Skip to main content

ആദ്‌ സമൂഹത്തിന്റെ വാസസ്ഥലം

''നിങ്ങള്‍ക്ക് കാലാകാലം താമസിക്കാനെന്ന ഭാവേന, ഉയര്‍ന്ന സ്ഥലങ്ങളിലൊക്കെ നിങ്ങള്‍ വൃഥാ പ്രതാപ ചിഹ്‌നങ്ങളെ കെട്ടിയുയര്‍ത്തുകയാണോ? ആരെയെങ്കിലും ദ്രോഹിക്കുന്നപക്ഷം നിങ്ങള്‍ നിഷ്ഠൂരന്മാരായി ദ്രോഹിക്കുകയുംചെയ്യുന്നു'' (26:128-130).

ഏകദൈവത്തെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും ബഹുദൈവത്വത്തിലും അക്രമവാസനയിലും അതിരുവിടുകയും ചെയ്തതിനാല്‍ നശിപ്പിക്കപ്പെട്ട ആദ്യത്തെ അറബ് സമുദായമാണ് ആദ്. നൂഹ് നബി(അ)യുടെ പിന്‍മുറക്കാരനായ ഹൂദ് നബി(അ)യുടെ സമുദായമാണിവര്‍.

ഹിജാസിന്റെയും യമന്‍, യമാമ എന്നിവയുടെയും നടുവില്‍ സ്ഥിതിചെയ്യുന്ന അഹ്ഖാഫായിരുന്നു ആദിന്റെ വാസസ്ഥലം. വിശാലമായ ഈ പ്രദേശത്ത് അത്യന്തം പ്രൗഢിയോടെയാണ് ആദുകാര്‍ ജീവിച്ചുപോന്നത്. 'അവര്‍ കായബലവും ദീര്‍ഘായുസ്സുമുള്ളവരായിരുന്നു. ആളും അര്‍ഥവും ജലസ്രോതസ്സുകളും വിഭിന്നതരം ഫലങ്ങളുംകൊണ്ട് അനുഗൃഹീതരായിരുന്നു. അവര്‍ക്കു തുല്യം ഒരു ജനം നാടുകളിലൊന്നിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല.'' (89:8)  

എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ അവരെ നയിച്ചത് അഹങ്കാരത്തിലേക്കാണ്. ഉന്നത സ്ഥലങ്ങളില്‍ അവര്‍ മനോഹരങ്ങളും ഗംഭീരങ്ങളുമായ കൊട്ടാരങ്ങള്‍ പണിതു. ദുര്‍ബലരെ ക്രൂരമായി ദ്രോഹിച്ചു. ശക്തരായ തങ്ങളെ തോല്പിക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്ന് ഗര്‍വ് നടിച്ചു.

കൂടാതെ അവരിലേക്ക് നിയോഗിതനായ പ്രവാചകന്‍ ഹൂദിനെ തള്ളിക്കളയുകയും ചെയ്തു. ബഹുദൈവാരാധനയെയും അക്രമത്തെയും ആഢ്യത്വത്തെയും എതിര്‍ത്ത അദ്ദേഹത്തെ വ്യാജവാദിയും വിഡ്ഢിയുമാക്കി. മെയ്യൂക്കുള്ള തങ്ങള്‍ക്കെതിരെ ദൈവികശിക്ഷയിറക്കാന്‍ ആദ് ജനത ഹൂദിനെ വെല്ലുവിളിക്കുകയുംചെയ്തു.

അവരുടെ അഹങ്കാരം അധികകാലം നീണ്ടില്ല. തന്നില്‍ വിശ്വസിച്ചവരെയും കൊണ്ട് നാടുവിടാന്‍ അല്ലാഹു ഹൂദിന് കല്പന നല്കി. തുടര്‍ന്ന് കുളിര്‍മ പകരുന്ന മഴയോടെ ശിക്ഷയുടെ വരവായി. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

''ആദ്‌സമൂഹം ആഞ്ഞുവീശുന്ന കാറ്റിനാല്‍ നാമാവശേഷമാക്കപ്പെട്ടു. തുടര്‍ച്ചയായി ഏഴുരാവും എട്ടു പകലും കാറ്റ് അവരുടെമേല്‍ തിരിച്ചുവിട്ടു. കടപുഴകി വീണ ഈത്തപ്പനത്തടികള്‍ പോലെ ജനം വീണു കിടക്കുന്നത് നിനക്ക് കാണാമായിരുന്നു'' (69:6-8).

അജയ്യമെന്ന് സ്വയം ധരിച്ച അവരുടെ കോട്ടകളെ നിശ്ശേഷം അല്ലാഹു തകര്‍ത്തുകളഞ്ഞു. കീഴ്‌പ്പെടുത്താനാവാത്ത മല്ലന്മാരെന്ന് സ്വയംധരിച്ച അവരില്‍ ഒരാളെപ്പോലും ബാക്കിവെക്കാതെ നാമാവശേഷമാക്കി. ഹൂദിനെയും വിശ്വാസികളെയും രക്ഷപ്പെടുത്തുകയുംചെയ്തു.

ഈ മഹാനാഗരികതയുടെ ദുരന്തചിത്രം ഇന്നും അഹ്ഖാഫില്‍ കാണാനാവും, വെറും അവശിഷ്ടങ്ങളായി മാത്രം. സഹസ്രാബ്ദങ്ങളുടെ സ്മൃതിയുണര്‍ത്തി ഈ വിജനപ്രദേശം അവിശ്വാസികള്‍ക്ക് ഭീതിയും താക്കീതുമായാണ് നിലകൊള്ളുന്നത്. സൂറ: ഹൂദ്, അല്‍ഹാഖ്വ, അല്‍ഫജ്ര്‍, അല്‍അഅ്‌റാഫ്, അശ്ശുഅറാഅ്, ഫുസ്സ്വിലത്ത് തുടങ്ങിയ സൂറകളില്‍ ഈ സംഭവം അല്ലാഹു ഓര്‍മപ്പെടുത്തുന്നു.

Feedback