Skip to main content

സ്ത്രീയെ അപമാനിക്കുന്നുവെന്ന ആരോപണം

വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമും സ്ത്രീയെ അപമാനിക്കുകയാണെന്ന് മതനിരാസവാദികള്‍ ആരോപിക്കാറുണ്ട്. ചില ഉദാഹരണങ്ങള്‍ താഴെ കാണിച്ചിരിക്കുന്നു.

1. ബഹുഭാര്യത്വം അനുവദിക്കുകയും ബഹുഭര്‍തൃത്വം നിഷേധിക്കുകയും ചെയ്യുന്നത് അക്രമവും വിവേചനവുമാണ് (4:3). ബഹുഭാര്യത്വം ചില സാമൂഹിക പരിസരങ്ങളില്‍ ഈഗോ പ്രയാസങ്ങളുണ്ടാക്കുന്നു എന്നല്ലാതെ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ അവസ്ഥകളില്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ അത് ചരിത്രാതീത കാലം മുതല്‍ വിവിധ സമൂഹങ്ങളില്‍ വ്യാപകമായി നിലനിന്നു പോന്നിട്ടുണ്ട്. ഇന്നും അത് നടപ്പിലുണ്ട്. എന്നാല്‍ ചില പുരാതന സമൂഹങ്ങളില്‍ ബഹുഭര്‍തൃത്വം നിലനിന്നിരുന്നുവെങ്കിലും അവിടങ്ങളിലെല്ലാം അത് അപരിഹാര്യമായ പ്രശ്‌നങ്ങളുണ്ടാക്കുകയും അതിനാല്‍ തന്നെ അത് ലോകത്തു നിന്ന് നിയമനിര്‍മാണങ്ങളില്ലാതെത്തന്നെ സ്വയം ഇല്ലാതാവുകയുംചെയ്തിരിക്കുന്നു.

അതിരില്ലാത്ത ബഹുഭാര്യത്വം ഇസ്‌ലാം അംഗീകരിക്കുന്നില്ല. തന്നെ വിവാഹം കഴിച്ചാല്‍ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കരുതെന്ന് വിവാഹ സമയത്ത് നിബന്ധന വെയ്ക്കാന്‍ സ്ത്രീക്ക് അവകാശമുണ്ട്. കൃത്യമായ കാരണമില്ലാതെയും രഹസ്യമായും നടത്തുന്ന രണ്ടാംകെട്ടുകള്‍ക്ക് ഇസ്‌ലാം അനുകൂലമല്ല.  

അനാഥ സംരക്ഷണം, രോഗം, ദാരിദ്ര്യം, വൈധവ്യം, വൈകല്യം തുടങ്ങിയവയാല്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന സ്ത്രീകളുടെ പുനരധിവാസം തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും ബഹുഭാര്യത്വം പരിഹാരമാണ്. പുരുഷന്ന് ഒന്നിലേറെ വിവാഹം ചെയ്യാന്‍ അനുമതി നല്കുന്ന വിശുദ്ധഖുര്‍ആന്‍ ആയത്തിന്റെ അവതരണപശ്ചാത്തലം ചിന്താര്‍ഹമാണ്. ഒരു പരിധിയുമില്ലാതെ തോന്നുമ്പോഴെല്ലാം വിവാഹം കഴിച്ചിരുന്ന ജാഹിലിയ്യാ സമൂഹങ്ങള്‍ക്കിടയില്‍ പരിധിയും നിശിതമായ നിയന്ത്രണവും വരുത്തുകയായിരുന്നു വിശുദ്ധഖുര്‍ആന്‍.  

2. സ്ത്രീയെ ഖുര്‍ആന്‍ കൃഷിയിടത്തോട് ഉപമിക്കുന്നു (2:223). ഇത് അനുവാചകന്റെ താത്പര്യമനുസരിച്ച് വ്യാഖ്യാനിക്കപ്പെടുന്നു. ചവിട്ടിമെതിക്കാനും വില്‍ക്കാനും വാങ്ങാനുമെല്ലാം ഉപയോഗിക്കാന്‍ പറ്റും എന്ന അര്‍ഥത്തിലാണ് ഇത് സംശയമുണ്ടാക്കുന്നത്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും നിലപാടുകള്‍ അറിയുമ്പോഴാണ് ഇതിന്റെ കൃത്യമായ ആശയം മനസ്സിലാവുക. സ്ത്രീക്ക് ബാധ്യതയും അവകാശങ്ങളുമുണ്ടെന്നും അവര്‍ക്ക് അറിവു നേടാനും സമ്പാദിക്കാനും അര്‍ഹതയുണ്ടെന്നും അവരെ സംരക്ഷിക്കുന്നത് വലിയ പുണ്യമാണെന്നും അവര്‍ക്ക് ആരാധനയ്ക്കും അഭിപ്രായത്തിനുമെല്ലാം സ്വാതന്ത്യമുണ്ടെന്നും പ്രഖ്യാപിക്കുന്ന ആദര്‍ശത്തിന് കൃഷിയിടത്തിന്റെ ഈ അര്‍ഥം സ്വീകരിക്കുക സാധ്യമല്ല.

