Skip to main content

റുകൂഅ്

സൂറത്ത് ഓതിക്കഴിഞ്ഞാല്‍ ഇരുകൈകളും ചുമലിനുനേരെ ഉയര്‍ത്തി 'അല്ലാഹു അക്ബര്‍' എന്നു പറഞ്ഞുകൊണ്ട് രണ്ടു കൈപ്പടങ്ങളും വിരലുകള്‍ നിവര്‍ത്തി കാല്‍ മുട്ടുകളില്‍ പിടിച്ചുകൊണ്ട് കുനിഞ്ഞു നില്‍ക്കണം. ഇതിന് റുകൂഅ് എന്നു പറയുന്നു. രണ്ടു കൈകള്‍കൊണ്ടും കാല്‍മുട്ടില്‍ പിടിച്ച് മുതുകും തലയും ഒരേ നിരപ്പിലാക്കിക്കൊണ്ടാണ് നില്‍ക്കേണ്ടത്. ഈ അവസ്ഥയില്‍ അല്പസമയം അടങ്ങി നില്‍ക്കണം. റുകൂഇല്‍, സുബ്ഹാന റബ്ബീ അല്‍ അദ്വീം (മഹാനായ എന്റെ നാഥനെ ഞാന്‍ വാഴ്ത്തുന്നു) എന്നു മൂന്നുതവണ പതുക്കെ ചൊല്ലേണ്ടതാണ്. ഇത് ഇമാമും മഅ്മൂമും ചൊല്ലണം.  ഇതിനോടൊപ്പം 'വബിഹംദിക' എന്നുകൂടി ചേര്‍ത്തു പറയാറുണ്ടെങ്കിലും ഈ ഭാഗം ഹദീസുകളില്‍ സ്ഥിരപ്പെട്ട നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

ഇത് കൂടാതെ സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദികല്ലാഹുമ്മഗ്ഫിര്‍ലീ (ഞങ്ങളുടെ പരിപാലകനായ അല്ലാഹുവേ നീ പരിശുദ്ധനായിരിക്കുന്നു, അല്ലാഹുവേ നിന്റെ പരിശുദ്ധിയാല്‍ എനിക്ക് പൊറുത്തു തരേണമേ) എന്ന പ്രാര്‍ഥനയും നബി(സ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. 

സാധാരണ നിലയില്‍ ഈ ദിക്‌റുകള്‍ മൂന്നുതവണയാണ് ചൊല്ലേണ്ടതെങ്കിലും അതിലേറെയും കുറച്ചുമെല്ലാം ചൊല്ലാവുന്നതാണ്. പ്രത്യേകിച്ചും തഹജ്ജുദ് പോലുള്ള സുന്നത്ത് നമസ്‌കാരങ്ങളിലും ഇമാമിനോടൊപ്പം നമസ്‌കരിക്കുമ്പോള്‍ മൂന്നു തവണ ചൊല്ലിയ ശേഷം ബാക്കി വരുന്ന സമയത്തുമെല്ലാം ഈ ദിക്‌റുകള്‍ അധികരിപ്പിക്കാവുന്നതാണ്.

സുജൂദിലും റുകൂഇലും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടില്ലാത്തതാണ്.

റുകൂഅ് നമസ്‌കാരത്തിന്റെ മുഖ്യഘടകമാണ്. ഇരുന്നു നമസ്‌കരിക്കുന്നവര്‍ സൗകര്യപ്രദമായ നിലയില്‍ അല്പം കുനിഞ്ഞാല്‍ മതി.
 
 

Feedback