Skip to main content

ശീഈകള്‍ (3)

തന്നെ സന്ദര്‍ശിക്കാനെത്തിയ അബ്ദുല്ലാഹിബ്‌നു സബഇെന ആകാംക്ഷയോടെയാണ് അലി(റ) വരവേറ്റത്. കണ്ടപാടെ ഇബ്‌നു സബഅ് പറഞ്ഞു. 'അങ്ങ് അദ്ദേഹമാണ്'. 'ആര്?'-അലി ചോദിച്ചു. 'അല്ലാഹു തന്നെ'; സബഇന്റെ മറുപടി അലി(റ)യെ കോപാകുലനാക്കിയത് സ്വാഭാവികമായിരുന്നു. ഒരുവേള നിയന്ത്രണം വിട്ട അലി(റ), ഈ വാദത്തിന്റെ പ്രചാരകര്‍ക്ക് അഗ്നി ശിക്ഷ വിധിച്ചു. അതോടെ ഇബ്‌നുസബഉം കൂട്ടരും ആര്‍ത്തു വിളിച്ചു. 'ഇപ്പോള്‍ ഉറപ്പായി, അങ്ങ് അല്ലാഹു തന്നെ'. നബി കുടുംബത്തോടുള്ള അഗാധമായ പ്രേമത്തിന്റെയും അലി അനുഭാവത്തിന്റെയും, മുഖം മൂടിയണിഞ്ഞെത്തിയ അബ്ദുല്ലാഹിബ്‌നു സബഇന്റെ കപട മുഖം തിരിച്ചറിഞ്ഞ അലി(റ) അയാളെ മദാഇനിലേക്ക് നാടുകടത്തി.

ശീആ അഥവാ ശീഅത്തു അലി രംഗപ്രവേശം ചെയ്യുകയായിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി മുതലെടുക്കുകയെന്ന ഹീന പദ്ധതിയുള്ള ഇബ്‌നു സബഇലൂടെ, നബിതിരുമേനിക്കു ശേഷം ഖലീഫയാകേണ്ടത്  അഹ്‌ലുബൈത്തില്‍പെട്ട അലി(റ)യായിരുന്നു എന്ന വാദവുമായാണ് ശീആ വിഭാഗം ഉദയം ചെയ്യുന്നത്.

അന്ധമായ അലി ഭ്രമം

അലി(റ)യെ മഹത്വപ്പെടുത്താന്‍ ഈ വിഭാഗം ഇസ്‌ലാമിന്റെ അടിവേരറുക്കുന്ന വാദങ്ങള്‍ പ്രചരിപ്പിച്ചു. 'അലിക്ക് ഗൈബ് അറിയാം, അലിയ്യില്‍ ദൈവികാംശമുണ്ട്, അലിക്ക് മരണമില്ല, മരിച്ചാല്‍ തന്നെ അവസാന നാളില്‍ തിരിച്ചു വരും, അലിയാണ് സ്വര്‍ഗത്തിലെ അത്യുന്നതന്‍, അലിയെ വെറുക്കുന്നവര്‍ അല്ലാഹുവിനെയും വെറുക്കുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍(റ), എന്നിവര്‍ക്ക് ബൈഅത്ത് ചെയ്തവര്‍ പിഴച്ചവരും അലിക്ക് ഖിലാഫത്ത് നിഷേധിച്ചവര്‍ കാഫിറുകളുമാണ്'. ഇങ്ങനെ പോകുന്നു ഇവരുടെ പിഴച്ച വാദങ്ങള്‍. ഭ്രമം മൂത്ത് ചിലര്‍ അലി ദൈവമാണെന്നുപോലും ആവേശം കൊണ്ടു. 

ഖിലാഫത്ത് വിഷയത്തില്‍ പ്രത്യേക വീക്ഷണം തന്നെയുണ്ടായിരുന്നു ശീആ വിഭാഗത്തിന്. അമവീ ഭരണത്തെ അട്ടിമറിക്കാന്‍ പലകുറി ശ്രമച്ചെങ്കിലും, അമവികള്‍ക്ക് ശേഷം അബ്ബാസികള്‍ ഭരണം പിടിച്ചത് ശിആക്കളെ നിരാശരാക്കി.

ഇമാമുമാര്‍ ദിവ്യന്‍മാര്‍

ഇവരുടെ നേതാക്കള്‍ 'ഇമാം' എന്ന പേരില്‍ അറിയപ്പെടുന്നു. അവരെ ദിവ്യന്‍മാരായി കാണാനും അപ്രകാരം അവതരിപ്പിക്കാനും അവര്‍ ശ്രമിച്ചു. അതിനായി തിരുമേനിയിലേക്ക് ചേര്‍ത്തിപ്പറഞ്ഞ് ആയിരക്കണക്കിന് 'ഹദീസുകള്‍' അവര്‍ സ്വയം നിര്‍മിച്ചു. ശീആക്കളുടെ 'ബുഖാരി'യെന്ന പേരില്‍ അറിയപ്പെടുന്ന 'കുലൈനി'യിലെ ഒരു 'ഹദീസ്'ഇങ്ങനെയാണ്. 'പാപങ്ങളില്‍ നിന്ന് പരിശുദ്ധനും അത്യുന്നതനുമാണ് ഇമാം. ഇമാമുമാര്‍ക്ക് എന്തെങ്കിലും അറിയണമെന്ന് തോന്നുന്ന നിമിഷം അല്ലാഹു അത് അറിയിച്ചു കൊടുക്കും. ഇഷ്ടപ്രകാരമേ അവര്‍  മരിക്കുകയുള്ളൂ'.