ഒരു കര്‍ഷകന് കൃഷിയിടം ജീവനാണ്. അതിന്റെ സുരക്ഷയും സമൃദ്ധിയും എന്നും അവന്റെ ശ്രദ്ധയാണ്. അവന്‍ തന്റെ അധ്വാനം മുടക്കുന്നതും ഉപജീവനം തേടുന്നതും അവിടെയാണ്. എല്ലാ ഭര്‍ത്താക്കളും കൃഷിയിടത്തെ ഇങ്ങനെ പരിഗണിക്കുകയും പരിചരിക്കുകയും ചെയ്തിരുന്നെങ്കില്‍.

കൂടാതെ ഈ വചനത്തിന്റെ അവതരണ പശ്ചാത്തലം പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. സ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തില്‍ ചില അനുവദനീയ രീതികള്‍ പോലും പാടില്ലെന്നും അത് കുഞ്ഞിന് വൈകല്യമുണ്ടാകാനും മറ്റും കാരണമാകുമെന്നുമുള്ള അന്ധവിശ്വാസം ജൂതന്‍മാര്‍ മതമായി പ്രചരിപ്പിച്ചിരുന്നു. അതില്‍ സംശയം ഉന്നയിച്ചപ്പോഴാണ്, ഉത്പന്നം കിട്ടാവുന്ന വിധത്തിലാണങ്കില്‍ അനുവദനീയമായ ഏതു രൂപവും തെറ്റില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴുള്ള ഖുര്‍ആനിന്റെ മാന്യവും ചിന്തോദ്ദീപകവുമായ ശൈലിയാണ് ഈ ഉദാഹരണത്തിലൂടെ മനസ്സിലാക്കേണ്ടത്.

3. വിവാഹമോചനവും മുത്തലാഖും (2:229). ദാമ്പത്യം കാരാഗൃഹമാകുമ്പോള്‍ സ്ത്രീക്കും പുരുഷനും അതില്‍ നിന്ന് ഒഴിവാകാന്‍ ഇസ്‌ലാം അനുവദിക്കുന്നു. ഇതില്‍ രണ്ടുപേര്‍ക്കും അവകാശവും അവസരവുമുണ്ട്. ഇത് സ്ത്രീയെ വഴിയാധാരമാക്കാനല്ല. അവള്‍ക്ക് ജീവിതം ദുസ്സഹമാകാതിരിക്കാനാണ്. പുരുഷന്റെ ഭാഗമാണ് പ്രശ്‌നമെങ്കില്‍ സ്ത്രീക്ക് ഖുല്‍അ്, ഫസ്ഖ് എന്നീ രൂപങ്ങളിലൂടെ മോചനം നേടാവുന്നതാണ്. 

മുത്തലാഖ് എന്നത് പദം പോലെ തന്നെ ഇസ്‌ലാമിലെ അനുവദനീയ ത്വലാഖിന്റെ വികല രൂപമാണ്. ഇത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. മൂന്നു ഘട്ടങ്ങളിലായി നടക്കേണ്ട ത്വലാഖ് 'നിന്നെ മൂന്നും ചൊല്ലി' എന്നു പറയുന്നതോടെ നിയമപ്രാബല്യമുള്ളതാകുന്നില്ല. ഇങ്ങനെ ചെയ്താല്‍ ഭരണകൂടത്തിനു ഭര്‍ത്താവിനെ ശിക്ഷിക്കാം. ദൈവിക ശിക്ഷയും അവന്ന് ലഭിക്കുക തന്നെചെയ്യും. (ത്വലാഖ് ലിങ്ക് കാണുക)

