നു. അവരുടെ ചുവടുകൾ പതുക്കെയാകുന്നു.
അപ്പോൾ അവരെ സേവിക്കുന്നത് ഒരു കടത്തിൻറെ തിരിച്ചടവ് മാത്രമല്ല; അല്ലാഹു നമുക്ക് നൽകിയ ഒരു പരീക്ഷയും അതോടൊപ്പം സ്വർഗം നേടാനുള്ള അപൂർവ അവസരവുമാണ്.
അവർ ഈ ലോകത്തുനിന്ന് യാത്രയായ ശേഷം കബറിനരികിൽ നിന്ന് എത്ര കണ്ണുനീർ ഒഴുക്കിയാലും, ജീവിച്ചിരിക്കുമ്പോൾ നൽകാമായിരുന്ന ഒരു ഗ്ലാസ് വെള്ളം പിന്നീട് നൽകാൻ കഴിയില്ല. പറയാതെ പോയ സ്നേഹവാക്കുകൾ പിന്നീട് അവരുടെ ചെവിയിൽ എത്തിക്കാനാവില്ല. എടുക്കാതെ പോയ ഒരു ഫോൺവിളിക്ക് പിന്നീട് മറുപടി നൽകാനുമാവില്ല.
അതുകൊണ്ട് പ്രായമായ ഉപ്പയോ ഉമ്മയോ ഇന്ന് നമ്മുടെ കൂടെയുണ്ടെങ്കിൽ അവരെ ഒരു ഭാരമായി കാണരുത്.
നമ്മൾ അന്വേഷിക്കുന്ന സ്വർഗത്തിലേക്കുള്ള ഒരു വാതിൽ, ഒരുപക്ഷേ നമ്മുടെ വീട്ടിലെ ഉപ്പയുടെയോ ഉമ്മയുടെയോ മുറിയുടെ വാതിലായിരിക്കാം.
ഒരു ഉപ്പ ചോദിക്കുന്നു:
“മോനേ, ഇന്ന് ഏതാ ദിവസം?”
“വെള്ളി.”
അഞ്ചു മിനിറ്റിനുശേഷം വീണ്ടും ചോദിക്കുന്നു:
“ഇന്ന് ഏതാ ദിവസം?”
“വെള്ളിയാണുപ്പാ.”
കുറച്ചുകഴിഞ്ഞ് വീണ്ടും അതേ ചോദ്യം.
ഇപ്പോൾ മകന്റെ ശബ്ദം ഉയരുന്നു:
“എത്ര തവണ പറയണം ഉപ്പാ?”
ഉപ്പ മിണ്ടാതാകുന്നു.
അത് വാശിയായിരിക്കണമെന്നില്ല.
മറവിരോഗമായിരിക്കാം.
മറവിരോഗം ഓർമ്മക്കുറവ് മാത്രമല്ല. ചിന്താശേഷി, പെരുമാറ്റം, തീരുമാനമെടുക്കാനുള്ള കഴിവ്, ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ശേഷി എന്നിവയെയും അത് ബാധിക്കാം.
ഒരു ദിവസം ഉപ്പ മകന്റെ പേര് മറന്നേക്കാം. പിന്നീട് സ്വന്തം വീടിനെ തിരിച്ചറിയാതെ വരാം. ഒടുവിൽ മുന്നിൽ നിൽക്കുന്ന മനുഷ്യൻ സ്വന്തം മകനാണെന്നതുപോലും മറന്നേക്കാം.
പക്ഷേ—
അദ്ദേഹം നിങ്ങളെ മറന്നാലും നിങ്ങൾ അദ്ദേഹത്തെ മറക്കരുത്.
നിങ്ങൾക്ക് സ്വന്തം പേര് പോലും പറയാൻ കഴിയാത്ത കാലത്ത് നിങ്ങളുടെ കരച്ചിലിന്റെ അർത്ഥം തിരിച്ചറിഞ്ഞ മനുഷ്യനാണ് അദ്ദേഹം.
വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലും വാർധക്യത്തെ “പ്രായമായതല്ലേ” എന്ന ഒറ്റവാചകത്തിൽ അവസാനിപ്പിക്കാൻ കഴിയില്ല. വാർധക്യം ഒരു രോഗമല്ല. എന്നാൽ പ്രായം കൂടുന്നതിനൊപ്പം ശരീരത്തിന് രോഗങ്ങളെയും മറ്റു സമ്മർദങ്ങളെയും നേരിടാനുള്ള ശേഷി കുറയാം.
പേശികളുടെ അളവും ശക്തിയും കുറയാം. എല്ലുകളുടെ ബലം കുറയാം. കാഴ്ചയും കേൾവിയും മങ്ങാം. ശരീരത്തിന്റെ തുലനശേഷി കുറയാം. ഓർമ്മയിലും ചിന്താശേഷിയിലും മാറ്റങ്ങൾ വരാം. വൃക്കകൾ ഉൾപ്പെടെയുള്ള അവയവങ്ങളുടെ പ്രവർത്തനശേഷിയിലും കുറവ് സംഭവിക്കാം. ചില വയോധികരിൽ ചെറിയൊരു അണുബാധ പോലും വലിയ ശാരീരിക തളർച്ചയ്ക്ക് കാരണമാകാം.
അതുകൊണ്ട് വയോധികനെ പരിശോധിക്കുമ്പോൾ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും മാത്രം നോക്കിയാൽ പോരാ. നടക്കാൻ കഴിയുന്നുണ്ടോ? സ്വയം കുളിക്കാനും വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടോ? അടുത്തകാലത്ത് വീണിട്ടുണ്ടോ? ഓർമ്മക്കുറവുണ്ടോ? വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുണ്ടോ? കേൾവിക്കുറവുണ്ടോ? എത്ര മരുന്നുകളാണ് കഴിക്കുന്നത്? വീട്ടിൽ സുരക്ഷിതമായി ജീവിക്കാൻ കഴിയുന്നുണ്ടോ?
വയോജന ചികിത്സയുടെ അടിസ്ഥാനചോദ്യം രോഗത്തിന്റെ പേര് മാത്രമല്ല.
