Skip to main content

അസ്ഹാബുല്‍ കഹ്ഫിന്റെ ഗുഹ

വിശ്വാസം സംരക്ഷിക്കാനായി, ഗുഹയില്‍ അഭയംതേടിയ ഏതാനും യുവാക്കളുടെ സംഭവകഥ വിശുദ്ധ ഖുര്‍ആന്‍ അല്‍കഹ്ഫ് അധ്യായത്തില്‍(18: 9-26) വിവരിക്കുന്നുണ്ട്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം സത്യവിശ്വാസികള്‍ക്ക് ഗുണപാഠമെന്ന നിലയിലാണ് അല്ലാഹു സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നത്. ആയത്തുകള്‍ വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ചരിത്രപടുക്കളും ഗുഹാവാസികളായ ചെറുപ്പക്കാരുടെ കഥ പറയുന്നുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങളുടെ അപരിമേയതയ്ക്ക് അടിവരയിടുംവിധം ഈ ഗുഹ ഇന്നും നിലനില്ക്കുന്നുമുണ്ട്, ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്ന് 140 കിലോമീറ്ററോളം ദൂരത്തുള്ള ജുവൈഫിറില്‍.

തുര്‍ക്കിയുടെ പടിഞ്ഞാറുഭാഗത്ത് ഈജിയന്‍ കടല്‍ത്തീരത്തെ സ്മിര്‍ണയില്‍നിന്ന് അന്‍പത് നാഴിക അകലെ ഒരു പുരാതന റോമന്‍ പട്ടണമുണ്ട്, എഫസൂസ്. ഇതിന് സമീപമുള്ള പര്‍വതത്തിലാണ് ഈ ഗുഹ എന്നാണ് ചരിത്ര പണ്ഡിതന്മാരുടെ നിഗമനം. അബ്ബാസിഖലീഫ അല്‍വാസിഖിന്റെ കാലത്ത് (ക്രി.വ 842-846) ഈ പര്‍വതത്തില്‍ ഒരു സംഘം നിരീക്ഷണം നടത്തുകയും 'ഗുഹാനിവാസികളു'ടേത് എന്ന് അനുമാനിക്കാവുന്ന ഒരു ഗഹ്വരം കണ്ടെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ പില്കാലത്ത്, അഥവാ ഇരുപതാം ശതകത്തിന്റെ ആരംഭത്തില്‍ പുരാതന സംസ്‌കൃതികളെക്കുറിച്ച് കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ നടന്നു. അങ്ങനെ കണ്ടെത്തിയതാണ് അമ്മാനിന്റെ സമീപ പ്രദേശത്തെ ഗുഹാപ്രദേശം. ജുവൈഫിറിലെ ഖുര്‍ബത്തുസ്സൂഖില്‍ കണ്ടെത്തിയ ഈ ഗുഹ ഖുര്‍ആനിന്റെ പരാമര്‍ശങ്ങളോട് കൂടുതല്‍ ചേര്‍ന്നുനില്ക്കുന്നു.

ഗുഹാപ്രദേശം

പര്‍വതപ്രദേശത്ത് പാറ തുരന്ന് നിര്‍മിച്ചതാണ് ഈ ഗുഹ. ഗുഹയുടെകവാടത്തിന് രണ്ട് മീറ്ററോളം ഉയരമുണ്ട്. ഇതിന് മുന്നില്‍ 'ഖുര്‍ആന്‍ പറഞ്ഞ അഹ്‌ലുല്‍ കഹ്ഫിന്റെഗുഹ' എന്ന് ഇംഗ്ലീഷിലും അറബിയിലും എഴുതിവെച്ചിട്ടുണ്ട്. വേലികെട്ടിത്തിരിച്ച ഒലീവ് വൃക്ഷത്തിന്റെ ബാക്കിപത്രവും കവാടത്തിനു മുന്നില്‍ ഒരു വശത്തുകാണാം.