4. പുരുഷനെ കുടുംബ നായകനാക്കി (4:34). ഏതൊരു സംരംഭത്തിനും നേതൃത്വം വേണം. അതിന്റെ അവസാനത്തില്‍ ഒരു വ്യക്തി മാത്രമേ പാടുള്ളൂ. കുടുംബം എന്ന സ്ഥാപനത്തിന്റെ സുരക്ഷ ഇസ്‌ലാം ഏല്പിച്ചത് പുരുഷനെയാണ്. അവന്റെ മാനസികവും ശാരീരികവും സാമ്പത്തികവുമെല്ലാമായ പ്രത്യേകതകളാണ് അതിന്നു കാരണം. സ്ത്രീയെ ഏല്പിക്കാതിരുന്ന കാരണവും മറ്റൊന്നല്ല. ഇതുമാത്രമാണ് നേതൃത്വം പുരുഷന്ന് എന്നു പറഞ്ഞതില്‍ ഇസ്‌ലാം അര്‍ഥമാക്കുന്നത്. അവളുടെ അഭിപ്രായങ്ങള്‍ വിലവെക്കേണ്ടതില്ലെന്നോ അവന്റെ അന്യായങ്ങള്‍ക്ക് അവള്‍ വിധേയപ്പെട്ടുകൊടുക്കണമെന്നോ ഒന്നും ഇസ്‌ലാം ആവശ്യപ്പെട്ടിട്ടില്ല. കുടുംബ നേതൃത്വം സ്ത്രീക്കു കൊടുത്താലും ഏകപക്ഷീയത എന്ന ആശ്വാസം കാണുമല്ലൊ.

5. അടിക്കാന്‍ അനുമതി നല്കി (4:34). സ്ത്രീസഹജമായ പ്രത്യേകതകൊണ്ട് അനുസരണക്കേട് കാണിക്കുന്ന ഇണയെ ഉപദേശം, മാറിക്കിടക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയെല്ലാം തിരുത്താന്‍ ശ്രമിച്ചതിനു ശേഷവും നടക്കാതെ വരുമ്പോള്‍ ഒരുപക്ഷേ, ചെറിയ ശാരീരിക ശിക്ഷ നല്കിയാല്‍ വിവാഹമോചനമെന്ന ആത്യന്തികത ഒഴിവായി കിട്ടിയേക്കും. ഇതാണ് ഇസ്‌ലാം നല്കുന്ന അടിയുടെ അനുവാദം. ഇത് പ്രതികാരത്തല്ലല്ല. പിതാവ് കുട്ടിയെ, അധ്യാപകന്‍ വിദ്യാര്‍ഥിയെ എന്ന രീതിയിലുള്ള ശിക്ഷണമാണ്. അതാരെങ്കിലും ദുരുപയോഗം ചെയ്താല്‍ ഇസ്‌ലാമിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ഇവിടെ തിരിച്ചടിക്കാന്‍ സ്ത്രീക്ക് അനുവാദം കൊടുക്കുന്നതിലും അയുക്തിയുണ്ട്. പിതാവിനെയോ അധ്യാപകനെയോ അടിച്ച് നേരെയാക്കാന്‍ ആരും മകനെയോ വിദ്യാര്‍ഥിയെയോ ഏല്പിക്കാറില്ലല്ലോ. ഖുര്‍ആന്‍ അംഗീകരിക്കാത്തവരുടെ കുടുംബങ്ങളിലും വലിയ പ്രശ്‌നങ്ങളില്ലാതെ ഇതൊക്കെ നടക്കാറുണ്ട്. ഇണയോട് നന്നായി പെരുമാറുന്നവരാണ് നല്ലവരെന്നും സ്ത്രീയെ അടിക്കുന്നവര്‍ നല്ലവരെല്ലെന്നും നബി(സ്വ) പഠിപ്പിക്കുന്നു. 'മൃഗത്തെ അടിക്കും വിധം അവളെ കൈകാര്യം ചെയ്തതിനു ശേഷം രാത്രി അവളോടോപ്പം ശയിക്കുകയോ' എന്ന് നബി(സ്വ) മാന്യതയുള്ള പുരുഷനെ ഉപദേശിക്കുകയും ശാസിക്കുകയുംചെയ്യുന്നുണ്ട്. നബി(സ്വ)യുടെ 'വിടവാങ്ങല്‍ പ്രഭാഷണത്തില്‍' പോലും സ്ത്രീകളോട് മര്യാദയോടെ പെരുമാറണമെന്ന് പുരുഷന്‍മാരോട് ഓര്‍മപ്പെടുത്തുകയുണ്ടായി. 


 

Feedback