ഈ മനുഷ്യന് എത്രത്തോളം സ്വതന്ത്രമായും അന്തസ്സോടെയും ജീവിക്കാൻ കഴിയുന്നു എന്നതാണ്.
കുടുംബം മുഴുവൻ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുമ്പോൾ വല്യുപ്പ ഒരു മൂലയിലിരുന്ന് ഒന്നും പറയാത്തത് കണ്ടാൽ “വല്യുപ്പക്ക് ഒന്നും മനസ്സിലാകില്ല” എന്ന് നാം കരുതിയേക്കാം. ഒരുപക്ഷേ അദ്ദേഹത്തിന് പറയാനില്ലാത്തതല്ല; കേൾക്കാൻ കഴിയാത്തതായിരിക്കാം.
കേൾവിക്കുറവ് ഒരാളെ പതുക്കെ കുടുംബസംഭാഷണത്തിൽനിന്ന് പുറത്താക്കാം. കേൾക്കാത്തതിനാൽ തെറ്റായി മറുപടി പറയുമ്പോൾ അത് ഓർമ്മക്കുറവായി പോലും തെറ്റിദ്ധരിക്കപ്പെടാം. അതുകൊണ്ട് കേൾവി പരിശോധിക്കുകയും ആവശ്യമായിടത്ത് കേൾവിസഹായി നൽകുകയും വേണം.
അതുപോലെ തിമിരം, കണ്ണിലെ മർദ്ദവുമായി ബന്ധപ്പെട്ട രോഗങ്ങൾ, പ്രമേഹം മൂലമുള്ള നേത്രരോഗങ്ങൾ എന്നിവയെയും “പ്രായമായതല്ലേ” എന്നു പറഞ്ഞ് അവഗണിക്കരുത്.
കാഴ്ചയും കേൾവിയും നഷ്ടപ്പെടുമ്പോൾ മനുഷ്യൻ ലോകത്തിൽനിന്ന് പതുക്കെ അകന്നുപോകാം.
പല വയോധികരും ആശുപത്രിയിൽ വരുമ്പോൾ മരുന്നുകൾ നിറച്ച ഒരു പ്ലാസ്റ്റിക് കവർ മേശപ്പുറത്ത് വയ്ക്കാറുണ്ട്. പ്രമേഹത്തിന് ഒരു ഗുളിക, രക്തസമ്മർദ്ദത്തിന് മറ്റൊന്ന്, ഹൃദ്രോഗത്തിന് വേറൊന്ന്, വേദനയ്ക്കുള്ള മരുന്ന്, ഉറക്കമരുന്ന്, ജീവകങ്ങൾ—പട്ടിക നീളും.
ഒരേസമയം അനേകം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ചിലരിൽ മരുന്നുകൾ തമ്മിലുള്ള പ്രതികരണം, തലചുറ്റൽ, ആശയക്കുഴപ്പം, വീഴ്ച, വൃക്കകളുടെ പ്രവർത്തനത്തിലെ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം.
അതുകൊണ്ട് വയോധികരുടെ മരുന്നുകൾ ഇടയ്ക്കിടെ പുനഃപരിശോധിക്കണം. ചിലപ്പോൾ ഒരു വയോധികനുവേണ്ടി ഡോക്ടർ ചെയ്യുന്ന ഏറ്റവും നല്ല കാര്യം പുതിയൊരു ഗുളിക എഴുതുന്നതല്ല;
ആവശ്യമില്ലാത്ത ഒരു ഗുളിക സുരക്ഷിതമായി ഒഴിവാക്കുന്നതാണ്.
ഒരു ചെറിയ വീഴ്ചപോലും വയോധികന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവാകാം. എഴുപത്തിയെട്ടുകാരിയായ ഉമ്മ രാത്രി കുളിമുറിയിലേക്ക് പോകുന്നു. നിലം അല്പം നനഞ്ഞിരിക്കുന്നു. കാലിടറി വീഴുന്നു. ഇടുപ്പെല്ല് പൊട്ടുന്നു. ആശുപത്രിവാസവും ശസ്ത്രക്രിയയും തുടർന്ന് വീണ്ടും നടക്കാനുള്ള പരിശീലനവും വേണ്ടിവരുന്നു.
വീഴുന്നതിന് ഒരു നിമിഷം മുമ്പ് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്തിരുന്ന വ്യക്തി പെട്ടെന്ന് മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്നു.
അതുകൊണ്ട് കുളിമുറിയിൽ പിടിക്കാനുള്ള കൈപ്പിടികൾ, വഴുക്കാത്ത നിലം, മതിയായ വെളിച്ചം, പടികളിലെ കൈവരികൾ, അനുയോജ്യമായ ചെരിപ്പ്, കാഴ്ച പ്രശ്നങ്ങളുടെ ചികിത്സ, പേശികളുടെ ശക്തിയും ശരീരത്തിന്റെ തുലനശേഷിയും നിലനിർത്താനുള്ള വ്യായാമങ്ങൾ എന്നിവ ആഡംബരമല്ല.
അവ വയോധികന്റെ സ്വാശ്രയത്വം സംരക്ഷിക്കുന്ന പ്രതിരോധ ചികിത്സയാണ്.
“ഡോക്ടർ, ഉമ്മ ഇപ്പോൾ ഒന്നും കഴിക്കുന്നില്ല” എന്ന പരാതിയും പ്രായത്തിന്റെ പേരിൽ അവഗണിക്കരുത്. പല്ലുകളുടെ പ്രശ്നം, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, മരുന്നുകളുടെ പാർശ്വഫലം, വിഷാദരോഗം, മറവിരോഗം, മറ്റ് ശാരീരിക രോഗങ്ങൾ എന്നിവ അന്വേഷിക്കണം.
അതോടൊപ്പം മറ്റൊരു ചോദ്യം കൂടി ചോദിക്കണം:
“ഉമ്മ ആരോടൊപ്പമാണ് ഭക്ഷണം കഴിക്കുന്നത്?”
