Skip to main content

ലക്ഷ്യവും പ്രവര്‍ത്തനങ്ങളും

പി അബ്ദുല്‍ ഖാദിര്‍ മൗലവി പ്രസിഡണ്ടും സി മുഹ്‌യിദ്ദീന്‍കുട്ടി മൗലവി സെക്രട്ടറിയുമായി രൂപീകൃതമായ പണ്ഡിതസഭക്ക് മുമ്പില്‍ ചെയ്യാന്‍ കാര്യങ്ങളേറെയുണ്ടായിരുന്നു. മുസ്‌ലിംകള്‍ക്കിടയിലെ കൊടികുത്ത്, ചന്ദനക്കുടം, മുഹര്‍റം ആഘോഷം, ഖബ്‌റാരാധന തുടങ്ങിയ അനാചാരങ്ങള്‍ ഒരു ഭാഗത്ത്. ആര്യസമാജക്കാരും ക്രൈസ്തവ മിഷണറിമാരും മുസ്‌ലിംകളെ വല വീശാനിറങ്ങുന്നത് മറുഭാഗത്ത്. ഇതിനൊക്കെ പുറമെ മലബാര്‍ കലാപം സമുദായത്തിനകത്തുണ്ടാക്കിയ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും. എല്ലാം മുസ്ലിം പണ്ഡിതരെ ഏറെ മഥിക്കുകയും വേദനിപ്പിക്കുകയുമുണ്ടായി. ഇതിന് പരിഹാരം കാണാന്‍ ചില തീരുമാനങ്ങള്‍ കൈകൊള്ളുകയും ചെയ്തു.

എന്നാല്‍ മുഴുവന്‍ പണ്ഡിതന്മാരുടെയും കൂട്ടായ്മയിലൂടെ രൂപീകൃതമായ ജംഇയ്യത്തില്‍ നിന്ന് ഒരു വിഭാഗം ഏറെ വൈകാതെ പിരിഞ്ഞുപോയി. ജംഇയ്യത്തിന് വഹ്ഹാബി ചായ്‌വുണ്ടെന്നായിരുന്നു പരാതി. ഇവര്‍ പിന്നീട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍, പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് യോഗം ചേര്‍ന്ന് (1926ല്‍) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുണ്ടാക്കി. 1947ല്‍ കെ സി അബ്ദുല്ല മൗലവി, വി കെ സൈനുദ്ദീന്‍ എന്നിവര്‍ പിരിഞ്ഞുപോയി ജമാഅത്തെ ഇസ്‌ലാമിയിലും ചേര്‍ന്നു. എന്നാല്‍ ജംഇയ്യത്തുല്‍ ഉലമ ഇസ്‌ലാമിക പ്രബോധന വീഥിയില്‍ അതിന്റേതായ കടമ നിര്‍വഹിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പിറവിയെ തുടര്‍ന്ന് കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ശക്തമായ ആശയ സംഘട്ടനം നടന്നു. ഐക്യസംഘവും, ജംഇയ്യത്തുല്‍ ഉലമയും, നവോത്ഥാന വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ നടത്തി. മതത്തിന്റെ പേരില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളെ എതിര്‍ത്തു. മത പ്രസംഗ പരമ്പരകള്‍ നടന്നു. ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹ്ഹാബ്, സയ്യിദ് റശീദ് റിദ, മുഹമ്മദ് അബ്ദു, ഇബ്‌നുത്തൈമിയ തുടങ്ങിയവരുടെ നവോത്ഥാന ചിന്തകള്‍ ഇതിനകം കേരളത്തിലെത്തിയിരുന്നു. ഭാഷാശേഷിയും തന്മയത്വവുമുള്ള ഇസ്വ്‌ലാഹീ പണ്ഡിതരുടെ പ്രഭാഷണങ്ങള്‍ വിദ്യാസമ്പന്നരെയും സാധാരണക്കാരെയും സ്വാധീനിച്ചു.

ഖുര്‍ആനും സുന്നത്തുമായിരുന്നു അവരുടെ കൈമുതല്‍. മദ്ഹബുകളടക്കമുള്ള പ്രത്യേക ചട്ടക്കൂടുകളില്‍ സാധാരണക്കാരനെ വരിഞ്ഞുനിര്‍ത്തിക്കൊണ്ട് അനാചാരങ്ങളെ സംരക്ഷിക്കാന്‍ ശ്രമിച്ച യാഥാസ്ഥിതിക പണ്ഡിതരുമായി അവര്‍ നടത്തിയ ആശയ സംവാദങ്ങള്‍ ഏറെ ഫലങ്ങളുണ്ടാക്കി.


 

Feedback