Skip to main content

സമൂദിന്റെ വാസസ്ഥലം

''സമൂദും ആദും ആ ഭീകര സംഭവത്തെ തള്ളിപ്പറഞ്ഞു. എന്നാല്‍ സമൂദ് ഗോത്രം ഘോരവിപത്തിനാല്‍ നശിപ്പിക്കപ്പെട്ടു'' (69:4,5).

മദീനയില്‍ നിന്ന് സിറിയയിലേക്കുള്ള യാത്രാമാര്‍ഗത്തില്‍ സ്ഥിതിചെയ്യുന്ന 'ഹിജ്ര്‍' ആണ് സ്വാലിഹ് നബി(അ)യുടെ സമൂഹമായ സമൂദിന്റെ വാസസ്ഥലം. ഇത് മദാഇന്‍ സ്വാലിഹ് (സ്വാലിഹിന്റെ പട്ടണങ്ങള്‍) എന്ന പേരിലും അറിയപ്പെട്ടിരുന്നു.

ഹൂദ് നബി(അ)യുടെ ജനതയായ ആദ് സമൂഹത്തിന്റെ തകര്‍ച്ചയ്ക്കുശേഷം നാഗരികതയും പരിഷ്‌ക്കാരവും പ്രാപിച്ച ഒരു സമൂഹം കൂടിയായിരുന്നു സമൂദ്. ഇവര്‍ ആജാനുബാഹുക്കളും ശക്തരുമായിരുന്നു. അതോടൊപ്പം ശില്പവിദഗ്ധരുമായിരുന്നു. വന്‍പാറക്കെട്ടുകള്‍ തുരന്ന് വീടുകള്‍ നിര്‍മിക്കാന്‍ കഴിയുന്നവരുമായിരുന്നു അവര്‍.

സമതലപ്രദേശങ്ങളിലും മലമ്പാറകള്‍ വെട്ടിയെടുത്തും അവര്‍ ഇപ്രകാരം താമസസ്ഥലങ്ങള്‍ നിര്‍മിച്ചു. ഹിജ്ര്‍ പ്രദേശത്ത് നൂറുകണക്കിന് ശിലാഭവനങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു.

അതോടൊപ്പം അക്രമകാരികളും മര്‍ദകരുമായിമാറി സമൂദുകാര്‍. സമൂഹത്തിലെ ഉന്നതര്‍ അഹങ്കാരികളായി. നികൃഷ്ടര്‍ നേതൃത്വം കൈയടക്കി. ഇതിനെല്ലാം പുറമെ അവര്‍ സ്വാലിഹ് നബി(അ)യെ തള്ളി, ബഹുദൈവവാദികളും വിഗ്രഹാരാധകരുമായി. ഒരു ചെറിയ വിഭാഗം മാത്രമാണ് സ്വാലിഹിനെ അനുസരിച്ചത്.

ഒടുവില്‍ ആ സമൂഹം സ്വാലിഹില്‍നിന്ന് പ്രവാചകത്വത്തിന് തെളിവ് ആവശ്യപ്പെട്ടു. അല്ലാഹുവിന്റെ സഹായത്താല്‍ അദ്ഭുതകരാമായി ഒരു ഒട്ടകത്തെ അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുത്തി. ഒട്ടകത്തെ ദ്രോഹിക്കരുതെന്നും ദ്രോഹിച്ചാല്‍ നിങ്ങളെ ശിക്ഷ ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

എന്നാല്‍ മുന്നറിയിപ്പിനെ പുച്ഛിച്ചുതള്ളിയ സമൂദിലെ അക്രമികള്‍ ഒട്ടകത്തെ അറുകൊല ചെയ്തു. അതോടെ ശിക്ഷയുടെ വരവറിയിച്ച് സ്വാലിഹ് പറഞ്ഞു.''നിങ്ങള്‍സ്വന്തം ഭവനങ്ങളില്‍ മൂന്നു നാള്‍ ആനന്ദിച്ചുകൊള്ളുക'' (11:65).

മൂന്നാം നാള്‍ രാത്രിയില്‍, അന്ത്യയാമത്തില്‍ ശിക്ഷയെത്തി. ഭീകരമായ സ്‌ഫോടനം. ഒപ്പം വന്‍ ഭൂമികുലുക്കവും. നേരംവെളുത്തപ്പോള്‍ പ്രദേശം മനുഷ്യകബന്ധങ്ങളാല്‍ നിറഞ്ഞു. കന്നുകാലികള്‍ ചവിട്ടിമെതിച്ച വിളപോലെയായിമാറി ആ ജനത. അതിക്രമവും ദൈവനിന്ദയും കാണിച്ചപ്പോള്‍ മുന്‍ഗാമികളായ ആദ് ജനതക്ക് കിട്ടിയതിന് സമാനമായ ശിക്ഷ തന്നെ സമൂദുകാരും ഏറ്റുവാങ്ങി.

മദീനയില്‍ നിന്ന് 450 കിലോമീറ്ററോളം വടക്കുമാറി, മദാഇന്‍ സ്വാലിഹില്‍ സമൂദുകാരുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്. ഹിജാസ് റെയില്‍വേയില്‍ മദാഇന്‍ സ്വാലിഹില്‍ സ്റ്റോപ്പ് തന്നെയുണ്ട്.

യുറോപ്യന്‍ സഞ്ചാരി ഡോട്ടി 1880ല്‍ ഹിജ്‌റില്‍വന്നു. അദ്ദേഹം എഴുതുന്നു. ''മലമ്പാറകള്‍ വെട്ടിനിര്‍മിച്ച ഭവനങ്ങള്‍, ക്ഷേത്രങ്ങള്‍, ദര്‍ബാറുകള്‍ എന്നിവയുടെ അവശിഷ്ടം, സ്വാലിഹിന്റെ ഒട്ടകത്തെ അപായപ്പെടുത്തിയസ്ഥലം, അത്‌ വെള്ളം കുടിച്ച കിണര്‍ എന്നിവയും ഇവിടെ കാണാം''.

''നിങ്ങള്‍ കരഞ്ഞുകൊണ്ടല്ലാതെ ഈ നാട്ടില്‍ പ്രവേശിക്കരുത്''. ഹിജ്‌റിലെത്തിയ നബി(സ്വ) സ്വഹാബികളോട് പറഞ്ഞു (അഅ്‌റാഫ് 73, ഹൂദ് 61, ഇസ്‌റാഅ് 59, ശുഅറാഅ് 141, നംല് 45, ദാരിയാത്ത് 43, ഹാഖ്വ 5 തുടങ്ങിയ വചനങ്ങളില്‍ ഖുര്‍ആന്‍ ഇക്കഥ അനുസ്മരിക്കുന്നു).

Feedback