ഒരിക്കൽ വലിയ ഭക്ഷണമേശയുടെ ചുറ്റും മക്കളും കൊച്ചുമക്കളും ഇരുന്നിരുന്ന വീട്ടിൽ ഇന്ന് ഉമ്മ ഒറ്റയ്ക്കാണെങ്കിൽ—
വിശപ്പില്ലാത്തത് വയറിന് മാത്രമായിരിക്കണമെന്നില്ല.
വയോജന പരിചരണത്തിലെ അധികം സംസാരിക്കപ്പെടാത്ത മറ്റൊരു മുഖമാണ് വയോധികനായ പരിചാരകൻ.
ഭാര്യയ്ക്ക് പക്ഷാഘാതം വന്നിരിക്കുന്നു. ഭർത്താവിന് എഴുപത്തിയെട്ട് വയസ്സ്. രാവിലെ അവളെ എഴുന്നേൽപ്പിക്കുന്നതും മരുന്ന് കൊടുക്കുന്നതും ഭക്ഷണം നൽകുന്നതും വസ്ത്രം മാറ്റുന്നതും ആശുപത്രിയിൽ കൊണ്ടുപോകുന്നതുമെല്ലാം അദ്ദേഹം തന്നെയാണ്.
എല്ലാവരും പറയും:
“അദ്ദേഹം ഭാര്യയെ നന്നായി നോക്കുന്നു.”
പക്ഷേ നമ്മൾ പലപ്പോഴും ചോദിക്കാത്തൊരു ചോദ്യം അവശേഷിക്കുന്നു:
“അദ്ദേഹത്തെ ആരാണ് നോക്കുന്നത്?”
പക്ഷാഘാതം വന്ന ഉപ്പയെ വർഷങ്ങളായി നോക്കുന്ന മകൾക്കും മറവിരോഗമുള്ള ഉമ്മയെ രാത്രിയിൽ പലതവണ എഴുന്നേറ്റ് നോക്കുന്ന മകനും കിടപ്പിലായ ഭർത്താവിനെ പരിചരിക്കുന്ന വയോധികയായ ഭാര്യയ്ക്കും ക്ഷീണമുണ്ടാകും.
ചിലപ്പോൾ ദേഷ്യം വരും. ചിലപ്പോൾ ഒറ്റയ്ക്ക് കരയും. പിന്നെ കണ്ണ് തുടച്ച് വീണ്ടും രോഗിയുടെ അടുത്തേക്ക് പോകും.
പരിചാരകരുടെ ശാരീരികവും മാനസികവുമായ തളർച്ച യാഥാർഥ്യമാണ്. അവരോട് “കൂടുതൽ ക്ഷമിക്കണം” എന്നു പറയുന്നതിനു മുമ്പ് ചോദിക്കേണ്ടത്:
“നിങ്ങൾക്ക് വിശ്രമിക്കാൻ ആരുണ്ട്?”
ഒരു രോഗിയെ സംരക്ഷിക്കണമെങ്കിൽ അദ്ദേഹത്തെ പരിചരിക്കുന്നവരെയും സംരക്ഷിക്കണം.
പ്രായമാകുമ്പോൾ ചില വീടുകളിൽ വളരെ നിശ്ശബ്ദമായ മറ്റൊരു മാറ്റവും സംഭവിക്കുന്നു. വീട്ടിലെ തീരുമാനങ്ങൾ ഇനി ഉപ്പയോട് ചോദിക്കില്ല.
“അദ്ദേഹത്തിന് ഇതൊന്നും മനസ്സിലാകില്ല.”
ഉമ്മയോട് ചോദിക്കില്ല.
“ഉമ്മക്ക് ഇതൊക്കെ എന്തിനാ?”
അങ്ങനെ ഒരിക്കൽ വീടിന്റെ കേന്ദ്രമായിരുന്ന മനുഷ്യൻ സ്വന്തം വീട്ടിൽ വെറും കാഴ്ചക്കാരനായി മാറുന്നു.
സഹായം ആവശ്യമാണ് എന്നതുകൊണ്ട് തീരുമാനമെടുക്കാനുള്ള അവകാശം ഇല്ലാതാകുന്നില്ല. കഴിയുന്നിടത്തോളം വയോധികരെ കുടുംബത്തിലെ തീരുമാനങ്ങളിൽ പങ്കാളികളാക്കണം.
അവർക്ക് ഒരു മുറി മാത്രം കൊടുക്കരുത്; നമ്മുടെ ജീവിതത്തിൽ ഒരു സ്ഥാനം കൊടുക്കണം.
വയോധികരോടുള്ള പീഡനവും അവഗണനയും ഇവിടെ പ്രത്യേകം പറയേണ്ടതാണ്. പീഡനം അടിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അപമാനിക്കൽ, നിരന്തരം ശകാരിക്കൽ, സംസാരിക്കാതിരിക്കുക, ആവശ്യമായ ചികിത്സ നിഷേധിക്കുക, ഭക്ഷണമോ അടിസ്ഥാനപരിചരണമോ നൽകാതിരിക്കുക, പണം കൈക്കലാക്കുക, ബാങ്ക് കാർഡുകൾ പിടിച്ചുവയ്ക്കുക, പെൻഷൻ മറ്റുള്ളവർ നിയന്ത്രിക്കുക, സ്വത്ത് നിർബന്ധിച്ച് എഴുതി വാങ്ങുക—ഇവയെല്ലാം വയോധികന്റെ സുരക്ഷയെയും അന്തസ്സിനെയും ബാധിക്കുന്നു.
ജീവിതകാലം മുഴുവൻ മക്കളുടെ ആവശ്യങ്ങൾക്കായി സമ്പാദ്യം ചെലവഴിച്ച ഒരാൾക്ക് വാർധക്യത്തിൽ സ്വന്തം പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാൻ പോലും കഴിയാതാകുന്നത് എത്ര വേദനാജനകമാണ്!
വയോധികന്റെ ശരീരം മാത്രമല്ല, അവന്റെ അവകാശങ്ങളും സംരക്ഷിക്കണം.
