Skip to main content

നിയ്യത്ത്

ഏത് ആരാധനാ കര്‍മവും അല്ലാഹു സ്വീകരിക്കുന്നത് ചെയ്യുന്ന നിയ്യത്ത് പരിഗണിച്ചാണ്. അതായത് ലക്ഷ്യബോധത്തോടെയും ശരിയായ ഉദ്ദേശ്യത്തോടെയുമായിരിക്കണം മുസ്‌ലിമിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. കൂടാതെ അവ മതം കല്‍പിച്ചതുമായിരിക്കണം. അതിനാല്‍ 'നാഥാ നിന്റെ പ്രീതിക്കും നിന്റെ കല്‍പന അനുസരിച്ചും ഞാന്‍ ഈ കര്‍മം നിര്‍വഹിക്കുന്നു' വെന്ന് മനസ്സില്‍ കരുതണം. ഏതു കര്‍മത്തിനു മുമ്പും അതുണ്ടാകണം. അല്ലാഹു പറയുന്നു: ''കീഴ്‌വണക്കം അല്ലാഹുവിനു മാത്രമാക്കിക്കൊണ്ട് ഋജുമാനസരായി അവനെ ആരാധിക്കാനും നമസ്‌കാരം നിലനിര്‍ത്തുവാനും സകാത്ത് നല്കുവാനുമല്ലാതെ അവര്‍ കല്പിക്കപ്പെട്ടിട്ടില്ല'' (98:5).

നബി (സ്വ) പറഞ്ഞു: 'പ്രവര്‍ത്തനങ്ങള്‍ നിയ്യത്തനുസരിച്ച് മാത്രമാണ്. ഓരോ മനുഷ്യനും അവന്‍ കരുതിയതുണ്ട്'' (ബുഖാരി 1, മുസ്‌ലിം 1907).

നമസ്‌കാരത്തിന് നിയ്യത്ത് ചൊല്ലിപ്പറയുന്ന സമ്പ്രദായം ജനങ്ങള്‍ക്കിടയിലുണ്ട്. അങ്ങനെ നാവുകൊണ്ട് ചൊല്ലുന്നത് കൂടുതല്‍ സ്പഷ്ടതയ്ക്ക് സഹായിക്കുമെന്ന് ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഹദീസുകളില്‍ തെളിവുകളില്ല. ഇമാമായി നില്‍ക്കുന്നവന്‍ ഇമാമാണെന്നു കരുതുന്നത് നല്ലതാണ്. നിയ്യത്തോടു കൂടിയായിരിക്കണം നമസ്‌കാരത്തില്‍ പ്രവേശിക്കുന്നത്. എന്നാല്‍ നിയ്യത്ത് തക്ബീറുമായി ചേര്‍ന്നുവരാന്‍ വേണ്ടി ചിലര്‍ കാണിക്കുന്ന തത്രപ്പാടുകളും കൃത്രിമത്വങ്ങളും ഒഴിവാക്കേണ്ടതാണ്.

Feedback
  • Tuesday Nov 4, 2025
  • Jumada al-Ula 13 1447