Skip to main content

ലൈംഗികത

സ്ത്രീ സുരക്ഷയില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ് ലൈംഗിക അതിക്രമത്തില്‍ നിന്നുള്ള സുരക്ഷ. സ്ത്രീ പുറത്തു നിന്ന് അനുഭവിക്കുന്ന പീഡനങ്ങളില്‍ മിക്കതും ഈ വിഷയത്തിലാണ്. അതിനാല്‍ ഈ രംഗത്ത് ഇസ്‌ലാം ചില കര്‍ശന നിയന്ത്രണങ്ങള്‍ സ്ത്രീപുരുഷന്മാര്‍ക്ക് നല്കുന്നു.  സ്ത്രീ പുരുഷ ലൈംഗിക ആകര്‍ഷണം ജന്തുസഹജമാണ്. അവയുടെ നിലനില്പിനും വംശവര്‍ധനവിനും അത് ആവശ്യമാണ്. വംശവര്‍ധനവ് എന്ന കേവല ലക്ഷ്യത്തിനപ്പുറത്ത് ജീവിത സുഖം, സാമൂഹിക വളര്‍ച്ചയും സമാധാനവും തുടങ്ങി മാനവികതയുടെ മാനങ്ങള്‍ നിലനിര്‍ത്താന്‍ പോലും മനുഷ്യനില്‍ ലൈംഗികത നിമിത്തമായിത്തീരുന്നു (30:21). 

സ്ത്രീയോടുള്ള കാമവും ലൈംഗിക വികാരവും പുരുഷപ്രകൃതമാണ്. അവന്‍ ചെറിയ കാരണങ്ങളിലൂടെ പോലും ലൈംഗിക കാര്യങ്ങളിലേക്ക് ഉത്സുകനാകുന്നു. എന്നാല്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഇങ്ങനെ പെട്ടെന്ന് ലൈംഗിക ഉത്തേജനം ഉണ്ടാവുന്നില്ല. പുരുഷന്‍ സ്ത്രീയില്‍ നിന്ന് സേവനവും ലൈംഗികതയും ആഗ്രഹിക്കുമ്പോള്‍ സ്ത്രീ പുരുഷനില്‍ നിന്ന് സ്‌നേഹവും സംരക്ഷണവുമാണ് ആഗ്രഹിക്കുന്നത്. ലൈംഗിക വാഞ്ഛ ലൈംഗിക ചിന്തയുണ്ടാക്കുന്ന ഏതു കാര്യങ്ങള്‍ മുഖേനെയും ഉണര്‍ന്നേക്കാം. അത് നേരെയുള്ളതാണെങ്കില്‍ സ്ത്രീ ശരീരവും ശരീര ഭാഗങ്ങളും, സ്ത്രീയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,  വസ്തുക്കള്‍ എന്നിവയുടെ ദര്‍ശനം, സ്പര്‍ശനം, ഗന്ധം, ശബ്ദം, ചിന്ത, ചലനം, വായന, ചര്‍ച്ച എന്നിവ അവനെ ലൈംഗികമായി ഉത്തേജിപ്പിക്കും. മനോവൈകല്യമുള്ളവരില്‍ നിന്ന് സ്ത്രീയല്ലാതെ പുരുഷന്‍, കുട്ടി, മൃഗം തുടങ്ങി താന്‍ ആഗ്രഹിക്കുന്ന എന്തിലും ആഗ്രഹം സാധിക്കാന്‍ ശ്രമിക്കുന്ന ലൈംഗിക വൈകൃതങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ലഹരിയുടെ ആധിപത്യം മനുഷ്യനെ പൈശാചികതയിലേക്കു നയിക്കുന്നു. അത് ലൈംഗിക ആരാജകത്വത്തിലേക്ക് എത്തിക്കുന്നു. ഇവിടെയാണ് മതങ്ങള്‍ വിശേഷിച്ചും ഇസ്‌ലാം മനുഷ്യനെ കടിഞ്ഞാണിടുന്നത്.

പ്രകൃതിപരമായ ഇഛകളെ നിയന്ത്രിക്കുമ്പോഴാണ് മാനവികതയുണ്ടാകുന്നത്. വിശന്നാലും അന്യന്റെത് അനുവാദമില്ലാതെ ആഹരിക്കരുത്. വിസര്‍ജനാവശ്യമുണ്ടെങ്കിലും അത് പൊതുവഴിയിലാകരുത്. ശക്തിയുണ്ടെങ്കിലും ദുര്‍ബലനില്‍ പരീക്ഷിക്കരുത്. ഇത്യാദി ധാര്‍മിക നിയമങ്ങള്‍ ഇങ്ങനെ ഉരുവംകൊണ്ടതാണ്. ഇതാണ് പുരുഷനേക്കാള്‍ പൊതുവെ ശാരീരികവും വൈകാരികവുമായ പരിമിതികളുള്ള സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കി ഇസ്‌ലാം ചില നിയന്ത്രണങ്ങള്‍ വെക്കാനുള്ള കാരണം. അന്യരുടെ മുമ്പില്‍ മുഖവും മുന്‍കൈകളുമല്ലാത്ത ശരീരഭാഗങ്ങള്‍ മറയ്ക്കുക, കൃത്രിമാലങ്കാരങ്ങളും സുഗന്ധവും ഉപേക്ഷിക്കുക, സ്‌ത്രൈണത മുറ്റുന്ന കലാപ്രകടനങ്ങള്‍ നടത്താതിരിക്കുക, സംസാരത്തില്‍ സൂക്ഷ്മത പുലര്‍ത്തുക, കണ്ണ് നിയന്ത്രിക്കുക, നടത്തം ശ്രദ്ധിക്കുക, അന്യപുരുഷനോടൊപ്പം തനിച്ചാകാതിരിക്കുക, ദീര്‍ഘയാത്രയില്‍ അടുത്ത രക്തബന്ധുവിനെ സഹയാത്രികനാക്കുക തുടങ്ങി ചില നിയന്ത്രണങ്ങള്‍ ഇസ്‌ലാം ആവശ്യപ്പെട്ടിട്ടുണ്ട്.  അതോടൊപ്പം, ഭൗതിക വസ്തുക്കളെക്കാള്‍ ഭക്തികൊണ്ടാണ് ഈ മറ രൂപപ്പെടുത്തേണ്ടതെന്ന് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. ''ആദം സന്തതികളേ, നിങ്ങള്‍ക്കു നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നാം നല്‍കിയിരിക്കുന്നു. ധര്‍മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്''(7:26).

 


 

Feedback