Skip to main content

യാത്രയും ഒറ്റപ്പെടലും

യാത്ര ജീവിത്തിന്റെ അനിവാര്യതയാണ്. ജോലി, പഠനം, ചികിത്സ തുടങ്ങിയ പല അടിസ്ഥാന ആവശ്യങ്ങള്‍ക്കും ചെറുതോ വലുതോ ആയ യാത്രകള്‍ ചെയ്യേണ്ടി വരുന്നു. ഇസ്‌ലാം യാത്രയുടെ കാര്യത്തിലും സ്ത്രീക്ക് ചില കരുതല്‍ നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ട്.   അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു പകലും ഒരു രാത്രിയും വിവാഹബന്ധം നിഷിദ്ധമായവര്‍ (മഹ്‌റം)കൂടെയില്ലാതെ യാത്ര ചെയ്യുവാന്‍ പാടില്ല (ബുഖാരി). നിര്‍ബന്ധ സാഹചര്യങ്ങളിലേ ഈ നിയമത്തില്‍ ഇളവനുവദിക്കൂ എന്നതില്‍ ഭൂരിപക്ഷ പണ്ഡിതരും യോജിക്കുന്നു.  ഇത്തരം സഹയാത്രികരില്ലെങ്കില്‍ സ്ത്രീക്ക് ഹജ്ജു പോലും നിര്‍ബന്ധമല്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. 

എന്നാല്‍, സുരക്ഷ ഉറപ്പിക്കാവുന്ന സ്ത്രീകളടക്കമുള്ള ഒരു സംഘം ആളുകള്‍ കൂടെയുണ്ടെങ്കില്‍ സ്ത്രീക്ക് മഹ്‌റം കൂടെയില്ലാതെയും യാത്ര ആകാമെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഇസ്‌ലാമിന്റെ ശോഭനമായ ഭാവിയെ കുറിച്ച് പ്രവചിക്കവെ റസൂല്‍(സ്വ) പറഞ്ഞു. യമനിലെ ഹദര്‍മൗതില്‍ നിന്ന് ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വന്ന് ഹജ്ജു ചെയ്യാവുന്ന കാലം വരും. ഇതാണ് സുരക്ഷിത സാഹചര്യത്തില്‍ സ്ത്രീക്ക് തനിയെ യാത്രചെയ്യാമെന്നതിന് അവര്‍ പറയുന്ന തെളിവ്. ഏതായാലും മഹ്‌റമല്ലാത്ത ബന്ധുക്കളും അയല്‍ക്കാരും കൂട്ടുകാരുമെല്ലാമായ പുരുഷന്‍മാരെ രക്ഷാധികാരികളാക്കി നടത്തുന്ന യാത്രകള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രം അനുവദിക്കുന്നതാണ് സൂക്ഷ്മത.

യാത്രപോലെത്തന്നെ അന്യ സ്ത്രീപുരുഷന്‍മാര്‍ തനിച്ചാകുന്നതും ഇസ്‌ലാം വിലക്കുന്നു. ഒരു പുരുഷനും സ്ത്രീയും മാത്രമുള്ളിടത്ത് ചെകുത്താനായിരിക്കും കൂട്ടുകാരന്‍ എന്ന വചനത്തിന്റെ താല്‍പര്യം ഏറെ വിശദീകരിക്കേണ്ടതില്ല. ഇസ്‌ലാമിന്റെ ഈ നിര്‍ദേശങ്ങളെ ആധുനിക സാമൂഹിക ശാസ്ത്രജ്ഞരും കുടുംബ കൗണ്‍സലര്‍മാരും ചുറ്റുപാടനുഭവങ്ങളും അംഗീകരിക്കുന്നു. പഠനത്തിന്റെയും ഉദ്യോഗത്തിന്റെയുമെല്ലാം അനുബന്ധമായി സംഭവിക്കുന്ന അന്യായമായ ഒറ്റപ്പെടലുകളും, വീട്ടുവേലക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കൊപ്പം ബൈക്കിലും കാറിലും മറ്റുമായി സ്ത്രീകള്‍ നടത്തുന്ന പര്‍ചേസ്, വിരുന്ന്, ആശുപത്രി തുടങ്ങിയ ഹ്രസ്വ യാത്രകളുമെല്ലാം അപരിഹാര്യമായ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇന്ന് ഒറ്റപ്പെട്ട സംഭവങ്ങളല്ല. സൂക്ഷ്മത കൈവിടാതിരിക്കുക. നിര്‍ബന്ധിതാവസ്ഥ നല്കുന്ന ഇളവുകള്‍ യഥേഷ്ടം ഉപയോഗിക്കാനുള്ളതല്ല. ''ഇനി ആരെങ്കിലും (നിഷിദ്ധമായത് നിര്‍വഹിക്കാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''(2:173).

Feedback