Skip to main content

അല്‍ മുര്‍ജിഅ

അലിയുടെ എതിരാളികളെല്ലാം പാപികളും മതഭ്രഷ്ടരുമാണെന്നാണ് ശീഅ വിഭാഗത്തിന്റെ വാദം. കലാപകാരികളായതിനാല്‍ അലി-മുആവിയ പക്ഷങ്ങള്‍ രണ്ടും പാപികളാണെന്ന് ഖവാരിജു വിഭാഗവും വാദിക്കുന്നു. പാപികള്‍ ഇസ്‌ലാമിനും കുഫ്‌റിനും ഇടയിലുളള സ്ഥാനത്താണെന്ന് മുഅ്തസിലി വിഭാഗവും. പാപികള്‍ ഫാസിഖ് (ദുര്‍മാര്‍ഗി) മാത്രമാണെന്നാണ് അഹ്‌ലുസ്സുന്നത്തിന്റെ നിലപാട്. കുഴഞ്ഞുമറിഞ്ഞ ഈ ആശയ വൈവിധ്യങ്ങള്‍ക്കിടയില്‍ മിതവാദികളെന്നോണം രംഗത്തുവന്ന വിഭാഗമാണ് മുര്‍ജിഅകള്‍.

അല്ലാഹുവിന്റെ ഏകത്വവും പ്രവാചക ദൗത്യവും അംഗീകരിക്കുന്നവരെല്ലാം വിശ്വാസികള്‍ തന്നെയാണെന്നായിരുന്നു മുര്‍ജിഅയുടെ വാദം. വന്‍ പാപങ്ങള്‍ ചെയ്യുന്നവരെ കാഫിറോ ഫാസിഖോ മുര്‍ത്തദ്ദോ ആയി വിധി പറയേണ്ടതില്ല. അവന്റെ കാര്യത്തില്‍ പരലോകത്തെ ദൈവവിധിക്കായി കാത്തിരിക്കുക. തെറ്റുകള്‍ ചെയ്യുന്നവര്‍ക്ക് ദൈവത്തിന്റെ മാപ്പ് ലഭിച്ചേക്കാമല്ലോ. 'നീട്ടിവെക്കുക', 'പ്രതീക്ഷയുണര്‍ത്തുക' എന്നെല്ലാമാണ് മുര്‍ജിഅ എന്ന അറബി വാക്കിന്റെ ആശയം.

ഹിജ്‌റ ഒന്നാം ശതകത്തിന്റെ രണ്ടാം പകുതിയില്‍ ദമസ്‌ക്കസിലാണ് ഈ പ്രസ്ഥാനം രൂപംകൊള്ളുന്നത്. അമവികളുടെ ആസ്ഥാനമായിരുന്നു ദമസ്‌ക്കസ്. ഈ പ്രസ്ഥാനത്തിന്റെ ആചാര്യരിലൊരാളായ യൂനുസുബ്‌നു ഔന്‍ അന്നുമൈരി ഈമാനിനെ വിശദീകരിച്ചതിങ്ങനെയാണ:്

''ദൈവജ്ഞാനവും അവന് കീഴ്‌പ്പെടലും അവനോട് അഹങ്കാരം കാണിക്കാതിരിക്കലും അവനെ മനസ്സാ സ്‌നേഹിക്കലുമാണ് ഈമാന്‍''

'അനുസരണത്തിന്റെ അടയാളമായി ഗണിക്കപ്പെടുന്ന കര്‍മാനുഷ്ഠാനങ്ങള്‍ ഈമാനില്‍പെടുന്നില്ല. അനുഷ്ഠാനങ്ങള്‍ ഉപേക്ഷിക്കുന്നതുവഴി ഈമാനിന് ദോഷവും സംഭവിക്കുകയില്ല. അതിന്റെ പേരില്‍ ശിക്ഷയുണ്ടാവില്ല. എന്നാല്‍ ഈമാന്‍ ദൃഢമായിരിക്കുകയും വേണം'. ചിന്താധാര ഇങ്ങനെ പോകുന്നു.

മഹാപാപികള്‍ നരകവാസത്തില്‍ ശാശ്വതരാവുക എന്നത് അനീതിയാണ്. ഈമാന്‍ വര്‍ദ്ധിക്കുകയോ കുറയുകയോ ചെയ്യുന്നില്ല. എന്നിങ്ങനെയുള്ള വിശ്വാസങ്ങളും ഈ വിഭാഗം വച്ചു പുലര്‍ത്തുന്നു.

 

Feedback