കാലം മാറുന്നതിനൊപ്പം വയോധികരുടെ പ്രശ്നങ്ങളും മാറുകയാണ്. ബാങ്കിങ്, ആശുപത്രി സന്ദർശനത്തിനുള്ള സമയം എടുക്കൽ, ബില്ലുകൾ അടയ്ക്കൽ, സർക്കാർ സേവനങ്ങൾ—പലതും ഇന്ന് മൊബൈൽ ഫോണിലേക്കും ഇന്റർനെറ്റിലേക്കും മാറിയിരിക്കുന്നു.
പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അറിയാത്ത വയോധികൻ കൂടുതൽ ആശ്രിതനാകാം. വ്യാജ ഫോൺവിളികൾ, ഒ.ടി.പി. തട്ടിപ്പുകൾ, വ്യാജ നിക്ഷേപ പദ്ധതികൾ തുടങ്ങിയവയുടെ ഇരയാകാനുള്ള സാധ്യതയും ഉണ്ട്.
അതിനാൽ പുതിയ സാങ്കേതികവിദ്യ സുരക്ഷിതമായി ഉപയോഗിക്കാൻ വയോധികരെ സഹായിക്കണം.
സാങ്കേതികവിദ്യ മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കാനാണ്; വയോധികരെ കൂടുതൽ ഒറ്റപ്പെടുത്താനല്ല.
“ഞാൻ മരിച്ചാൽ നിങ്ങൾക്ക് ബുദ്ധിമുട്ട് കുറയും” എന്ന് ഒരു വയോധികൻ പറഞ്ഞാൽ അത് ചിരിച്ചുതള്ളരുത്. വിഷാദരോഗം വാർധക്യത്തിന്റെ സ്വാഭാവിക ഭാഗമല്ല.
തുടർച്ചയായ ദുഃഖം, മുമ്പ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ താൽപര്യം നഷ്ടപ്പെടൽ, ഉറക്കത്തിലും വിശപ്പിലും മാറ്റം, മറ്റുള്ളവരിൽനിന്ന് അകന്നുനിൽക്കൽ, പ്രതീക്ഷ നഷ്ടപ്പെടൽ തുടങ്ങിയവ ശ്രദ്ധിക്കണം. മരണത്തെയോ ആത്മഹത്യയെയോ സൂചിപ്പിക്കുന്ന വാക്കുകൾ ഗൗരവത്തോടെ വിലയിരുത്തണം.
രക്തസമ്മർദ്ദം ചോദിക്കുന്നതുപോലെ തന്നെ ചോദിക്കണം:
“ഉറക്കം എങ്ങനെയാണ്?”
“മനസ്സ് വിഷമിക്കുന്നുണ്ടോ?”
“ഒറ്റപ്പെട്ടതായി തോന്നുന്നുണ്ടോ?”
ചിലപ്പോൾ രോഗി കരയും. ഉടനെ തടയേണ്ടതില്ല.
ചില കണ്ണുനീർ മരുന്ന് ചോദിക്കുന്നതല്ല; കേൾക്കാൻ ഒരാളെ ചോദിക്കുന്നതാണ്.
കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിൽ പ്രവാസവും വയോജന സംരക്ഷണവും തമ്മിലുള്ള ബന്ധം പ്രത്യേകമായി കാണേണ്ടതുണ്ട്. മക്കൾ അകലെയായിരിക്കുന്നത് എല്ലായ്പ്പോഴും അവഗണനയല്ല. കുടുംബത്തിനുവേണ്ടി വിദേശത്തും മറ്റു നഗരങ്ങളിലും അധ്വാനിക്കുന്ന അനേകം മക്കളുണ്ട്. പക്ഷേ ശാരീരികമായ അകലം സ്നേഹത്തിന്റെ അകലമായി മാറാതിരിക്കാൻ ശ്രദ്ധിക്കണം.
ബാങ്ക് അക്കൗണ്ടിൽ പണമുണ്ടാകാം. വീട്ടിൽ ഭക്ഷണമുണ്ടാകാം. ശീതീകരിച്ച മുറിയുണ്ടാകാം. വീട്ടിൽ പരിചാരകനുമുണ്ടാകാം.
എന്നിട്ടും—
“മോനേ, കുറച്ചുനേരം എന്നോട് സംസാരിക്കുമോ?”
എന്നു പറയാൻ പോലും കഴിയാതെ ഒരു ഉപ്പ ഇരിക്കുന്നുണ്ടെങ്കിൽ നമ്മുടെ വയോജന സംരക്ഷണം അപൂർണമാണ്.
ചില ആവശ്യങ്ങൾക്ക് പണം വേണ്ട; നമ്മുടെ സമയം വേണം.
കേരളത്തിന്റെ ജനസംഖ്യാ ഘടനയിൽ സംഭവിക്കുന്ന മാറ്റങ്ങൾ വയോജന സംരക്ഷണത്തെ കുടുംബത്തിന്റെ സ്വകാര്യവിഷയത്തിൽനിന്ന് വലിയൊരു പൊതുജനാരോഗ്യ-സാമൂഹിക വിഷയമാക്കി മാറ്റുകയാണ്. ആയുർദൈർഘ്യം കൂടുന്നു, കുടുംബങ്ങളുടെ വലിപ്പം കുറയുന്നു, തൊഴിലും പഠനവും കാരണം യുവതലമുറയുടെ കുടിയേറ്റം വർധിക്കുന്നു, പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ തുടങ്ങിയ ദീർഘകാല രോഗങ്ങൾ കൂടുതൽ കാലം പരിചരണം ആവശ്യപ്പെടുന്നു.
അതുകൊണ്ട് ഭാവിയിലെ കേരളത്തിന് ആശുപത്രികൾ മാത്രം പോരാ. വയോജന സൗഹൃദ പ്രാഥമിക ആരോഗ്യപരിചരണം, വീട്ടിലെത്തിയുള്ള ചികിത്സ, പുനരധിവാസം, മറവിരോഗമുള്ളവർക്കുള്ള സേവനങ്ങൾ, സാന്ത്വന പരിചരണം, പരിചാരകർക്കുള്ള പിന്തുണ, വയോജന സൗഹൃദ വീടുകളും പൊതുസ്ഥലങ്ങളും—ഇവയെല്ലാം ശക്തിപ്പെടണം.
