Skip to main content

തശഹ്ഹുദ്

രണ്ടു റക്അത്ത് കഴിഞ്ഞാല്‍ സുജൂദില്‍ നിന്നുയര്‍ന്ന് ഇരിക്കേണ്ടതാണ്. അടുത്ത റക്അത്തിലേക്ക് എഴുന്നേറ്റുനില്ക്കരുത്. ആ ഇരുത്തത്തില്‍ ഒരു പ്രാര്‍ഥന ചൊല്ലണം. അതിന് 'തശഹ്ഹുദ്' എന്നു പറയുന്നു. എല്ലാ നമസ്‌കാരങ്ങളിലും രണ്ടു റക്അത്ത് കഴിഞ്ഞാലും അവസാന റക്അത്തിലും ഇപ്രകാരം തശഹ്ഹുദ് ചൊല്ലണം. രണ്ടു റക്അത്ത് കഴിഞ്ഞാല്‍ ചൊല്ലുന്ന തശഹ്ഹുദ് അഭികാമ്യവും അവസാന റക്അത്തിലേത് നിര്‍ബന്ധവുമാണ്.

അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ന് നബി(സ്വ) പഠിപ്പിച്ചതു പ്രകാരം തശഹ്ഹുദിന്റെ രൂപം ഇപ്രകാരമാണ്: അത്തഹിയ്യാത്തു ലില്ലാഹി വസ്സ്വലവാതു വത്ത്വയ്യിബാത്തു അസ്സലാമു അലൈക അയ്യുഹ ന്നബിയ്യു വറഹ്മതുല്ലാഹി വബറകാതുഹു, അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹി സ്സ്വാലിഹീന്‍. അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലാല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു. 

(എല്ലാ അഭിവാദനങ്ങളും പ്രാര്‍ഥനകളും പരിശുദ്ധ വചനങ്ങളും അല്ലാഹുവിനാകുന്നു. പ്രവാചകരേ, അങ്ങയ്ക്ക് അല്ലാഹുവിന്റെ സമാധാനമുണ്ടാവട്ടെ; അവന്റെ കരുണയും അനുഗ്രഹവും. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ ദാസന്മാര്‍ക്കും (അല്ലാഹുവിങ്കല്‍ നിന്നുള്ള) സമാധാനമുണ്ടാവട്ടെ. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു) (ബുഖാരി).

ഇതാണ് ഏറ്റവും പ്രസിദ്ധമായ രൂപം. തിര്‍മിദി, സൗരി, ഇസ്ഹാഖ്, അബൂസൗര്‍, അഹ്മദുബ്‌നു ഹമ്പല്‍ എന്നിവരും നബി(സ്വ)യുടെ ഭൂരിപക്ഷ സ്വഹാബികളും അംഗീകരിച്ച രൂപമാണിത്. അല്പം പദവ്യത്യാസത്തോടെ വേറെയും രൂപങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നു അബ്ബാസില്‍നിന്ന് ഇമാം മുസ്‌ലിമും തിര്‍മിദിയും റിപ്പോര്‍ട്ട് ചെയ്തത് ചില പദവ്യത്യാസങ്ങളോടെയാണ്. ഇമാം ശാഫിഈ അംഗീകരിച്ചിട്ടുള്ളത് അതാണ്. 

മൂന്നോ നാലോ റക്അത്തുള്ള നമസ്‌കാരമാണെങ്കില്‍ തശഹ്ഹുദ് കഴിഞ്ഞാല്‍ 'അല്ലാഹു അക്ബര്‍' എന്നു പറഞ്ഞ് എഴുന്നേറ്റു നില്‍ക്കണം. തുടര്‍ന്ന് മൂന്നാമത്തെ റക്അത്തും നാലാമത്തെ റക്അത്തും നമസ്‌കരിക്കുക. മൂന്നും നാലും റക്അത്തുകളില്‍ ഫാതിഹയ്ക്കു ശേഷം സൂറത്തുകളൊന്നും ഓതാന്‍ പാടില്ല. ഫാതിഹയാവട്ടെ, ഇമാമും മഅ്മൂമും പതുക്കെയാണ് ഓതേണ്ടത്. മൂന്നു റക്അത്തുള്ള മഗ്‌രിബ് നമസ്‌കാരത്തില്‍ മൂന്നാമത്തെ റക്അത്തിലെ രണ്ടു സുജൂദുകള്‍ക്ക് ശേഷവും നാലുറക്അത്തുള്ള ദുഹ്ര്‍, അസ്വ്ര്‍, ഇശാ എന്നീ നമസ്‌കാരങ്ങളില്‍ നാലാമത്തെ റക്അത്തിലെ രണ്ടു സുജൂദുകള്‍ക്കു ശേഷവും അവസാനത്തെ തശഹ്ഹുദിനു വേണ്ടി ഇരിക്കണം. ഈ ഇരുത്തത്തില്‍ ഇടതുകാല്‍ വലതുവശത്തേക്ക് ചരിച്ചുവെക്കുകയും വലതുപാദം കുത്തിനിര്‍ത്തുകയും വേണം. പൃഷ്ഠം നിലത്തു പതിച്ചുകൊണ്ടാണ് ഇരിക്കേണ്ടത്. ഇപ്രകാരം ഇരിക്കുന്നതിനാല്‍ ഈ ഇരുത്തത്തിന് 'തവര്‍റുക്കി'ന്റെ ഇരുത്തമെന്നു പറയും. രണ്ടു റക്അത്ത് കഴിഞ്ഞുള്ള തശഹ്ഹുദിന്റെ ഇരുത്തത്തിന് 'ഇഫ്തിറാശി'ന്റെ ഇരുത്തമെന്നാണ് പറയുന്നത്. ഈ ഇരുത്തത്തില്‍ ആദ്യത്തെപ്പോലെ തശഹ്ഹുദ് ചൊല്ലുക.