ശീആ ഇമാം ജഅ്ഫറുസ്സ്വാദിഖ് പറയുന്നു: 'നമ്മെ ആര്‍ അനുസരിച്ചുവോ അവര്‍ അല്ലാഹുവിനെ അനുസരിച്ചു. നമ്മെ എതിര്‍ക്കുന്നവര്‍ അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്തു'.

ഇമാം സങ്കല്‍പം ഇവരുടെ അടിസ്ഥാന സിദ്ധാന്തമാണ്. ഇമാമുമാരെ അംഗീകരിക്കലും അവരില്‍ വിശ്വസിക്കലും ഈമാനിന്റെ ഭാഗം തന്നെയാണെന്നും നബി(സ്വ)ക്കുശേഷം ഇമാം പദവിയിലെത്തിയത് അലി(റ)യാണെന്നും  ഇവര്‍ പറയുന്നു. രാഷ്ട്രീയവും മതപരവുമായ അധികാരം ഇമാമില്‍ നിക്ഷിപ്തമാണത്രേ. അതേസമയം, ശീആക്കള്‍ ഒരു കക്ഷിയായി നിലവില്‍ വന്നത് കര്‍ബല സംഭവത്തിനു ശേഷമാണ്.


ഉള്‍പിരിവുകള്‍

ശീആക്കള്‍ക്കിടയിലെ വിഭാഗങ്ങളും ഉപവിഭാഗങ്ങളും എണ്ണമറ്റതാണ്. ഖുര്‍ആനിനെ അംഗീകരിക്കുകയും ഹദീസിനെ നിരാകരിക്കുകയും ചെയ്തപ്പോഴാണ് ഇവര്‍ നെടുകയും കുറുകെയും പിളര്‍ന്നത്. സ്വഹാബികളെ ആരെയും അംഗീകരിക്കാത്തതിനാല്‍ അവരുടെ ഹദീസുകളും ഇവര്‍ നിരാകരിച്ചു. പകരം ഹദീസുകള്‍ സ്വയം കെട്ടിച്ചമയ്ക്കുകയും മത സിദ്ധാന്തങ്ങള്‍ യഥേഷ്ടം ആവിഷ്‌കരിക്കുകയും ചെയ്തു. ഈ പ്രവണത അങ്ങേയറ്റത്തെ പ്രതിസന്ധയിലേക്കാണ് തള്ളിവിട്ടത്.

ജഅ്ഫറുസ്സ്വാദിഖിന്റെ മകന്‍ ഇസ്മാഈലിനെ അംഗീകരിച്ചവരോധിച്ചവരാണ് ശീആക്കളിലെ പ്രമുഖ വിഭാഗമായ ഇസ്മാഈലിയ്യ. ഇമാമിനെ അറിയാതെ ആരെങ്കിലും മരിച്ചാല്‍ അത് ജാഹിലിയ്യാ മരണമാണെന്ന് വിധിച്ച ഇസ്മാഈലികള്‍, ഇമാമിലൂടെ ആത്മീയ സിദ്ധികള്‍ കൈവരിച്ചവര്‍ക്ക് നമസ്‌കാരാദി ആരാധനകള്‍ ബാധകമല്ലെന്നും വാദിച്ചു. ഇവരില്‍ ഉപവിഭാഗങ്ങള്‍ അനവധിയാണ്.

പന്ത്രണ്ട് ഇമാമുമാരില്‍ വിശ്വസിക്കുന്ന ഇസ്‌നാ അശ്‌രിയ്യ, ഹുസൈന്റെ പൗത്രന്‍ സൈദിന്റെ പേരിലുള്ള സൈദിയ്യ, പുനര്‍ജന്മ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന കൈസാനിയ്യ, നബി പുത്രി ഫാത്വിമയുടെ മക്കള്‍ക്ക് മാത്രമേ ഇമാം പദവി നല്‍കാവു എന്ന വാദിക്കുന്ന ഫാത്വിമിയ്യ തുടങ്ങിയവയും എടുത്തു പറയാവുന്ന വിഭാഗങ്ങളാണ്.

യഹൂദ, ക്രൈസ്തവ, ഹൈന്ദവ സിദ്ധാന്തങ്ങള്‍ ഇസ്ലാമില്‍ കടത്തിക്കൂട്ടി മുസ്ലിംകളെ തകര്‍ക്കുകയെന്ന സ്വന്തം താല്പര്യങ്ങള്‍ അഹ്‌ലുബൈത്തിനോടുള്ള അനുരാഗത്തിന്റെ മറവില്‍ നടപ്പാക്കിയവരാണ് ശിആക്കള്‍ എന്ന് അഹ്മദ് അമീന്‍ നിരീക്ഷിക്കുന്നുണ്ട്


 

Feedback