കേരളത്തിലെ വയോജന സംരക്ഷണത്തിൽ ആരോഗ്യവകുപ്പിനൊപ്പം സാമൂഹ്യനീതി വകുപ്പ്, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, സാന്ത്വന പരിചരണ കൂട്ടായ്മകൾ എന്നിവയുടെ ഏകോപനം പ്രധാനമാണ്.
വയോമിത്രം പോലുള്ള പദ്ധതികൾ ആരോഗ്യസേവനങ്ങളെ വയോധികരോട് കൂടുതൽ അടുത്തെത്തിക്കാനുള്ള സമീപനത്തിന്റെ ഉദാഹരണമാണ്. സായംപ്രഭ പോലുള്ള പകൽപരിചരണ സംവിധാനങ്ങൾ സാമൂഹിക ഇടപെടലിനും പകൽസമയ പിന്തുണയ്ക്കും പ്രസക്തമാണ്. മന്ദഹാസം പോലുള്ള പ്രത്യേക ക്ഷേമപദ്ധതികളും സാമൂഹ്യസുരക്ഷാ സംവിധാനങ്ങളും വയോധികരുടെ ആവശ്യങ്ങളെ പൊതുനയത്തിന്റെ ഭാഗമാക്കുന്നു.
എന്നാൽ പദ്ധതിയുടെ പേര് സർക്കാർ രേഖയിൽ ഉണ്ടായാൽ മാത്രം പോരാ.
ഒറ്റയ്ക്ക് കഴിയുന്ന എൺപതുകാരിയായ ഉമ്മയ്ക്ക് അതിനെക്കുറിച്ച് അറിയാമോ?
കിടപ്പിലായ ഉപ്പയുടെ വീട്ടിലേക്ക് ആവശ്യമായ സേവനം എത്തുന്നുണ്ടോ?
മറവിരോഗമുള്ള ഉമ്മയെ നോക്കുന്ന മകൾക്ക് സഹായം എവിടെ ചോദിക്കണമെന്ന് അറിയാമോ?
ഒരു സർക്കാർ പദ്ധതിയുടെ യഥാർത്ഥ വിജയം ഫയലിലെ കണക്കിൽ മാത്രമല്ല; സഹായം ഏറ്റവും ആവശ്യമുള്ള മനുഷ്യന്റെ വീട്ടുവാതിലിൽ അത് എത്തുന്നതിലാണ്.
ഒരു ഡോക്ടറുടെ വീക്ഷണത്തിൽ വയോജനനയം പെൻഷനിൽ മാത്രം കേന്ദ്രീകരിച്ചാകരുത്. ആരോഗ്യം, സ്വാശ്രയത്വം, അന്തസ്സ് എന്നിവയും അതിന്റെ കേന്ദ്രത്തിൽ വരണം.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ തലത്തിൽ കാഴ്ച, കേൾവി, ഓർമ്മ, പോഷണം, നടത്തം, വീഴാനുള്ള സാധ്യത, വിഷാദരോഗം, ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവ വിലയിരുത്തുന്ന സമഗ്ര വയോജന പരിശോധന ശക്തിപ്പെടുത്തണം. ഒറ്റയ്ക്ക് കഴിയുന്ന വയോധികരെ തദ്ദേശതലത്തിൽ തിരിച്ചറിയണം. വീട്ടിലെത്തിയുള്ള വൈദ്യ-നഴ്സിങ് സേവനങ്ങൾ കൂടുതൽ ലഭ്യമാക്കണം. മറവിരോഗ നിർണയവും പരിചരണവും ശക്തിപ്പെടുത്തണം. കുടുംബാംഗങ്ങൾക്ക് പരിശീലനവും കൗൺസലിങ്ങും നൽകണം. ദീർഘകാലം രോഗിയെ നോക്കുന്നവർക്ക് ഇടയ്ക്കെങ്കിലും വിശ്രമിക്കാൻ സഹായിക്കുന്ന സംവിധാനങ്ങളും വേണം.
കുടുംബം, സർക്കാർ, ആരോഗ്യസംവിധാനം, സമൂഹം—ഈ നാല് തൂണുകളും ഒരുമിച്ച് നിൽക്കുമ്പോഴാണ് സമഗ്രമായ വയോജന സംരക്ഷണം സാധ്യമാകുന്നത്.
ഇസ്‌ലാമിക സമൂഹത്തിൽ വയോജന സംരക്ഷണം ഓരോ കുടുംബത്തിന്റെയും സ്വകാര്യ ഉത്തരവാദിത്വമായി മാത്രം കാണേണ്ടതുമല്ല. ഒറ്റയ്ക്ക് കഴിയുന്ന വയോധികരെ മഹല്ല് തലത്തിൽ തിരിച്ചറിയാം. സന്നദ്ധപ്രവർത്തകരുടെ വീടുസന്ദർശനങ്ങൾ സംഘടിപ്പിക്കാം. ആശുപത്രിയിലെത്താൻ വാഹനസഹായം നൽകാം. മരുന്നുകൾ ലഭ്യമാക്കാൻ സഹായിക്കാം. കിടപ്പുരോഗികളെ നോക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാം. സാന്ത്വന പരിചരണ സംഘങ്ങളുമായി ബന്ധിപ്പിക്കാം.
കുട്ടികളെയും യുവാക്കളെയും വയോധികരുമായി കൂടുതൽ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും വലിയ പ്രസക്തിയുണ്ട്. കൊച്ചുമക്കൾക്ക് വല്യുപ്പയുടെയും വല്യുമ്മയുടെയും പഴയ കഥകൾ കേൾക്കാൻ അവസരം നൽകണം. അതിലൂടെ വയോധികരുടെ ഏകാന്തത കുറയുന്നതോടൊപ്പം ഒരു കുടുംബത്തിന്റെ ചരിത്രവും അനുഭവസമ്പത്തും മൂല്യങ്ങളും അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നു.
