Skip to main content

മുഅ്തസില

ബസ്വറയിലെ മസ്ജിദില്‍ അന്നും ഹസന്‍ ബസ്വരി(റ)യുടെ വിജ്ഞാന സദസ്സ് തുടങ്ങി. വിജ്ഞാന വിരുന്നിനെത്തിയ ശിഷ്യരോട് പതിഞ്ഞ സ്വരത്തില്‍ ബസ്വരി(റ) സംസാരിക്കവെയായിരുന്നു ആ ചോദ്യം ഉയര്‍ന്നത്. ''മഹാപാപം ചെയ്യുന്നവരുടെ കാര്യത്തില്‍ യഥാര്‍ഥ വിധി എന്താണ്?' കാഫിറുകളാണ് അവരെന്ന് ഒരു വിഭാഗം, പാപങ്ങള്‍ വിശ്വാസത്തിന് ദോഷം ചെയ്യുകയില്ലെന്നും പാപം ചെയ്യുന്നവരുടെ വിധി പരലോകത്തെ വിചാരണ വേളയില്‍ തീരുമാനിക്കട്ടെയെന്നും രണ്ടാമതൊരു കൂട്ടര്‍. ഇതില്‍ ഏതാണാവോ ശരി?''.

ശിഷ്യന്റെ ചോദ്യം ഗുരുവിനെ ആലോചനയിലാക്കവെ, ശിഷ്യരില്‍ നിന്ന് ഉത്തരവുമായി ഒരാള്‍ എഴുന്നേറ്റു. വാസ്വിലുബ്‌നു അത്വാഅ്. അയാള്‍ പറഞ്ഞു: 'വന്‍പാപം ചെയ്യുന്നവരുടെ വിധി ഇതിന് രണ്ടിനുമിടയിലാണ്. അവര്‍ മുഅ്മിനോ കാഫിറോ അല്ല'.

ഇത് കേട്ട ഹസന്‍ ബസ്വരി ദേഷ്യത്തോടെ ശബ്ദമുയര്‍ത്തി പറഞ്ഞു. 'വാസ്വില്‍ പുറത്തുപോകൂ. ആ സദസ്സില്‍ നിന്ന് വേറിട്ടുപോയ വാസ്വില്‍ അതേ പള്ളിയില്‍ സ്വന്തമായി മറ്റൊരു വിജ്ഞാന സദസ്സ് തുടങ്ങി. അദ്ദേഹത്തോടൊപ്പം കൂടിയവരാണ്. പിന്നീട് മുഅ്തസിലികള്‍ (വേറിട്ടു പോയവര്‍) എന്നറിയപ്പെട്ടത്.

മത വിഷയങ്ങളില്‍ സ്വീകരിച്ച യുക്തിനിഷ്ഠ കാരണം സമുദായത്തിന്റെ പൊതുധാരയില്‍ ഒറ്റപ്പെട്ടുപോയവര്‍ എന്ന അര്‍ഥത്തിലാണ് ഈ പേര്‍ വന്നതെന്നും അഭിപ്രായമുണ്ട്. അലി(റ), മുആവിയ(റ) എന്നിവര്‍ക്കിടയിലുണ്ടായ അഭിപ്രായ വൈജാത്യങ്ങളില്‍, ഒരാളുടെയും പക്ഷം ചേരാതിരുന്നതുമൂലമാണ് ഈ പേര്‍ വന്നതെന്നും നിരീക്ഷണമുണ്ട്.

സാഹചര്യം

മൂന്നാം ഖലീഫ ഉസ്മാന്റെ(റ) ദാരുണാന്ത്യത്തോടെ മുസ്‌ലിം സമൂഹത്തില്‍ ഛിദ്രതയുണ്ടായി. ജമല്‍, സ്വിഫ്ഫീന്‍ യുദ്ധങ്ങള്‍ സംഭവിച്ചു. ആഭ്യന്തര കലാപങ്ങളുണ്ടായി. നൂറുകണക്കിന് വിശ്വാസികളാണ് ഇതില്‍ കൊല്ലപ്പെട്ടത്. ഇവരെല്ലാവരും സ്വഹാബിമാരോ താബിഉകളോ ആയിരുന്നു. ഈ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതാകട്ടെ, അലി(റ), ആഇശ(റ), ത്വല്‍ഹ(റ), സുബൈര്‍(റ), മുആവിയ(റ), തുടങ്ങിയവരും. അപ്പോള്‍ കൊന്നവരോ, കൊല്ലാന്‍ നേതൃത്വം നല്‍കിയവരോ പാപികളാണോ? കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികളാണോ? ഏതെങ്കിലും ഒരു വിഭാഗം തെറ്റുകാരാവുമെന്നതില്‍ സന്ദേഹമില്ല.