തശഹ്ഹുദിന് ഇരിക്കുമ്പോള്‍ മുമ്പു പറഞ്ഞതുപോലെ രണ്ടു കൈപ്പത്തികളും തുടമേല്‍ വെക്കണം. എന്നാല്‍ വലതു കൈവിരലുകള്‍ മടക്കിവെച്ച് ചൂണ്ടുവിരല്‍ ചൂണ്ടിപ്പിടിക്കണം. ഈ അവസ്ഥ നമസ്‌കാരം തീരുന്നതുവരെ തുടരണം.

ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ്വ) നമസ്‌കാരത്തില്‍ (തശഹ്ഹുദിനുവേണ്ടി) ഇരുന്നുകഴിഞ്ഞാല്‍ വലതു കൈപ്പത്തി വലതു കാല്‍തുടയില്‍ വെക്കുകയും വിരലുകള്‍ മടക്കിപ്പിടിച്ച് ചൂണ്ടുവിരല്‍ ചൂണ്ടുകയും ചെയ്തിരുന്നു. ഇടതു കൈപ്പത്തി ഇടതുതുടയില്‍ വെക്കുകയും ചെയ്യും (മുസ്‌ലിം). 

എന്നാല്‍ വിരല്‍ നമസ്‌കാരം കഴിയുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണമെന്ന് അഭിപ്രായപ്പെടുന്നവര്‍ വാഇലുബ്‌നു ഹുജ്‌റില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസാണ് അവലംബമാക്കുന്നത്. നബി(സ്വ) വിരല്‍ ഉയര്‍ത്തി ഇളക്കുന്നത് കണ്ടുവെന്ന് അഹ്മദ്, നസാഈ, എന്നിവര്‍ ഉദ്ധരിച്ച ഈ ഹദീഥില്‍ വന്നിട്ടുണ്ട്. എന്നാല്‍ അബ്ദുല്ലാഹിബ്‌നു സുബൈറില്‍ നിന്ന് സ്വീകാര്യയോഗ്യമായ പരമ്പരവഴി അബൂദാവൂദ് ഉദ്ധരിച്ച ഹദീസില്‍ ഇപ്രകാരമുണ്ട്.

''(തശഹ്ഹുദില്‍) പ്രാര്‍ഥിക്കുമ്പോള്‍ നബി തന്റെ വിരല്‍ ചുണ്ടാറുണ്ടായിരുന്നു. ഇളക്കാറുണ്ടായിരുന്നില്ല'' (അബൂദാവൂദ് 839).

ഈ രണ്ട് ഹദീസുകളെയും വിലയിരുത്തിക്കൊണ്ട് ബൈഹക്വി പറയുന്നു. ''ഇളക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ചൂണ്ടുക എന്നായിരിക്കാം. ഇളക്കിക്കൊണ്ടിരിക്കുക എന്നായിരിക്കില്ല. എന്തുകൊണ്ടെന്നാല്‍ നബി(സ്വ) പ്രാര്‍ഥിക്കുമ്പോള്‍ വിരല്‍ ചൂണ്ടുമായിരുന്നു. അതിളക്കിയിരുന്നില്ല' എന്ന് ഇബ്‌നുസുബൈറിന്റെ റിപ്പോര്‍ട്ടുമായി യോജിക്കാന്‍ പ്രസ്തുത അര്‍ഥം കല്പിക്കേണ്ടിയിരിക്കുന്നു'' (സുനനുല്‍ കുബ്‌റാ 2/132).

Feedback