ഒരു സമൂഹത്തിന്റെ ശക്തി അതിലെ യുവാക്കളുടെ എണ്ണത്തിൽ മാത്രം അല്ല; അതിന്റെ മുതിർന്നവരെ എത്ര ആദരവോടെ ചേർത്തുനിർത്തുന്നു എന്നതിലുമാണ്.
വൃദ്ധസദനങ്ങളെക്കുറിച്ചുള്ള ചർച്ചയും സമതുലിതമായിരിക്കണം.
മക്കളില്ലാത്തവരുണ്ട്; കുടുംബപിന്തുണ നഷ്ടപ്പെട്ടവരുണ്ട്; ഗുരുതരമായ മറവിരോഗമുള്ളവരുണ്ട്; ഇരുപത്തിനാലു മണിക്കൂറും നഴ്സിങ് പരിചരണം ആവശ്യമായവരുണ്ട്. ചില സാഹചര്യങ്ങളിൽ വിദഗ്ധരുടെ മേൽനോട്ടത്തിലുള്ള താമസപരിചരണം തന്നെയായിരിക്കും ഏറ്റവും സുരക്ഷിതമായ മാർഗം.
അതുകൊണ്ട് സ്ഥാപനപരിചരണം സ്വതവേ തെറ്റല്ല.
എന്നാൽ ഉപ്പയുടെയും ഉമ്മയുടെയും സാന്നിധ്യം സ്വന്തം ജീവിതത്തിന്റെ സൗകര്യത്തിന് തടസ്സമാണെന്ന കാരണത്താൽ മാത്രം അവരെ ജീവിതത്തിൽനിന്ന് മാറ്റിനിർത്തുന്നത് മറ്റൊരു ധാർമ്മിക ചോദ്യമാണ്.
ഒരു വൃദ്ധസദനത്തിന്റെ നിലവാരം കെട്ടിടത്തിന്റെ ഭംഗി നോക്കി മാത്രം വിലയിരുത്തരുത്. വൈദ്യ-നഴ്സിങ് സേവനം ലഭ്യമാണോ, വീഴ്ച തടയാനുള്ള സംവിധാനം ഉണ്ടോ, പോഷകാഹാരം ഉറപ്പാക്കുന്നുണ്ടോ, അടിയന്തരഘട്ടത്തിൽ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമുണ്ടോ, മറവിരോഗമുള്ളവർക്കുള്ള സുരക്ഷിതമായ പരിചരണമുണ്ടോ, പീഡനം തടയാനുള്ള സംവിധാനമുണ്ടോ, താമസക്കാരുടെ സ്വകാര്യതയും അന്തസ്സും സാമൂഹികവും ആത്മീയവുമായ ആവശ്യങ്ങളും മാനിക്കുന്നുണ്ടോ—ഇവയാണ് പ്രധാന ചോദ്യങ്ങൾ.
ആഡംബരമുള്ള മുറി ഉണ്ടായതുകൊണ്ട് മാത്രം മികച്ച വയോജന പരിചരണം ലഭിക്കുന്നു എന്ന് പറയാനാവില്ല.
ജീവിതത്തിന്റെ അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ വൈദ്യശാസ്ത്രത്തിന്റെ ഭാഷയും മാറുന്നു. ഗുരുതരമായ കാൻസർ, പക്ഷാഘാതം, ഹൃദയം, ശ്വാസകോശം, വൃക്കകൾ എന്നിവയുടെ അവസാനഘട്ട രോഗങ്ങൾ, ഗുരുതരമായ മറവിരോഗം—എല്ലായ്പ്പോഴും രോഗം പൂർണമായി മാറ്റാൻ കഴിയണമെന്നില്ല.
പക്ഷേ പരിചരണം സാധ്യമാണ്.
വേദന കുറയ്ക്കാം. ശ്വാസംമുട്ടൽ നിയന്ത്രിക്കാം. ശുചിത്വം ഉറപ്പാക്കാം. പോഷണം ശ്രദ്ധിക്കാം. കിടപ്പുമൂലമുള്ള വ്രണങ്ങൾ തടയാൻ ശ്രമിക്കാം. കുടുംബത്തെ പരിശീലിപ്പിക്കാം. ഭയപ്പെടുന്ന രോഗിയുടെ കൈപിടിക്കാം. ആത്മീയ ആവശ്യങ്ങൾ മാനിക്കാം. ജീവിതത്തിന്റെ അവസാന നിമിഷംവരെ അന്തസ്സ് സംരക്ഷിക്കാം.
രോഗം മാറ്റാൻ കഴിയാത്തത് പരിചരണം അവസാനിപ്പിക്കാനുള്ള കാരണമല്ല.
ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പല വിശ്വാസികൾക്കും ശാരീരിക വേദനയ്ക്കൊപ്പം “എന്റെ അവസാനം എങ്ങനെയാകും?” എന്ന ആത്മീയമായ ചോദ്യവും ഉയരും. രോഗിയുടെ ആഗ്രഹമുണ്ടെങ്കിൽ നിസ്കാരത്തിനുള്ള സഹായം, പ്രാർഥന, ഖുർആൻ ശ്രവിക്കൽ, ആത്മീയ സംഭാഷണം, കുടുംബത്തിന്റെ സാന്നിധ്യം എന്നിവ ആശ്വാസമാകാം.
ആത്മീയ പരിചരണം വൈദ്യചികിത്സയ്ക്ക് പകരമല്ല; മനുഷ്യനെ ശരീരം മാത്രമായി കാണാതിരിക്കുന്ന സമഗ്ര പരിചരണത്തിന്റെ ഭാഗമാണ്.
നബി(സ്വ) പറഞ്ഞു:
لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيُوَقِّرْ كَبِيرَنَا
“നമ്മുടെ ചെറിയവരോട് കരുണ കാണിക്കുകയും നമ്മുടെ മുതിർന്നവരെ ആദരിക്കുകയും ചെയ്യാത്തവൻ നമ്മിൽപ്പെട്ടവനല്ല.”