ഈ പ്രശ്‌നം, മുസ്‌ലിം സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അന്നത്തെ പ്രബല വിഭാഗങ്ങളായ ഖവാരിജുകള്‍ വാദിച്ചത് ഇങ്ങനെയാണ്. 'കൊലപാതകം മഹാപാപമാണ്. അതിനാല്‍  കൊലനടത്തിയവര്‍ കാഫിറുകളാണ്'. അതേസമയം അവര്‍ ഫാസിഖ് മാത്രമേ ആവുന്നുള്ളൂ എന്നും മതത്തില്‍ നിന്ന് പുറത്തുപോവില്ലെന്നുമാണ് സമൂഹം വിധി കല്പിച്ചത്. ഇത് രണ്ടിനുമിടയില്‍ നിന്ന് മുഅ്തസിലികളുടെ നിലപാട് ഇങ്ങനെയായിരുന്നു.

'മനുഷ്യന്റെ പ്രവൃത്തികള്‍ അവന്റെ സൃഷ്ടിയാണ്. നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും ലഭിക്കും. പാപം ചെയ്യുന്നവന്‍ വിശ്വാസിയല്ല, എന്നാല്‍ അവിശ്വാസിയുമല്ല. ഇത് രണ്ടിനുമിടയിലുള്ള സ്ഥാനമാണവന്'.

മുഅ്തസിലികളുടെ വിശ്വാസം

പ്രമാണത്തേക്കാള്‍ പ്രാധാന്യം ഇവര്‍ ബുദ്ധിക്കു നല്‍കുന്നു. ഫിലോസഫിയുടെ പിന്‍ബലത്തില്‍ ഇസ്‌ലാമിനെ വിമര്‍ശിച്ചവര്‍ക്ക് ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ മുഅ്തസിലികള്‍ മറുപടി നല്‍കി. അല്ലാഹുവിനെ കേള്‍ക്കുന്നവന്‍, അറിയുന്നവന്‍ എന്നിങ്ങനെ വിശേഷിപ്പിക്കാം. എന്നാല്‍ ഈ ഗുണങ്ങള്‍ അവന് കല്പിക്കുന്നത് തൗഹീദിന് വിരുദ്ധമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണ്. മതം കല്പിച്ചതുകൊണ്ടല്ല ഒരു കാര്യം നന്മയാകുന്നത്. മറിച്ച് നന്മ-തിന്മകള്‍ ബുദ്ധികൊണ്ട് തിരിച്ചറിയുകയാണ് വേണ്ടത് തുടങ്ങിയ വിശ്വാസവും ഇവര്‍ വെച്ചു പുലര്‍ത്തുന്നു.

അഹ്‌ലുസ്സുന്നയും മുഅ്തസിലികളും

ദൈവത്തിന്റെ ഗുണഗണങ്ങള്‍, ദൈവത്തെ പരലോകത്തുവെച്ച് കാണല്‍, ദൈവിക വാഗ്ദാനങ്ങളും താക്കീതുകളും, ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍, ദൈവിക ഇച്ഛ എന്നിങ്ങനെ അടിസ്ഥാന വിശ്വാസ വിഷയങ്ങളില്‍ തന്നെയും അഹ്‌ലുസ്സുന്നയുമായി മുഅ്തസിലികള്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നു.

അബ്ബാസിയ കാലം, പൊതുവില്‍ മുഅ്തസിലികളുടെ പ്രഭാവ കാലമായിരുന്നു. ഹിജ്‌റ 216 ല്‍ മഅ്മൂന്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് പ്രഖ്യാപിക്കുക പോലും ചെയ്തു. തര്‍ക്കശാസ്ത്രത്തിന്റെ കടിഞ്ഞാണ്‍ രണ്ട് നൂറ്റാണ്ടുകാലം മുഅ്തസിലികളുടെ കൈകളിലായിരുന്നെന്നും ചരിത്രകാരന്മാര്‍ പറയുന്നു.

 

Feedback