Skip to main content

തക്ബീറത്തുല്‍ ഇഹ്‌റാം

നിറുത്തം ശരിയായിക്കഴിഞ്ഞാല്‍ മനസ്സില്‍ ശരിയായ നിയ്യത്തുണ്ടാവുകയും ഇരുകൈകളും ചുമലിനു നേരെ ഉയര്‍ത്തി 'അല്ലാഹു അക്ബര്‍' എന്നു പറഞ്ഞ് നമസ്‌കാരത്തില്‍ പ്രവേശിക്കുകയും വേണം. നബി(സ്വ) പറഞ്ഞു: ''നമസ്‌കാരത്തിന്റെ താക്കോല്‍ ശുദ്ധിയും അതിനെ മറ്റു കാര്യങ്ങളില്‍നിന്ന് തടയുന്നത് തക്ബീറും അതില്‍ നിന്ന് ഒഴിവാകുന്നത് സലാം വീട്ടലുമാകുന്നു'' (തിര്‍മുദി 3, അബൂദാവൂദ് 61).

തക്ബീറത്തുല്‍ ഇഹ്‌റാം നമസ്‌കാരത്തിലെ പ്രധാന ഘടകമായി നിശ്ചയിക്കപ്പെട്ടതിനാല്‍ മറന്നുകൊണ്ടോ മന:പൂര്‍വമോ അത് ഉപേക്ഷിച്ചാല്‍ നമസ്‌കാരം സാധുവാകുകയില്ല. റബീഅ, മാലിക്, സൗരി, ശാഫിഈ, ഇസ്ഹാഖ്, അബൂസൗര്‍, ഇബ്‌നുമുന്‍ദിര്‍ എന്നിവരെല്ലാം ഈ അഭിപ്രായക്കാരാണ്.

ഇമാമായി നമസ്‌കരിക്കുന്നവര്‍ മഅ്മൂമുകള്‍ കേള്‍ക്കെ ഉറക്കെ അല്ലാഹു അക്ബര്‍ എന്നു പറയണം. കാരണം, ഇമാമിന്റെ തക്ബീറിനു ശേഷമേ മറ്റുള്ളവര്‍ക്ക് തക്ബീര്‍ ചൊല്ലാന്‍ പാടുള്ളൂ. 

ഇഹ്‌റാമിന്റെ തക്ബീര്‍ ചൊല്ലുന്നതോടൊപ്പം ഇരുകൈകളും മേല്‍പ്പോട്ടുയര്‍ത്തി ചുമലിനു നേരെ പിടിക്കണം. വിരലുകള്‍ പൂര്‍ണമായി വിടര്‍ത്തുകയോ പറ്റെ കൂട്ടിപ്പിടിക്കുകയോ ചെയ്യരുത്.

''ഇബ്‌നുഉമര്‍(റ) പറയുന്നു: നബി(സ്വ) നമസ്‌കാരം ആരംഭിക്കുമ്പോള്‍ രണ്ടു കൈകളും ചുമലിനു നേരെ ഉയര്‍ത്തിപ്പിടിച്ചിരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലെ റുകൂഇലേക്ക് പോകുമ്പോഴും റുകൂഇല്‍നിന്ന് തല ഉയര്‍ത്തുമ്പോഴും ചെയ്തിരുന്നു. രണ്ടു സുജൂദുകള്‍ക്കിടയില്‍ കൈ ഉയര്‍ത്തിയിരുന്നില്ല'' (ബുഖാരി, മുസ്‌ലിം).

'തക്ബീറത്തുല്‍ ഇഹ്‌റാം' ചൊല്ലിക്കഴിഞ്ഞാല്‍ കൈകള്‍ രണ്ടും ഒതുക്കി വെക്കണം. നബി (സ്വ)യുടെ നടപടി ഇടതു കൈക്കുമേലെ വലതുകൈ വച്ച് നെഞ്ചില്‍ വെക്കുകയായിരുന്നു.

ഖബീസ്വത്ത് അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: റസൂല്‍(സ്വ) ഇടതുകൈ അദ്ദേഹത്തിന്റെ നെഞ്ചില്‍ വെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പൊക്കിളിനു താഴെ കൈ വെക്കണമെന്നും നെഞ്ചിനു താഴെ വെക്കണമെന്നും എവിടെയും വെക്കാതെ കൈ തൂക്കിയിടണമെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. പ്രസ്തുത അഭിപ്രായങ്ങള്‍ക്ക് ഉപോദ്ബലകമായി ഉദ്ധരിക്കപ്പെടുന്ന തെളിവുകളൊന്നും തന്നെ പ്രബലമല്ല.

Feedback