വയോധികന് ഭക്ഷണം കൊടുത്താൽ മാത്രം പോരാ; ആദരവോടെ കൊടുക്കണം. മരുന്ന് വാങ്ങിക്കൊടുത്താൽ മാത്രം പോരാ; സ്നേഹത്തോടെ ചോദിക്കണം. വീട്ടിൽ ഒരു മുറി നൽകിയാൽ മാത്രം പോരാ;
നമ്മുടെ ജീവിതത്തിലും ഒരു സ്ഥാനം നൽകണം.
നമ്മുടെ വീട്ടിൽ ഉപ്പ സ്ഥിരമായി ഇരിക്കുന്ന ഒരു കസേരയുണ്ടാകാം. ഉമ്മ നമസ്കാരശേഷം ഇരിക്കുന്ന ഒരു സ്ഥലം. ഒരു ഊന്നുവടി ചുമരിനോട് ചാരിയിട്ടുണ്ടാകാം. കണ്ണട മേശപ്പുറത്തുണ്ടാകാം. മരുന്നുപെട്ടി അടുക്കളയിൽ ഉണ്ടായിരിക്കാം.
ഇന്ന് അതെല്ലാം നമുക്ക് സാധാരണ കാഴ്ചകളാണ്.
ഒരു ദിവസം കസേര അവിടെയുണ്ടാകും; പക്ഷേ ഉപ്പ ഉണ്ടാകില്ല.
കണ്ണട അവിടെയുണ്ടാകും; പക്ഷേ ഉമ്മ അത് അന്വേഷിക്കില്ല.
മരുന്നുകൾ ബാക്കിയുണ്ടാകും; പക്ഷേ കഴിക്കാൻ ആളുണ്ടാകില്ല.
ഫോണിൽ “ഉപ്പ” എന്ന പേര് ഉണ്ടാകും; വിളിച്ചാൽ എടുക്കാൻ ആരുമുണ്ടാകില്ല.
“ഉമ്മ” എന്ന പേര് ഉണ്ടാകും; പക്ഷേ ആ ശബ്ദം ഇനി കേൾക്കാനാവില്ല.
ഉമ്മ മരിച്ചതിനുശേഷം മകൻ അവരുടെ മുറിയുടെ വാതിൽ തുറക്കുന്നു. കട്ടിലിന്റെ അരികിൽ കണ്ണട. മേശപ്പുറത്ത് മരുന്നുകൾ. തലയണയുടെ അടുത്ത് ഖുർആൻ. അലമാരയിൽ മക്കളുടെ പഴയ ചിത്രങ്ങൾ. ഒരു ചെറിയ കവറിൽ മക്കൾ അയച്ച പഴയ ആശംസാകാർഡുകൾ.
ഒന്നും കളഞ്ഞിട്ടില്ല.
മകൻ ഫോൺ എടുത്തു. വിളികളുടെ പട്ടിക തുറന്നു.
ഉമ്മ അവസാനമായി വിളിച്ച ദിവസം കണ്ടു.
അന്ന് ഒരു പ്രധാന യോഗത്തിലായിരുന്നു.
വിളി എടുത്തില്ല.
“പിന്നെ വിളിക്കാം” എന്നു കരുതി.
വിളിക്കാൻ മറന്നു.
ഇപ്പോൾ യോഗമില്ല.
ജോലിത്തിരക്കില്ല.
യാത്രയുടെ തിരക്കില്ല.
അവന്റെ കൈയിൽ സമയമുണ്ട്.
ഫോണുമുണ്ട്.
പക്ഷേ വിളിക്കാൻ—
ഉമ്മയില്ല.
ജീവിതത്തിലെ എല്ലാ എടുക്കാതെ പോയ വിളികൾക്കും തിരിച്ചു വിളിക്കാൻ നാളെ ഉണ്ടാകണമെന്നില്ല.
ഖുർആൻ പഠിപ്പിക്കുന്ന പ്രാർത്ഥന ഇവിടെ ഹൃദയത്തിന്റെ ആഴത്തിലേക്ക് ഇറങ്ങുന്നു:
وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
“കരുണയോടെ വിനയത്തിന്റെ ചിറക് അവർക്കായി താഴ്ത്തിക്കൊടുക്കുക. ‘എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ അവർ എന്നെ വളർത്തിയതുപോലെ നീ അവരോട് കരുണ കാണിക്കണമേ’ എന്നു പറയുക.” (ഖുർആൻ 17:24
كَمَا رَبَّيَانِي صَغِيرًا — “ചെറുപ്പത്തിൽ അവർ എന്നെ വളർത്തിയതുപോലെ...”
ഈ വാക്കുകൾ പതുക്കെ വീണ്ടും വീണ്ടും വായിക്കണം.
നമ്മൾ രാത്രിയിൽ കരഞ്ഞപ്പോൾ അവർ ഉറങ്ങിയില്ല. നമുക്ക് പനി വന്നപ്പോൾ അവർ പേടിച്ചു. നമ്മൾ വീണപ്പോൾ അവർ ഓടിവന്നു. നമ്മുടെ പഠനത്തിനായി അവർ ചെലവുകൾ ചുരുക്കി. നമ്മൾ വിജയിച്ചപ്പോൾ നമ്മേക്കാൾ കൂടുതൽ അവർ സന്തോഷിച്ചു.
നമ്മൾ വളർന്നു.
തിരക്കിലായി.
ദൂരെയായി.
അവർ?
അവർ കാത്തിരുന്നു.
ഒരു ഡോക്ടറുടെ മരുന്നുകുറിപ്പിൽ എല്ലാത്തിനും മരുന്ന് എഴുതാൻ കഴിയില്ല. വയോധികനെ പരിശോധിക്കുമ്പോൾ നാഡിമിടിപ്പ് മാത്രം നോക്കരുത്; നടത്തവും നോക്കണം. രക്തസമ്മർദ്ദം മാത്രം നോക്കരുത്; അടുത്തകാലത്ത് വീണിട്ടുണ്ടോ എന്ന് ചോദിക്കണം. രക്തത്തിലെ പഞ്ചസാര മാത്രം നോക്കരുത്; പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. ഓർമ്മയും മാനസികാവസ്ഥയും വിലയിരുത്തണം. കാഴ്ചയും കേൾവിയും പരിശോധിക്കണം. കഴിക്കുന്ന മരുന്നുകൾ പുനഃപരിശോധിക്കണം. അദ്ദേഹത്തെ പരിചരിക്കുന്ന വ്യക്തിയുടെ അവസ്ഥയും അന്വേഷിക്കണം.
