Skip to main content

ശിയാക്കളും ഹദീസ് നിഷേധവും

ഇസ്‌ലാമിക ചരിത്രത്തിലെ ദുരന്തപൂര്‍ണമായ അധ്യായങ്ങള്‍ സൃഷ്ടിച്ചതില്‍ ഏറ്റവും കൂടുതല്‍ ഭാഗവാക്കുകളായ വിഭാഗമാണ് ശീഅകള്‍. മുസ്‌ലിം സമുദായമധ്യേ ഇസ്‌ലാമിക വിരുദ്ധമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ചതിലും ശീഅകള്‍ മുഖ്യപങ്ക് വഹിച്ചു.

തനിക്കുശേഷം അലി(റ)യെ ഭരണാധികാരിയാക്കണമെന്ന് നബി(സ്വ) വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെന്നും അതിനെ അവഗണിച്ചുകൊണ്ടാണ് അബൂബക്‌റും ഉമറും ഉസ്മാനും(റ) ഭരണം കൈയാളിയതെന്നും ശീആയിസത്തിന്റെ ബീജാവാപം നടത്തിയ അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതന്‍ പ്രചരിപ്പിച്ചു. ഇക്കാര്യത്തില്‍  അലി(റ)യെ പിന്തുണക്കാത്തവരെല്ലാം നബി(സ്വ)യുടെ വസ്വിയ്യത്ത് മാനിക്കാത്തവരാണ്. ആ നിലക്ക് അവരാരും വിശ്വാസയോഗ്യരല്ല എന്ന് അവ സിദ്ധാന്തിച്ചു. ഈ വിശ്വാസങ്ങള്‍ അടിസ്ഥാനമാക്കിയ ശീഅകളില്‍ മിക്കവിഭാഗങ്ങളും അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, ആഇശ, സുബൈര്‍, മുആവിയ, അംറുബ്‌നു ആസ്വ്(റ) തുടങ്ങിയ പ്രമുഖ സഹാബിവര്യന്മാരെയും അവരുടെ സഹചാരികളെയും അംഗീകരിക്കുന്നില്ല. അതിനാല്‍ അവരുടെ ആരുടെയും നിവേദനങ്ങള്‍ സ്വീകാര്യമല്ല എന്ന വാദമായിരുന്നു അവര്‍ക്ക്. അലി(റ)യോട് കൂറ് പുലര്‍ത്തിയവരുടെയും പാപസുരക്ഷിതരായ തങ്ങളുടെ ഇമാമുകളുടെയും നിവേദനങ്ങളെ മാത്രമേ അവര്‍ പ്രബലങ്ങളായി കരുതുന്നുള്ളൂ. ഇസ്‌ലാമിക സമൂഹത്തിലെ ബഹുഭൂരിപക്ഷം പ്രബലമെന്ന് അംഗീകരിച്ച ഒട്ടനവധി ഹദീസുകളുടെ നിരാകരണമായിരുന്നു ഈ നിലപാടിന്റെ അനന്തരഫലം.

ശീഅകളില്‍ ഒരുവിഭാഗം ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് പുലര്‍ത്തുന്നു. അവര്‍ അബൂബക്ര്‍(റ)ന്റെയും ഉമര്‍(റ)ന്റെയും ഖിലാഫത്ത് അംഗീകരിക്കുകയും ഇരുവരുടെയും മഹത്വം മാനിക്കുകയും ചെയ്യുന്നു. അവരേക്കാള്‍ അലി(റ)ക്ക് മഹത്വം കല്പിക്കുന്നുവെന്നു മാത്രം. സൈദികള്‍ എന്നറിയപ്പെടുന്ന ഈ വിഭാഗം ശീഅകളുടെ കൂട്ടത്തിലെ മിതവാദികളാണ്. അവരുടെ കര്‍മശാസ്ത്രം അഹ്‌ലുസ്സുന്നത്തിന്റേതിനോട് ഏറെ അടുത്തുനില്‍ക്കുന്നു.

ശീഅകളിലെ ഏറ്റവും തീവ്രവിഭാഗമായ 'റാഫിദികള്‍' സുന്നത്തിനെ പൂര്‍ണമായി തിരസ്‌കരിക്കുന്നതായി ഇമാം സുയൂത്വി എഴുതുന്നു. ഖുര്‍ആന്‍ മാത്രം മതിയെന്നാണ് അവരുടെവാദം. പ്രവാചകത്വം തന്നെ അലി(റ)ക്കാണ് കിട്ടേണ്ടിയിരുന്നത്, ജിബ്‌രീല്‍(അ) അബദ്ധവശാല്‍ നബി(സ്വ)ക്ക് ദിവ്യബോധനം  നല്‍കുകയായിരുന്നു എന്നൊക്കെ ഈ തീവ്രകക്ഷികള്‍ പ്രചരിപ്പിക്കുന്നു.
 

Feedback