ഗുഹയുടെ മുന്നില്‍ ഒരു ഉമ്മറപ്പടിയുണ്ട്. ഇതിലാണ് ഗുഹാനിവാസികളുടെ സഹചാരിയെന്ന് ഖുര്‍ആനില്‍ പറഞ്ഞ നായ കിടന്നിരുന്നത്. കവാടം കടന്നെത്തുന്നത് വിശാലമായ ഒരിടത്താണ്. ഇവിടെയാണ് യുവസംഘം കിടന്നിരുന്നത്. ഇവിടെ നടത്തിയ ഖനനത്തില്‍ റോമന്‍ നാണയത്തിന്റെ പൊട്ടുകള്‍, മണ്‍പാത്രത്തിന്റെ അവശിഷ്ടങ്ങള്‍, നായയുടെ തലയോട്ടി എന്നിവ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ഇതിനകത്ത് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു.

ഗുഹയ്ക്കകത്ത് ഏഴ് ഖബ്‌റുകളുമുണ്ട്. ഇവയില്‍ ആറും ഒഴിഞ്ഞുകിടക്കുകയാണ്. ഒന്നില്‍മാത്രം കുറെ തലയോട്ടികളും അസ്ഥികളുമുണ്ട്. ഏഴുപേരുടെയും അസ്ഥികൂടങ്ങള്‍ പില്ക്കാലത്ത് ഒന്നില്‍ എടുത്തുവെക്കുകയായിരുന്നു. ഈ ഖബ്‌റിന്നകത്ത് ലൈറ്റിട്ട് വെച്ചതിനാല്‍ ഇവ വ്യക്തമായി കാണാനാവും.

മൂന്നുശതകക്കാലം ഉറങ്ങിക്കിടന്ന ഈ ചെറുപ്പക്കാരെ പിന്നീട് എഴുന്നേല്പിക്കുകയും രാജാവും നാട്ടുകാരും ഈ ദൃഷ്ടാന്തം അറിഞ്ഞ് വൈകാതെ അല്ലാഹു അവരെ മരിപ്പിക്കുകയുമായിരുന്നു. അവരെ പിന്നീട് ആ ഗുഹയില്‍തന്നെ അടക്കംചെയ്യുകയാണുണ്ടായതെന്ന് ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്.

ഈ മേഖലയില്‍ വേറെയും നിരവധി ഗുഹകളുണ്ട്. എന്നാല്‍ ഖബ്‌റുകളുടെ എണ്ണം, നായയുടെ അവശിഷ്ടം, സൂര്യപ്രകാശം കടക്കാത്ത അവസ്ഥ തുടങ്ങിയ അടയാളങ്ങളെല്ലാം ഖുര്‍ആന്‍ സൂക്തങ്ങളോട് കൂടുതല്‍ അടുത്തുനില്ക്കുന്നത്, ജുവൈഫിറിലെ റജീബ് ഗുഹയിലാണ്.

അമവി ഭരണത്തില്‍ ഇവിടെ ചില നിര്‍മാണ പ്രവൃത്തികളും നടന്നു. ഗുഹാകവാടം മുസ്‌ലിം വാസ്തുശില്പ മാതൃകയില്‍ പുനര്‍നിര്‍മിച്ചു. അബ്ദുല്‍മലികിബ്‌നു മര്‍വാന്‍ ഗുഹയുടെ അടുത്ത് ഒരു പള്ളിയും പണിതു.

ഈ ഗുഹയെ അധികരിച്ച് നിരവധി ഗ്രന്ഥങ്ങളും പില്ക്കാലത്ത് പുറത്തിറങ്ങി. 'ഇക്തിശാഫു കഹ്ഫി അഹ്‌ലില്‍കഹ്ഫ്' എന്ന റഫീഖ് വഫാദുജാനിയുടെ കൃതിയാണ് ഇതില്‍ പ്രധാനം.

Feedback