Skip to main content

ദുല്‍ഖര്‍നൈനിയുടെ മതില്‍

''ഹേ, ദുര്‍ഖര്‍നൈന്‍, യഅ്ജൂജും മഅ്ജൂജും ഈ നാട്ടില്‍ കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ അങ്ങ് ഒരു സുരക്ഷാമതില്‍ നിര്‍മിച്ചുതരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് നികുതി നിശ്ചയിക്കട്ടെയോ? അദ്ദേഹം പറഞ്ഞു: എന്റെ നാഥന്‍ എനിക്ക് തന്നിട്ടുള്ളതുതന്നെ ഉത്തമമാണ്. അധ്വാനംകൊണ്ട് നിങ്ങള്‍ എന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ മതില്‍ പണിതുതരാം''(18:94,95)

ഖുര്‍ആനിന്റെ അവതരണത്തിന് ശതാബ്ദങ്ങള്‍ക്ക് മുമ്പ് ജീവിച്ച ദിഗ്വിജയിയും പ്രജാവത്സലനുമായ ഭരണാധികാരിയായിരുന്നു ദുല്‍ഖര്‍നൈന്‍ (ബി സി ആറാം നൂറ്റാണ്ടില്‍ ജീവിച്ച പേര്‍ഷ്യന്‍ രാജാവ് ഖോറസിനാണ് ദുല്‍ഖര്‍നൈനിയുടെ ലക്ഷണങ്ങള്‍ കൂടുതല്‍ യോജിക്കുന്നതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ചരിത്രകാരന്മാരുമായ ഭൂരിപക്ഷവും പറയുന്നു. ഏഷ്യാമൈനര്‍, ബാബിലോണിയ, സിന്ധ്, തുര്‍ക്കിസ്ഥാന്‍, മാസിഡോണിയ, ഈജിപ്ത് തുടങ്ങിയവ ഉള്‍പ്പെടുന്ന വന്‍സാമ്രാജ്യത്തിനുടമയായിരുന്നു ഖോറസ്).

തന്റെ ജൈത്രയാത്രയില്‍ കാസ്പിയന്‍ കടലിനും കരിങ്കടലിനും ഇടയില്‍ സ്ഥിതിചെയ്യുന്ന കോക്കസസ് മലനിരകളില്‍ ദുല്‍ഖര്‍നൈന്‍ എത്തി. ഇവിടത്തുകാര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതമായിരുന്നു രണ്ട് പര്‍വതങ്ങള്‍ക്കിടയിലൂടെ ഇരമ്പിയെത്തുന്ന യഅ്ജൂജ്, മഅ്ജൂജ്മാരുടെ അക്രമണം (പരിഷ്‌കൃതരാജ്യങ്ങളില്‍ കൊള്ളയും കൊലയും നടത്തുന്ന ജനവിഭാഗമാണ് യഅ്ജൂജ്-മഅ്ജൂജ് എന്നാണ് ഭൂരിപക്ഷാഭിപ്രായം. കാസ്പിയന്‍ കടലിന് സമീപമാണ് ഇവരുടെ ആവാസഗേഹം). ഇവര്‍ക്ക് തടയിടാന്‍ ഇരുപര്‍വതങ്ങള്‍ക്കുമിടയില്‍ ഒരു മതില്‍ നിര്‍മിച്ചുതരണമെന്ന് ദുല്‍ഖര്‍നൈനിയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അങ്ങനെ നാട്ടുകാരുടെ സഹായത്തോടെ അദ്ദേഹം മതില്‍ നിര്‍മിച്ചു.

ഇരുമ്പുകട്ടകള്‍ നിരത്തിവെച്ച് മലകള്‍ക്കിടയിലെ വിടവ് നികത്തി. ഇതിനെ ചുട്ടു പഴുപ്പിച്ചു. ശേഷം അതില്‍ ഈയം ഉരുക്കി ഒഴിച്ചു. അതോടെ തകര്‍ക്കാനാവാത്ത ഒരു വന്‍മതില്‍ രൂപപ്പെട്ടു. പിന്നീട് അദ്ദേഹം പറഞ്ഞു. ''ഇത് എന്റെ രക്ഷിതാവിന്റെ കാരുണ്യമാണ്. അവന്റെ വാഗ്ദത്ത സമയമെത്തുമ്പോള്‍ അവന്‍ അതിനെ നിരപ്പാക്കിക്കളയും. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം സത്യമായതത്രെ'' (സൂറഅല്‍കഹ്ഫ് 98).

നബി(സ്വ)യെ ഉത്തരംമുട്ടിക്കാനായി, ജൂതന്മാരും സത്യനിഷേധികളും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ദുര്‍ഖര്‍നൈനിയെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രം തിരുനബി അവര്‍ക്ക് വഹ്‌യിലൂടെ ലളിതമായി പറഞ്ഞുകൊടുക്കുകയാണ്.

അസര്‍ബീജാനും അര്‍മേനിയയ്ക്കും മധ്യേയുള്ള മലകള്‍ക്കിടയില്‍ കാണപ്പെട്ട ഇരുമ്പ് ഈയം മിശ്രിതം ഈ മതിലിന്റെ അവശിഷ്ടമാവാം എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. കരിങ്കടലിന്റെയും കാസ്പിയന്‍ കടലിന്റെയും ഇടയ്ക്കുള്ള കോക്കസസ് പ്രദേശത്താണെന്ന അഭിപ്രായവുമുണ്ട്.

Feedback