പിന്നെ വളരെ ലളിതമായ ഒരു ചോദ്യം കൂടി ചോദിക്കണം:
“വീട്ടിൽ സംസാരിക്കാൻ ആരുണ്ട്?”
കാരണം ചില മനുഷ്യരുടെ എല്ലാ പരിശോധനാഫലങ്ങളും സാധാരണ നിലയിലായിരിക്കും. എന്നിട്ടും അവരുടെ ജീവിതത്തിൽ വലിയൊരു ശൂന്യതയുണ്ടാകും.
അതിന് ഒരു മരുന്നുകുറിപ്പും എഴുതാൻ കഴിയില്ല.
അതിന്റെ മരുന്നിന്റെ പേര്—സാന്നിധ്യം.
ഈ വരികൾ വായിച്ചുതീർക്കുമ്പോൾ നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്.
അവസാനമായി ഞാൻ എന്റെ ഉപ്പയോടോ ഉമ്മയോടോ ഒന്നും ആവശ്യപ്പെടാതെ കുറച്ചുനേരം ഇരുന്ന് സംസാരിച്ചത് എപ്പോഴാണ്?
അവർ ഒരേ കഥ വീണ്ടും പറയുമ്പോൾ ഞാൻ ക്ഷമയോടെ കേൾക്കുന്നുണ്ടോ?
അവർ പതുക്കെ നടക്കുമ്പോൾ ഞാൻ കാത്തുനിൽക്കുന്നുണ്ടോ?
അവരുടെ കൈ വിറയ്ക്കുമ്പോൾ ഞാൻ കൈപിടിക്കുന്നുണ്ടോ?
അവരുടെ കാഴ്ചയും കേൾവിയും ഓർമ്മയും ഞാൻ ശ്രദ്ധിക്കുന്നുണ്ടോ?
അവർ കഴിക്കുന്ന മരുന്നുകൾ എന്തൊക്കെയാണെന്ന് എനിക്ക് അറിയാമോ?
സ്വന്തം പണത്തെക്കുറിച്ചുള്ള അവരുടെ തീരുമാനങ്ങളെ ഞാൻ മാനിക്കുന്നുണ്ടോ?
അവർക്ക് ഒറ്റപ്പെട്ടതായി തോന്നുന്നുണ്ടോ എന്ന് ഞാൻ ഒരിക്കലെങ്കിലും ചോദിച്ചിട്ടുണ്ടോ?
അവരെ പരിചരിക്കുന്ന വ്യക്തിയുടെ ക്ഷീണം ഞാൻ തിരിച്ചറിയുന്നുണ്ടോ?
“ഞാൻ തിരക്കിലാണ്” എന്ന വാക്ക് അവർ എന്നിൽനിന്ന് എത്ര തവണ കേൾക്കുന്നു?
എല്ലാറ്റിനുമുപരി ഒരു ചോദ്യം:
എന്റെ വീട്ടിൽ എന്റെ ഉപ്പക്കും ഉമ്മക്കും ഒരു മുറി മാത്രമാണോ ഉള്ളത്—അതോ എന്റെ ജീവിതത്തിലും ഒരു സ്ഥാനം ഉണ്ടോ?
വാർധക്യം മറ്റൊരാളുടെ കഥയല്ല.
സമയം അനുവദിച്ചാൽ—
അത് നമ്മുടെ കൂടി കഥയുമാണ്.
ഇന്ന് പതുക്കെ നടക്കുന്ന ഉപ്പയെ കണ്ട് അസഹിഷ്ണുത കാണിക്കുന്നതിന് മുമ്പ് ഓർക്കുക: ഒരിക്കൽ നിങ്ങൾ പതുക്കെ നടന്നപ്പോൾ അദ്ദേഹം നിങ്ങളുടെ കൈ വിട്ടിരുന്നില്ല.
ഇന്ന് ഒരേ കാര്യം വീണ്ടും പറയുന്ന ഉമ്മയോട് ദേഷ്യപ്പെടുന്നതിന് മുമ്പ് ഓർക്കുക: ഒരിക്കൽ നിങ്ങൾ ഒരേ കഥ നൂറു തവണ പറയാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞുതന്നിരുന്നു.
ഇന്ന് അവർ വിളിക്കുമ്പോൾ “തിരക്കാണ്” എന്നു പറയുന്നതിന് മുമ്പ് ഓർക്കുക: ഒരിക്കൽ നിങ്ങൾ കരഞ്ഞപ്പോൾ അവർക്ക് എത്ര തിരക്കുണ്ടായിരുന്നാലും നിങ്ങളെ എടുത്തിരുന്നു.
അതുകൊണ്ട് അവർ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക.
അവർക്ക് കേൾക്കാൻ കഴിയുമ്പോൾ നന്ദി പറയുക.
അവർ നടക്കുമ്പോൾ കൂടെ നടക്കുക.
അവർ പറയുന്ന പഴയ കഥകൾ കേൾക്കുക.
ഓർമ്മ നഷ്ടപ്പെട്ടാലും കൈവിടരുത്.
അവർ കൈ നീട്ടുമ്പോൾ പിടിക്കുക.
കാരണം ഇന്ന് നമ്മുടെ കൈ തേടുന്ന ആ കൈകൾ—
ഒരിക്കൽ നമ്മൾ വീഴാതിരിക്കാൻ മുറുകെ പിടിച്ച കൈകളാണ്.
رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
“എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ അവർ എന്നെ വളർത്തിയതുപോലെ നീ അവരോട് കരുണ കാണിക്കണമേ.”
നാളെ ഈ ദുആ പറയുമ്പോൾ അവർ നമ്മുടെ കൂടെയുണ്ടാകണമെന്നില്ല.
ഇന്ന് അവർ കൂടെയുണ്ടെങ്കിൽ—അതാണ് അനുഗ്രഹം.